UPDATES

മോദി എന്ന ‘അത്ഭുത മനുഷ്യ’ന്റെ മധുര പ്രതികാരം കേജ്രിവാളിനോട്

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രതിഫലനം ഡല്‍ഹിക്ക് അപ്പുറത്തേക്ക് വ്യാപിക്കും

നിങ്ങള്‍ക്ക് ഇത് അംഗീകരിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യാം. പക്ഷെ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിറഞ്ഞുനില്‍ക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ തന്നെ ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും കാവി പാര്‍ട്ടി നിലനിറുത്തിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയുടെ ഒരു മധുര പ്രതികാരമായി ഇത് മാറി. പത്തു വര്‍ഷത്തെ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ അതിന് കഴിഞ്ഞുവെന്ന് മാത്രമല്ല, 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ കൈകളില്‍ നിന്നും ഏറ്റ തകര്‍ച്ചയ്ക്ക് തിരിച്ചടി നല്‍കാനും അവര്‍ക്ക് സാധിച്ചു.
ബുധനാഴ്ച പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രതിഫലനം തലസ്ഥാനത്തിന് അപ്പുറത്തേക്ക് വ്യാപിക്കും. ബിജെപിക്ക് അത് നിരവധി മാനങ്ങളാണ് സംഭാവന ചെയ്യുന്നത്.

മോദി എന്ന ‘അത്ഭുത മനുഷ്യന്‍’: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രതീക്ഷകള്‍’ ഉണര്‍ത്തുന്നത് തുടരുകയാണെന്നും അദ്ദേഹത്തിന്റെ ‘വിശ്വാസ്യതയ്ക്ക്’ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും വാദിക്കാന്‍ ബിജെപിക്ക് മറ്റൊരു തിരഞ്ഞെടുപ്പ് ഫലം കൂടി ലഭിച്ചിരിക്കുന്നു. സംസ്ഥാനങ്ങള്‍ പിന്നാലെ സംസ്ഥാനങ്ങളിലെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന മോദി ബ്രാന്റിന്റെ വിശ്വാസ്യതയെ തദ്ദേശ ഫലങ്ങള്‍ കൂടുതല്‍ ഉത്തേജിപ്പിക്കും.

ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയില്‍: 2014ലെ പൊതുതിരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന നിയമസഭ തിരഞ്ഞെടുപ്പുകളും തൂത്തുവാരാന്‍ ബിജെപിയെ സഹായിച്ച് മോദി തരംഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവണത അരവിന്ദ് കെജ്രിവാളില്‍ തട്ടിത്തകര്‍ന്നു. 2015ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളുമാണ് മോദിയുടെ വിജയപ്രയാണത്തിന് തടയിട്ടത്. 70 അംഗങ്ങളുള്ള സഭയില്‍ എഎപിയ്ക്ക് 67 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് വെറും മൂന്ന് എംഎല്‍എമാരെ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ പഞ്ചാബിലെയും ഗോവയിലെയും തിരിച്ചടിക്ക് പിന്നാലെ സ്വന്തം തട്ടകത്തില്‍ തന്നെ എഎപി നടത്തിയ മോശം പ്രകടനം, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപിയെ സഹായിക്കും. ഒരു എഎപി എംഎല്‍എ ഇതിനകം തന്നെ ബിജെപി പക്ഷത്തേക്ക് കൂറുമാറിക്കഴിഞ്ഞു. ഈ പ്രവണത തുടര്‍ന്നേക്കാം.

ഗുജറാത്തില്‍ ആശ്വാസം: ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കെജ്രിവാളിന് ഒരു കണ്ണുണ്ടായിരുന്നു. പ്രധാനമന്ത്രി നരേദന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും മാതൃസംസ്ഥാനമാണ് ഗുജറാത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ എഎപി നേതൃത്വത്തിന്റെയും അണികളുടെയും മനോവീര്യം കെടുത്തും. കഴിഞ്ഞ 20 വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുകയും പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന പട്ടേല്‍ സമുദായത്തിന്റെ അനിഷ്ടം നിലനില്‍ക്കുകയും ചെയ്യുന്ന ഗുജറാത്തില്‍ കെജ്രിവാളിനെ നേരിടാന്‍ ഇപ്പോള്‍ മോദി-ഷാ കുട്ടുകെട്ടിന് കൂടുതല്‍ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.

വലിയ ചിത്രം: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബിജെപി തയ്യാറെടുത്തുകൊണ്ടിരിക്കെ, അതിന്റെ വിജയങ്ങളുടെ വലിപ്പവും ഉയര്‍ച്ചയും പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നു. ജുലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പാവും പ്രതിപക്ഷത്തിന് അതിന്റെ ഐക്യം വെളിപ്പെടുത്താനുള്ള ആദ്യത്തെ അവസരം. കാര്യങ്ങള്‍ ആ വഴിക്ക് നീങ്ങിത്തുടങ്ങിയെങ്കിലും ബിജെപിക്കെതിരെ ഐക്യത്തിന്റെ മുഖവുമായി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും എതിരാളികള്‍ കൈകോര്‍ക്കുകയും ഒരു പോരാട്ടം കാഴ്ചവെക്കുകയും ചെയ്താല്‍ മോദിയും ഷായും ഏറെ സന്തുഷ്ടരായിരിക്കും. ബിജെപി വളര്‍ന്നുകൊണ്ടിരിക്കുയാണ് എന്ന വാദം സ്ഥാപിക്കാന്‍ അത് അവര്‍ക്ക് നല്ലൊരു അവസരം നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍