UPDATES

സിനിമ

ദേശീയഗാനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയം പറയണം; ജയിലില്‍ കിടക്കാന്‍ തയ്യാറാകണം- ജോയ് മാത്യു/അഭിമുഖം

ദേശീയഗാനം എന്നൊക്കെ പറഞ്ഞാല്‍ എനിക്കു ഇപ്പോഴും രോമം എടുത്തു നില്ക്കും; കേരള പോലീസിന്റെയും മോദിയുടെ പോലീസിന്റെയും മുഖം ഒന്ന്

അഭിമുഖം- ജോയ് മാത്യു/സഫിയ ഒ സി

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ കുറിച്ചും ദേശീയ ഗാന വിവാദത്തെ കുറിച്ചും പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു അഴിമുഖം പ്രതിനിധി സഫിയയോട് സംസാരിക്കുന്നു. 

സഫിയ: ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെയും അറസ്റ്റിനെയും കുറിച്ചു എന്താണ് അഭിപ്രായം..?

ജോയ് മാത്യു: കേരളത്തിലെ പോലീസിന് കേസെടുക്കണമെങ്കില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതിരിക്കണം എന്നില്ല. ഞാനും നീയും ഇവിടെ അടുത്തിരുന്നാല്‍ മതി. അസാന്‍മാര്‍ഗ്ഗ പ്രവര്‍ത്തിയുടെ പേരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യും. കേരള പോലീസ് ആക്ടില്‍ 147 ആം വകുപ്പുണ്ട്. പിന്നെ കോടതിയില്‍ പോയിട്ട് നിങ്ങള്‍ തെളിയിക്കണം, ഞാനും ജോയ് മാത്യുവും കണ്ടിട്ടില്ല, ഞാന്‍ അപ്പോള്‍ വീട്ടിലായിരുന്നു, അയാള്‍ അവിടെയായിരുന്നു എന്നൊക്കെ. അതാണ് കേരള പോലീസ് ആക്ട്. അപ്പോ പോലീസിന് ഒരാളുടെ പേരില്‍ കേസ് എടുക്കാന്‍ പഴുതുകള്‍ ഒരുപാടുണ്ട്. ദേശീയ ഗാനത്തിന് എണീറ്റ് നിന്നില്ല എന്നുള്ളത് ചിലപ്പോള്‍ കോടതിയില്‍ നിലനില്‍ക്കില്ല, വിട്ടേക്കാം.

പക്ഷേ അവര്‍ അങ്ങനെ നില്‍ക്കാതിരിക്കുന്നതിന് കാരണം അവര്‍ വ്യക്തമാക്കണം. എന്തുകൊണ്ട് ഞങ്ങള്‍ ദേശീയ ഗാനത്തെ അംഗീകരിക്കുന്നില്ല. ഞങ്ങള്‍ ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല; അല്ലെങ്കില്‍ ഞങ്ങള്‍ വിപ്ലവ കാരികളാണ്; അല്ലെങ്കില്‍ ഈ മാവോയിസ്റ്റ് നരവേട്ടക്ക് എതിരെ പ്രതിഷേധിച്ചിട്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. കാലില്‍ കാല്‍ കയറ്റി വെച്ചു വാട്സാപ്പില്‍ കുത്തിക്കളിക്കുന്ന ഫോട്ടോ ഞാനും കണ്ടു. അത് അരാജകവാദം അല്ല. അവര് കൃത്യമായിട്ട് ബാഡ്ജ് ഒക്കെ തൂക്കി സിനിമയ്ക്ക് നില്‍ക്കുന്നും ഉണ്ട്. അതൊരുതരം നിന്ദയായിട്ടാണ് എനിക്കു തോന്നിയത്. ദേശീയഗാനം എന്നൊക്കെ പറഞ്ഞാല്‍ എനിക്കു ഇപ്പോഴും രോമം എടുത്തു നില്ക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തോടുണ്ട്. കേരള രാഷ്ട്രീയത്തോടുണ്ട്, ഒക്കെ ഉണ്ട്. പക്ഷേ ദേശീയഗാനം, ദേശീയ പതാക എന്നൊക്കെ കാണുമ്പോള്‍ ഒരു ചരിത്രമാണ് നമ്മുടെ മനസ്സിലേക്കു വരിക. ഒരുപാട് മനുഷ്യരുടെ വിയര്‍പ്പ്, ചോര, കണ്ണീര് എത്ര കുടുംബങ്ങള്‍ അനാഥരായിട്ടുണ്ട്. എത്രയെത്ര ജീവിതങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എത്ര ലാത്തിയടികൊണ്ടും പോലീസിന്റെ വെടികൊണ്ടും മരിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയിട്ട്? മന്ത്രിയാകാന്‍ വേണ്ടിയിട്ടോ…? മന്ത്രിയാവാനോ എംഎല്‍എ ആകാനോ ഒന്നുമല്ല അവര്‍ മരിച്ചത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. ആ ഒരു ആദരവ് കാണിക്കാത്ത കാലത്തോളം എനിക്കതിനോട് യോജിക്കാന്‍ പറ്റില്ല.

സഫിയ: ദേശീയഗാനം അല്ലെങ്കില്‍ ദേശീയത എന്നൊക്കെയുള്ളത് അടിച്ചേല്‍പ്പിക്കേണ്ട ഒന്നാണോ? അത് ഓരോ ഇന്ത്യക്കാരുടെയും ഉള്ളില്‍ ഉള്ളതല്ലേ. ഇപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടിച്ചേല്‍പ്പിക്കുന്നത് എന്തുകൊണ്ടാണ്?

ജോയ് മാത്യു:  ഉണ്ടോ. എനിക്കങ്ങനെ തോന്നുന്നില്ല. പിന്നെ ഇത് സുപ്രീം കോടതി വിധി അല്ലേ. മോദി പറഞ്ഞതല്ലല്ലോ. അപ്പോള്‍ സുപ്രീം കോടതിക്കെതിരെയല്ലേ സമരം ചെയ്യേണ്ടത്. ഞാന്‍ ചോദിക്കുന്നു, സുപ്രീം കോടതിക്കെതിരെ നിങ്ങള്‍ സമരം ചെയ്യുമോ? നിങ്ങള്‍ കേസ് കൊടുക്കുമോ? പാവം ആ കട്ജൂ എന്തോ പറഞ്ഞപ്പോ അയാളെ പിടിച്ച് കോടതിയലക്ഷ്യമാക്കി. സുപ്രീം കോടതിയാണ് നമ്മുടെ പരമാധികാരം എന്നു നമ്മുടെ ഭരണ ഘടന അനുശാസിക്കുന്ന സ്ഥിതിക്ക് നിങ്ങള്‍ക്ക് രാഷ്ട്രീയപരമായിട്ടു നേരിടാന്‍ മാത്രമേ പറ്റുള്ളൂ. ഇതൊക്കെ നമ്മളൊക്കെ പണ്ട് ചെയ്തപ്പോള്‍ നമ്മളെയൊന്നും അനുകൂലിക്കാനൊന്നും ആരും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഞാന്‍ ഇവരെയും അനുകൂലിക്കുന്നില്ല. പക്ഷേ ഇതിനൊക്കെ ഒരു പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് വേണം. ഒരു കാഴ്ചപ്പാട് വേണം. നമ്മളിപ്പോ ഒരു കാര്യം പറയുന്നു, ഒരാള്‍ എതിര്‍ക്കുന്നു. നമ്മള്‍ക്ക് കൃത്യമായ ഒരു നിലപാട് വേണം. അല്ലാതെ വെറുതെ എതിര്‍ക്കുകയല്ല. പബ്ലിക്കിന്റെ മുന്‍പില്‍ നമ്മള്‍ ഒരു നിലപാടെടുക്കുമ്പോള്‍ നമ്മള്‍ക്ക് വിശദീകരിക്കാന്‍ പറ്റണം. എന്തുകൊണ്ട് നമ്മള്‍ ഇരിക്കുന്നു എന്നത്. ഈ ഇരുന്ന കുട്ടി വീട്ടിലെത്തുമ്പോള്‍ അവന്റെ അച്ചന്‍റെ അച്ഛന്‍ ചോദിക്കുകയാണ് എന്തുകൊണ്ടാണ് നീ ഇരുന്നത് എന്ന്‍. ഞാനൊക്കെ സമരം ചെയ്തു നേടിയെടുത്തതാണ് ഈ സ്വാതന്ത്ര്യം. അന്ന് അവരൊക്കെ സമരം ചെയ്ത് ഈ സ്വാതന്ത്ര്യം നേടിയെടുത്തില്ലായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കും ഇങ്ങനെ ഇരുന്നു സംസാരിക്കാന്‍ പോലും പറ്റില്ല. ബ്രിട്ടീഷുകാര്‍ തന്നെയായിരിക്കും ഇപ്പോഴും ഭരിക്കുന്നത്. അപ്പോ നമ്മള്‍ മാനിക്കേണ്ടതിനെ മാനിക്കണം. പറ്റുമെങ്കില്‍ സുപ്രീം കോടതിയെ ചോദ്യം ചെയ്യൂ…. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് അതായത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലാത്ത എന്നാല്‍ ഭയങ്കര വിപ്ലവകരമായി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇതൊരു വിപ്ലവം ആയിട്ട് തോന്നാം. ഭരണകൂടം, ദേശീയത നിങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വോട്ട് ചെയ്തിട്ടാണല്ലോ അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് ഇതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എന്തിനാണ് കേസെടുക്കുന്നത്. അപ്പോള്‍ കേരള പോലീസിന്റെയും മോദിയുടെ പോലീസിന്റെയും മുഖം ഒന്നു തന്നെയാണ്.

iffk3

സഫിയ: ഭരണകൂട ഭീകരതയും അതിനെതിരെയുള്ള പ്രതിരോധങ്ങളും ഒക്കെ വിഷയ മാകുന്ന സിനിമികള്‍ കാണിക്കുന്ന ഇതുപോലുള്ള മേളകളില്‍ തന്നെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച്?

ജോയ് മാത്യു: സിനിമ വേറെ, ജീവിതം വേറെ. ആ രാജ്യങ്ങളിലൊക്കെ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ജനങ്ങള്‍ എവിടെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവരൊക്കെ ഭരണകൂടത്തിന്‍റെ തടവറകളിലായിരിക്കും. ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരൊക്കെ ജയിലില്‍ കിടക്കുന്നുണ്ടോ? എത്ര പെട്ടെന്നാണ് അവര്‍ ജാമ്യം നേടി പുറത്തു വരുന്നത്. ധൈര്യത്തോടെ ജയിലില്‍ കിടക്കാന്‍ അവര് എന്തു കൊണ്ട് തയ്യാറാവുന്നില്ല. ഞങ്ങളൊക്കെ അങ്ങനെ അഭിമാനത്തോടെ, ധൈര്യത്തോടെ ജയിലില്‍ കിന്നവരാണ്. ജയിലില്‍ കിടന്നിട്ടും നിരാഹാരം കിടന്നവരാണ് ഞങ്ങളൊക്കെ. ഇവിടെ അതൊന്നുമല്ല കാര്യം. ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ പറ്റില്ല. അത്രേയുള്ളൂ. വാട്സാപ്പില്‍ മെസേജ് അയക്കാനുള്ള തിരക്കിലായിരിക്കും അവര്‍. അതാണ് കാര്യം. എന്റെ അഭിപ്രായം അതാണ്. അല്ലെങ്കില്‍ അവര് പറയട്ടെ ചുംബന സമരത്തിന്റെ ഭാഗമായി, അല്ലെങ്കില്‍ മാവോയിസ്റ്റ് നരവേട്ടയോട് പ്രതിഷേധിച്ച്, അല്ലെങ്കില്‍ നോട്ട് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചിട്ട്… അങ്ങനെ പറഞ്ഞിട്ട് അവര്‍ ചെയ്യുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാം. രാഷ്ട്രീയപരമായി ഒരു കാര്യത്തില്‍ പ്രതിഷേധിക്കുമ്പോള്‍ കൃത്യമായ രാഷ്ട്രീയം വേണം. അത് അരാഷ്ട്രീയം ആയിക്കോട്ടെ, അനാര്‍ക്കിസം ആയിക്കോട്ടെ, അത് പറയുന്നതില്‍ കൃത്യമായ അടിത്തറയുണ്ടാവണം. അതില്‍ ഉറച്ചു നില്‍ക്കണം.

സഫിയ: ഫെസ്റ്റിവല്‍ അനുഭവം ..?

ജോയ് മാത്യു: ഈജിപ്തില്‍ നിന്നുള്ള ക്ലാഷ് പോലെയുള്ള പടങ്ങളൊക്കെ എനിക്കു തിയറ്ററില്‍ ഇരുന്നു തന്നെ കാണണം എന്നുണ്ടായിരുന്നു. പക്ഷേ എന്നെക്കാള്‍ സൌകര്യം ഇല്ലാത്ത ആളുകള്‍ ഉണ്ട്. ദൂരെ നിന്നൊക്കെ വന്നിട്ടുള്ള ആളുകളും ഒരുപാട് വിദ്യാര്‍ഥികളും ഒക്കെയുണ്ട്. എനിക്കു ഇതൊക്കെ വേണമെങ്കില്‍ സംഘടിപ്പിക്കാവുന്നതെയുള്ളൂ. നെറ്റില്‍ നിന്ന്‍ എടുത്ത് ഹാര്‍ഡ് ഡിസ്കിലാക്കിയിട്ടോ ഒക്കെ കാണാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ അതില്‍ നിന്നു വിട്ടു നില്‍ക്കുന്നു. മാത്രമല്ല ഫെസ്റ്റിവല്‍ എന്നു പറഞ്ഞാല്‍ ഒരു പൂരപ്പറമ്പാണല്ലോ. ഒരുപാട് ആളുകളെ കാണാം. ഇപ്പോ ഞാന്‍ തിയറ്ററില്‍ കയറിയിരുന്നെങ്കില്‍ നിങ്ങളെ കാണാന്‍ പറ്റുമായിരുന്നോ. അപ്പോ ഒരുപാട് ആളുകളെ കാണുക, സംസാരിക്കുക, എനിക്കു പറയാനുള്ള പല കാര്യങ്ങളും ഇതുപോലെ പറയാന്‍ പറ്റുന്നുണ്ട്. നേരെ മറിച്ച് ഞാന്‍ തിയറ്ററില്‍ കയറി സിനിമ കാണാന്‍ ഇരുന്നാല്‍ പറയാന്‍ പറ്റില്ല. ദേശീയ ഗാനത്തിന്റെ പ്രശ്നമായാലും അല്ലെങ്കിലും ഓരോ വിഷയത്തിലും എന്റെ നിലപാട് പുറത്തിരുന്നു പറയാന്‍ പറ്റുന്നുണ്ട്. പിന്നെ ആള്‍ക്കാരുടെ കൂടെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീഡ് ബാക് ഉണ്ടല്ലോ. അതില്‍ നിന്നു മനസ്സിലാവും, നമ്മള്‍ അഭിനയം തുടരണോ സംവിധാനം തുടരണോ, അല്ല ജീവിതം തുടരണോ എന്നൊക്കെ. അത് നമ്മളെ ഒന്നു റിഫ്രഷ് ചെയ്യിക്കും. പിന്നെ നമ്മുടെ എനര്‍ജി വര്‍ധിപ്പിക്കും. ആള്‍ക്കാരുടെ സ്നേഹവും മറ്റും കാണുമ്പോള്‍ നമ്മള്‍ക്ക് വീണ്ടും സിനിമകള്‍ ചെയ്യാനും ചെയ്യുന്ന കാര്യങ്ങള്‍ കുറെക്കൂടെ നന്നായി ചെയ്യാനും നല്ല തെരഞ്ഞെടുപ്പ് നടത്താനുമൊക്കെ നമ്മളെ സഹായിക്കും. ആ അര്‍ത്ഥത്തില്‍ ഫെസ്റ്റിവല്‍ ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുകയാണ്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍