UPDATES

വേട്ടക്കാര്‍ എന്ന് മുദ്രകുത്തി ആദിവാസികളെ കൊല്ലുന്നു; ബിബിസി ഡോക്യുമെന്ററിക്ക് വിവരങ്ങള്‍ നല്‍കിയതിന് സാമൂഹ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

20 വര്‍ഷങ്ങള്‍ക്കിടയില്‍ കാസിരംഗയിലെ വനപാലകര്‍ വെടിവെച്ചു കൊന്നത്106 പേരെ

അസാമിലെ കാസിരംഗ ദേശീയ ഉദ്യാനത്തില്‍ താമസിക്കുന്ന ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജീപാല്‍ ക്രിഷക് ശ്രമിക് സംഘ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ പ്രണാബ് ഡോലെ, സോനേശ്വര്‍ നാരാഹ് എന്നിവരെ സംസ്ഥാന പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതായി ആരോപണം. സര്‍ക്കാര്‍ ഓഫീസില്‍ ഇടിച്ചുകയറുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ വന്യജീവി സങ്കേതത്തില്‍ വേട്ടക്കാര്‍ എന്ന് മുദ്രകുത്തി ആദിവാസികളെ കൊന്ന പോലീസ് നടപടി വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഇരുവരോടും പോലീസ് തീര്‍ക്കുന്നതെന്നാണ് സംഘയുടെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കാസിരംഗ ദേശീയ ഉദ്യാനത്തിലാണ്. ബിബിസി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിലും ഡോലെ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വരുന്ന അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യന്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ചിത്രീകരണം നടത്തുന്നതില്‍ നിന്നും ബിബിസിയെ വിലക്കിയിരുന്നു.

സംരക്ഷണത്തിന് വേണ്ടിയുള്ള കൊലപാതകങ്ങള്‍ എന്ന പേരിലുള്ള ഡോക്യുമെന്ററി ബിബിസിയുടെ തെക്കന്‍ ഏഷ്യന്‍ ലേഖകന്‍ ജസ്റ്റിന്‍ റൗളറ്റാണ് നിര്‍മ്മിച്ചത്. വേട്ടക്കാരെ കണ്ടാലുടന്‍ വെടിവെക്കുന്ന വനംവകുപ്പ് നടപടിയെ വിമര്‍ശിച്ച ഡോക്യുമെന്ററിയില്‍, ‘കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പാര്‍ക്കില്‍ മനുഷ്യരെ വെടിവെച്ചുകൊല്ലുകയാണ്,’ എന്ന ആരോപണവും ഉന്നയിച്ചിരുന്നതായി സ്‌ക്രോളില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇത്രയും അധികാരങ്ങള്‍ നല്‍കുന്നത് അപകടകരമാണെന്നും ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ കാസിരംഗയിലെ വനപാലകര്‍ 106 പേരെ വെടിവെച്ച് കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഉദ്യാനവും അവിടുത്തെ ഉദ്യോഗസ്ഥരും അനുഭവിക്കുന്ന നിയമപരമായ സംരക്ഷണത്തിന്റെ ഫലമാണിതെന്ന് ഡോലെ ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ അധികൃതര്‍ ഡോക്യുമെന്ററിയോട് ശക്തമായാണ് പ്രതികരിച്ചത്. ഇന്ത്യയുടെ കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ അഞ്ച് വര്‍ഷം ചിത്രീകരണം നടത്തുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ബിബിസിയെ വിലക്കി. റൗളറ്റിന്റെ വിസ പുതുക്കി നല്‍കരുതെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ബിബിസിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ആസാം സര്‍ക്കാര്‍.

നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ മറച്ചുവെക്കുന്നതിനായി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് മാര്‍ച്ച് ആദ്യവാരം നടത്തിയ പത്രസമ്മേളനത്തില്‍ ജീപാല്‍ ക്രിഷക് ശ്രമിക് സംഘ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇവരുടെ ആരോപണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഡോലെയെയും നാരാഹിനെയും നിശബ്ദരാക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സംഘിന്റെ സെക്രട്ടറി മന്റു ബോറ സ്‌ക്രോളിനോട് പറഞ്ഞു. അവര്‍ക്കെതിരെ പ്രതികാരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

ഏപ്രില്‍ 19ന് നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സംഘ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആസാം വനസംരക്ഷണ സേനയിലേക്ക് 90 പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ബോകാഘട്ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ രോഹിണി ബല്ലവെ സൈക്യയുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

ദേശീയ ഉദ്യാനത്തിന് സമീപത്ത് താമസിക്കുന്ന സമുദായങ്ങളിലെ അംഗങ്ങളെ വേണം വനപാലകരായി നിയമിക്കാന്‍ എന്നതായിരുന്നു സംഘയുടെ ആവശ്യം. 2016 ലെ വെള്ളപ്പൊക്കത്തിലെ ദുരിതബാധിതര്‍ക്ക് ഉടനടി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സൈക്യ ഉറപ്പ് എഴുതി നല്‍കിയതായി ബോറ പറയുന്നു. ഏപ്രില്‍ 21ന് നടന്ന യോഗത്തില്‍ ആസാം വനംവകുപ്പ് മന്ത്രിയും സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 24ന് ഓഫീസില്‍ എത്തിയ യോഗത്തിന്റെ മിനിട്ട്‌സ് നല്‍കാമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംഘിന്റെ പ്രവര്‍ത്തകരെ അറിയിച്ചു. അങ്ങനെ ഓഫീസില്‍ എത്തിയപ്പോഴാണ് ഡോലെയെയും നാരാഹിനെയും മറ്റ് അഞ്ച് സംഘടന പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകര്‍ വേട്ടക്കാരാണ് എന്നായിരുന്നു ആരോപണം.

എന്നാല്‍ ഏപ്രില്‍ 19ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പറയുന്നത്. സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ച് കയറുകയും അവിടെത്ത പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 147, 4478, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബിബിസിയുടെ ഡോക്യുമെന്ററിയും ഇവരുടെ അറസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ ആരോപണങ്ങളെല്ലാം പ്രവര്‍ത്തകര്‍ നിഷേധിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍