UPDATES

വീഡിയോ

യുപിയില്‍ അയല്‍ക്കാര്‍ നല്‍കിയ ആറ് ചപ്പാത്തികള്‍ മൂന്ന് പെണ്‍മക്കള്‍ക്ക് നല്‍കി പട്ടിണി കിടന്ന അമ്മ മരിച്ചു-വീഡിയോ

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പട്ടണത്തിലാണ് 45 വയസുള്ള അമീര്‍ ജഹാന്റെ ദാരുണ മരണം സംഭവിച്ചത്

മോദിയുടെ വികസന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ പട്ടിണി മരണം. തന്റെ പെണ്‍കുട്ടികളുടെ ജീവന്‍ നിലനിറുത്തുന്നതിനായി അവശേഷിച്ച ഭക്ഷണം അവര്‍ക്ക് പകുത്ത് നല്‍കി പട്ടിണി കിടന്ന അമ്മയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പട്ടണത്തിലാണ് 45 വയസുള്ള അമീര്‍ ജഹാന്റെ ദാരുണ മരണം സംഭവിച്ചത്. ദയ തോന്നിയ അയല്‍ക്കാര്‍ വ്യാഴാഴ്ച രാത്രി നല്‍കിയ ആറ് ചപ്പാത്തികള്‍ മൂന്ന് പെണ്‍മക്കള്‍ക്കായി പകുത്ത് നല്‍കിയ ശേഷം ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടന്ന അമീര്‍ ജഹാന്‍ പിന്നീട് എഴുന്നേറ്റില്ല.

മൊറാദാബാദ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമീര്‍ ജഹാന്‍ പട്ടിണി മൂലം മരിച്ചതായി രണ്ട് മണിക്കൂറിന് ശേഷം ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴിഞ്ഞ 15 ദിവസമായി തങ്ങള്‍ക്ക് ഒരു ഭക്ഷണവും ലഭിച്ചില്ലെന്നും അയല്‍ക്കാര്‍ ബാക്കിയായ ഭക്ഷണം നല്‍കിയതുകൊണ്ടുമാത്രമാണ് ജീവന്‍ നിലനിറുത്താന്‍ സാധിച്ചതെന്നും അമീര്‍ ജഹാന്റെ മൂത്ത മകള്‍ രഹാന മാധ്യമങ്ങളോട് പറഞ്ഞു. കിട്ടുന്ന ഭക്ഷണം കഴിക്കാതെ അത് തങ്ങള്‍ക്ക് പങ്കുവച്ച് തരികയായിരുന്നുവെന്നും രഹാന പറയുന്നു. താന്‍ എങ്ങനെയും അതിജീവിക്കും എന്നായിരുന്നു അമീര്‍ ജഹാന്‍ വിശ്വസിച്ചിരുന്നതെന്നും മകള്‍ സാക്ഷ്യപ്പെടുത്തുന്നു.

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഭരിക്കുന്ന രാജ്യത്തിലെ പട്ടിണി മരണത്തിന്റെ കാരണം അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നാണ് ജില്ല മജിസ്‌ട്രേട്ട് ആര്‍ കെ സിംഗ് പറഞ്ഞത്. തണുപ്പും വിശപ്പും കൊണ്ടാണ് അമീര്‍ മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെന്ന് ടെലിഗ്രാഫ് പത്രം രേഖപ്പെടുത്തുന്നു. ഏതായാലും അടിയന്തിര സഹായമായി കുടുംബത്തിന് 25,000 രൂപ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

മകള്‍ വിശന്ന് മരിച്ചു എന്ന് ആ അമ്മ പറഞ്ഞതാണോ നിങ്ങളുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്?

പി കേശവദേവ് 1940ല്‍ എഴുതിയ ‘ഓടയില്‍ നിന്ന്’ എന്ന നോവലിന് സമാനമായിരുന്നു മോദി ഭാരതത്തിലെ അമീര്‍ ജഹാന്റെ ജീവിതം. ജീവിതം മുഴുവന്‍ റിക്ഷ വലിച്ച് ഒടുവില്‍ ക്ഷയരോഗം ബാധിച്ച ഭര്‍ത്താവ് മുഹമ്മദ് യൂനിസ് അഞ്ച് മാസം മുമ്പ് പറ്റുന്ന തൊഴില്‍ തേടി പൂനയിലേക്ക് പോയിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ സമവാക്യങ്ങള്‍ അറിയാത്ത അദ്ദേഹത്തിന് കുടംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അമീറിന് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര രേഖയ്ക്ക് താഴെയാണ് തങ്ങള്‍ എന്ന അപേക്ഷ 2017 മേയില്‍ നിരസിക്കപ്പെട്ടിരുന്നു.

ലോക പട്ടിണി സൂചികയിലെ ഇന്ത്യയുടെ പദവി താഴോട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍