UPDATES

ട്രെന്‍ഡിങ്ങ്

മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 42 കര്‍ഷകര്‍

കടം എഴുതിത്തള്ളിയ വിവരം പല കര്‍ഷകരിലും എത്തിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് സാധിക്കാത്തതാണ് കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുന്നതിന് കാരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക കടം എഴുതിത്തള്ളുന്നത് പ്രഖ്യാപിച്ചെങ്കിലും കര്‍ഷക ആത്മഹത്യയ്ക്ക് അതൊന്നും പരിഹാരമല്ലെന്ന് കണക്കുകള്‍. കടം എഴുതിത്തള്ളുന്നത് പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എട്ട് ജില്ലകളിലെ 42 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഗ്രാമപ്രദേശങ്ങളിലാണ് ആത്മഹത്യകളെല്ലാം നടന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഔറംഗബാദ് ഡിവിഷണല്‍ കമ്മിഷണറേറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ 26 വരെ 445 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജൂണ്‍ 19നും 26നും ഇടയില്‍ മാത്രം 19 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ജൂണ്‍ 12 മുതല്‍ 18 വരെ 23 പേര്‍ ആത്മഹത്യ ചെയ്തു. ജൂണ്‍ പതിനൊന്നിനാണ് സര്‍ക്കാര്‍ ആദ്യമായി കര്‍ഷക കടം എഴുതിത്തള്ളുന്നത് പ്രഖ്യാപിച്ചത്. 34,000 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ശനിയാഴ്ച മന്ത്രിസഭ വ്യക്തമാക്കുകയും ചെയ്തു.

നിലവിലെ കണക്കുകള്‍ പ്രകാരം ബീഡ് ജില്ലയിലാണ് ഏറ്റവും അധികം കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 74 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. നന്ദേദ്(73), ഒസ്മനാബാദ്(68), ഔറംഗബാദ്(62) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. ശനിയാഴ്ച പ്രഖ്യാപിച്ച കടം എഴുതിത്തള്ളലില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് 1.5 ലക്ഷം രൂപ വരെയുള്ള കര്‍ഷകകടങ്ങള്‍ ഒഴിവാക്കുമെന്നാണ് പറഞ്ഞത്. ഇതികൊണ്ട് 89 ലക്ഷം കര്‍കര്‍ക്ക് ഗുണമുണ്ടാകുമെന്നും 40 ലക്ഷം പേര്‍ കടത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

കടമെഴുതിത്തള്ളല്‍ ഫലപ്രദമായാല്‍ കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വസന്ത്‌റാവു നായിക് ഷെത്കാരി സ്വാവ്‌ലംബന്‍ മിഷന് നേതൃത്വം നല്‍കുന്ന കിഷോര്‍ തിവാരി പറഞ്ഞത്. അതേസമയം കടമെഴുതിത്തള്ളിയ വിവരം കൃത്യമായി കര്‍ഷകരിലെത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ തലങ്ങളിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലേ ഈ വിവരം ജനങ്ങളിലെത്തൂ. ഭക്ഷ്യ സുരക്ഷ, വിളകള്‍ക്ക് ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കടം എഴുതിത്തള്ളിയ വിവരം പല കര്‍ഷകരിലും എത്തിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് സാധിക്കാത്തതാണ് കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുന്നതിന് കാരണം. അതേസമയം കടം കുന്നൂകൂടുന്നതിനൊപ്പം രോഗങ്ങളും കുടുംബപ്രശ്‌നങ്ങളും കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് ഔറംഗബാദ് ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍