UPDATES

ഇന്ത്യ-ചൈന യുദ്ധകാഹളം മുഴങ്ങുന്നുവെന്ന് വിദഗ്ധര്‍

ദോക്ലാം വിഷയത്തില്‍ ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ക്ഷമയ്ക്ക് അതിരുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവന നടത്തിയതിനു പിറ്റേന്നാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പുറത്തു വന്നത്

സിക്കിം-ഭൂട്ടാന്‍-ടിബറ്റ് മേഖലയിലെ ദോക്ലാം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു മാസമായി ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ യുദ്ധത്തിലേക്ക് മാറിയേക്കാമെന്ന് വിദഗ്ധര്‍.

ഭൂട്ടാന്‍ തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന സിക്കിമിനടുത്തുള്ള ദോക്ലാമിലേക്ക് റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം തടയാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ജൂണ്‍ 16-നാണ് ശ്രമിച്ചത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സിലിഗുഡി മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തി വരെ നീളുന്നതാണ് ചൈനയുടെ റോഡ് നിര്‍മാണം. സൈനികപരമായി ചൈനയ്ക്ക് കൂടുതല്‍ മെച്ചമുണ്ടാക്കുന്നതുമാണിത്.

ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയക്കാരനുമായ മേഘ്‌നാഥ് ദേശായിയാണ് അടുത്തു തന്നെ ഇന്ത്യയും ചൈനയും അടുത്തു തന്നെ ഒരു മുഴു യുദ്ധത്തിലേക്ക് മാറിയേക്കാം എന്ന മുന്നറിയിപ്പ് തരുന്നത്. അമേരിക്കയുടെ സാന്നിധ്യമാകും ഈ യുദ്ധത്തിലെ ഒരു പ്രധാന ഘടകമെന്നും ഇന്ത്യക്കൊപ്പമായിരിക്കും അമേരിക്കയെന്നും അദ്ദേഹം പറയുന്നു. ദോക്ലാമിന്റെ പേരിലായിരിക്കും യുദ്ധമെങ്കിലും ദക്ഷിണ ചൈന കടലിലെ സംഭവവികാസങ്ങള്‍ കൂടി ഇതിനൊപ്പം ഉണ്ടായിരിക്കുമെന്നും അതുകൊണ്ട് യുദ്ധം പല സ്ഥലങ്ങളിലായിട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

“ചൈനയുമായി ഒരു മാസത്തിനുള്ളില്‍ ഒരു മുഴു യുദ്ധം ഉണ്ടായേക്കാം”- വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് ദേശായി പറഞ്ഞു. “ആ ഒരവസ്ഥയില കാര്യങ്ങള്‍ നിയന്ത്രിക്കുക എളുപ്പമായേക്കില്ല. എന്നാല്‍ ഇന്ത്യക്ക് വിവിധ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ഗുണപ്പെടുക അവിടെയായിരിക്കും”- അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ ഹിമാലയത്തിന്റെ വടക്കന്‍ മേഖലകളിലും ദക്ഷിണ ചൈനാ കടലിലും യുദ്ധം നടക്കുമെന്നും അമേരിക്കയുടെ സഹായമില്ലാതെ ചൈനയ്‌ക്കെതിരെ ഏറ്റുമുട്ടാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഇന്ത്യയുടെ സഹായമില്ലാതെ അമേരിക്കക്കും ചൈനയെ നേരിടാന്‍ പറ്റില്ലെന്നും ദേശായി വ്യക്തമാക്കുന്നു.

ഇതിന് സമാനമായ വിധത്തിലുള്ള പ്രവചനങ്ങളാണ് ചൈനയില്‍ നിന്നുള്ള വിദഗ്ധരും നടത്തുന്നത്. ദോക്ലാം മേലഖയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കാന്‍ ചൈനീസ് സൈന്യം രണ്ടാഴ്ചയ്ക്കുള്ളില്‍ സായുധ നീക്കം നടത്തുമെന്ന് ഒരു ചൈനീസ് വിദഗ്ധന്‍ പറയുന്നു. ചൈനയ്ക്കു നേരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്, മോദി സര്‍ക്കാര്‍ യാതൊരു കരുതലുമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസും ശനിയാഴ്ച ആരോപിച്ചിരുന്നു.

“ദോക്‌ലോമിലെ ഈ സ്ഥിതി വിശേഷം അധികം നീണ്ടു പോകാന്‍ ചൈന അനുവദിക്കില്ല. അതുകൊണ്ടു തന്നെ ദോക്ലോമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കാന്‍ ചൈനീസ് സൈന്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്രമിച്ചു കൂടായ്കയില്ല”- ഷാംഗ്ഹായി അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലുള്ള ഗവേഷകന്‍ ഹു ഷിയോംഗ് ഗ്ലോബല്‍ ടൈംസിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഇത്തരമൊരു അവസ്ഥയുണ്ടാകുന്ന പക്ഷം ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ചൈന അറിയിക്കുമെന്നും ഹു പറയുന്നു.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA)യുടെ അതിശക്തമായ കരുത്തിനെ കുറിച്ച് പ്രധാനമന്ത്രി മോദി ബോധവാനാകണമെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പറയുന്നു.

“എന്തായിരിക്കും ഫലമെന്നത് ഉറപ്പുള്ള യുദ്ധമാണിത്. PLAയ്ക്കുള്ള അതിശക്തമായ ആയുധ ശേഷിയും മറ്റ് ലോജിസ്റ്റിക്‌സും എന്താണെന്ന് പ്രധാനമന്ത്രി മോദിക്ക് ബോധ്യമുണ്ടാകണം. PLA-യുടെ സൈനിക കരുത്തിനു മുന്നില്‍ ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേന ഒന്നുമല്ല. യുദ്ധമുണ്ടാകുകയാണെങ്കില്‍ അതിര്‍ത്തി മേഖലയിലുള്ള ഇന്ത്യന്‍ സൈന്യത്തെ ഉന്മൂലനം ചെയ്യാന്‍ PLA-യ്ക്ക് കഴിയും.” – എഡിറ്റോറിയല്‍ പറയുന്നു.

“നിയമപരമായിട്ടോ ശേഷിയുടെ അടിസ്ഥാനത്തിലോ അല്ല മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ കടുത്ത ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ ഭരണകൂടം യാതൊരു കരുതലുമില്ലാത്ത നടപടിയിലൂടെ അന്താരാഷ്ട്ര വേദികളിലുള്ള ഇന്ത്യയുടെ അഭിമാനം ഇല്ലാതാക്കുകയും സമാധാനം തകര്‍ക്കുകയുമാണ് ചെയ്യുന്നത്”- ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

“ഇന്ത്യയുടെ നീക്കം മേഖലയുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതും ഇന്ത്യയുടെ വിധിയേയും ജനങ്ങളുടെ ഭാവിയേയും വച്ച് ചൂതാടുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. മോദി സര്‍ക്കാര്‍ ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് യാതൊരു വിധത്തിലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാവും മോദി സര്‍ക്കാര്‍ ചെയ്യുക”- എഡിറ്റോറിയല്‍ തുടരുന്നു.

ദോക്ലാം വിഷയത്തില്‍ ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ആ ക്ഷമയ്ക്ക് അതിരുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവന നടത്തിയതിനു പിറ്റേന്നാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പുറത്തു വന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചൈന മുമ്പ് അനുവര്‍ത്തിച്ചിട്ടുള്ള നിലപാടിന് പകരം കര്‍ശനമായ നയതന്ത്ര സമീപനമാണ് ഇത്തവണ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. ഇന്ത്യയാകട്ടെ, പൊതുവെ ഈ വിഷയത്തെക്കുറിച്ച് കാര്യമായി പ്രതികരിക്കാറുമില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ ശേഷിയുടെ കാര്യത്തിലും അല്ലാതെയുമുള്ള താരതമ്യങ്ങള്‍ ഒക്കെ തുടരട്ടെ, പക്ഷേ, ലോകത്തിലെ രണ്ട് വന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു യുദ്ധത്തിലേക്ക് കടക്കുന്നു എന്ന സാധ്യത യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകളാണ് ഇപ്പോഴുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍