UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകളെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തുന്നതില്‍ ഒഡീഷ ഒന്നാമത്

പീഢനങ്ങളെല്ലാം കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതും വ്യാപകം

ഇന്ത്യയില്‍ സ്ത്രീകളെ പൊതുജനമധ്യത്തില്‍ നിര്‍ബന്ധിത വസ്ത്രാക്ഷേപത്തിന് വിധേയമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഒഡീഷയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, ഈ പീഢനങ്ങളെല്ലാം കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നതും സംസ്ഥാന പോലീസിന് കൂടുതല്‍ തലവേദനയായി മാറുന്നു. 2014ലാണ് സ്ത്രീകളെ നഗ്നരാക്കുന്നതിനായി ആക്രമിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്ന കേസുകളെ പ്രത്യേക പട്ടികയില്‍ പെടുത്താന്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ തീരുമാനിച്ചത്. ഇതിനുശേഷം വന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 6,412 കേസുകളില്‍ 18 ശതമാനവും നടന്നത് ഒഡീഷയിലാണ്.

2015ല്‍ ഇത് 23 ശതമാനമായിരുന്നെങ്കില്‍ 2016ല്‍ 22 ശതമാനമായിരുന്നു. ഈ പട്ടികയില്‍ ഒഡീഷയാണ് മുന്‍പന്തിയിലെന്നത് അതിശയപ്പിക്കുന്നതാണെന്നും എന്നാല്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ തെറ്റാന്‍ വഴിയില്ലെന്നുമാണ് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഡോ. സുധാംശു സാരംഗി പറയുന്നു. എന്നാല്‍, വസ്ത്രാക്ഷേപം നടത്താനുള്ള ശ്രമങ്ങളില്‍ പലതിലും യഥാര്‍ത്ഥത്തില്‍ ഇര നഗ്നയാക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നാണ് സുധംശുവിന്റെ അഭിപ്രായം. ഉദാഹരണത്തിന് ഒരു ഗ്രാമത്തില്‍ നടന്ന വഴക്കിനിടയില്‍ ഒരു വ്യക്തിയുടെ സാരി ഉയര്‍ത്താന്‍ മറ്റൊരാള്‍ ശ്രമിച്ചെന്നും അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സുധാംശു പറയുന്നു.

2012ലെ ഡല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്നാണ് ബലംപ്രയോഗിച്ചുള്ള വസ്ത്രാക്ഷേപ ശ്രമങ്ങളെ 2013ലെ ക്രിമിനല്‍ നിയമ ഭേദഗതി ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ജാമ്യമില്ല വകുപ്പാണ് ഇത്. കുറ്റം തെളിയുന്ന പക്ഷം മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക സ്ത്രീ വിഭാഗങ്ങളുള്ള പോലീസിന്റെ മികച്ച റിപ്പോര്‍ട്ടിംഗ് നിലവാരമാണ് പട്ടികയിലെ ഉയര്‍ന്ന സ്ഥാനം സൂചിപ്പിക്കുന്നതെന്നാണ് ഭുവനേശ്വര്‍-കട്ടക് പോലീസ് കമ്മീഷണര്‍ വൈബി ഖുറാനിയ പറയുന്നു. എന്നാല്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഈ പ്രവണതയെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു.

അപകീര്‍ത്തികരമായ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു എന്ന ആരോപിച്ച് 93 ഇരകള്‍ ഈ വര്‍ഷം പോലീസിനെ സമീപിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 40 പേരാണ് കേസുകൊടുക്കാന്‍ മുന്നോട്ട് വന്നത്. ബരിപാഡ, ബാര്‍ഗഡ്, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നടന്ന അതിക്രമങ്ങളില്‍ അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരോടൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളാണ് അതിക്രമങ്ങള്‍ക്ക് ഇരയായതെന്ന് പോലീസ് പറയുന്നു.

ഒഡിഷ ഒരു ജന്മിത്വ സംസ്ഥാനമായിരുന്നുവെന്നും സമീപകാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലമായി സംസ്ഥാനം മാറിയിട്ടുണ്ടെന്നും ഒഡീഷയിലെ സ്ത്രീ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്ന ഡോ. ഹിരണ്‍മയീ മിശ്ര പറയുന്നു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിലെ ധാര്‍മ്മികതയെ കുറിച്ച് വലിയ അവബോധമില്ലാത്ത സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുന്ന നിലയിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ പോലുള്ള ഉപകരണങ്ങളുടെ വിലയിടിഞ്ഞിരിക്കുന്നു. ജന്മിത്വ, പുരുഷാധിപത്യ സമൂഹം പുതിയ സാങ്കേതികവിദ്യയിലേക്ക് തുറന്നുവിടപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ എന്നാണ് അവരുടെ നിഗമനം.

പുരുഷ സുഹൃത്തിനോ സഹപ്രവര്‍ത്തകനോ ഒപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ സദാചാര നിഷ്ഠയില്ലാത്തവരാണ് എന്നാണ് ഒഡീഷയിലെ പൊതുജനബോധമെന്ന് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ അദ്ധ്യാപിക പരിണീത ത്രിപാഠി പറയുന്നു. ആണ്‍ സുഹൃത്തിനോടൊപ്പം പരസ്യമായി സഞ്ചരിച്ചതിന്റെ പേരില്‍ ഒരു സംഘം പുരുഷന്മാരാല്‍ നഗ്നയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ തനിക്ക് നേരിട്ടറിയാമെന്നും അവര്‍ പറഞ്ഞു. ശിക്ഷകള്‍ പ്രധാനമാണെങ്കിലും പൊതുജന അവബോധം വര്‍ദ്ധിപ്പിക്കലാണ് വിഷയത്തിനുള്ള ശാശ്വത പരിഹാരമെന്ന് ഉത്കല്‍ സര്‍വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അദ്ധ്യാപിക ഡോ. നമിത മൊഹന്തി പറയുന്നു.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒഡീഷ മൂന്നാം സ്ഥാനത്താണ്. 2015ലെ ലൈംഗീക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനമാണ് ഉണ്ടായിരുന്നതെന്ന സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ ലോപമുദ്ര ബുക്‌സിപത്ര പറയുന്നു. അവബോധം മെച്ചപ്പെട്ടതോടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകാം ഈ ഉയര്‍ന്ന നിരക്കിന് കാരണമെന്നാണ് അവരും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍