UPDATES

വിദേശം

ട്രംപിന്റെയും ജേര്‍ഡ് കുഷ്‌നറുടെയും സാമ്പത്തിക നീക്കങ്ങൾ സംശയാസ്പദം; വെളിപ്പെടുത്തലുമായി ഡോചെ ബാങ്ക് ഉദ്യോഗസ്ഥൻ

ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡ്യൂഷെ ബാങ്കിനെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2016നും 2017-നും ഇടയില്‍ ഡൊണാള്‍ഡ് ട്രംപും ജേര്‍ഡ് കുഷ്‌നറും തമ്മില്‍ സംശയാസ്പദമായ രീതിയില്‍ സാമ്പത്തിക നീക്കങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡോചെ ബാങ്കില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വരുന്നത്. കള്ളപ്പണം തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കിടെയാണ് കൃതൃമത്വം കണ്ടെത്തിയതെന്നും, അത് ഫെഡറല്‍ ഗവണ്‍മെന്റിനെ അറിയിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും ഒരു ബാങ്ക് ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് സാധ്യത കാണുന്നതിനാല്‍ അന്വേഷണത്തിനായി അമേരിക്കന്‍ ട്രഷറിയില്‍ ഫയല്‍ ചെയ്യാനാണ് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, ജീവനക്കാര്‍ നല്‍കിയ ശുപാര്‍ശയെ മറികടന്നുകൊണ്ട് വിഷയം സര്‍ക്കാരിനെ അറിയിക്കാതിരിക്കാനാണ് മേലുദ്യോഗസ്ഥര്‍ ശ്രമിച്ചത്.

ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡ്യൂഷെ ബാങ്കിനെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ മരുമകനും സീനിയര്‍ അഡൈ്വസറുമാണ് ജേര്‍ഡ് കുഷ്നര്‍. ബാങ്കില്‍ നിന്നും ട്രംപ് രണ്ട് ബില്യണോളം പണം വാങ്ങിയിട്ടുണ്ട്. 300 മില്യണ്‍ കുടിശ്ശികയും ഉണ്ട്.

ട്രംപ് ഓര്‍ഗനൈസേഷനും ഡ്യൂഷെ ബാങ്കും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആരോപണങ്ങള്‍ ഡെമോക്രാറ്റുകള്‍ പ്രതിനിധി സഭയില്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ധനകാര്യ – രഹസ്യാന്വേഷണ കമ്മിറ്റികള്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി. ബാങ്കിനോട് രേഖകള്‍ ആവശ്യപ്പെട്ടത് പ്രസിഡന്റിനേയും കുടുംബത്തിനേയും അപമാനിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രമക്കേടുകള്‍ സംബന്ധിച്ച് സൂക്ഷ്മ പരിശോധനകള്‍ നടത്തി വരികയാണെന്ന് ഡോചെ ബാങ്ക് വ്യക്തമാക്കി. അതേസമയം, ബാങ്കുമായി യാതൊരു ക്രമക്കേടും നടത്തിയിട്ടില്ലെന്ന് ട്രംപ് ഓര്‍ഗനൈസേഷനും പ്രതികരിച്ചു. ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് കുഷ്‌നര്‍ കമ്പനീസും രംഗത്തെത്തി.

Read More:ന്യൂസീലാന്‍ഡ് ആക്രമണത്തിനു കാരണം മുസ്ലിം കുടിയേറ്റമെന്ന് ആരോപിച്ച ഓസ്ട്രേലിയൻ സെനറ്റർക്ക് പരാജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍