UPDATES

ട്രെന്‍ഡിങ്ങ്

പശുക്കള്‍ക്ക് ‘ആധാര്‍ കാര്‍ഡ്’; സര്‍ക്കാര്‍ ചെലവഴിക്കുന്നത് 148 കോടി രൂപ

നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് ക്രിമിനല്‍ കുറ്റം

ഇന്ത്യന്‍ സമൂഹത്തില്‍ പശു എല്ലാക്കാലത്തും ചില സൗകര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനവിഭാഗങ്ങളുടെ വിശ്വാസത്തെ അത് പ്രതിനിധീകരിക്കുന്നു എന്ന് മാത്രമല്ല, പശുവിനെ കശാപ്പ് ചെയ്യുന്നത് ഭരണഘടനാപരമായി തന്നെ വിലക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പശുവിന് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തന്നതോടെ സംഭവം പുതിയ ഒരു തലത്തിലേക്ക് കടക്കുകയാണ്.

വംശനാശം സംഭവിക്കാത്ത ഒരു മൃഗത്തിന് വേണ്ടി പൊതുപണം ചിലവാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ. പുതിയ പദ്ധതി പ്രകാരം, രാജ്യത്തുള്ള എല്ലാ പശുവിന്റെയും എരുമയുടെയും കാതില്‍ പന്ത്രണ്ട് അക്കങ്ങളുള്ള ആധാര്‍ മുദ്രകുത്തും. ഇവയുടെ എണ്ണം 88 ദശലക്ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. കന്നുകാലിയുടെ പ്രായം, ലിംഗം, ഇനം, ഉയരം, നിറം, കൊമ്പിന്റെ ആകൃതി, വാലിന്റെ വളവ്, പ്രത്യേക അടയാളങ്ങള്‍ എന്നീ വിവരങ്ങള്‍ മുദ്രയില്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പാനല്‍ പറയുന്നത്. കറക്കുന്ന പശുക്കളുടെ വിവരണങ്ങളും ഉണ്ടാകും.

ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവുന്ന പദ്ധതിക്ക് 148 കോടി രൂപയാണ് പൊതുഖജനാവില്‍ നിന്നും ചിലവഴിക്കുക. മൃഗ ആധാര്‍ കാര്‍ഡുകളില്‍ കന്നുകാലിയുടെ ഉടമസ്ഥന്റെ വിവരങ്ങളും സ്ഥലവും പ്രതിരോധ കുത്തിവെപ്പുകള്‍ സംബന്ധിച്ച വിവരങ്ങളും ഉണ്ടാവും. ഹിന്ദുക്കള്‍ക്ക് ദൈവമാണെങ്കിലും പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും പശുവിനെ കശാപ്പ് ചെയ്യുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തതോടെ മോദി സര്‍ക്കാര്‍ പ്രധാന അജണ്ട പശുസംരക്ഷണമാണോ എന്ന സംശയമാണ് ഉയരുന്നത്. വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ട 125 കോടി ജനങ്ങള്‍ പാര്‍ക്കുന്ന ഒരു രാജ്യത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് ഫസ്റ്റ് പോസ്റ്റില്‍ എഴുതിയ കുറിപ്പില്‍ ദിനേഷ് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. പാലിനും മാംസത്തിനും വേണ്ടി പശുക്കളെ പോറ്റി വളര്‍ത്തുന്ന ജനവിഭാഗങ്ങളും ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നു എന്ന് കണക്കിലെടുക്കാതെയാണ് ഭൂരിപക്ഷ വൈകാരികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ജനസംഖ്യയില്‍ മൂന്നിലൊന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെ ആയിരിക്കുകയും അസംഖ്യം പൗരന്മാര്‍ക്ക് ഇനിയും ആധാര്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭൂരിപക്ഷ പ്രീണനത്തിന്റെ ഈ നയവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലോകത്തിന് എന്ത് സന്ദേശമാണ് നാം ഇതുവഴി നല്‍കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. മനുഷ്യരെക്കാള്‍ പ്രാധാന്യമാണ് നാം പശുക്കള്‍ക്ക് നല്‍കുന്നതെന്ന് വേണം ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍. പ്രത്യേകിച്ചും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച പരാതികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍.

മാത്രമല്ല, പശുസംരക്ഷണം എന്ന പേരില്‍ സാമൂഹിക വിരുദ്ധര്‍ നിയമം കൈലെടുക്കുകയും മനുഷ്യരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയുമാണ്. ഇതിനിടയില്‍ യോഗി ആദിത്യനാഥ് യുപിയില്‍ അധികാരത്തിലെത്തുകയും അനധികൃതം എന്ന പേരില്‍ സംസ്ഥാനത്തെ കശാപ്പുശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടുകയും ചെയ്തു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ വലിയൊരു ജനവിഭാഗത്തിന്റെ ജീവിതമാര്‍ഗ്ഗത്തിനാണ് ഇതോടെ താഴ് വീണത്.

രാജ്യത്തെ ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര, വിദേശ ഭീഷണികള്‍ക്കെതിരെ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തികരംഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍, ആഭ്യന്തര സുരക്ഷ തുടങ്ങിയ നിരവധി അടിസ്ഥാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് പശു ആധാര്‍ തുടങ്ങിയ കണ്‍കെട്ട് വിദ്യകള്‍ക്ക് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന് വേണ്ടി ചിലവഴിക്കുന്ന 148 കോടി രൂപ ചിലവഴിക്കുന്നു എന്നതും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍