UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധുനിക ദേശരാഷ്ട്രത്തിന് അന്ത്യമാകുന്നോ?

Avatar

ടീം അഴിമുഖം

ആധുനിക ‘ദേശരാഷ്ട്രം’ (Nation State) എന്ന ആശയം ഭീഷണി നേരിടുന്നോ എന്ന ചോദ്യം നാം ചോദിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. ദേശ-രാഷ്ട്രാനന്തര വ്യവസ്ഥകളുടെയും അധിക സംഘര്‍ഷങ്ങളുടെയും ഒരു ഘട്ടത്തിലേക്ക് നാം കടക്കുകയാണോ എന്നും.

ലോകത്താകമാനം ഏതാണ്ടെല്ലാ രാജ്യങ്ങളും (അതിനെ ദേശമെന്നോ, രാഷ്ട്രമെന്നോ അല്ലെങ്കില്‍ പണ്ഡിതഭാഷയില്‍ ‘ദേശരാഷ്ട്രം’ എന്നോ വിളിക്കാം), തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ മുമ്പ് കാണാത്ത തരത്തിലുള്ള ആക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇത് അസാധാരണമാണ്. പതിറ്റാണ്ടുകളായി നാം ശീലിച്ച രാഷ്ട്രീയ ജീവിതത്തെ അട്ടിമറിക്കുമോ എന്ന ആശങ്കയുണര്‍ത്താന്‍ പോന്നതുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ നൂറ്റാണ്ടുകളായി ഇങ്ങനെ ജീവിച്ചുവരികയാണ്.

തങ്ങളുടെ ചരിത്രത്തിലുടനീളം, പരസ്പരം പോരടിച്ചപ്പോള്‍ ദേശരാഷ്ട്രങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. രണ്ടു ലോക മഹായുദ്ധങ്ങള്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങള്‍, വിവിധ രാജ്യങ്ങളുടെ മേലുള്ള അമേരിക്കയുടെ  അധിനിവേശം എന്നിവ ഉദാഹരണങ്ങളില്‍ ചിലതാണ്. അത്തരത്തില്‍ നടന്നിട്ടുള്ള രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളല്ല ഇന്നത്തെ രീതി. പകരം ലോകത്തെങ്ങും ഭയാനകമായ ഒരു അവസ്ഥ ഉടലെടുത്തിരിക്കുന്നു. ഒരേ ദേശ രാഷ്ട്രത്തിലെ അംഗങ്ങള്‍ പരസ്പരം പോരടിക്കുന്നു. ഇത്, പല രാജ്യങ്ങളിലെയും മുസ്ലീം സമുദായത്തിലെ തീവ്രവാദികളായവര്‍ ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തിനെതിരെയാകാം, ശ്രീലങ്കലയിലെ ഭൂരിപക്ഷ സിംഹളന്‍മാര്‍ ന്യൂനപക്ഷ തമിളര്‍ക്ക് നേരെയാകാം, മ്യാന്മാറില്‍ ബുദ്ധമതക്കാര്‍ മുസ്ലീംങ്ങള്‍ക്ക് നേരെയാകാം, ഇന്ത്യയിലെ നിരവധി ന്യൂനപക്ഷസമുദായങ്ങള്‍ ഭൂരിപക്ഷ നിയന്ത്രിത ഭരണകൂടത്തിന് എതിരെയാകാം, പാകിസ്ഥാനില്‍ ഷിയാക്കള്‍ സുന്നികള്‍ക്കെതിരെയും സുന്നികള്‍ മറ്റെല്ലാവര്‍ക്കെതിരെയും എന്ന രീതിയിലുമാകാം.

ഓരോ ദേശരാഷ്ട്രത്തിലും സമുദായങ്ങള്‍ പരസ്പരം അങ്കംവെട്ടുന്ന സംഘര്‍ഷത്തിന്റെ ഈ പുതിയ കുത്തൊഴുക്ക് ആധുനിക ദേശരാഷ്ട്രത്തിന്റെ അടിത്തറയെത്തന്നെ അപകടത്തിലാക്കുന്നു. അതുകൊണ്ടാണ് വരുംദിനങ്ങളില്‍ ദേശരാഷ്ട്രമെന്ന പ്രതിഭാസത്തെയും കുറച്ചു നൂറ്റാണ്ടുകളുടെതന്നെ പഴക്കമുള്ള ഈ പുതിയ വെല്ലുവിളികളെ അതിജീവിക്കുമോ എന്നും വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഉണ്ടാകണമെന്ന് നമ്മള്‍ പറയുന്നത്.

സാമ്രാജ്യങ്ങള്‍, രാജഭരണങ്ങള്‍, കോണ്‍ഫെഡറേഷനുകള്‍ ഇങ്ങനെ പല ആശയങ്ങളും കഴിഞ്ഞകാലങ്ങളില്‍ തകര്‍ന്നുപോയിട്ടുണ്ട്. അതുപോലെ ദേശരാഷ്ട്രവും പോയേക്കാം. ലോക സര്‍ക്കാരിനുവേണ്ടിയും സര്‍ക്കാരേ വേണ്ടെന്നും, അതല്ല പ്രാദേശിക ഭരണത്തിനുമൊക്കെ പലരും വാദിക്കുന്നുണ്ട്.

തീര്‍ത്തും സൈദ്ധാന്തികമായ പ്രയോഗത്തില്‍ ‘ദേശരാഷ്ട്രം’, ‘രാഷ്ട്രം’, ദേശം’, ഇവയെല്ലാം ചില കാരണങ്ങളാല്‍ വ്യത്യസ്തമാണ്. ഒരു ദേശം എന്നാല്‍ സാംസ്കാരികവും ഭാഷാപരവുമായി തിരിച്ചറിയാവുന്ന ഒരു കൂട്ടം ജനങ്ങളും, ഒരു സാമൂഹ്യ-സാംസ്കാരിക അസ്തിത്വവും  മാത്രമാണ്. ഈ ആശയം രാഷ്ട്രീയ കൂട്ടത്തെ പരിഗണിക്കുന്നില്ല. അതേസമയം രാഷ്ട്രം എന്നാല്‍ താഴെ പറയുന്ന ഘടകങ്ങള്‍ ഒത്തുചേര്‍ന്ന ഒരു നിയമ/രാഷ്ട്രീയ അസ്തിത്വമാണ്- എ) ഒരു സ്ഥിരം ജനത; ബി) നിശ്ചയിക്കപ്പെട്ട ഒരു ഭൂപ്രദേശം; സി) ഒരു സര്‍ക്കാര്‍; ഡി) മറ്റ് രാഷ്ട്രങ്ങളുമായി ബന്ധത്തിലേര്‍പ്പെടാനുള്ള ശേഷി. ആധുനിക ദേശരാഷ്ട്രം ഒന്നോ അതിലധികമോ ദേശീയതകള്‍ ഒരൊറ്റ രാഷ്ട്രീയ കൂട്ടമായി/രൂപമായി വന്നതിനെയും സൂചിപ്പിക്കാനുപയോഗിക്കുന്നു. അപ്പോള്‍ ദേശരാഷ്ട്രം എന്നത് ദേശവും  രാഷ്ട്രവും ഒന്നുചേര്‍ന്ന് ഒരു ഔപചാരിക അസ്തിത്വമായി മാറുന്നതാണ്.

ആധുനിക ദേശരാഷ്ട്രത്തിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളുമുണ്ട്. പരസ്പരം പരമാധികാരം മാനിക്കാന്‍ യൂറോപ്പിലെ ശക്തികള്‍ ധാരണയിലെത്തിയ 1648-ലെ വെസ്റ്റ്ഫാലിയ ഉടമ്പടിയിലാണ് മിക്കവരും ഇതിന്റെ ഉദയം കാണുന്നത്. കാലം മുന്നോട്ടുപോയതോടെ, സായുധസേന മനുഷ്യസമൂഹങ്ങളുടെ അവിഭാജ്യഘടകമായതോടെ, യൂറോപ്പിലെ ആശയങ്ങള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചതോടെ ആധുനിക ദേശരാഷ്ട്രം ഉറച്ച രൂപം കൈവരിച്ചു.

അതിരുകള്‍ സംരക്ഷിക്കാന്‍ സുസജ്ജമായൊരു സേന ദേശരാഷ്ട്രത്തിലുണ്ട്. വിവാഹസമ്മാനമായി ഭൂപ്രദേശങ്ങള്‍ നല്കിയിരുന്ന പഴയ രാജ്യങ്ങളെപ്പോലെയല്ല, പുതിയ ദേശരാഷ്ട്രങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളും, പരമാധികാരവും  സംരക്ഷിക്കാന്‍ ബദ്ധശ്രദ്ധരാണ്. അവയെ എല്ലാ ബാഹ്യ ഇടപെടലുകളില്‍ നിന്നും സംരക്ഷിക്കുക എന്നത് ദേശരാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റെ നിര്‍ണായകസംഗതിയാണ്. ഈ സേനയെ നിലനിര്‍ത്താന്‍ ദേശരാഷ്ട്രം നികുതി പിരിക്കുന്നു. പൊതുജനം നല്‍കുന്ന നികുതിക്ക് പകരം അവര്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങളും മറ്റ് ഭരണകൂടപിന്തുണയും ലഭിക്കുന്നു.

ഈ ആശയത്തില്‍ ദേശരാഷ്ട്രത്തിലെ അംഗങ്ങളില്‍ ഒരാളെ മറ്റൊരാളില്‍ നിന്നും സംരക്ഷിക്കുക എന്നത് അത്ര പ്രാധാന്യമുള്ളതല്ല. അവരുടെ ജീവന് ഭരണഘടനയുടെയും നിയമത്തിന്റെയും സംരക്ഷണമുണ്ടെങ്കിലും അയല്‍ക്കാരനില്‍നിന്നും അരികെ നടക്കുന്ന ആളില്‍നിന്നും സംരക്ഷണം നല്‍കുന്ന ഒരു സമൂഹമല്ല അത്. അപ്പോള്‍, ഒരു പൌരന്റെ പ്രധാന ഭീഷണി അടുത്തുള്ള ആളില്‍ നിന്നാവുകയും അതില്‍നിന്നുമുള്ള  സുരക്ഷ ഉറപ്പാക്കാന്‍ ദേശരാഷ്ട്രത്തിന് കഴിയാതെ വരികയും ചെയ്താല്‍ പിന്നെ അത്തരമൊരു രാഷ്ട്രീയ രൂപത്തില്‍ അയാള്‍ എന്തിനാണ് അംഗമായിരിക്കുന്നത്? ഇന്നത്തെ നിലക്കുള്ള അക്രമങ്ങള്‍ തുടര്‍ന്നാല്‍ ഈ ചോദ്യം കൂടുതല്‍ ഉച്ചത്തിലാകും.

വളര്‍ന്നുവരുന്ന സാംസ്കാരിക ബോധവും, പരദേശീയ സ്പര്‍ദ്ധയും, കുടിയേറ്റ വിരുദ്ധതയും എല്ലാം ചേര്‍ന്ന് ദേശരാഷ്ട്രമെന്ന ആശയവും ചോദ്യം ചെയ്യപ്പെട്ടേക്കാം. വംശ, മത, ഭാഷ, സാംസ്കാരിക സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചെറിയ അസ്ത്വിത്വങ്ങളിലേക്ക് മടങ്ങിപ്പോകാനും പ്രവണത പ്രത്യക്ഷപ്പെടാം. ബഹു-സംസ്കാര, ബഹു-ഭാഷാ ആധുനിക ദേശരാഷ്ട്രങ്ങളുടെ അന്ത്യത്തിലേക്കാകാം  അത് നയിക്കുക.

ആധുനിക ദേശരാഷ്ട്രങ്ങളുടെ ചരമക്കുറിപ്പല്ല നാമെഴുതെന്നതെന്ന് പ്രത്യാശിക്കാം. കാരണം, അതിന്റെ എല്ലാ ദൌര്‍ബല്ല്യത്തോടും നുഴഞ്ഞുകയറ്റ സ്വഭാവത്തോടും കൂടിയാണെങ്കിലും ഈ പരസ്പര-ബന്ധിത ലോകത്ത് ജീവിക്കാന്‍ മനുഷ്യരാശി അതിലും മെച്ചപ്പെട്ടൊരു വഴി കണ്ടെത്തിയിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍