UPDATES

ട്രെന്‍ഡിങ്ങ്

ജെഡിയുവിനും അണ്ണാഡിഎംകെയ്ക്കും ഇടം; ഫഡ്‌നാവിസും കേന്ദ്രത്തിലേക്ക്; മന്ത്രിസഭ വികസനം ഉടന്‍

സുരേഷ് പ്രഭുവിന്റെ പിന്‍ഗാമിയായി മമതയുടെ മുന്‍ വിശ്വസ്തനെ കൊണ്ടുവരാന്‍ മോദി

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഈ മാസം 26 നും സെപ്തംബര്‍ അഞ്ചിനും ഇടയില്‍ ആയിരിക്കും പുനഃസംഘടന നടക്കുക എന്നറിയുന്നു. പ്രധാനമായും എന്‍ഡിഎയുടെ ഭാഗമായി വീണ്ടുമെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനും എഐഎഡിഎംകെ(ഇവര്‍ ഔദ്യോഗികമായി എന്‍ഡിഎ പ്രവേശനപ്രഖ്യാപനം നടത്തിയിട്ടില്ല) എന്നിവര്‍ക്ക് മന്ത്രിസഭയില്‍ പ്രധാന്യം നല്‍കുന്നതിനാണ് ഇപ്പോഴത്ത പുനഃസംഘടനയെന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നിതീഷ് കുമറിന്റെ പ്രതിനിധികള്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും എ ഐ എ ഡി എം കെ പ്രതിനിധികള്‍ സഹമന്ത്രിമാരും ആകുമെന്നാണ് വിവരം.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റം മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയില്‍ നിന്നും കേന്ദ്ര മന്ത്രി പദത്തിലേക്കുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വരവായിരിക്കും. ഫഡ്‌നാവിസിന്റെ പിന്‍ഗാമിയായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടില്‍ മുഖ്യമന്ത്രിയാകും.

അതേസമയം ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ചൂടേറിയ മറ്റൊരു ചര്‍ച്ച ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ കേന്ദ്രമന്ത്രിസഭ പ്രവേശനമാണ്. പക്ഷേ എന്‍സിപി ഇപ്പോഴും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. എന്നാല്‍ ഇരുപാര്‍ട്ടിക്കുമിടയില്‍ വലിയ അകല്‍ച്ചയുമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്നും പവാര്‍ വിട്ടു നില്‍ക്കുകയാണ്. അതേസമയം മോദിയുമായി കൂടുതല്‍ അടുക്കാനും ശരദ് പവാര്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എന്‍സിപിയും എന്‍ഡിഎയുടെ ഭാഗമാകുമെന്ന വിലയിരുത്തലും സുപ്രിയയുടെ മന്ത്രിസ്ഥാനവും സംസാരവിഷയമായിരിക്കുന്നത്. എന്നാല്‍ മോദിക്കോ അമിത് ഷായ്‌ക്കോ ഒഴിച്ച് മറ്റാര്‍ക്കും ഇതിനുത്തരം നല്‍കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അറിയാം.

ഇതുവരെയുള്ള പ്രകടനം നോക്കി മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും ഒഴിവാക്കലും പുനഃസംഘടനയുടെ ഭാഗമായി നടക്കുമെന്നും ശ്രുതിയുണ്ട്. ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് കാബിനറ്റ് റാങ്ക് കിട്ടിയേക്കും. മുതിര്‍ന്ന ബിജെപി നേതാവ് കല്‍രാജ് മിശ്ര ഒഴിവാക്കപ്പെടും. 75 വയസു കഴിഞ്ഞവര്‍ വേണ്ട എന്ന മോദിയുടെ തീരുമാനമാണ് മന്ത്രിസഭയില്‍ നിന്നും മിശ്രയെ തെറിപ്പിക്കുന്നത്. മറ്റു ചിലരും മുന്‍മന്ത്രിമാരായി മാറാന്‍ സാധ്യതയുണ്ട്.

ഉത്തര്‍പ്രദേശില്‍ നടന്ന രണ്ടു ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് വകുപ്പ് മാറ്റം ഉണ്ടായേക്കാം. എന്നാല്‍ മന്ത്രിസഭയില്‍ നിന്നും തന്റെ വിശ്വസ്തനായ പ്രഭുവിനെ മാറ്റാന്‍ മോദി ആഗ്രഹിക്കുന്നില്ല.

പ്രഭുവിന്റെ പകരക്കാരനായി മോദി കണ്ടു വച്ചിരിക്കുന്നത് മുന്‍ യുപിഎ കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത ദിനേഷ് ത്രിവേദിയെ ആണെന്നാണ് കേള്‍ക്കുന്നത്. 2012 ല്‍ മമത മുഖ്യമന്ത്രിയായതോടെ കേന്ദ്രമന്ത്രിസഭയില്‍ അവര്‍ വഹിച്ചിരുന്ന റെയില്‍ വകുപ്പ് ത്രിവേദിക്കു നല്‍കുകയായിരുന്നു. ദിനേഷ് ത്രിവേദി പിന്നീട് തൃണമൂലില്‍ നിന്നും രാജിവച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍