UPDATES

ഞങ്ങള്‍ക്ക് വയസായി, വിരലടയാളം പതിയുന്നില്ല; ആധാറിന് എന്ത് ചെയ്യും? പ്രധാനമന്ത്രിക്ക് ഒരു വൃദ്ധന്റെ കത്ത്

പ്രായമായതില്‍ വിരലടയാളം പതിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളില്‍ ഒരാളാണ് ഞാന്‍

ഇതൊരു തുറന്ന കത്താണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടിനെ പറ്റിയാണ് ഒരു വയോധികന്‍റെ പരാതി:

ആധാര്‍ കാര്‍ഡ് ഇന്ത്യക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും നിര്‍ബന്ധമാക്കാനുള്ള താങ്കളുടെ തീരുമാനത്തിന് അഭിനന്ദനങ്ങള്‍. പക്ഷെ എനിക്കൊരു പരാതിയുണ്ട്. പ്രായമായതില്‍ വിരലടയാളം പതിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളില്‍ ഒരാളാണ് ഞാന്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ ആധാര്‍ കാര്‍ഡിന് സാധിക്കുന്നില്ല. എന്നെ അംഗീകരിക്കാന്‍ ആധാറിന് കഴിയാത്തത് കൊണ്ട് തന്നെ ഞാന്‍ എന്റെ സ്വന്തം രാജ്യത്ത് ഒറ്റപ്പെടുന്ന അവസ്ഥയിലാണ്.

എന്നാല്‍ ഞാന്‍ മാത്രമല്ല, എന്നെ പോലെ പതിനായിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്ത് ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ആധാറുമായി ബന്ധപ്പിക്കപ്പെട്ടിരിക്കുന്ന സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണ് ഞങ്ങള്‍. പെന്‍ഷനുമായി ബന്ധപ്പെട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനടക്കം ബുദ്ധിമുട്ടുകയാണ്.

നേത്രപടലം സ്‌കാന്‍ ചെയ്യാനുള്ള സംവിധാനം ആധാറിലുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഈ സംവിധാനം ആധാര്‍ സെന്ററുകളില്‍ മാത്രമേയുള്ളൂ. ആധാര്‍ എന്റോള്‍മെന്റ് സെന്ററിനെ സമീപിക്കുകയും നേത്രപടലം സ്‌കാന്‍ ചെയ്ത് ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടെങ്കിലും ഇത് അവര്‍ തള്ളി. ആധാറുമായി ബന്ധപ്പെട്ട ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ട്.

1. മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തണം.

2. വിരലടയാളം പതിക്കാന്‍ സാധിക്കാത്ത കേസുകളിലും നേത്രപടലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ള കേസിലും മറ്റ് രേഖകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ സാദ്ധ്യമാക്കണം.

3. പ്രായം മാറ്റങ്ങള്‍ വരുത്തുമെന്നതിനാല്‍ വ്യക്തികളുടെ വിരലടയാളങ്ങളും നേത്രപടലവും സംബന്ധിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.

4. വിരലടയാളങ്ങളില്‍ പോലും കൃത്രിമം നടക്കാനുള്ള സാദ്ധ്യതകളുണ്ട്. ഇതിനേക്കാള്‍ സുരക്ഷിതം. കൈപ്പത്തിയിലെ ഞരമ്പുകളാണ് നല്ലത്. പഴയ ആധാര്‍ യന്ത്രങ്ങളെ നമുക്ക് പതിയെ ഒഴിവാക്കാം.

എന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് അവ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഞങ്ങളെ പോലുള്ള വൃദ്ധര്‍ക്ക് ഇത് സഹായകമായേക്കും.

പൂനയില്‍ നിന്നുള്ള റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കെ എല്‍ അറോറയാണ് ഈ കത്ത് അയച്ചതെന്ന് thebetterindia.com റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍