UPDATES

ട്രെന്‍ഡിങ്ങ്

ചുരുക്കത്തില്‍ ദിനകരന്‍ നടന്നടുക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കാണ്

ഇപ്പോഴത്തെ തിളങ്ങുന്ന വിജയത്തോടെ കൂടുതല്‍ എംഎല്‍എമാരെക്കൊണ്ട് തന്നില്‍ വിശ്വാസം ജനിപ്പിക്കാന്‍ സാധിച്ചാല്‍ തമിഴ്‌നാട് ആര് ഭരിക്കണമെന്നത് ദിനകരന്‍ തീരുമാനിക്കും

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വന്നിരിക്കുകയാണ്. തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെയെ ഞെട്ടിച്ചുകൊണ്ട് വിമത നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടിടിവി ദിനകരന്‍ വിജയിച്ചിരിക്കുന്നു. 89,013 വോട്ടുകള്‍ നേടിയ ദിനകരന്റെ വിജയം 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 97,218 വോട്ടുകള്‍ നേടിയ ജയലളിതയുടെ വിജയം 39,545 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെന്നതിനാല്‍ ദിനകരന്‍ നേടിയത് കേവലം ഒരു മണ്ഡലത്തിലെ വിജയം മാത്രമല്ലെന്നും തമിഴ്‌നാട് രാഷ്ട്രീയത്തിന് മേലുള്ള ആധികാരികമായ വിജയമാണെന്നും മനസിലാക്കാം.

അതോടൊപ്പം ദിനകരന്‍ രണ്ട് പ്രബല സ്ഥാനാര്‍ത്ഥികളെയാണ് നേരിട്ടതെന്നു കൂടി ഇവിടെ കൂട്ടിവായിക്കണം. ഭരണപക്ഷമായ എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനന് കേവലം 48,306 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡിഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേഷനാകട്ടെ 24,651 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദിനകരന്റെ വിജയം ഉറപ്പാണെന്ന വിധത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാകുന്തോറും ആ ഉറപ്പ് കൂടുതല്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തു. എഐഎഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്ന ദിനകരന്‍ ശശികലയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കിയതോടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നത്. 18 എംഎല്‍എമാരും ദിനകരനൊപ്പം നിന്നിരുന്നു. അതേസമയം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് വെല്ലുവിളിക്കാനുള്ള ഡിഎംകെയുടെ ശ്രമത്തെ എഐഎഡിഎംകെ കോടതി വിധിയുടെ സഹായത്തോടെ തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പണം മുടക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഒരിക്കല്‍ മാറ്റിവയ്ക്കപ്പെട്ട ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇന്നലെ ഉച്ചയായപ്പോള്‍ മുതല്‍ ദിനകരന്റെ വിജയത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. എഐഎഡിഎംകെയാണ് ദിനകരന്റെ വിജയത്തെ ഇടിച്ചു കാണിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദിനകരന്‍ പണം മുടക്കിയാണ് വോട്ട് നേടിയതെന്നതാണ് അതില്‍ പ്രധാനം. അതേസമയം താനല്ല, മറിച്ച് എഐഎഡിഎംകെയാണ് വോട്ടര്‍മാരെ പണം മുടക്കി സ്വാധീനിച്ചതെന്ന് ദിനകരന്‍ അതിന് മറുപടിയും പറഞ്ഞു കഴിഞ്ഞു. 89 എംഎല്‍എമാരുള്ള ഡിഎംകെയെ സംബന്ധിച്ച് ആര്‍കെ നഗറില്‍ വിജയിച്ചാല്‍ ഒരു എംഎല്‍എയെ കൂടുതലായി കിട്ടുമെന്നത് മാത്രമാണ് നേട്ടമെന്നും എന്നാല്‍ ദിനകരന്‍ ജയിച്ചാല്‍ എഐഎഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പറ്റുമെന്നുമുള്ള പോയിന്റാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ഡിഎംകെ ദിനകരന് വോട്ട് മറിച്ചു നല്‍കിയെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ ആരോപണത്തെ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. കാരണം, 2016ല്‍ ജയലളിതയ്‌ക്കെതിരെ മത്സരിച്ചപ്പോള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി ഷിംല മുത്തുച്ചോഴന്‍ നേടിയത് 57,673 വോട്ടുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ 24,651 വോട്ടുകളായി അത് വന്‍തോതില്‍ കുറഞ്ഞു. 2016ല്‍ നേടിയതിന്റെ പകുതി പോലും ഇക്കുറി ഡിഎംകെ സ്ഥാനാര്‍ത്ഥിയ്ക്ക് നേടാനായില്ല. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി നേടിയ വോട്ടും നേരെ പകുതിയായി കുറഞ്ഞിട്ടുണ്ട്. ഈ വോട്ടുകളെല്ലാം പോയത് ദിനകരനിലേക്കാണെന്നത് സംശയമില്ലാത്ത കാര്യമാണ്. അമ്മയുടെ വിയോഗവും അതിനെത്തുടര്‍ന്ന് എഐഎഡിഎംകെയിലുണ്ടായ ഭിന്നിപ്പും വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടേണ്ട യാതൊന്നുമില്ല. പക്ഷെ, അതിനൊപ്പം ഡിഎംകെയുടെ വോട്ട് കൂടി ചോരുന്നതെങ്ങനെയാണെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

ദിനകരന്റെ വിജയം കേവലം ഒരു മണ്ഡലം വിജയം മാത്രമല്ലെന്ന് മുകളില്‍ സൂചിപ്പിച്ചതിന്റെ പ്രസക്തി അവിടെയാണ്. ആര്‍കെ നഗറില്‍ അമ്മ നേടിയതിലും ഭൂരിപക്ഷം നേടിയ ടിടിവി ദിനകരന് അര്‍ദ്ധ മനസോടെയിരിക്കുന്ന ചില എംഎല്‍എമാരെയെങ്കിലും തനിക്കൊപ്പം ചേര്‍ക്കാനാകുമെന്നതില്‍ സംശയം വേണ്ട. അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് ദിനകരന്‍ തന്നെ അവകാശവാദം ഉന്നയിക്കുകയും ചെയ്തു കഴിഞ്ഞു. ജയലളിത മരിക്കുന്നത് വരെ 235 സീറ്റുകളില്‍ 134ഉം എഐഎഡിഎംകെയുടെ കൈവശമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 118 സീറ്റുകള്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. അമ്മയുടെ മരണശേഷം ആദ്യമുണ്ടായ ഭിന്നതയില്‍ ഒ പനീര്‍സെല്‍വവും ഏതാനും എംഎല്‍എമാരും വിമതരായെങ്കിലും ശശികലയെ പുറത്താക്കി മുഖ്യമന്ത്രി ഇ പളനിസാമി അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു. അപ്പോള്‍ 18 എംഎല്‍എമാരാണ് ദിനകരനൊപ്പം പോയത്. വിശ്വാസ വോട്ടെടുപ്പ് ലക്ഷ്യമിട്ട് ഇവരെ ഒളിവില്‍ താമസിപ്പിക്കുന്നത് പോലുള്ള നാടകങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും അരങ്ങേറുകയും ചെയ്തു. എന്നാല്‍ ഈ 18 എംഎല്‍എമാരെയും സ്പീക്കര്‍ ധനപാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയതോടെ വിശ്വാസവോട്ട് ജയിക്കാന്‍ 115 പേരുടെ പിന്തുണ മതി എന്ന സാഹചര്യമാണ് എഐഎഡിഎംകെയ്ക്കുള്ളത്.

ഇപ്പോഴത്തെ തിളങ്ങുന്ന വിജയത്തോടെ കൂടുതല്‍ എംഎല്‍എമാരെക്കൊണ്ട് തന്നില്‍ വിശ്വാസം ജനിപ്പിക്കാന്‍ സാധിച്ചാല്‍ തമിഴ്‌നാട് ആര് ഭരിക്കണമെന്നത് ദിനകരന്‍ തീരുമാനിക്കുമെന്ന അവസ്ഥയാകും. കൂടുതല്‍ എംഎല്‍എമാര്‍ ദിനകരപക്ഷത്തെത്തിയാല്‍ 18 എംഎഎല്‍എമാരുടെയും അയോഗ്യതയും റദ്ദാകും. ഡിഎംകെ കാത്തിരിക്കുന്നതും ഇതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ദിനകരപക്ഷത്തിന്റെ സഹായത്തോടെ എഐഎഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലേറാമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിച്ച ദിനകരന്‍ ഡിഎംകെയ്‌ക്കൊപ്പം പോകുമോയെന്നത് ഇനിയും വ്യക്തമല്ല.

മറ്റൊരു സാഹചര്യം ഉയര്‍ന്നിട്ടുള്ളത് ജനുവരിയില്‍ തന്നെ യോഗ്യരായവരുടെ കാര്യത്തില്‍ ചെന്നൈ ഹൈക്കോടതി വിധി പറഞ്ഞേക്കും. 18 പേരുടെയും അയോഗ്യത നീക്കിയാല്‍ ഇ.പി.എസ്-ഒ.പി.എസ് സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഇവരുടെ അയോഗ്യത ശരിവച്ചാല്‍ 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഔദ്യോഗിക വിഭാഗം വിജയിക്കാന്‍ ഇടയില്ല. അപ്പോള്‍ മന്ത്രിസഭ നിലനിര്‍ത്താന്‍ കൂടുതല്‍ നേതാക്കളും എം.എല്‍.എമാരും ദിനകരനൊപ്പം ചേരും എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.  ചുരുക്കത്തില്‍ ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരന്‍ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്കാണ് ചുവടു വച്ചിട്ടുള്ളത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍