UPDATES

ട്രെന്‍ഡിങ്ങ്

ദേശീയ ചിഹ്നങ്ങളെ കരുവാക്കി സംഘപരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു

കമലിനെതിരെ വിഷലിപ്തമായ വർഗീയ പ്രചാരണം നടത്തുന്ന ആർഎസ്എസ് അവരുടെ തനിനിറം കാണിക്കുകയാണ്

ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.  ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളോടോ ഒരിക്കലും ആർഎസ്എസ് ആദരവ് കാണിച്ചിട്ടില്ല. ടാഗോറിന്‍റെ ജനഗണമന, ത്രിവർണ പതാക എന്നിവ മാറ്റി വന്ദേമാതരവും കാവിക്കൊടിയും ആ സ്ഥാനങ്ങളിൽ കൊണ്ടു വരണമെന്ന് വാശിയുള്ളവരാണവർ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലിലെ വന്ദേമാതരത്തിന്‍റെ പൂർണരൂപത്തിൽ മുസ്ലിങ്ങൾക്കെതിരായി വ്യാഖ്യാനിക്കപ്പെടാവുന്ന ചില വരികൾ ഉണ്ട് എന്നതാണ് ഇവർക്ക് അതിനോടുള്ള സ്നേഹത്തിന് കാരണം, അല്ലാതെ ദേശസ്നേഹമൊന്നുമല്ല. ദേശീയചിഹ്നങ്ങൾ ജനങ്ങളിൽ ഐക്യം ഉണ്ടാക്കാനുള്ളതാണ്, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ല.

നമ്മുടെ ദേശീയഗാനം എഴുതിയ മഹാകവി രവീന്ദ്രനാഥ ടാഗോർ തന്നെ ദേശഭ്രാന്തിനെതിരെ അതിശക്തമായി എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയോട് പോലും വിയോജിച്ചുകൊണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായ ചില സംഭവങ്ങൾ ദേശസ്നേഹമല്ല, ദേശഭ്രാന്താണ് എന്നാണദ്ദേഹം ശാന്തിനികേതനിൽ വന്ന ഗാന്ധിജിയോട് പറഞ്ഞത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിൻറെ ‘On Nationalism’ എന്ന പുസ്തകം ആരെങ്കിലും മലയാളത്തിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.

ഇന്ത്യയുടെ ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കുന്നു. പക്ഷേ, ദേശീയഗാനം എവിടെയെങ്കിലും നിർബന്ധമായി പാടണമെന്ന് നാട്ടിൽ നിയമമില്ല. അത്തരത്തിൽ അടിച്ചേൽപ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്. ദേശീയഗാനം എവിടെയെങ്കിലും നിർബന്ധമാണെന്നോ ജനഗണമന പാടുമ്പോൾ എഴുന്നേറ്റു നില്ക്കണമെന്നോ നമ്മുടെ ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ല. പാർലമെൻറിൻറെ സഭകളും നിയമസഭയും മറ്റും കൂടുമ്പോഴും സർക്കാരിൻറെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂൾ അസംബ്ളിയിലും ദേശീയഗാനം പാടണമെന്ന് ബന്ധപ്പെട്ടവർ നിർദേശം കൊടുക്കാറുണ്ട്, നമ്മൾ അത് അനുസരിക്കുകയും ചെയ്യുന്നു. പക്ഷേ, സിനിമാ ഹാളുകളിലെല്ലാം ഓരോ പ്രദർശനത്തിനും മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും സിനിമ കാണാൻ വരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് അത് കേൾക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് ഇന്ന് വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസത്തയ്ക്കെതിരാണ് ഈ ഉത്തരവെന്നാണ് എന്‍റെ അഭിപ്രായം. ചലച്ചിത്രോത്സവം പോലുള്ള ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനോ ആദ്യ പ്രദർശനത്തിനോ പോര, എല്ലാ സിനിമകൾക്കും എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിക്കണം എന്ന മട്ടിലുള്ള ഉത്തരവ് ദേശീയഗാനത്തെ ബാലിശം (trivial) ആക്കുകയല്ലേ എന്ന് ജനങ്ങൾ ചർച്ച ചെയ്യുകയാണ്. നിർബന്ധിച്ച് ചെയ്യിക്കാനുള്ള ഒന്നായല്ല നമ്മുടെ ദേശീയഗാനത്തെ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമോന്നത കോടതി തന്നെ താമസിയാതെ ഇത് തിരുത്തുമെന്നും എനിക്ക് വിശ്വാസമുണ്ട്.

പക്ഷേ, അതുപയോഗിച്ച് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിലും മറ്റും കുഴപ്പമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ദേശീയഗാനം കേൾപ്പിച്ചപ്പോൾ ഇരുന്ന ചില യുവാക്കൾക്കെതിരെ പൊലീസിൽ പരാതി കൊടുത്ത് അവരെ തിയേറ്ററിൽ നിന്ന് അറസ്റ്റ് ചെയ്യിക്കുകയാണ് അവർ ചെയ്തത്. തിയേറ്ററിൽ പൊലീസ് വന്ന് പരിശോധന നടത്തിയാൽ ചലച്ചിത്രോത്സവം നിറുത്തി വയ്ക്കുമെന്ന് പ്രഖ്യാപിച്ച അക്കാദമി അധ്യക്ഷൻ കമലിനെ ഞാൻ അഭിനന്ദിക്കുന്നു. കമലിനെതിരെ വിഷലിപ്തമായ വർഗീയ പ്രചാരണം നടത്തുന്ന ആർഎസ്എസ് അവരുടെ തനിനിറം കാണിക്കുകയാണ് ചെയ്തിരിക്കുകയാണ്. ഈ ആക്രമണത്തിനെതിരെ പുരോഗമനകേരളം ഒന്നാകെ കമലിനൊപ്പം ഉണ്ട്.

അതോടൊപ്പം ദേശീയഗാനം കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന് നിന്നുകൊടുക്കരുതെന്നും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യ ഇന്ന് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഫാഷിസ്റ്റായ ഒരു നേതാവ് ജനങ്ങളിൽ അടിച്ചേൽപ്പിച്ച ദുരന്തമാണത്. ഇന്ത്യയിൽ ഒരു സ്വേച്ഛാധിപത്യ സർക്കാരുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗവുമാണത്. നമ്മളെല്ലാം ഒരുമിച്ച് നിന്ന് എതിർക്കേണ്ടത് അതിനെയാണ്. അല്ലാതെ, ദേശീയഗാനത്തിൻറെ പേരിൽ നമ്മെ വിഭജിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന് ഇരയാവുകയല്ല വേണ്ടത്.

[fb_pe url=”https://www.facebook.com/m.a.babyofficial/posts/1248570041891619″ bottom=”30″]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍