UPDATES

കാശ്മീരിലെ ഒരു തലമുറ കൂടി നഷ്ടപ്പെടുകയാണ്

ഓരോ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന വളര്‍ച്ച ഹുറിയതിന്റെ സ്വാധീനശേഷിയെ പോലും ബാധിച്ചിരുന്നു

1987-ല്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു, കാശ്മീര്‍ ശാന്തവും. അതിനു പിന്നാലെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു വശത്ത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും. മറുവശത്ത്, സയദ് അലി ഷാ ഗിലാനിയെപ്പോലുള്ളവരും ജമാ-അത്- ഇസ്ലാമി അടക്കമുള്ള സര്‍ക്കാര്‍ വിരുദ്ധ സംഘടനകളുടെ കൂട്ടായ്മയായ മുസ്ലീം യുണൈറ്റഡ് ഫ്രണ്ടും. യഥാര്‍ത്ഥത്തില്‍ അന്ന് സോപൂരില്‍ നിന്ന് ഗിലാനി വിജയിച്ചിരുന്നു. എന്നാല്‍ വലിയ തോതിലുള്ള ജനപിന്തുണയുണ്ടായിട്ടും യുണൈറ്റഡ് ഫ്രണ്ടിന്റെ പ്രകടനം വളരെ മോശമായിരുന്നു.

ആ തെരഞ്ഞെടുപ്പോടെ കാശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. ആയിരക്കണക്കിന് യുവാക്കള്‍ സായുധ പരിശീലനത്തിനായി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയി. ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്ക് കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. കാശ്മീര്‍ താഴ്‌വര ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു.

വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപിക്കപ്പെടുന്ന ആ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇപ്പോള്‍ 30 വര്‍ഷമാകുന്നു. ഈ കാലത്തിനിടയില്‍ സുരക്ഷാ സൈനികര്‍, ആയിരക്കണക്കിന് സാധാരണ കാശ്മീരികള്‍, വിദേശ തീവ്രവാദികള്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടു. കാണാതായ യുവാക്കളുടെ എണ്ണം അതിലുമേറെ. സമാധാനപൂര്‍ണമായ ജീവിതം എന്തെന്നറിയാതെയാണ് ഇതിനു ശേഷമുള്ള തലമുറകള്‍ ഇവിടെ വളര്‍ന്നു വരുന്നത്. ഹിന്ദു പണ്ഡിറ്റുകളായ ആയിരക്കണക്കിന് കുട്ടികള്‍ ജമ്മുവിലേയും ഡല്‍ഹിയിലേയും അഭയാര്‍ത്ഥി ക്യാമ്പുകളിലും വളര്‍ന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ കാര്യങ്ങള്‍ കുറച്ചൊക്കെ ഭേദപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ആയിരക്കണക്കിന് പേരുടെ ജീവന്‍ ബലി നല്‍കിയ ശേഷമുള്ള സമാധാനത്തിന്റേതായ ചെറിയൊരു പ്രതീക്ഷ. അതിന്റെ ഏറ്റവും വലിയ സൂചനയായിരുന്നു തെരഞ്ഞെടുപ്പുകളില്‍ ഉള്ള ജനങ്ങളുടെ പങ്കാളിത്തം ഏറി വന്നിരുന്നത്.

1989-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുഹമ്മദ് ഷാഫി ഭട്ട് ഒഴികെയുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളും സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ഭട്ട് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ബാരാമുള്ളയിലേയും അനന്ത്‌നാഗിലേയും വോട്ടിംഗ് ശതമാനം 5.07 ശതമാനമായിരുന്നു. എന്നാല്‍ അതിനു ശേഷമുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ജനപങ്കാളിത്തം ഉയര്‍ന്നു കൊണ്ടിരുന്നു. സമാധനത്തിന്റെ പാതയിലുള്ള കാശ്മീരികളുടെ വിശ്വാസം ഏറുകയായിരുന്നു.

എന്നാല്‍ ഞായറാഴ്ച ശ്രീനഗറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഏഴായി താഴ്ന്നത് വലിയൊരു മുന്നറിയിപ്പും അതോടൊപ്പം, കാശ്മീര്‍ വിഷയം എങ്ങനെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണവുമാണ്. ബദ്ഗാം, ഗന്ധര്‍ബാല്‍ ജില്ലകളില്‍ നടന്ന പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് എട്ടു പേരാണ്.

ന്യൂഡല്‍ഹിയിലെ കേന്ദ്ര ഭരണകൂടത്തിലുള്ള വിശ്വാസ്യതയുടെ കണക്കായാണ് സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചു വരുന്നതിനെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും വിദേശകാര്യ മന്ത്രാലയവും കണക്കാക്കുന്നത്.

ഇതിനു മുമ്പു നടന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ നോക്കുക. ഓരോ വര്‍ഷവും തെരഞ്ഞെടുപ്പിലുള്ള ജനപങ്കാളിത്തം ഏറി വരുന്നതായി കാണാം. 1996- 53.9 ശതമാനം, 2002- 43 ശതമാനം, 2008- 60.5 ശതമാനം, 2014- 65.23 ശതമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല: 1996- 48.96 ശതമാനം, 1998- 44.21 ശതമാനം, 1999- 32.34 ശതമാനം, 2004- 35.20 ശതമാനം, 2009- 39.68 ശതമാനം, 2014- 49.52 ശതമാനം.

ഇതായിരുന്നു അവസ്ഥയെങ്കില്‍ ഏപ്രില്‍ 10 ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ്, ന്യൂഡല്‍ഹിയിലെ കേന്ദ്ര ഭരണകൂടത്തോട് കാശ്മീരികള്‍ക്കുള്ള അവിശ്വാസം അവര്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് അര്‍ത്ഥം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍.

ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഹുറിയത് ആഹ്വാനം ചെയ്തിരുന്നു. അതിലാകട്ടെ, എന്തെങ്കിലും പുതുമയോ അത്ഭുതപ്പെടാനുള്ളതോ ഉണ്ടായിരുന്നില്ല. ഹുറിയതിന്റെ ചില നേതാക്കള്‍ അവസാനമായി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1987-ലാണ്. ആറു വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിനു ശേഷം 1996 മുതല്‍ തെരഞ്ഞെടുപ്പുകള്‍ വീണ്ടും ആരംഭിച്ചതോടെ ഹുറിയത് കാശ്മീരികളോട് പറയാറുള്ളത്, ‘വോട്ട് ചെയ്യുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിനു തുല്യമാണ്’ എന്നാണ്.

ഓരോ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന വളര്‍ച്ച ഹുറിയതിന്റെ സ്വാധീനശേഷിയെ പോലും ബാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഹുറിയതിന് ചെറുവിരലനക്കേണ്ടി വന്നില്ല എന്നാണ് കാശ്മീരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഒരുക്കങ്ങള്‍ 2016 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് തന്നെ നടന്നിരുന്നു. ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാശ്മീര്‍ പ്രക്ഷുബ്ധമായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ നേരിടാന്‍ തീരുമാനിച്ചത് പെല്ലറ്റും ഗണ്ണുകളും മറ്റ് സായുധ മുറകളും ഉപയോഗിച്ചായിരുന്നു.

ആ ആറുമാസക്കാലത്ത് കാശ്മീര്‍ താഴ്‌വര സാക്ഷ്യം വഹിച്ച പ്രക്ഷോഭവത്തില്‍ കൊല്ലപ്പെട്ടത് 96 പേരാണ്. 12,000 പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലേറെ പേര്‍ക്ക് പെല്ലറ്റുകളേറ്റ് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു പേര്‍ക്ക് പൂര്‍ണമായും കാഴ്ചശക്തി നഷ്ടപ്പെട്ടു.

ഈയൊരു അവസ്ഥ 2016 ജൂലൈയ്ക്ക് ശേഷമുണ്ടായ ഒന്നല്ല. 2014-ലെ നിയസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയും പി.ഡി.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ അമര്‍ഷം അവിടെ പുകയുന്നുണ്ടായിരുന്നു. പി.ഡി.പിയെ പിന്തുണച്ചിരുന്നവര്‍ക്ക് ബി.ജെ.പിയുമായി കൂട്ടുകൂടിയ നടപടി വഞ്ചനാപരം തന്നെയായിരുന്നു.

മോദി സര്‍ക്കാരിന്റെ കെട്ടിഘോഷിക്കപ്പെടുന്ന നേട്ടങ്ങള്‍ക്കെല്ലാം അപ്പുറത്ത്, കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന വന്‍ പരാജയം ഇതിനകം തന്നെ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. കാശ്മീരിലെ ഒരു തലമുറയെ കൂടി ഇന്ത്യക്ക് നഷ്ടപ്പെടുകയാണ്. ആരാണ് ഈ രക്തച്ചൊരിച്ചില്‍ ഒന്നവസാനിപ്പിക്കുക?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍