UPDATES

ട്രെന്‍ഡിങ്ങ്

നമുക്കൊരു ഭരണാധികാരിയെ ആവശ്യമാണ്‌

ഒരു ദശകം മുമ്പുണ്ടായ ഏറ്റവും വലിയ ഒരു നയതന്ത്ര വിജയത്തെ ഇല്ലാതാക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഇടുങ്ങിയ മന:സ്ഥിതിയുടേയും വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന പക്ഷപാതപരമായ വിഷ രാഷ്ട്രീയത്തിന്റേയും വ്യാപനം മാത്രമാണ്

ദക്ഷിണേഷ്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അടുത്ത കാലത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ നയതന്ത്ര നേട്ടം പതിയെ മങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിലാര്‍ക്കും യാതൊരു ഉത്കണ്ഠയും കാണുന്നുമില്ല.

ഒരു നിമിഷം 2003-നു മുമ്പുള്ള ജമ്മു-കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്കു നോക്കുക. വര്‍ഷം തോറും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദിവസേനെയുള്ള വെടിവയ്പും ഷെല്‍ വര്‍ഷവും കാരണം അതിര്‍ത്തി മേഖലകളിലുള്ളവര്‍ക്ക് തങ്ങളുടെ വീടുകളുപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. ആണവായുധങ്ങള്‍ കൈയില്‍ വച്ച് വികൃതികളായ രണ്ടു കുട്ടികളെ പോലെ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കു നേര്‍ നിന്നു.

1999-ല്‍ ഇരു കൂട്ടരും കാര്‍ഗിലില്‍ ഏറ്റുമുട്ടിയപ്പോള്‍ നൂറുകണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാശ്മീര്‍ നിന്നു കത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ മേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും ഒട്ടും കുറവായിരുന്നില്ല.

2001 ഡിസംബര്‍ 13 വളരെ നിര്‍ണായകമായ ഒരു ദിവസമായിരുന്നു. ഒരുകൂട്ടം ഭീകരവാദികള്‍ പാര്‍ലമെന്റ് ആക്രമിച്ചു. അതിര്‍ത്തിയില്‍ സൈന്യത്തെ അണിനിരത്താന്‍ ഇന്ത്യ ഉത്തരവിട്ടു. റാന്‍ ഓഫ് കച്ച് മുതല്‍ സിയാച്ചിന്‍ വരെയുള്ള മേഖലയില്‍ ഇരു ഭാഗത്തേയും ആയിരക്കണക്കിന് സൈനികര്‍ നിലയുറപ്പിച്ചു. ട്രെഞ്ചുകള്‍ കുഴിച്ചു. ആയിരക്കണക്കിന് ലാന്‍ഡ് മൈനുകള്‍ പാകി. ഇരു ഭാഗത്തേയും സൈനികര്‍ ഉത്തരവും കാത്തുനിന്നു. മൈന്‍ പൊട്ടിത്തെറിച്ച് നിരവധി സൈനികര്‍ അതിനിടയില്‍ മരിച്ചു. ചിലര്‍ കോളറ അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടും.

യുദ്ധമൊരിക്കലുമുണ്ടായില്ല, എല്ലാ യുദ്ധാന്തരീക്ഷവും അതിനോട് അനുബന്ധമായ വെറുപ്പും നിറഞ്ഞ അന്തരീക്ഷവും കൂടിക്കൊണ്ടിരുന്നു.

ഇന്ത്യ ചെന്നു വീഴുന്ന ചില പാക് കെണികള്‍

അതിനിടയിലായിരുന്നു 2003-ലെ ഈദ്-ഉല്‍-ഫിത്തര്‍.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന മിര്‍ സഫറുള്ള ഖാന്‍ ജമാലി ഈദിന്റന്ന് നിയന്ത്രണ രേഖയില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സിയാച്ചിന്‍ മേഖലയില്‍ കൂടി ഇത് നടപ്പാക്കാന്‍ ഇന്ത്യ നിര്‍ദേശം വച്ചു. അത് ഒടുവില്‍ അന്താരാഷ്ട്ര അതിര്‍ത്തി വരെ നടപ്പാക്കി.

അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാളുകളായിരുന്നു അത്. എല്ലായ്‌പ്പോഴും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു, എപ്പോഴും അത് വിജയം കണ്ടില്ലെങ്കില്‍ പോലും. വളരെ കുഴപ്പം പിടിച്ച ഒരു അയല്‍ക്കാരനെ നേരിടാന്‍ ചില നിര്‍ബന്ധ ബുദ്ധികളൊക്കെ അത്യാവശ്യമായിരുന്നു.

പാക്കിസ്താന്‍ നിലപാട് മാറ്റി; എന്നാല്‍ ഇന്ത്യയുടെ പാക് നയം ശുഭസൂചനയാണ്

അന്ന്, 2003-ല്‍ ഉണ്ടാക്കിയ ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു കൊണ്ടിരിക്കുകയാണ്. അയല്‍ക്കാരായ രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കിയ ഏറ്റവും മികച്ച ആ ഉടമ്പടി നിലനിര്‍ത്താന്‍ ഉന്നതതലത്തില്‍ തന്നെയുള്ള രാഷ്ട്രീയ ഇടപെടല്‍ അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന സമയം കൂടിയാണിത്.

ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങളുടെ ഏറ്റവും ഒടുവിലുത്തേതാണ് കഴിഞ്ഞ ഞായറാഴ്ച ഭീംബര്‍ ഗലി മേഖലയില്‍ ഒരു യുവ ക്യാപ്റ്റന്‍ ഉള്‍പ്പെടെ നമ്മുടെ നാലു സൈനികരുടെ ജീവനാണ് വെടിവയ്പില്‍ നഷ്ടമായത്.

15 വര്‍ഷം മുമ്പ് അതിര്‍ത്തിയിലെ സമാധാനത്തിനായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കെ, ഏറ്റവും മോശപ്പെട്ട വര്‍ഷമായിരുന്നു 2017. ആ വര്‍ഷം മാത്രം 806 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായി. 2015-ലാകട്ടെ, 387-ഉം 2016-ല്‍ 217-ഉം ഉണ്ടായ സ്ഥാനത്താണിത്.

സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയായിരുന്നു. 2018-ലെ ആദ്യ 35 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെടിനിര്‍ത്തല്‍ ലംഘനം അതിന്റെ ഉച്ചസ്ഥായിയിലെത്തി- 240.

സംഘപരിവാറിന്റെ യുദ്ധാട്ടഹാസങ്ങളുടെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍

ആയിരക്കണക്കിന് കുടുംബങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു.

നമ്മുടെ രാജ്യതലസ്ഥാനത്താകട്ടെ, ഇപ്പോഴും ആക്രോശങ്ങളും വെല്ലുവിളികളും വീരവാദം പറച്ചിലും മാത്രമാണ് മുഴങ്ങുന്നത്. പാക്കിസ്ഥാന്റെ ഓരോ ബുള്ളറ്റിനും എണ്ണമില്ലാത്തത്ര ബുള്ളറ്റുകള്‍ കൊണ്ട് മറുപടി പറയുമെന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. പാക്കിസ്ഥാനെ ഒതുക്കാന്‍ ചില അമ്പരപ്പിക്കുന്ന തന്ത്രങ്ങള്‍ മെനയുന്നതിനെ കുറിച്ച് വാചകമടിക്കുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കാശ്മീരില്‍ മുമ്പെങ്ങും കാണാത്ത സമാധാനമാണ് ഇപ്പോഴുള്ളതെന്നും ആദ്യമായാണ് കാശ്മീര്‍ ഇത്തരത്തില്‍ സമാധാനത്തിലാകുന്നതെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം. പട്ടാള മേധാവികളാകട്ടെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തള്ളലുകള്‍ക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്നു.

ഒരു ദശകം മുമ്പുണ്ടായ ഏറ്റവും വലിയ ഒരു നയതന്ത്ര വിജയത്തെ ഇല്ലാതാക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഇടുങ്ങിയ മന:സ്ഥിതിയുടേയും വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന പക്ഷപാതപരമായ വിഷ രാഷ്ട്രീയത്തിന്റേയും വ്യാപനം മാത്രമാണ്. അക്കാര്യങ്ങള്‍ മനസിലാകുന്ന ഒരു ഭരണാധികാരി റെയ്‌സീന ഹില്‍സില്‍ നമുക്കില്ലാതെ പോയി.

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍