UPDATES

ദുരഭിമാന കൊലകളുടെയും ആള്‍ക്കൂട്ട നീതിയുടേയും പുതിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍

ഈ സാമുദായിക ദുരാചാരത്തിന്റെ അവസാനത്തെ ഇരയാണ് രാജസ്ഥാനില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട അമിത് നായര്‍.

പത്തനംതിട്ട ജില്ലയിലെ ഏനാത്ത് സ്വദേശിയായ അമിത് നായര്‍ എന്ന എഞ്ചിനീയര്‍ മംമ്ത ചൗധരി എന്ന രാജസ്ഥാന്‍ യുവതിയെ വിവാഹം കഴിച്ചത് 2015-ലായിരുന്നു. മംമ്തയുടെ സഹോദരന്റെ സുഹൃത്തായിരുന്നു അമിത്. ആറു വര്‍ഷത്തെ അടുപ്പത്തിനൊടുവിലായിരുന്നു അഭിഭാഷക കൂടിയായ മംമതയുമൊത്തുള്ള വിവാഹം. എന്നാല്‍ മംമ്തയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞിട്ടും ബന്ധം ഉപേഷിക്കാനും മാതാപിതാക്കള്‍ക്കൊപ്പം ചെല്ലാനും അവര്‍ മംമ്തയെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇതിനിടെയാണ് മംമ്ത ഗര്‍ഭിണിയായത്. ഇതോടെ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകുമെന്ന് മംമ്തയും അമിതും പ്രതീക്ഷിച്ചു.

കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴും മംമ്തയുടെ പ്രതീക്ഷ അതുതന്നെയായിരുന്നു. തങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ പിതാവ് ജീവര്‍ണം ചൗധരിയും മാതാവ് ഭഗ്‌വാനി ദേവിയും മംമ്തയോട് ആവശ്യപ്പെട്ടു. അമിതിനോട് മംമ്ത അഭിപ്രായം തേടി. മാതാപിതാക്കള്‍ക്കൊപ്പം പോകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു അമിതിന്റെ മറുപടി. എന്നാല്‍ സംഭാഷണം അവിടെ നിന്നു. മാതാപിതാക്കള്‍ക്കൊപ്പമെത്തിയ മൂന്നാമന്‍ തോക്കെടുത്ത് അമിതിനു നേരെ നാലു വട്ടം വെടിവച്ചു. വെടിശബ്ദം കേട്ട് അടുത്ത വീട്ടിലുള്ളവര്‍ വന്നപ്പോഴേക്കും അവര്‍ക്കു നേരെയും ഇയാള്‍ തോക്കു ചൂണ്ടി. എന്നാല്‍ കൂടുതല്‍ പേര്‍ വന്നപ്പോഴേക്കും എല്ലാവരും ചേര്‍ന്ന് സംഭവ സ്ഥലത്തു നിന്നു പോവുകയായിരുന്നു. നാലാമതൊരാള്‍ കാറില്‍ ഇവരെ കാത്തു കിടന്നിരുന്നു എന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് അമിതിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിത്തന്നെയായിരുന്നു അവര്‍ വന്നത് എന്നു മനസിലാവുക. അമിത്തിന്റെ മൃതദേഹത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ഡോക്ടര്‍മാര്‍ കണ്ടെടുത്തു.

അമ്മയാകാന്‍ പോകുന്ന മകളുടെ ഭര്‍ത്താവിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊലപ്പെടുത്തിയപ്പോഴും മാതാപിതാക്കാള്‍ക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീടു വന്ന പല റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടക്കുന്ന ദുരഭിമാന കൊലയുടെ അവസാനത്തെ ഇരയായിരുന്നു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിലൂടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന അമിത് നായര്‍. തന്റെ പിതാവ് ഏറെ പുരോഗമനവാദിയായിരുന്നുവെന്നും എന്നാല്‍ വിവാഹത്തോടെയാണ് കാര്യങ്ങള്‍ മാറിയതെന്നും മംമ്ത പിന്നീട് പറഞ്ഞു. തങ്ങളുടെ സമുദായത്തിന് പുറത്ത് മകള്‍ ഒരാളെ വിവാഹം കഴിക്കുക എന്നത് അവര്‍ക്ക് ആലോചിക്കുക പോലും സാധ്യമല്ലായിരുന്നുവെന്നും അവര്‍ പറയുന്നു.

ദുരഭിമാന കൊല
21-ാം നൂറ്റാണ്ടിലും ഇന്ത്യന്‍ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അതിഭീഷണമായ ഒരു യാഥാര്‍ത്ഥ്യവും എന്നാല്‍ ഏറ്റവും കുറച്ച് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒന്നാണ് ദുരഭിമാന കൊലകള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടക്കുന്ന ഒന്ന്. തമിഴ്‌നാട്ടില്‍ നിന്ന് ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ചില കൊലപാതകങ്ങള്‍ ഒഴിച്ചാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പൊതുവെ ഇതില്‍ നിന്ന് വിമുക്തമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഈയൊരു ദുരാചാരം നിലവിലില്ല താനും.

2016 ഡിസംബറില്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ പ്രകാരം 2015-ല്‍ ഇന്ത്യയില്‍ ‘അഭിമാന’ത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നത് 800 മടങ്ങാണ് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

2014-ല്‍ 28 കേസുകളാണ് ദുരഭിമാന കൊലയുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കില്‍ 2015-ല്‍ ഇത് 251 ആയെന്ന് കണക്കുകള്‍ കാണിക്കുന്നു. മറ്റു വിഷയങ്ങളെ ചൊല്ലിയുള്ള കൊലപാതകങ്ങളില്‍ നിന്ന് വേറിട്ട് ദുരഭിമാന കൊലകളെ പ്രത്യേകം കണക്കെടുത്ത് തുടങ്ങിയതും അപ്പോഴാണ്.

ഉത്തര്‍ പ്രദേശില്‍ നിന്നായിരുന്നു ഏറ്റവുമധികം ദുരഭിമാന കൊലകള്‍ ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്- 131. എന്നാല്‍ ഇതിനു തലേവര്‍ഷം ഒരു കേസ് മാത്രമായിരുന്നു ഇവിടെ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 21 കേസുകള്‍ ഗുജറാത്തില്‍ നിന്നും 14 കേസുകള്‍ മധ്യപ്രദേശില്‍ നിന്നും ദുരഭിമാന കൊലകളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒരുപക്ഷേ, തങ്ങളുടെ മതത്തിനും ജാതിക്കും വംശത്തിനും ഗോത്രത്തിനും പുറത്തുള്ളവരെ വിവാഹം കഴിക്കുന്നതു വഴി സമുദായത്തിന് കളങ്കമുണ്ടാക്കിയ ആണും പെണ്ണും ശിക്ഷിക്കപ്പെടണമെന്ന ഈ ദുരാചാരത്തെക്കുറിച്ച് ആളുകള്‍ കൂടുതലായി പുറത്തു പറയാന്‍ തുടങ്ങിയതായിരിക്കാം കേസുകളുടെ എണ്ണത്തില്‍ പൊടുന്നനെ കാണിക്കുന്ന വര്‍ധനവ്.

ദുരഭിമാന കൊലകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗാളിലാകട്ടെ, ഒരുപക്ഷേ, സാമൂഹിക പരിഷ്‌കര്‍ത്താക്കളായ വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, വിദ്യാസാഗര്‍, രാജാറാം മോഹന്‍ റോയ് തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടാകാം ദുരഭിമാന കൊലകള്‍ ദശകങ്ങള്‍ക്കു മുമ്പേ ഇല്ലാതായി.

ദുരഭിമാന കൊലകളുടേയും പെണ്‍ഭ്രൂണഹത്യകളുടേയും പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ കൊലപ്പെടുത്തുന്നതിന്റേയും വിളനിലമാണ് ഹരിയാന. രാജ്പുത്ത്, ജാട്ടുകള്‍ തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന സമൂഹങ്ങളിലാണ് ഇത് കൂടുതലായും നടക്കുന്നത്. ഖാപ് പഞ്ചായത്ത് എന്ന ഗ്രാമമുഖ്യന്മാര്‍ തീര്‍പ്പിക്കുന്ന വിധി നടപ്പാക്കപ്പെടുകയാണ് പലപ്പോഴും പതിവ്. തെറ്റോ ശരിയോ ആകട്ടെ, ആ ഗ്രാമം മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു.

2010-ല്‍ ഹരിയാനയിലെ കര്‍ണാല്‍ ജില്ലാ കോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഒരു വിധി ഇതുമായി ബന്ധപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു. ഒരേ സമുദായത്തിപ്പെട്ട മനോജ് ബന്‍വാല (23), ബബ്ലി (19) എന്നിവര്‍ ഒളിച്ചോടി വിവാഹം കഴിച്ചതിനെതിരെ ഖാപ്പ് പഞ്ചായത്ത് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് കര്‍ണാല്‍ കോടതി കൊലപാതകം നടപ്പാക്കിയ അഞ്ചു പേര്‍ക്ക് വധശിക്ഷയും ഖാപ് തലവ് ജീവപര്യന്തം തടവും വിധിച്ചു. ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടു പോലും ഈ യുവ ദമ്പതികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം തല വെട്ടി മാറ്റിയ നിലയില്‍ ഒരു കനാലില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടു.

2002-ലെ നിതീഷ് കഠാര വധക്കേസായിരുന്നു ഇക്കാര്യത്തില്‍ രാജ്യശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഒന്ന്. ഉത്തര്‍ പ്രദേശിലെ മാഫിയാ നേതാവും രാഷ്ട്രീയക്കാരനുമായ ഡി.പി യാദവിന്റെ മകള്‍ ഭാരതിയെ പ്രണയിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെടുകയായിരുന്നു നിതീഷ്. ഒരു പൊതു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഡി.പി യാദവിന്റെ മകന്‍ വികാസ് യാദവും കസില്‍ വിശാല്‍ യാദവും ചേര്‍ന്ന് നിതീഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീടാരും നിതീഷിനെ കണ്ടിട്ടില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷം നിതീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഭീഷണികള്‍ വകവയ്ക്കാതെ നിതീഷിന്റെ മാതാവ് നീലം കഠാര വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം തന്നെ നടത്തി. ഒടുവില്‍ കോടതി വികാസിനും വിശാലിനും 25 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

2013-ല്‍ ഹരിയാനയിലെ തന്നെ ഗര്‍ണൗതി ഗ്രാമത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകീ കാമുകന്മാര്‍ കൊല ചെയ്യപ്പെട്ടു. നിധി എന്ന പെണ്‍കുട്ടിയെ ജനക്കുട്ടം അടിച്ചു കൊന്നപ്പോള്‍ കാമുകനായ ധര്‍മേന്ദറിനെ ജീവനോടെ വെട്ടി നുറുക്കി. ആ ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും ജനങ്ങളുടെ അനുമതിയോടു കൂടിയായിരുന്നു ഈ കൊലകള്‍.

2014 നവംബറിലാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന ഭാവന യാദവിനെ പിതാവ് ജഗ്‌മോഹന്‍ യാദവും മാതാവ് സാവിത്രി യാദവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി അഭിഷേക് സേത്ത് എന്ന യുവാവിനെ പ്രണയിച്ചതായിരുന്നു കുറ്റം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയ ഇവര്‍ അവിടെ വച്ച് കത്തിക്കുകയും ചെയ്തു.

2013-ലാണ് പിതാവും സുഹൃത്തും ചേര്‍ന്ന് മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവമുണ്ടാകുന്നത്. യു.പിയിലെ ഗാസിപ്പൂര്‍ ജില്ലയിലുള്ള 17-കാരി ഉത്താന്‍ എന്ന യുവാവിനൊപ്പം ഒളിച്ചോടിയതായിരുന്നു പിതാവിനെ പ്രകോപിപ്പിച്ചത്. ഇവരെ തിരഞ്ഞ് പിടിച്ച പിതാവ് മകളെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയാറാവാതിരുന്നതോടെ പിതാവും സുഹൃത്തും ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയുടെ ദുപ്പട്ട ഉപയോഗിച്ചു തന്നെ കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

2012 ജൂണിലാണ് രാജസ്ഥാനില്‍ 20-കാരിയായ മകള്‍ ഒരാളെ പ്രണയിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിതാവ് മകളെ വാളുകൊണ്ട് അറുത്ത് കൊലപ്പെടുത്തിയത്.

ഈ സാമുദായിക ദുരാചാരത്തിന്റെ അവസാനത്തെ ഇരയാണ് രാജസ്ഥാനില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട അമിത് നായര്‍.

ഒരുഭാഗത്ത് ദുരഭിമാനത്തിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നവര്‍, ഇതിനു പലപ്പോഴും കൂട്ടു നില്‍ക്കുന്ന നിയമ സംവിധാനം, മറ്റൊരു ഭാഗത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെയും കേവലം സംശയത്തിന്റെയും അഭ്യൂഹങ്ങളുടെയും പേരില്‍ ജനക്കൂട്ടം ജീവനെടുക്കുന്നവര്‍; ഭിന്നാഭിപ്രായങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ ഇടമില്ലാത്ത സമൂഹം. ഇത്രയേറെ ഭീഷണമായ ഒരു യാഥാര്‍ത്ഥ്യമാണ് ഇന്നത്തെ ഇന്ത്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍