UPDATES

സിനിമ

ജൂറി വിയര്‍ക്കും: വിനായകന്‍, അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ദിഖി, മനോജ് ബാജ്‌പേയ്, ഗുരു സോമസുന്ദരം

ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്ക്കാര മത്സരത്തിന് വന്‍ നിര

ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ചരിത്രത്തില്‍ ഇടം നേടിയെങ്കില്‍ അതിനു കാരണം വിനായകന്‍ എന്ന നടനാണ്. ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാഹചര്യങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. വാദപ്രതിവാദങ്ങളും വിവാദങ്ങളും ചീത്തവിളികളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഏതാണ്ട് എല്ലാവരും തന്നെ ഒരു നടനു വേണ്ടി മികച്ച നടനുള്ള അവാര്‍ഡിനായി വാദിക്കുന്നത്, വിനായകന്റെ കാര്യത്തില്‍ സംഭവിച്ചത് നടാടെയാണ്.

ഒടുവില്‍ ജനം ആഗ്രഹിച്ചതുപോലെ സംസ്ഥാന പുരസ്‌കാരം വിനായകനെ തേടി എത്തുകയും ചെയ്തു. വിനായകന് അവാര്‍ഡ് കിട്ടുമ്പോള്‍ അത് കേവലം ഒരു സിനിമ അവാര്‍ഡിനപ്പുറം ജാതിയുടെ, നിറത്തിന്റെ, വേര്‍തിരിവിന്റെയെല്ലാം രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് വളര്‍ന്നിരുന്നു. നിലനിന്നിരുന്ന വ്യവസ്ഥതിയുടെ തച്ചുടയ്ക്കല്‍ കൂടിയായിരുന്നു വിനായകന്‍ നേടിയെടുത്ത ആ പുരസ്‌കാരം.

കമ്മട്ടിപാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ തികഞ്ഞ കൈയടക്കത്തോടെ ചെയ്ത വിനായകന്‍ അയാള്‍ നേടിയ പുരസ്‌കാരത്തിന് തീര്‍ത്തും യോഗ്യനായിരുന്നു. നായകകഥാപാത്രങ്ങള്‍ മാത്രം മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന കീഴ്‌വഴക്കത്തിനു മുന്നില്‍ വിനായകന്‍ തള്ളപ്പെട്ടുപോകുമോ എന്ന ആശങ്കയില്ലാതാക്കി കഥാപാത്രത്തിന്റെ മികവു മാത്രം മാനദണ്ഡമാക്കി വിനായകനെ തെരഞ്ഞെടുത്ത സംസ്ഥാന ജൂറി എന്തുകൊണ്ടും തങ്ങള്‍ക്ക് വലിയൊരു അഭിനന്ദനത്തിനുള്ള അവകാശം ഉണ്ടെന്നു കൂടി വ്യക്തമാക്കിയാണ് ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഏതായാലും വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ ചിലരൊഴിച്ച് ബാക്കിയെല്ലാവരും സന്തോഷിക്കുന്നുണ്ട്. ആ സന്തോഷം ഇരട്ടിയാക്കുന്ന വാര്‍ത്തയാണു ദേശീയ അവാര്‍ഡിനുള്ള മികച്ച നടന്മാരുടെ പട്ടികയിലും വിനായകന്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍ എന്ന ഖ്യാതി കൂടി വിനായകന്‍ സ്വന്തമാക്കിയാല്‍ അതിപ്പോള്‍ അയാള്‍ ഉണ്ടാക്കിയിരിക്കുന്ന ആവേശത്തെക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും. പക്ഷേ സംസ്ഥാനതലത്തില്‍ വിനായകനോട് മത്സരിക്കാന്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കില്‍ ദേശീയതലത്തില്‍ സാഹചര്യം അങ്ങനെയല്ല. വളരെ കടുത്ത മത്സരം തന്നെ അയാള്‍ക്ക് നേരിടേണ്ടി വരും. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയുടെ മുന്നില്‍ മികച്ച നടനാകാന്‍ ഇത്തവണ എത്തിയിരിക്കുന്നവരുടെ പേരുകള്‍ കേട്ടാല്‍ ആ മത്സരത്തിന്റെ കാഠിന്യം മനസിലാകും.

പിങ്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍, രമണ്‍ രാഘവ് 2.0 ലെ പ്രകടനത്തിനു നവാസുദ്ദീന്‍ സിദ്ദിഖി, അലിഗഡ് എന്ന സിനിമയിലൂടെ മനോജ് ബാജ്‌പേയ്, ജോക്കര്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഗുരു സോമസുന്ദരം എന്നിവരാണ് വിനായകനുമായി മത്സരത്തിന് നില്‍ക്കുന്നത്. അഞ്ചുപേരും ഒന്നിനൊന്നായി മെച്ചത്തോടെ തങ്ങളുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആരായിരിക്കും മികച്ച നടനെന്ന കാര്യത്തില്‍ ദേശീയ ജൂറി നന്നേ വിയര്‍ക്കും.

അമിതാഭ് ബച്ചന്‍(ചിത്രം പിങ്ക്)
അനിരുദ്ധ റോയി ചൗധരി സംവിധാനം ചെയ്ത പിങ്ക് എന്ന ചിത്രത്തില്‍ ദീപക് സെഗാള്‍ എന്ന അഭിഭാഷകന്റെ വേഷമാണ് അമിതാഭ് ബച്ചനെ മികച്ച നടനുള്ള നാമനിര്‍ദേശത്തിനു വഴിയൊരുക്കിയത്. ഒരു സ്ത്രീപക്ഷ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന പിങ്കില്‍ ബച്ചന്റെ വൃദ്ധനായ വക്കീല്‍ വേഷം ഭാവോജ്ജ്വലമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ദീപക് സേഗാളിലൂടെ ബച്ചന്‍ ഒരിക്കല്‍ കൂടി പുരസ്‌കാരം നേടുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ദേശീയ പുരസ്‌കാരം ആയിരിക്കും. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ നടന്‍ എന്ന റെക്കോര്‍ഡ് അമിതാഭ് ബച്ചന് ഒന്നുകൂടി ഉറപ്പിക്കാം.

നവാസുദ്ദീന്‍ സിദ്ദിഖി( ചിത്രം രമണ്‍ രാഘവ് 2.0)
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ രമണ്‍ രാഘവ് 2.0 ല്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന രമണ്‍ എന്ന സൈക്കോപാതിക് സീരിയല്‍ കില്ലറുടെ വേഷമാണ് നവാസുദ്ദീന്‍ സിദ്ദിഖി ചെയതത്. സിദ്ദിഖിക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുത്ത വേഷമാണ് രമണ്‍. ബോളിവുഡ് ബോക്‌സ് ഓഫിസില്‍ വിജയം നേടിയ ചിത്രം കാനില്‍ അടക്കം പ്രദര്‍ശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയുടെ പ്രകടനത്തെ ഗംഭീരമെന്നാണ് കണ്ടവരെല്ലാം പറയുന്നത്. 2012ല്‍ തലാഷ്, കഹാനി, ഗാംഗ്‌സ് ഓഫ് വസേപൂര്‍, ദേക് ഇന്ത്യന്‍ സര്‍ക്കസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയതലത്തില്‍ സെപ്ഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രമണ്‍ രാഘവിലെ പ്രകടനത്തിലൂടെ സ്വന്തമാക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഗുരു സോമസുന്ദരം( ചിത്രം ജോക്കര്‍)
തെന്നിന്ത്യന്‍ സിനിമകളില്‍ മലയാളത്തില്‍ നിന്നും വിനായകനു പുറമെ തമിഴില്‍ നിന്നും മികച്ച നടനുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് ഗുരു സോമസുന്ദരം ആണ്. രാജു മുരുഗന്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപ സിനിമയായ ജോക്കര്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനും മുന്‍പിലുണ്ട്. നാടകരംഗത്തു നിന്നും സിനിമയില്‍ എത്തിയ സോമസുന്ദരം ആദ്യചിത്രമായ ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ തന്നെ ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.മലയാളികള്‍ക്ക് സോമസുന്ദരത്തെ പരിചയം അഞ്ചു സുന്ദരികള്‍ എന്ന സിനിമക്കൂട്ടത്തിലെ സേതുലക്ഷ്മി എന്ന സിനിമയിലെ ഫോട്ടോഗ്രാഫറായിട്ടാണ്. ഇതിനു പിന്നാലെ ആസിഫ് അലി നായകനായ കോഹിനൂരില്‍ നായ്ക്കര്‍ എന്ന കഥാപാത്രമായും സോമസുന്ദരം മലയാളത്തില്‍ എത്തിയിരുന്നു.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ വിമര്‍ശനാത്മകമായി പരിഹസിക്കുന്ന ജോക്കറില്‍ മന്നാര്‍ മന്നന്‍ എന്ന കഥാപാത്രത്തെയാണു സോമസുന്ദരം അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡില്‍ നിലവിലുള്ള മത്സരത്തില്‍ ഏറെ മുമ്പിലും സോമസുന്ദരമാണ്.

മനോജ് ബാജ്‌പേയ്( അലിഗഡ്)
അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഭാഷാധ്യാപകനും എഴുത്തുകാരനുമായ ശ്രീനിവാസ് രാമചന്ദ്ര സൈറസിന്റെ ജീവിതം പറഞ്ഞ, ഹന്‍സാല്‍ മെഹ്ത്ത സംവിധാനം ചെയ്ത അലിഗഡില്‍ സൈറസിന്റെ കഥാപാത്രം അവതരിപ്പിച്ച മനോജ് ബാജ്‌പേയ് ഇത്തണ ദേശീയ അവാര്‍ഡ് പുരസ്‌കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതടക്കം വലിയതോതിലുള്ള നിരൂപകപ്രശംസയ്ക്ക് മനോജിനെ അലിഗഡിലെ പ്രകടനം അര്‍ഹനാക്കി. അലിഗഡിലെ പ്രകടനത്തില്‍ ജൂറിയുടെ തീരുമാനം ഉറച്ചു നിന്നാല്‍ മനോജ് ബാജ്‌പേയി തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം സ്വന്തമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍