UPDATES

ഗുജറാത്തില്‍ അറവുശാലകള്‍ക്ക് പശുക്കളെ നല്‍കുന്നത് ഗോസംരക്ഷകര്‍

അവിശുദ്ധ ബന്ധം പുറത്തായി

ഗോസംരക്ഷകര്‍ എന്ന് വിളിക്കുന്നവരും അറവുശാലക്കാരും തമ്മില്‍ ഗുജറാത്തില്‍ നിലനില്‍ക്കുന്ന ബന്ധം പുറത്തായി. അഹമ്മദാബാദിലെ അഖില ഭാരതീയ സാര്‍വദളീയ ഗോരക്ഷ മഹാഭിയാന്‍ സമിതിയും അവരുടെ ശിങ്കിടികളായി പ്രവര്‍ത്തിക്കുന്ന ചില അറവുശാലകളും തമ്മിലുള്ള ബന്ധമാണ് പുറത്തായത്. ഈ ഗോരക്ഷ സംഘടനയുടെ ദേശീയ അദ്ധ്യക്ഷനായ ബാബു ദേശായി ഒപ്പിട്ട പെര്‍മിറ്റ് രേഖകള്‍ അടക്കം അഹമ്മദാബാദിലെ ശ്രീനാഥ്ജി ഗോശാലയില്‍ നിന്നും അറവുശാലയിലേക്ക് കൊണ്ടുപോയ ഒരു ട്രക്ക് നിറയെ പശുക്കളെയും പശുക്കുട്ടികളെയും വഡോദര പോലീസ് പിടികൂടി. ഒരു മൃഗക്ഷേമ പ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്.

ദേശീയ മൃഗക്ഷേമ ബോര്‍ഡിലെ മൃഗക്ഷേമ ഉദ്യോഗസ്ഥനായ ജതിന്‍ ജിതേന്ദ്ര വ്യാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഗോള്‍ഡന്‍ ചൗക്കിയില്‍ വച്ചാണ് ട്രക്ക് പിടിയിലായത്. പരിശോധനയില്‍ ട്രക്കില്‍ 12 പശുക്കളെയും കുട്ടികളെയും അനങ്ങാന്‍ പോലും സാധിക്കാത്ത നിലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. ഗുജറാത്തിന് വെളിയിലുള്ള ഒരു മൃഗസംരക്ഷശാലയിലേക്ക് ഇവയെ കൊണ്ടു പോകുന്നു എന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തപ്പോള്‍ ഇവയെ ബറൂച്ചിലുള്ള ഒരു അറവുശാലയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമായി.

എന്നാല്‍ ബാബു ദേശായി ഒപ്പിട്ട കത്തില്‍ പറഞ്ഞിരുന്നത് ഇവയെ മഹാരാഷ്ട്രയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു. നവ നരോഥയിലുള്ള തന്റെ ശ്രീനാഥ്ജി ഗോശാലയില്‍ നിന്നും ഏഴ് പശുക്കളെ മഹാരാഷ്ട്രയിലെ സാംറാലയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിന് സംഭാന ചെയ്യുകയാണെന്നും അവയെ കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്നും കാണിച്ച് ബാബു ദേശായി അഹമ്മദാബാദിലെ കൃഷ്ണനഗര്‍ പോലീസ് സ്‌റ്റേഷനിലും പ്രാദേശിക ആര്‍ടി ഓഫീസിലും അപേക്ഷ നല്‍കിയിരുന്നു. ഗുജറാത്തിലെ വിവിധ മുന്‍സിപ്പാലിറ്റികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും പശുക്കളെ ശേഖരിക്കുന്ന ബാബു ദേശായി ഇവയെ തന്റെ അധീനതയിലുള്ള ശ്രീനാഥ്ജി ഗോശാലയില്‍ പാര്‍പ്പിച്ച ശേഷം പിന്നീട് അറവുശാലകള്‍ക്ക് മറിച്ചു വില്‍ക്കുകയാണെന്ന് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

ഗോശാല നടത്തുന്നതിന് ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുന്ന ഇയാള്‍, പശുക്കളെ കൊണ്ടുപോകുന്നതിന് മുന്‍സിപ്പാലിറ്റികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും കൂലിയും ഈടാക്കാറുണ്ടെന്നും ആരോപണം ഉണ്ട്. ബാബു ദേശായിയെയും ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തതായി വഡോദര പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍