UPDATES

ട്രെന്‍ഡിങ്ങ്

ദേശീയഗാനം കൊണ്ട് ഭയപ്പെടുത്തുമ്പോള്‍; ഇതും ജനാധിപത്യമാണ്

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഉള്ള് നിറയുന്ന ബഹുമാനത്തോടെ നിശബ്ദരായി സ്വാതന്ത്ര്യസ്മരണയോടെ എഴുന്നേറ്റ് നിന്നിരുന്ന ജനതയില്‍ നല്ലൊരു വിഭാഗം ഇന്ന് എഴുന്നേറ്റ് നില്‍ക്കുന്നത് ശിക്ഷയെ ഭയന്നാണ്

ഒരു വ്യക്തിക്കു മറ്റു വ്യക്തികളോടോ സമൂഹത്തോടോ പെറ്റമ്മ മുതല്‍ പിറന്ന നാടിനോടോ പിറക്കാത്ത നാടിനോടോ ഒക്കെ സ്വയം തോന്നേണ്ട ഒന്നാണ് ആദരവ്. ഭരണകൂടത്തിന്റെയോ കോടതിയുടേയോ മറ്റേതെങ്കിലും അധികാര സ്ഥാപനങ്ങളുടേയോ ഒരു ‘എഴുന്നെള്ളിപ്പ്’ സ്വതന്ത്രനായ പൗരനില്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്.

*സ്വാതന്ത്ര്യബോധമുണ്ടാക്കിയിരുന്ന ഗാനം സ്വാതന്ത്ര്യമില്ലായ്മയുണ്ടാക്കുന്നതുകൊണ്ട്.
*ജനങ്ങളെ വിധേയപൗരന്മാരാക്കാന്‍ ഭരണകൂടം ഉപയോഗിക്കുന്ന ഒരു ചട്ടുകമാക്കി ദേശീയഗാനത്തെ മാറ്റുന്നതുകൊണ്ട്.
*ദേശീയതയുടെ വ്യാജമായ കല്പിതഭാവനകളെയും മലിനമാക്കപ്പെട്ട ആശയങ്ങളെയും വളര്‍ത്തുന്ന അഭിനവ മതഭ്രാന്തന്മാരുടെ കൈയിലെ ഒരായുധമായി ദേശീയഗാനം ഉപയോഗിക്കപ്പെടുന്നതുകൊണ്ട്.
*സ്വാതന്ത്ര്യത്തെക്കാള്‍ ഫാസിസത്തെ അനുഭവിപ്പിക്കുന്നതുകൊണ്ട്.
*അധികാരപ്രയോഗം സ്വാതന്ത്ര്യമായി കാണാനുള്ള ആഹ്വാനത്തിലെ ജനാധിപത്യവിരുദ്ധത തിരിച്ചറിഞ്ഞതുകൊണ്ട്.
*പൗരനെ ഭയപ്പെടുത്തുന്ന സമഗ്രാധികാരത്തിന്റെ കൈയ്യേറ്റമായി സ്വാതന്ത്ര്യഗീതത്തെ പരിവര്‍ത്തിപ്പിക്കുന്നതുകൊണ്ട്.
*വസുദൈവകുടുംബകം, ലോകമേ തറവാട്, തുടങ്ങിയ സാര്‍വദേശീയ മനുഷ്യവംശദര്‍ശനങ്ങളെ ‘എഴുന്നള്ളിപ്പ്’ ദേശീയ ഗാനത്തില്‍ അനുഭവിക്കാന്‍ കഴിയാത്തതുകൊണ്ട്.
*സാര്‍വദേശീയ മൂല്യങ്ങളെ സങ്കുചിത ദേശീയതയിലേക്ക് ചുരുക്കുന്നതുകൊണ്ട്.
*‘മാനിഷാദ’ എന്ന് പാടിയ ആദികവിയുടെ വരികളെയും, അഹിംസാ സിദ്ധാന്തത്തെയും ഉള്‍ക്കൊള്ളാതെ കാട്ടുനീതിയോടെ മനുഷ്യരെ കൊന്നൊടുക്കുന്നതുകൊണ്ട്. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ഏറ്റവും വലിയ മനുഷ്യാവകാശമായി കാണാനുള്ള തിരിച്ചറിവ് സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും അധികാരികള്‍ക്കില്ലാത്തതുകൊണ്ട്.
*തുല്യനീതിയില്ലാത്തതുകൊണ്ട്. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സകല തിന്മകളുടെയും സ്രോതസ്സായി ജാതീയതയെ തിരിച്ചറിഞ്ഞ് അത് ഉന്മൂലനം ചെയ്യാനുള്ള ആത്മാര്‍ത്ഥമായ നീക്കങ്ങള്‍ നടത്താനുള്ള ആര്‍ജ്ജവം ഇത്രയും കാലം ഭരിച്ചവരും ഇപ്പോള്‍ ഭരിക്കുന്നവരും കാട്ടാത്തതുകൊണ്ട്. സത്യമേവജയതേ ഏട്ടിലും, ഭ്രഷ്ടമേവജയതേ പയറ്റിലും സാമര്‍ത്ഥ്യത്തോടെ നിലനിര്‍ത്തുന്നതുകൊണ്ട്.
*ദളിതരെ, ന്യൂനപക്ഷങ്ങളെ, സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ, കുടിയേറ്റക്കാരെ മുതലായവരെ ഇപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കില്‍ നിലനിര്‍ത്തുന്നതുകൊണ്ട്. സിനിമകളിലൂടെയും മാധ്യമങ്ങളിലൂടെയും സാഹിത്യത്തിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും പുത്തന്‍ ചരിത്രനിര്‍മിതികളിലൂടെയും, അവഗണിച്ചോ ലഘൂകരിച്ചോ മാത്രം അവതരിപ്പിച്ച് ഈ ജനവിഭാഗങ്ങളുടെ അന്തസ്സ് നിഷേധിക്കുന്നതുകൊണ്ട്.
*പൗരന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നതുകൊണ്ട്. സ്വകാര്യതയെ കള്ളത്തരമായി കാണുന്നതുകൊണ്ട്. പൗരന്റെ അനുവാദമില്ലാതെ പൗരനെ ക്യാമറയില്‍ പകര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയാണ് സ്വാതന്ത്ര്യം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പൗരനെ സദാ നിരീക്ഷിച്ച് സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറലാണ്.

vi-4


സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഉള്ള് നിറയുന്ന ബഹുമാനത്തോടെ നിശബ്ദരായി സ്വാതന്ത്ര്യസ്മരണയോടെ എഴുന്നേറ്റ് നിന്നിരുന്ന ജനതയില്‍ നല്ലൊരു വിഭാഗം ഇന്ന് എഴുന്നേറ്റ് നില്‍ക്കുന്നത് ശിക്ഷയെ ഭയന്നാണ്. ഭയപ്പെടുത്തിയാല്‍ ആളുകള്‍ അനുസരണയുള്ളവരായിക്കൊള്ളും എന്ന ധാരണയില്‍ അധിഷ്ഠിതമായ ഒരു മുന്നോട്ട് പോക്കാണ് എല്ലാ മര്‍ദ്ദക ഭരണകൂടങ്ങളും പിന്തുടരുന്നത്. നീരീക്ഷണ ക്യാമറകള്‍, പോലീസ് സാന്നിധ്യം, കോടതിവിധി മാനിച്ച് നിര്‍ബന്ധമായും എഴുന്നേല്ക്കണം എന്ന് സിനിമ തുടങ്ങും മുമ്പുള്ള വിളംബരം ചെയ്യല്‍, എഴുന്നേല്‍ക്കാത്തവരെ അറസ്റ്റ് ചെയ്യല്‍ തുടങ്ങിയ ഭയപ്പെടുത്തലുകളില്‍ സ്വാതന്ത്രമനുഷ്യര്‍ വിധേയരായി പരിണമിക്കുന്നു. പുരോഗമനസമൂഹം തള്ളിക്കളഞ്ഞതാണ് deterrence effect (ശിക്ഷയെ ഭയന്ന് ആളുകള്‍ കുറ്റം ചെയ്യില്ലെന്ന വാദം. വധശിക്ഷ നിലനിര്‍ത്താനുപയോഗിക്കുന്ന പ്രമുഖമായ വാദം deterrence effect ആണ്). ദേശീയഗാനം ചൊല്ലിക്കാന്‍ പോലും deterrence ഉപയോഗിക്കാമെന്ന ഒരു കാഴ്ചപ്പാടില്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും എത്തിയെങ്കില്‍ ഇവര്‍ എന്ത് വിലയാണ് സ്വാതന്ത്ര്യത്തിനും പുരോഗമന ജനാധിപത്യ ആശയങ്ങള്‍ക്കും നല്കുന്നത്? അഹിംസയെ ലോകത്തിന് പരിചയപ്പെടുത്തിയ രാഷ്ട്രത്തെ deterrence ദേശീയഗാനത്തില്‍ പോലും ഉപയോഗിക്കുന്ന ഒരു പിന്തിരിപ്പന്‍ രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു.

ഭരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കാത്ത ഭരണകൂടമാണ് മെച്ചപ്പെട്ട ഭരണകൂടം എന്ന് പറയാറുണ്ട്. ഓരോ നിമിഷവും ഭരിക്കപ്പെടുന്ന തോന്നലുണ്ടാക്കുകയാണ് ഭരണകൂടം. ഭരിക്കുന്ന അധികാരിയുടെ മുഖം എല്ലാ കോണിലും പ്രദര്‍ശിപ്പിച്ച് നിരന്തരം ജനതയെ പേടിപ്പിക്കാനും ആരാധിക്കിപ്പിക്കാനും ശ്രമിക്കുന്ന ഒരു ഭരണകൂടം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഏകാധിപത്യത്തെയും രാജവാഴ്ചയെയുമാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇയാളാല്‍ ഭരിക്കപ്പെടുന്നവനാണ് ഞാന്‍ എന്ന അടിമബോധം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന് കീഴില്‍ മനുഷ്യന്‍ എന്ന നിലയിലുള്ള അന്തസ്സും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.
സ്വാതന്ത്ര്യം നേടിയ രാജ്യത്ത് പിന്‍വലിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ പട്ടിക നീളുമ്പോള്‍ ദേശീയഗാനം അഭിമാനമായി മാറുന്നതെങ്ങനെ? സ്വതന്ത്രമായ പൊതു ഇടങ്ങളിലെ സാമൂഹ്യജീവിതം വ്യക്തിക്ക് നിഷേധിക്കപ്പെട്ട് കൊണ്ടിരിക്കുകയും, നില്ക്കണോ ഇരിക്കണോ, അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് എത്ര പിന്‍വലിക്കണം എങ്ങനെ ചെലവാക്കണം എന്നൊക്കെയുള്ള വ്യക്തിഗത തീരുമാനങ്ങള്‍ ഭരണകൂടം എടുക്കുകയും ചെയ്യുമ്പോള്‍ എന്ത് ബോധമാണ് അന്തസ്സോടെ എണീറ്റു നില്‍ക്കാന്‍ പൗരനെ പ്രാപ്തനാക്കുന്നത്? സ്വാതന്ത്ര്യബോധമോ വിധേയബോധമോ?

കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാന്‍ എന്നപേരില്‍ നടപ്പാക്കുന്ന Demonetization പരിപാടിയെ എതിര്‍ത്താല്‍ പറയും നിങ്ങളുടെ കൈയില്‍ കള്ളപ്പണമുള്ളത് കൊണ്ടാണ്, നിങ്ങള്‍ കള്ളനായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന്. മാവോയിസ്റ്റുകളായാലും, തീവ്രവാദികളായാലും, കുറ്റവാളികളായാലും നമ്മുടെ വ്യവസ്ഥിതിയുടെ ഉല്‍പ്പന്നങ്ങളാണ്. അവരുടെ ജീവനെടുക്കുന്നതിനെ എതിര്‍ത്താല്‍ പറയും നിങ്ങള്‍ രാജ്യദ്രോഹിയാണെന്ന്. വിരുദ്ധാഭിപ്രായമുള്ളവരെ കള്ളന്മാരും രാജ്യദ്രോഹികളുമാക്കി പൗരന്റെ വാക്കുകള്‍ക്കും പ്രതികരണങ്ങള്‍ക്കും വിലങ്ങിട്ട് അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ എന്ത് സ്വാതന്ത്ര്യബോധമാണ് തോന്നുക?

ഒരു ഉല്‍പ്പന്നം/ സേവനം വാങ്ങുന്നത് Liquid cash കൊടുത്തിട്ട് വേണോ, കാര്‍ഡ് സ്വൈപ് ചെയ്തിട്ട് വേണോ എന്നതെല്ലാം വ്യക്തിയുടെ തീരുമാനങ്ങളാണ്. ആ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. കാര്‍ഡ് സ്വൈപ് ചെയ്ത് മാത്രം ഉപഭോക്താവാവുന്ന പൗരന്‍ എന്ത്, എത്ര, എവിടുന്ന് വാങ്ങുന്നു എന്നൊക്കെ കൃത്യമായി അറിയാന്‍ കഴിഞ്ഞാല്‍ ആ വിവരങ്ങള്‍ (DATA) ഉപയോഗിച്ച് സര്‍ക്കാരുകള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും ഏതൊരു പൗരന്റെയും സ്വകാര്യതയില്‍ കൈകടത്താം. പൗരനെ ഒരു ഉപഭോക്താവോ, തീവ്രവാദിയോ, കുറ്റവാളിയോ ആയി ടാര്‍ഗറ്റ് ചെയ്യാന്‍ എളുപ്പം സാധിക്കും. Every citizen can be a potential customer or a potential terrorist. വെറും profile creation ലൂടെ മാത്രം മനുഷ്യനെ കുറ്റവാളിയാക്കാം. മര്‍ദ്ദകഭരണകൂടങ്ങളും ലാഭക്കൊതിയന്മാരായ കോര്‍പ്പറേറ്റുകളും ഡിജിറ്റല്‍ ഇന്ത്യയിലൂടെ മറ്റെന്താണ് ലക്ഷ്യം വെയ്ക്കുന്നത്? ആധാര്‍കാര്‍ഡുകള്‍ മുതല്‍ ബാങ്ക് കാര്‍ഡുകള്‍ വരെയുളള ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് അനോണമിറ്റിയെ (Anonymity) പരമാവധി ഇല്ലാതാക്കി പൂര്‍ണമായ തിരിച്ചറിയല്‍ (Absolute identification) സംവിധാനങ്ങളുടെ നേര്‍രേഖയിലേക്ക് മനുഷ്യരെ ചുരുക്കുന്നത് ഭരണകൂടത്തിന് സ്വാതന്ത്ര്യത്തെ ഭയമുള്ളത് കൊണ്ടാണ്. ജനതയുടെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഫ്യൂഡല്‍കാലഘട്ടത്തില്‍ പണിയെടുക്കുന്നവരെ നോട്ടം കൊണ്ട് വിധേയരാക്കാന്‍ കാര്യസ്ഥന്മാരെ നിയോഗിച്ചിരുന്നു. ഇന്നാ റോള്‍ നിര്‍വ്വഹിക്കുന്നത് നിരീക്ഷണ ക്യാമറകളാണ്. ക്യാമറകളും, ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണുകളും പോലുളള ആധുനികസാങ്കേതികവിദ്യകളെ ഫ്യൂഡലിസത്തിന്റെ സമകാലിക പ്രതിനിധാനങ്ങളായി മാറ്റിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സദാ നീരീക്ഷിക്കപ്പെടുന്ന മനുഷ്യര്‍ വിധേയശരീരങ്ങളായി മാറുന്നു. ക്യാമറകളിലൂടെയുള്ള നോട്ടം നേരിടുന്നവര്‍, കണ്ണ് സ്‌കാന്‍ ചെയ്യപ്പെടുന്നവര്‍, വിരലടയാളത്തിന് വിധേയരാവുന്നവര്‍… ഏവരും സ്വയം മേല്‍നോട്ടം വഹിച്ച് അനുസരണയുള്ള confirmed citizen ആയി മാറുകയാണ്. നിരന്തരമായ മേല്‍നോട്ടത്തിന്റെ വരുതിയില്‍ സ്വയം വെളിപ്പെടുത്തേണ്ട ശരീരങ്ങളായി മനുഷ്യര്‍. വ്യവസ്ഥിതിയില്‍ ജനാധിപത്യമായ രാജ്യം ഫ്യൂഡല്‍ ആയി തന്നെ തുടരുന്നു. സ്വകാര്യത, സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ പുരോഗമന മൂല്യങ്ങള്‍ ഭൂതകാല ഫ്യൂഡല്‍ മേല്‍കോയ്മകള്‍ക്ക് കാവല്‍ കിടക്കുന്നു.

IFFKയില്‍ തീയെറ്ററിനകത്ത് ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തവരുടെ നേരെ ആദ്യം ഉപയോഗിച്ച ആയുധം ക്യാമറയായിരുന്നു. മറ്റേതെങ്കിലും ആയുധത്തെക്കാള്‍ ആദ്യം നിരീക്ഷണം എന്ന ആയുധമാണ് ഈ അഭിനവകാര്യസ്ഥന്‍മാര്‍ ഉപയോഗിക്കുന്നത്. ചീത്ത വാക്ക്, കൈയൂക്ക് മുതലായ ആയുധങ്ങള്‍ക്ക് ക്യാമറയുടെ അത്ര മൂര്‍ച്ച പോര എന്ന് തിരിച്ചറിവുളളത് കൊണ്ട് ക്യാമറ എന്ന ആയുധം IFFKയില്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നത് വല്ലാത്തൊരു വിരോധാഭാസമായിരുന്നു. അധികാരവിരുദ്ധ സിനിമകളുടെ ഇടം കാമറയുടെ അധികാരപ്രയോഗത്തിനുളള ഇടമായി. അധികാരത്തോട് നിരന്തരം കലഹിച്ച് തൊണ്ണൂറാം വയസില്‍ പോലും സിനിമയെടുത്ത ആന്‍ഡ്രേ വായ്ദയെ പോലുളള സംവിധായകരുടെ സിനിമ ഇതേ ആളുകള്‍ ആഘോഷത്തോടെ കണ്ടു. തീയേറ്ററിനകത്തോ പുറത്തോ പൊതുഇടങ്ങളിലോ പൗരന്റെ അനുവാദമില്ലാതെ പൗരനെ ക്യാമറയില്‍ പകര്‍ത്താനെന്താണവകാശം? അവര്‍ക്ക് നേരെ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് അടിച്ചു പിടിക്കുന്നവര്‍ എന്ത് ആദരവാണ് പ്രകടിപ്പിക്കുന്നത്? ദേശീയഗാനത്തിന് അറ്റന്‍ഷനായി നിന്ന് കണ്ണുരുട്ടുന്ന ഇക്കൂട്ടരാണ് തീവ്രദേശീയതയുടെ പുതിയ വക്താക്കള്‍. അറസ്റ്റും താക്കീതുമൊന്നും ഇവര്‍ക്ക് ബാധകമല്ലേ?

national-anthem-2

സ്വകാര്യതയെ മാനിക്കാത്ത സമൂഹത്തില്‍ വ്യക്തിസ്വാതന്ത്ര്യം എങ്ങനെയാണ് നിലനില്‍ക്കുക. ഇഷ്ടമുള്ളത് രഹസ്യമാക്കാനും സുതാര്യമാക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളെന്തിന് സ്വാതന്ത്ര്യഗീതം പാടണം? വികാരവിചാരങ്ങളെ സ്വാഭാവികമായി, നിഷ്‌കളങ്കമായി, സ്വതന്ത്രമായി പുറത്ത് വിടാനുള്ള സാധ്യതയെയാണ് അനുദിനം ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കുന്നത്. നിരീക്ഷണക്യാമറകളും, ഇടപാടുകളുടെ പൂര്‍ണ്ണമായ ഡിജിറ്റല്‍വത്കരണവും അതാണ് ചെയ്യുന്നത്.

നിരീക്ഷിക്കപ്പെടുമ്പോള്‍ സമൂഹം അനുശാസിക്കുന്ന സാമാന്യതയെ മുറുകെ പിടിച്ച് മാത്രം ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മനുഷ്യന്‍ എങ്ങനെയാണ് സ്വതന്ത്രനാവുക? എങ്ങനെയാണ് വ്യക്തിത്വമുള്ള കലാകാരനാവുക? സ്വാഭാവിക ചോദനകളെ പിന്തുടര്‍ന്ന് ജീവിക്കുമ്പോഴാണ് മനുഷ്യന്‍ അതിരുകള്‍ക്കപ്പുറത്തേക്കുള്ള സൗഹൃദങ്ങളിലേക്കും പ്രണയത്തിലേക്കും വ്യക്തി/ സമൂഹബന്ധങ്ങളിലേയ്ക്കും, കലാസൃഷ്ടികളിലേക്കുമൊക്കെ കടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഈ സാധ്യതകളെ അതിര്‍ത്തിരേഖകള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്താന്‍ മാത്രം മുറിച്ചുകടക്കുന്നവര്‍ക്ക് തിരിച്ചറിയാനാവില്ല.

മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടവും ചങ്ങലകളിലാണെന്ന് പറഞ്ഞത് റൂസ്സോയാണ്. നിര്‍ബന്ധിച്ച് ആദരിപ്പിക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കാള്‍ സ്വാതന്ത്ര്യമില്ലായ്മയുടെ ചങ്ങലകളെയാണ് ദേശീയഗാനം ഓര്‍മ്മിപ്പിക്കുന്നത്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ തുടരുമ്പോള്‍ സ്വാതന്ത്ര്യബോധത്തോടെ എണീറ്റുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നില്ല ദേശീയഗാനം.

 

(അനൂപ് കരുണ്‍- സിനിമ, പരസ്യചിത്രം, അനിമേഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. Technicolor Creative Services, Labor India Educational Research Center, Dhishna Technologies, Rasam Media തുടങ്ങിയ സ്ഥാപനങ്ങളില്‍ ക്വാളിറ്റി അനലിസ്റ്റ്, സ്‌ക്രിപ്റ്റ് റൈറ്റര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ ജോലികള്‍ നിര്‍വഹിച്ചിട്ടുണ്ട്. മണ്‍റോതുരുത്ത്, ജലാംശം, മാര്‍ഗം തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ താമസിക്കുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

അനൂപ് കരുണാകരന്‍

സിനിമ, പരസ്യചിത്രം, അനിമേഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. Technicolor Creative Services, Labor India Educational Research Center, Dhishna Technologies, Rasam Media തുടങ്ങിയ സ്ഥാപനങ്ങളില്‍ ക്വാളിറ്റി അനലിസ്റ്റ്, സ്‌ക്രിപ്റ്റ് റൈറ്റര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ ജോലികള്‍ നിര്‍വഹിച്ചിട്ടുണ്ട്. മണ്‍റോതുരുത്ത്, ജലാംശം, മാര്‍ഗം തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ താമസിക്കുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍