UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദു യുവ വാഹിനിയെ പിന്തുണച്ച് ആദ്യത്യനാഥ്; ‘ഒരു സംഘടനയ്‌ക്കെതിരെ ആക്ഷേപം ചൊരിയാന്‍ ആരെങ്കിലും തീരുമാനിച്ചുറച്ചാല്‍ ഒന്നും ചെയ്യാനാവില്ല’

2002ല്‍ ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്രം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ആദിത്യനാഥ് ഹിന്ദു യുവ വാഹിനി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്

ഹിന്ദു യുവ വാഹിനി നിയമം കൈയ്യിലെടുക്കുന്നു എന്ന ആരോപണം വ്യാപകമായിരിക്കെ താന്‍ സ്ഥാപിച്ച സംഘടനയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഒരു സംഘടനയ്‌ക്കെതിരെ ആക്ഷേപം ചൊരിയാന്‍ ആരെങ്കിലും തീരുമാനിച്ചുറച്ചാല്‍ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

ഏറ്റവും ഒടുവില്‍ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ സഹാരന്‍പൂരില്‍ നടന്ന ആക്രമണത്തില്‍ ഒരു എംപിയ്ക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേല്‍ക്കുകയും ബുലന്ദ്‌ഷെഹറില്‍ ഒരു മുസ്ലീമിനെ തല്ലിക്കൊല്ലുകയും ചെയ്തു എന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അംബേദ്ക്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഏപ്രില്‍ 20ന് നടന്ന റാലിക്കിടയില്‍ ഇരുവിഭാഗങ്ങള്‍ നടത്തിയ കല്ലേറിലാണ് എംപി രാഘവ് ലഘന്‍പാല്‍ ശര്‍മ്മയ്ക്കും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റത്. ബുലന്ദ്‌ഷെഹറിലെ സോഹി ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങളില്‍ പെട്ട ദമ്പതിമാര്‍ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് ഒരു മുസ്ലീമിനെ മേയ് രണ്ടിന് തല്ലിക്കൊന്നത്. രണ്ട് സംഭവങ്ങളിലും ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതേ തുടര്‍ന്ന് കാവി നിറത്തെ ദുരപയോഗം ചെയ്യരുതെന്ന് യോഗി ആദിത്യനാഥ്, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഈ രണ്ട് സംഭവങ്ങളും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നും അതില്‍ ഒരു സംഘടനയ്ക്കും പങ്കില്ല എന്നുമാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. സംസ്ഥാനത്ത് ആര്‍ക്കെതിരെയും ഒരു വിവേചനവും ഉണ്ടാവില്ലെന്നും നിയമം അതിന്റെ വഴിയിലൂടെ സഞ്ചരിക്കുമെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. നിയമവാഴ്ചയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ യുപിയില്‍ നടന്നത് നിങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെങ്കിലും രാജ്യം അത് നിയമവാഴ്ചയായാണ് വീക്ഷിക്കുന്നതെന്ന് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

2002ല്‍ ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്രം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ആദിത്യനാഥ് ഹിന്ദു യുവ വാഹിനി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഒന്നര മാസം മുമ്പ് ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംഘടനയുടെ പ്രവര്‍ത്തകര്‍ വ്യാപകമായി നിയമം കൈയിലെടുക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണ് എന്ന ആരോപണം സംസ്ഥാനത്ത് ഉടനീളം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍