UPDATES

സിനിമ

കമലും കാ ബോഡിസ്കേപ്പും കുരു പൊട്ടുന്ന മതസംഘങ്ങളും

കലാസൃഷ്ടികൾക്കെതിരെയും കലാകാരന്മാർക്കെതിരെയും വർഗീയ വാദികൾ മതവ്യത്യാസമില്ലാതെ നിലപാട് എടുക്കുന്നു

രാജപ്പനെ രാജപ്പാ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് സലിം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ഉദയനാണു താരം എന്ന സിനിമയിൽ ചോദിക്കുന്നുണ്ട്. ചാൻസ് ചോദിച്ചു നടന്ന കാലത്ത് രാജപ്പനും സൂപ്പർ സ്റ്റാറായി കഴിഞ്ഞപ്പോൾ സരോജ് കുമാർ ആകുന്നതിനെയും കളിയാക്കിയാണ് ഈ ഡയലോഗ് സിനിമയിൽ ഫിറ്റ് ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമലിനെ കമാലുദ്ദീൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിക്കാൻ സലിംകുമാർ ഡയലോഗ് ആണ് സംഘികൾ തപ്പിയെടുത്തു പ്രയോഗിക്കുന്നത്. ഒരു പേരിൽ എന്തിരിക്കുന്നു എന്നും യഥാർത്ഥ പേര് വിളിക്കുന്നതിൽ എന്താണ് തെറ്റ് എന്നും ചോദിക്കുന്നതിനു മുൻപ് ഇതൊക്കെ വിളിക്കുന്നവരുടെ ഉദ്ദേശശുദ്ധി കൂടി മനസിലാക്കണം.

കമലിന്റെ മുസ്‌ലിം ഐഡന്റിറ്റി വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് കമാലുദ്ദീൻ എന്ന് വിളിക്കുന്നത്. നരേന്ദ്ര മോദി മുതൽ താഴെ തട്ടിലുള്ള സൈബർ പോരാളികള്‍ വരെ ഇങ്ങനെ ഉപയോഗിക്കുന്നതിൽ വർഗീയ വേർതിരിവിലൂടെ മനുഷ്യനെ പലതാക്കി വിഭജിക്കാനുള്ള തന്ത്രം കൂടിയാണ് പതിയിരിക്കുന്നത്. മമ്മൂട്ടിയെ  മുഹമ്മദ് കുട്ടി ഇസ്മായിൽ എന്നും നിത്യഹരിത നായകൻ പ്രേംനസീറിനെ  അബ്ദുൽ ഖാദർ എന്നുമൊക്കെ ഇവർ വിളിക്കുന്ന കാലം വിദൂരമല്ല.

കോൺഗ്രസ് പാർട്ടിയിൽ ജീവിച്ചിരിക്കുന്ന നേതാക്കളിൽ പട്ടേൽ എന്ന് പറഞ്ഞാൽ ഒരാളേയുള്ളു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി ആയ അഹമ്മദ് പട്ടേൽ. കെ. മുരളീധരൻ നേരത്തെ അലൂമിനിയം പട്ടേൽ എന്നാണ് വിളിച്ചതെങ്കിൽ രാഷ്ട്രീയ പ്രസംഗങ്ങളിൽ നരേന്ദ്ര മോദി അദ്ദേഹത്തെ മുഹമ്മദ് അഹമദ് പട്ടേൽ എന്നാണ് സംബോധന ചെയ്യുന്നത്. പട്ടേൽ എന്ന വാലുള്ളത് കൊണ്ട് അബദ്ധവശാൽ ആണെങ്കിൽ പോലും ആരും ഹിന്ദു ആണെന്ന് കരുതരുത് എന്ന ലക്ഷ്യത്തോടെയാണ് പിതാവിന്റെ പേര് കൂടി ചേർത്ത് വിളിക്കുന്നത്.

ahammad1

ചിലകാര്യങ്ങൾ എങ്ങനെ അറിയപ്പെടണം എന്നും ചിലതു അറിയപ്പെടാതിരിക്കണം എന്നും സംഘപരിവാറിന് വ്യക്തമായ ധാരണയുണ്ട്. തിരുവനന്തപുരം ചലച്ചിത്രമേളയുടെ കൊടിയിറക്കത്തിന്റെ തലേ ദിവസം നടന്ന സംഭവം പറയാം. അജന്താ തീയറ്ററിൽ ‘നെരൂദ’ കണ്ട ശേഷം ‘കാ ബോഡിസ്കേപ്’കാണാൻ കലാഭവൻ തിയറ്ററിനു മുന്നിൽ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ റോഡ് മുഴുവൻ പൊലീസാണ്. ഒരു വലിയ ലാത്തിച്ചാർജിനുള്ള സന്നാഹം മുഴുവനുണ്ട്. ഹനുമാന്റെ ലിംഗം വസ്ത്രത്തിനു പുറത്തു കാണാവുന്ന രീതിയിൽ വരച്ച ക്യാൻവാസ് സിനിമയിൽ ഉണ്ട് എന്നതാണ് പ്രതിഷേധ കാരണം. ശിവലിംഗം പൂജിക്കുന്നവര്‍ക്ക് ഹനുമാന്റെ ലിംഗം പടത്തിൽ കണ്ടാലും പ്രശ്നമാകുമോ എന്നൊക്കെ കമന്റ് തിയറ്ററിനുള്ളിൽ പ്രവേശിച്ചപ്പോൾ കേട്ടു. ഭാരതീയ  സംസ്കാരത്തെ അവഹേളിക്കുന്നു എന്ന പേരിലാണ് പികെ മുതൽ  കാ ബോഡിസ്കേപ് വരെ പ്രതിഷേധത്തിന് ഇരയാകുന്നത്. തങ്ങൾക്കിഷ്ടപ്പെടുന്നത് മാത്രം ചിത്രീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്‌താൽ മതിയെന്നാണ് ഇവരുടെ കാഴ്ചപ്പാട്. അനീതിക്കെതിരെ പൊരുതുന്ന മുസ്‌ലിം വനിത വീടിനു പുറത്താകുന്നതും ശരീരം പുറത്തു കാണാതിരിക്കാൻ പർദ്ദ ധരിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന രംഗവും ഈ സിനിമയിൽ ഉണ്ട്. മുസ്‌ലിം വർഗീയവാദികളുടെ കുരു എപ്പോഴാണ് പൊട്ടുന്നത് എന്നറിയില്ല. കലാസൃഷ്ടികൾക്കെതിരെയും കലാകാരന്മാർക്കെതിരെയും വർഗീയവാദികൾ മതവ്യത്യാസമില്ലാതെ നിലപാട് എടുക്കുന്നത് ചരിത്രത്തിൽ കാണാൻ കഴിയും. കാരണം മനുഷ്യന്റെ വേലിക്കെട്ടുകൾ പൊളിക്കാൻ കലാസൃഷ്ടിക്കു കഴിയും എന്നതുതന്നെ. മറിച്ച് യാഥാസ്ഥിതികത്വം അതേപോലെ നിലനിർത്തുന്ന മണ്ണിൽ മാത്രമാണ് വർഗീയത വളരുന്നത്. കമൽ ഉൾപ്പെടെയുള്ള കലാകാരന്മാരെ ഇവർ ഭയക്കുന്നു. അതാണ് എതിർപ്പിന്റെ മൂലകാരണം.

പിൻകൊട്ട്: വിഎം സുധീരനെ തളയ്ക്കാൻ വേണ്ടി സിപിഎം ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഒടുവിൽ രംഗത്തിറക്കിയത് ഡോ. കെ.എസ് മനോജിനെ ആയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അർത്തുങ്കലിൽ ഒട്ടിച്ച പോസ്റ്ററിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ പേര് ഡോ. മനോജ് കുരിശിങ്കൽ എന്നായിരുന്നു. കാര്യം മനസിലായല്ലോ അല്ലേ? അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് സാരം

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍