UPDATES

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

ഷായ്ക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ പുത്രന്‍ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുളള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ചതായി ദി വയര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2013,2014 സാമ്പത്തിക വര്‍ഷങ്ങളില്‍ ഷായുടെ കമ്പനിയായ ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനി യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ 2014 ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ആദ്യ സാമ്പത്തികവര്‍ഷം 2014-2015 കമ്പനി രജിസ്ട്രാര്‍ വകുപ്പില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 80.5 കോടിയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്‌വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവു വലിയ തുക ലാഭമുണ്ടായതെന്നും വയര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016 ല്‍ കമ്പനി വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് പറഞ്ഞാണ് കമ്പനി പൂട്ടിയത്. കമ്പനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില ചോദ്യങ്ങളുമായി ദി വയര്‍ റിപ്പോര്‍ട്ടര്‍ ഷായെ വിളിച്ചുവെങ്കിലും യാത്രയിലാണെന്നതിലാല്‍ വിശദമായി പറയാനാകില്ലെന്നായിരുന്നു മറുപടി. അതേസമയം, ഷായ്ക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

കമ്പനി രജിസ്ട്രാര്‍ വകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ വളരെ വ്യക്തമാണെന്നും ഇക്കാര്യം ജയ്ഷായുടെ അഭിഭാഷകന് നിഷേധിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വയം നിലനില്‍ക്കുന്ന സാക്ഷ്യങ്ങളാണീ രേഖകള്‍. മന്ത്രിമാരുടേയും നേതാക്കളുടേയും ബന്ധുക്കളുടെ സമ്പാദ്യം പെട്ടെന്ന് പെരുകുന്നത് പെതുപരിശോധനക്ക് വിധയമാക്കുക പതിവാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേര ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരില്‍ അനര്‍ഹമായി സ്വത്തു സംമ്പാദിച്ചുവെന്ന് രണ്ടാം യൂപിഎ സര്‍ക്കാറിന്റെ കാലത്ത് ബിജെപി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ജയ്ഷായുടെ പ്രതികരണം ലഭിച്ചാല്‍ അത് നല്‍കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍