UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെ വളര്‍ത്തിയെടുക്കേണ്ട ഒന്നാണോ ദേശീയത?

Avatar

ടീം അഴിമുഖം 

സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും ഏതന്‍സ്, 1900-കളിലെ വിയന്ന, നവോത്ഥാന കാലഘട്ടത്തിലെ ഫ്ലോറന്‍സ്, 19-ആം നൂറ്റാണ്ടിലെ കല്‍ക്കട്ട – അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കുകയും ചരിത്രത്തില്‍ മനുഷ്യ പുരോഗതിയുടേതായ വലിയൊരു ഘട്ടം അടയാളപ്പെടുത്തുകയും ചെയ്ത നാടുകള്‍. 

 

മനുഷ്യ പുരോഗതിയുടെ ചരിത്രം അല്ലെങ്കില്‍ വ്യതിരിക്തമായ വ്യക്തിഗത സ്വഭാവവിശേഷങ്ങളുടെ ചരിത്രപഠനം (Historiometrics) ഏറെ വിശേഷപ്പെട്ട ഒരു പഠനശാഖയാണ്. സ്റ്റാറ്റിറ്റിക്സ് മുന്നില്‍ നിര്‍ത്തി ആധുനിക സാമൂഹികശാസ്ത്ര വിവരങ്ങള്‍ ഉപയോഗിച്ച് ചരിത്രത്തിലെ പ്രതിഭാശാലികള്‍ ഉണ്ടായതിനെക്കുറിച്ച് പഠിക്കുകയാണ് ഇവിടെ ചെയ്യുക. കലയുടെയും തത്വശാസ്ത്രത്തിന്റെയും ഉന്നതിയും ശാസ്ത്രീയ നേട്ടങ്ങളുടെയുമൊക്കെയായ ആ യുഗത്തെയാണ് ചരിത്രത്തിന്റെ വിശേഷപ്പെട്ട കാലഘട്ടമായി അത് അടയാളപ്പെടുത്തുക. 

 

Historiometrics-ല്‍ പരിശീലനം നേടിയവര്‍ പൊതുവായി എത്തിചേര്‍ന്നിട്ടുള്ള ഒന്നുണ്ട്; ചില പ്രത്യേക സ്ഥലങ്ങള്‍ സൃഷ്ടിക്കുന്ന സംസ്കാരമാണ് മനുഷ്യ പുരോഗതിയെ നിര്‍ണയിച്ചത് അല്ലെങ്കില്‍ സുദൃഡമാക്കിയത് എന്ന്. ആ സംസ്കാരത്തെ വ്യാഖ്യാനിക്കുന്നത് പങ്കുവയ്ക്കപ്പെടുന്ന മനോഭാവങ്ങള്‍, മൂല്യങ്ങള്‍, അതിനൊപ്പമുള്ള ലക്ഷ്യങ്ങള്‍ എന്നിവയെയൊക്കെയാണ്.

 

അതുകൊണ്ട് നമ്മുടെ ബഹുമാനിതരായ ചില നേതാക്കള്‍, ജഡ്ജിമാര്‍, അഭിപ്രായരൂപീകര്‍ത്താക്കള്‍ ഒക്കെ കുറച്ചു സമയം Historiometrics എന്ന പഠനശാഖ മനസിലാക്കുന്നതിന് സമയം ചെലവഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ബുധനാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ആ ഉത്തരവ് – സിനിമാഹാളില്‍ ദേശീയ ഗാനം മുഴക്കണമെന്നും ആ സമയത്ത് എഴുന്നേറ്റ് നില്‍ക്കുകയുമാണ് ഈ മഹത്തായ റിപ്പബ്ലിക്കിനോട് ആദരം പ്രകടിപ്പിക്കാനുള്ള വഴിയെന്ന – പോലുള്ളതില്‍ നാമിതുവരെ നേടിയതൊക്കെ അവസാനിക്കും. 

 

വിയോജിപ്പും വൈജ്ഞാനിക ഗുണവിശേഷണവും (Dissent And Scientific Temperament)
മനുഷ്യപുരോഗതി എന്നു പറയുന്നത് വൈജ്ഞാനിക ഗുണവിശേഷണം (Scientific temperament) ഏതു കാര്യങ്ങളിലും വിയോജിക്കാനുള്ള അവകാശം (Dissent) എന്നിവയെ അടിസ്ഥാനമാക്കിയാണ് മാനവരാശിയുടെ ഇത്രകാലത്തെ ചരിത്രത്തിനിടയില്‍ വളര്‍ന്നുന്നിട്ടുള്ളത്.

 

ഏതുവിഷയത്തോടും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ, വിയോജിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഇടങ്ങള്‍ ഉള്ള സമൂഹങ്ങളില്‍ മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ അവ രണ്ടും പരസ്പര പൂരകങ്ങളാണ്.

 

 

സ്വേച്ഛാധിപതികള്‍ വാഴുന്ന മുസ്ലീം രാജ്യങ്ങളില്‍ എന്തുകൊണ്ടാണ് ലോകനിലവാരത്തിലുള്ള ഒരു സര്‍വകലാശാലയോ എന്തെങ്കിലും മികച്ച ഗവേഷണ സ്ഥാപനങ്ങളോ ഉണ്ടാകാത്തത്? ഇത്ര കാലത്തിനിടയില്‍ എന്തുകൊണ്ടാണ് വളരെക്കുറച്ച് മുസ്ലീം ശാസ്ത്രജ്ഞര്‍ മാത്രം നോബല്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുള്ളത്? അത് ഇസ്ലാം മതത്തിന്റെ കുഴപ്പം കൊണ്ടല്ല; മറിച്ച്, അതൊരു രാഷ്ട്രീയ പദ്ധതിയിലൂടെ ഇസ്ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്ത ഒരു സംസ്കാരം അത്തരം ഏകാധിപതികള്‍ക്ക് ഇടം നല്‍കുന്നതുകൊണ്ടാണ്. അത്തരം മത, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് എത്തപ്പെടാവുന്ന ചില പരിധികളുണ്ട്; അതൊരിക്കലും മനുഷ്യപുരോഗതിയെ സഹായിക്കുകയില്ല.

 

വൈജ്ഞാനിക പ്രബുദ്ധതയും അഭിപ്രായ സ്വാതന്ത്ര്യവും നിലവിലുള്ള സമൂഹങ്ങളില്‍ നിന്നു മാത്രമേ ഇക്കാര്യങ്ങളൊക്കെ സംഭവിക്കുന്നുള്ളൂ എന്നതു തന്നെയാണ് അതിനുത്തരം. അത്തരം സംവാദങ്ങളിലൂടെയും സഹിഷ്ണുതയിലുടെയുമൊക്കെ നേടിയെടുത്ത വിശാലമായ ക്യാന്‍വാസിലാണ് പുരോഗതിയെന്ന ഇന്നു ലോകത്ത് മനുഷ്യരുടെയൊക്കെ ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ കുറച്ചൊക്കെ മെച്ചപ്പെട്ട ജീവിതാവസ്ഥ സമ്മാനിക്കുന്നതും.

 

എന്നാല്‍ ലോകത്തെല്ലായിടത്തും പുരോഗമന സമൂഹങ്ങളോ അല്ലെങ്കില്‍ അത്തരത്തിലുള്ള സാഹചര്യങ്ങളോ ഒരിക്കലും ഒരുപോലെ ഉണ്ടാകാറില്ല. അതിന് ചില ‘തെരഞ്ഞെടുത്ത സ്ഥലങ്ങള്‍’ ഉണ്ടാകാറുണ്ട്. ഗ്രീക്കായിരുന്നു ഒരിക്കല്‍ അതിന്റെ കേന്ദ്രമെങ്കില്‍ എല്ലാക്കാലത്തും അതുപോലെ മറ്റ് ക്ലസ്റ്ററുകള്‍ ഉണ്ടായി വരാറുണ്ട്. അത്തരം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ്, അവിടെയുള്ള മനുഷ്യരില്‍ നിന്നാണ് മാനവരാശിയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അന്നത്തെ കാലത്ത് ഗ്രീക്കിനെ അത് അടയാളപ്പെടുത്തിയെങ്കില്‍ നമ്മുടെ സിലിക്കണ്‍വാലി പോലെ അത് ലോകത്ത് പലയിടത്തും പല കാലങ്ങളില്‍ നടക്കുന്നുമുണ്ട്.

 

അതൊരിക്കലും ദൈവീക സൃഷ്ടിയുടേയോ ഏതെങ്കിലും പ്രത്യേക നിയമം മൂലം ഉണ്ടാക്കപ്പെടുന്നതോ അല്ല. അത്തരം തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങള്‍ – ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നത് വിരുദ്ധാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ ഇരുന്ന് തര്‍ക്കിച്ച്, യോജിപ്പിനും വിയോജിപ്പിനും ഒരോ ഇടംകൊടുക്കുമ്പോള്‍ മാത്രമാണ്. അപ്പോഴാണ് അവിടെ നിന്ന് മാനവരാശി പുതിയ തലങ്ങളിലേക്കുയരുന്നത്.

 

എന്നാല്‍ ആധുനിക സമൂഹത്തില്‍ ഇത്തരം ഇടങ്ങള്‍ക്ക്, ഇത്തരം വൈജ്ഞാനിക ശാഖകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും ഇടം കുറഞ്ഞുവരുന്നത് നാം കാണുന്നുണ്ട്. വിരുദ്ധാഭിപ്രായം ഉള്ളവര്‍ ശത്രുക്കളാവുകയും മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കണം, എങ്ങനെ ചിരിക്കണം എന്നൊക്കെ ഒരു പ്രത്യേക അധികാരകേന്ദ്രം പറയുന്നതൊക്കെ നാം കുറെക്കാലമായി കാണുന്നുണ്ട്.

 

സര്‍ക്കാര്‍ പറയുന്നതെല്ലാം ശരിയണെന്ന് പറയുന്ന മാധ്യമങ്ങള്‍ അത്തരത്തില്‍ പെരുമാറുന്നവരാണ്. അതുപോലെ തന്നെ ദേശീയതയുടെ പേരില്‍ തങ്ങളുടെ ഇടുങ്ങിയ മാനസികാവസ്ഥ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളും അത്തരത്തിലുള്ള ഒരു സമൂഹ സൃഷ്ടിയെ തടയുന്നവരാണ്.

 

ഇപ്പോള്‍, ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യങ്ങളില്‍ ഇതേ വൈജ്ഞാനിക ഗുണവിശേഷവും വിയോജിപ്പിനുള്ള സ്വാതന്ത്ര്യവും മാനിക്കാതെ നിയമ വ്യാഖ്യാനങ്ങള്‍ നടത്തുമ്പോഴും ഈ സമുഹത്തെ അത് പ്രതികൂലമായല്ലേ ബാധിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

 

സിനിമ ആത്യന്തികമായി ഒരു ജനക്കൂട്ടത്തിനു വേണ്ടി ഉണ്ടാക്കപ്പെടുന്ന കലാരൂപമാണ്. മള്‍ട്ടിപ്ലെക്‌സുകള്‍ പ്രദര്‍ശിപ്പിക്കുന്നവ മാത്രമല്ല, അധ്വാനിച്ച് വിയര്‍പ്പൊഴുക്കി ഉള്ള ദുരിതങ്ങളും കഷ്ടപ്പാടുകളുമൊക്കെ തത്കാലത്തേക്ക് ഇറക്കി വയ്ക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം, അവരുടെ ഒരു വിനോദോപാധി കൂടിയാണ് സിനിമാ തീയേറ്ററുകള്‍. അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് നമുക്ക് ദേശീയത വളര്‍ത്തിയെടുക്കാന്‍ സാധിക്കുമോ? അല്ലെങ്കില്‍ അങ്ങനെ വളര്‍ത്തിയെടുക്കേണ്ട ഒന്നാണോ ദേശീയത?

 

ചോദ്യം ചെയ്യലിന്റെയും അഭിപായ പ്രകടനങ്ങളുടേയും വൈജാത്യങ്ങളുടേയും വിയോജനങ്ങളുടേയും സംസ്‌കാരത്തില്‍ നിന്നാണ് ലോകം ഇന്നുവരെ എത്തിയിട്ടുള്ള മുഴുവന്‍ പുരോഗതിയും കൈവരിച്ചിട്ടുള്ളത്. എന്നാല്‍ ആധുനിക സമൂഹത്തില്‍ അതിനെയൊക്കെ തകിടം മറിക്കുന്ന വിധത്തില്‍ ദേശീയതയെ ഉപയോഗിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല.

 

അതുകൊണ്ടു തന്നെ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് നാം നേടിയെടുത്തത്തിനെയൊക്കെ നിരാകരിച്ചുള്ള ഒരു മടങ്ങിപ്പോക്കാണ്. എന്തുകൊണ്ടാണ് ഒരു ഡാന്‍സ് ബാറിലേക്ക് കയറുന്നതിന് മുമ്പ് ദേശീയഗാനം മുഴക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി ഉത്തരവിടാതിരുന്നത്? എന്തുകൊണ്ടാണ് എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ ദേശീയഗാനം ആലപിക്കണമെന്ന് ഉത്തരവിടാതിരുന്നത്? എന്തുകൊണ്ട് രാവിലെ നടത്തക്കാര്‍ക്ക് വേണ്ടി ദേശീയഗാനം മുഴക്കിക്കൂട? എന്തുകൊണ്ട് കോടതി തുടങ്ങുന്നതിന് മുമ്പ് ആയിക്കൂട? ജിംനേഷ്യത്തില്‍? ചായക്കടകളില്‍? എന്തുകൊണ്ട് ഒരു പ്രത്യേക നേരം രാജ്യത്തെ മുഴുവന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിക്കൂടാ? 

 

ഈ ഉത്തരവിനെ വിളിക്കേണ്ടത് ഒരു ‘പോപ്-നാഷണലിസം’ സൃഷ്ടിക്കാനുള്ള വഴികളുടെ ഒരുദാഹരണം എന്നാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍