UPDATES

സിനിമാ വാര്‍ത്തകള്‍

നടന്‍ ഉദയനിധി സ്റ്റാലിനും രാഷ്ട്രീയത്തിലേക്ക്; ഇപ്പോള്‍ വരുന്നത് ‘നല്ല സമയ’മായതുകൊണ്ട്

തന്നെ പോലെ തന്നെ രാഷ്ട്രീയത്തില്‍ പുത്രന്‍ പടിപടിയായി വളരണമെന്നാണ് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ ആഗ്രഹിക്കുന്നത്

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും സിനിമ താരത്തിളക്കം. സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തിനും കമലഹാസനും പിറകെ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ പുത്രനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനാണ് രാഷ്ട്രീയത്തിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഡിഎംകെയുടെ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാറുള്ള തനിക്ക് രാഷ്ട്രീയം അന്യമല്ലെന്ന് ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും ഉദയനിധി പറഞ്ഞു.

എന്നാല്‍ ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സ്റ്റാലിനും അമ്മയ്ക്കും അതിയായ താല്‍പര്യം ഉണ്ടെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നത്. ദൈവവിശ്വാസിയായ അമ്മയ്ക്ക് ലഭിച്ച ചില ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന് നല്ല സമയമാണെന്ന് വ്യക്തമായതായും അവര്‍ സൂചിപ്പിക്കുന്നു. തന്നെ പോലെ തന്നെ രാഷ്ട്രീയത്തില്‍ പുത്രന്‍ പടിപടിയായി വളരണമെന്നാണ് സ്റ്റാലിന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ഉദയനിധിക്ക് ഉടന്‍ തന്നെ വലിയ പദവികള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ഡിഎംകെ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ സിനിമ താരമെന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരകനാകാന്‍ ഉദയനിധിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മേയ് മുതല്‍ ഡിഎംകെയുടെ ചില പരിപാടികളില്‍ ഉദയനിധിയുടെ സാന്നിധ്യം ഉണ്ടായത് മുതല്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമ താരം ആകുന്നതിന് മുമ്പ് തന്നെ ഡിഎംകെ പരിപാടികളില്‍ താന്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് ഉദയനിധിയുടെ വാദം. ദ്രാവിഡ പ്രസ്ഥാനത്തിലും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നെങ്കിലും അച്ഛന്‍ ഒരിക്കലും തന്നില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ഉദയനിധി പറയുന്നു.

മുത്തച്ഛന്‍ കരുണാനിധിയെ പോലെ വലിയ പ്രാസംഗികന്‍ ഒന്നുമല്ലെങ്കിലും വലിയ ഒരു ആരാധകവൃന്ദം ഉദയനിധിക്കുണ്ട്. ആഡംബര വാഹനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടുണ്ട്. ഉദയനിധി സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങിയപ്പോള്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിനിമ നിര്‍മ്മാണ, വിതരണ മേഖലകളില്‍ കുത്തക സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മുത്തച്ഛന്‍ മുഖ്യമന്ത്രിയും അച്ഛന്‍ ഉപമുഖ്യമന്ത്രിയും ആയിരുന്ന കാലത്ത് വലിയ താരങ്ങളെ സ്വാധീനം ഉപയോഗിച്ച് തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു എന്നതായിരുന്നു മറ്റൊരു ആരോപണം. 2008ല്‍ വിജയിനെ നായകനാക്കി കുരുവി, 2009ല്‍ സൂര്യയെ നായകനാക്കി ആധവന്‍, 2010ല്‍ കമലഹാസന്‍ ചിത്രം മന്‍മദന്‍ അമ്പ് തുടങ്ങിയ ചിത്രങ്ങള്‍ ഉദയനിധി നിര്‍മ്മിച്ചിരുന്നു. ഡഎംകെ ഭരണത്തിലുണ്ടായിരുന്ന 2006-11 കാലഘട്ടത്തില്‍ സിനിമ മേഖലയുടെ പൂര്‍ണ നിയന്ത്രണം ഡിഎംകെ കുടുംബത്തിനായിരുന്നുവെന്ന് സിനിമ മേഖലയിലെ ചില പ്രമുഖര്‍ തന്നെ ആരോപിക്കുന്നുണ്ട്.

2ജി കേസില്‍ കരുണാനിധിയുടെ പുത്രി കനിമൊഴി പെട്ടതോടെയാണ് ഡിഎംകെയുടെ മേല്‍ക്കോയ്മയ്ക്ക് കോട്ടം തട്ടിത്തുടങ്ങിയത്. പാര്‍ട്ടിയുടെ മോശമായ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമാണ് ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശമെന്നും വിലയിരുത്തപ്പെടുന്നു. 2ജി കേസില്‍ വെറുതെ വിടപ്പെട്ട കനിമൊഴി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍