UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് കര്‍ണ്ണന്‍; നീതിപീഠത്തോട് ചില അസുഖകരമായ ചോദ്യങ്ങള്‍

ജസ്റ്റിസ് കര്‍ണ്ണന് നേരിട്ട ഈ ദുരനുഭവം ഇത് ആദ്യമായല്ലെന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ അനുഭവം പഠിപ്പിക്കുന്നുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ഏറെ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ജസ്റ്റിസ് കർണൻ കുറ്റക്കാരനെന്ന് സുപ്രീം കോടതി. കോടതിയോട് അനാദരവ് കാട്ടിയതിന്റെ പേരിലാണ് ഏഴംഗ ബെഞ്ച് ആറു മാസത്തെ തടവ് വിധിച്ചിരിക്കുന്നത്. കേൾക്കാൻ അത്ര സുഖകരമല്ലാത്ത വാർത്തകളാണ് അടുത്തകാലത്തായി നമ്മുടെ വിവിധ നീതിന്യായ സ്ഥാപനങ്ങളിൽ നിന്നും വരുന്നത്. ഒടുവിൽ വന്ന വാർത്ത പരമോന്നത നീതിപീഠം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുപ്രീം കോടതിയിൽ നിന്ന് തന്നെയാകയാൽ ഒട്ടൊരു തമാശ തോന്നായ്കയില്ല. ഇങ്ങനെ പോയാൽ ജസ്റ്റിസുമാരും പരസ്പരം പാര പണിതു ജീവിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളും തമ്മിൽ എന്താണ് വ്യത്യാസം? ജസ്റ്റിസുമാർ രാഷ്ട്രീയക്കാരെക്കാൾ തരം താണാൽ പിന്നെ നീതിന്യായം എന്നൊക്കെ പറയുന്നതിൽ എന്തുണ്ട് അർഥം?

സത്യത്തിൽ ഇതൊക്കെ എന്നെപ്പോലുള്ള സാധാരണ മനുഷ്യന്മാരുടെ ആർക്കും വേണ്ടാത്ത ചോദ്യങ്ങൾ ആകയാൽ മറുപടി ലഭിക്കില്ലെന്നും അറിയാം. ഒരു സംഘം ഗുണ്ടാ വക്കീലൻമ്മാർ കേരളത്തിലെ മാധ്യമ പ്രവർത്തകരെ കോടതി വളപ്പുകളിലിട്ട് തലങ്ങും വിലങ്ങും മർദ്ദിക്കുകയും ഹൈക്കോടതിയില്‍ അടക്കം മാധ്യപ്രവർത്തർക്കായി അനുവദിക്കപ്പെട്ടിരുന്ന മുറികൾ അടച്ചു പൂട്ടുകയും ചെയ്തപ്പോൾ എന്താണ് ഈ ഉന്നത നീതിബോധ ശാസന കേന്ദ്രങ്ങൾ ചെയ്തതെന്ന് നമ്മൾ കണ്ടതാണ്. ജിഷ്ണു പ്രണോയ് കേസിൽ തന്നെ ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞ കാര്യം (ഇത് വളരെ ഗുരുതരമായ കേസ്) ഈ നീതി നടത്തിപ്പുകാരുടെ തലയിൽ ആദ്യമേ എന്തുകൊണ്ട് ഉദിച്ചില്ല എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.

ജസ്റ്റിസ് കർണൻ വിഷയത്തിൽ കക്ഷി ചേരുന്നില്ലെങ്കിലും ന്യായമായ ചില ആശങ്കകൾ ഉന്നയിക്കാതിരിക്കാൻ വയ്യെന്ന നില വന്നിരിക്കുന്നു. നമ്മുടെ ന്യായാധിപന്മാർ ദൈവങ്ങളാ അഥവാ ആണെങ്കിൽ തന്നെ അവർ പുറപ്പെടുവിക്കുന്ന വിധികൾ നീതിയുടെ, നന്മയുടെ കൈയ്യൊപ്പ്‌ ചാർത്തിയവ ആണോ? കോടതിയിൽ വരുന്ന വാദങ്ങളെ മുന്‍ നിര്‍ത്തിയാണ് തങ്ങൾ വിധി പറയുന്നതെന്ന് ഓരോ ന്യായാധിപനും വാദിക്കാം. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അത് ശരിയാണ് താനും. എന്നാൽ വാദിക്കുന്ന വക്കീലിന്റെ ഫീസിന്റെ കനവും സാക്ഷികളെ സ്വാധീനിക്കാനും കള്ള സാക്ഷികളെ ഹാജരാക്കാനും ഓരോ കേമന്മാർക്കും ഉള്ള പ്രാഗൽഭ്യവും അറിയാത്തവരല്ല ന്യായാധിപന്മാർ. എന്നിട്ടും അവരിൽ പലരും കണ്ണടച്ച് ഇരുട്ടാണെന്നു നടിക്കുന്നത് സാധാരണക്കാർ എത്ര വട്ടം കണ്ടു ശപിച്ചു പോയതാണ്. ഒരു കാഫ്ക കഥ പോലെ നീളുന്ന എത്രയെത്ര ഉദാഹരണങ്ങൾ ഉണ്ടാവും നീതി നിഷേധിക്കപ്പെട്ടവർക്കു നിരത്താൻ.

സത്യത്തിൽ ആരാണ് ഈ കർണൻ എന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നത് അവിടെ നിന്നാണ്. കുന്തി പുത്രനെങ്കിലും സൂതപുത്രനെന്ന് അറിയപ്പെടേണ്ടിവന്ന പുരാണത്തിലെ ആ കർണ്ണനല്ല ഈ കർണൻ. എങ്കിലും ഇരുവർക്കും ഇടയിൽ ഒരു ഒരു താരതമ്യമുണ്ട്. ഒരു വര്‍ഷം മുൻപ് നീതി നിഷേധിക്കപ്പെട്ട ജസ്റ്റിസ് കർണൻ തന്നെ പറഞ്ഞിരുന്നു, താൻ ഒരു ദളിതൻ ആയതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്ന്. ജസ്റ്റിസ് കർണൻ അടുത്തിടെയാണ് തന്റെ മനോനില പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച മെഡിക്കൽ സംഘത്തെ തിരിച്ചയത്. ആരെയും മര്‍ദ്ദിച്ചോ ഭർസിച്ചോ ആയിരുന്നില്ല അത്. അങ്ങനെയെങ്കിൽ അതും വാർത്തയാകുമായിരുന്നു. തുടർന്ന് അദ്ദേഹം നടത്തിയ വിധി പ്രസ്താവന (സുപ്രീം കോടതിയിലെ ന്യാധിപന്മാരെ സ്വന്തം വീട് കോടതിയായി പരിഗണിച്ച് അഞ്ചു വര്‍ഷം കഠിന തടവിന് വിധിച്ചു) ഉയർത്തുന്ന ഏറെ ഗൗരവ തരമായ ഒരു പ്രശ്നം തന്നെയാണ്.

ജസ്റ്റിസ് കർണൻ മനോരോഗിയാണെന്നു സുപ്രീം കോടതി കരുതുന്നുവെങ്കിൽ രോഗികൾ അല്ലാത്ത എത്ര പേർ ഈ സംവിധാനത്തിൽ ഉണ്ടെന്നു പറയാനുള്ള ബാധ്യത നമ്മുടെ പരമോന്നത നീതിപീഠത്തിനുണ്ട്. ചുരുങ്ങിയ പക്ഷം അത് വ്യക്തമാക്കുന്നില്ലെങ്കിൽ ഈ സംവിധാനം എന്തിനാണ് എന്നും എന്ത് നീതിയാണ് ജനം പ്രതീക്ഷിക്കേണ്ടതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ഒരു ‘സന്ധ്യ മയങ്ങും നേരം’ സിനിമ പോലെ, കാഫ്കയുടെ ട്രയൽ പോലെ ആയിത്തീരേണ്ട ഇടമായാണോ ന്യായാധിപന്മാരും തങ്ങളുടെ ഇരിപ്പിടങ്ങളെ കാണുന്നതെന്ന സംശയം പൂർണമായും ദുരീകരിക്കപ്പെടേണ്ടതുണ്ട്. കാരണം ജസ്റ്റിസ് കര്‍ണ്ണന് നേരിട്ട ഈ ദുരനുഭവം ഇത് ആദ്യമായല്ലെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ അനുഭവം പഠിപ്പിക്കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍