UPDATES

വായന/സംസ്കാരം

ദേശീയ നാടകോത്സവം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്; ‘ഖസാക്കിന്റെ ഇതിഹാസം’ ഉദ്ഘാടന നാടകം

മലയാളം, ഹിന്ദി, മണിപ്പൂരി, സംസ്‌കൃതം, ബംഗാളി, കന്നഡ, മറാഠി, തമിഴ് ഇംഗ്ലീഷ് ഭാഷകളിലുള്ള 17 നാടകങ്ങളാണ് അരങ്ങിലെത്തുന്നത്

അരങ്ങിന്റെ നവീനമായ പ്രയോഗസാധ്യതകള്‍ സംസ്‌കാരിക വൈവിധ്യങ്ങളുടെ മേളനം, വ്യത്യസ്ത അനുഭവങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ട്  ദേശീയ നാടകോത്സവത്തിന് തലസ്ഥാനത്ത് ഇന്ന്  തുടക്കമാവും. ഇന്ന് വൈകുന്നേരം 7 മണിക്ക്   മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നവദേശീയതയുടെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്ന നാടകങ്ങള്‍ ചെറുത്തുനില്‍പ്പുകളിലൂടെ രാഷ്ട്രീയ ആവിഷ്‌കാരം തേടുന്ന വേളയിലാണ് മലയാളം, ഹിന്ദി, മണിപ്പൂരി, സംസ്‌കൃതം, ബംഗാളി, കന്നഡ, മറാഠി, തമിഴ് ഇംഗ്ലീഷ് ഭാഷകളിലുള്ള 17 നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.

മലയാള സാഹിത്യലോകത്തെ ഇതിഹാസമായ ഒ.വി. വിജയന്റെ നോവല്‍ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ രംഗാവിഷ്‌കരണമാണ് ഉദ്ഘാടന നാടകമായി അരങ്ങിലെത്തുന്നത്. ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ച ഖസാക്കിന്റെ ഇതിഹാസം തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതിയാണ് വേദിയിലെത്തിക്കുന്നത്. ഇതിഹാസ ഭൂമിയായ ഖസാക്കിലെ പുരാവൃത്തങ്ങളേയും ഗ്രാമീണ ജീവിതങ്ങളേയും നവ രംഗാവിഷ്‌കാര രീതികളിലൂടെ ശക്തമായ അനുവര്‍ത്തനം നടത്തുകയാണ് ദീപന്‍ ശിവരാമന്‍. അഗ്നി, ജലം, മണ്ണ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ തന്‍മയത്വത്തോടെ ഈ നാടകം ആവാഹിക്കുന്നു. ഖസാക്കെന്ന മതേതരത്വത്തിന്റെയും കാരുണ്യത്തിന്റേയും ഒറ്റപ്പെട്ട സ്ഥലികളില്‍ ഭ്രമാത്മകതയുടെ ധ്വനിപാഠങ്ങള്‍ പുനര്‍വായിക്കപ്പെടുകയാണ് ഇവിടെ. മാര്‍ച്ച് 17, 18 തീയതികളിലും വൈകിട്ട് ഇതേ വേദിയില്‍തന്നെ ഈ നടകം അരങ്ങേറും.

യുദ്ധവും സമാധാനവുമെന്ന വൈരുദ്ധ്യത്തെ പാവകളിലൂടെയും മുഖംമൂടികളിലൂടെയും നിഴലുകളിലൂടെയും രംഗാവതരണമാണ് അനുരൂപ് റോയ് സംവിധാനം ചെയ്ത ‘മഹാഭാരത’ എന്ന ഹിന്ദി നാടകം. ന്യൂഡല്‍ഹി പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ് അവതരിപ്പിക്കുന്ന നാടകം 17 ന് വൈകീട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. രാത്രി 7. 45 ന് കണ്ണനുണ്ണി സംവിധാനം ചെയ്ത ’12 മെഷീന്‍സ്’ എന്ന മള്‍ട്ടിലിംഗ്വല്‍ നാടകം കാവാലം അരങ്ങില്‍ (ടാഗോര്‍ തീയേറ്റര്‍ ഗ്രൗണ്ട്) അവതരിപ്പിക്കും. മനുഷ്യയന്ത്രങ്ങള്‍ കഥപറയുമ്പോള്‍ രൂപപ്പെടുന്ന സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയാണ് നാടകത്തിന്റെ പ്രമേയം വികസിക്കുന്നത്.

ഭാസന്റെ നാടകമായ ‘മധ്യമവ്യായോഗം’ മാര്‍ച്ച് 18 ന്  വേദിയിലെത്തും. അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത നാടകമാണിത്. മധ്യമനായ ഭീമനും പുത്രന്‍ ഘടോത്കചനും കണ്ടുമുട്ടുന്ന കാവ്യാത്മകമായ നാട്യാവിഷ്‌കാരമാണ് മദ്ധ്യമവ്യായോഗം. കാവാലം സ്‌റ്റേജില്‍ രാജശ്രീ സാവന്ത് വാഡ സംവിധാനം നിര്‍വ്വഹിച്ച മറാഠി നാടകം ‘ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ്’ അവതരിപ്പിക്കും. ഒരു ലാവണി കലാകാരിയുടെ ജീവിതമാണ് നാടകത്തിന്റെ ഉള്ളടക്കം.

മഹര്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ജാതിയ അടിച്ചമര്‍ത്തലുകളുടെ നേര്‍ചിത്രം ആവിഷ്‌ക്കരിക്കുന്ന നാടകമാണ് ‘ഔട്ട്കാസ്റ്റ്’. രണ്‍ധീര്‍ കുമാറിന്റെ സംവിധാനത്തില്‍ ബീഹാറിലെ രാഗ് അവതരിപ്പിക്കുന്ന ഈ നാടകം മാര്‍ച്ച് 19 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന ‘ഒരു എന്തിന് എന്തിന് പെണ്‍കുട്ടി’ രാത്രി എട്ടിന് കാവാലം സ്റ്റേജില്‍. അലിയാര്‍. കെ സംവിധാനം ചെയ്ത ഈ നാടകം ആദിവാസി സമൂഹങ്ങളിലും ഗോത്രങ്ങളിലും നിലനില്‍ക്കുന്ന വര്‍ഗ്ഗ-ലിംഗ അസമത്വങ്ങള്‍ തുറന്നുകാട്ടുന്നു.

കന്‍ഹയ്‌ലാല്‍ സംവിധാനം ചെയ്ത മണിപ്പൂരി നാടകം ‘പെബറ്റ്’ 20 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അനാവരണം ചെയ്യുന്ന നാടോടിക്കഥകളിലൂടെ വികസിക്കുന്ന നാടകം മണിപ്പൂരിലെ രാഷ്ട്രീയ സാംസ്‌കാരിക നിലങ്ങളെ ഇഴചേര്‍ക്കുന്നു. ടി.വി. കൊച്ചുബാവയുടെ ‘ഉപന്യാസം’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജോസ് കോശി സംവിധാനം ചെയ്ത ‘ചരിത്രപുസ്തകത്തിലേക്കൊരേട്’ എന്ന മലയാള നാടകം 20 ന് രാത്രി എട്ടിന് കാവാലം സ്റ്റേജില്‍ അവതരിപ്പിക്കും. സൈക്കിള്‍ യജ്ഞക്കാരുടെ നാടോടി ജീവിതവും അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും തമാശകളും നാടകത്തിന് ദാര്‍ശനികമാനം നല്‍കുന്നു.

സന്ദീപ് ഭട്ടാചാര്യ സംവിധാനം നിര്‍വ്വഹിച്ച ബംഗാളി നാടകം ‘സന്താപ്’ 21 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍. ഭിന്നലിംഗക്കാരുടെ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജീവിതം അനാവരണം ചെയ്യുന്ന നാടകം സമൂഹം അവര്‍ക്കെതിരെ കാണിക്കുന്ന അസമത്വങ്ങളും തുറന്നുകാട്ടുന്നു. രാത്രി എട്ടുമണിക്ക് എസ്. മുരുഗഭൂപതി ബൂബാലന്‍ സംവിധാനം ചെയ്ത തമിഴ്‌നാടകം ‘മിരുഗവിദൂഷഗം’ കാവാലം വേദിയില്‍. മറ്റുള്ളവരുടെ കൈകളിലെ ഉപകരണങ്ങളായിത്തീരുന്ന ജീവിതങ്ങളാണ് നാടകം ചിത്രീകരിക്കുന്നത്.  മനുഷ്യരെല്ലാം വിദൂഷകരാണ് എന്ന തിരിച്ചറിവാണ് നാടകം നല്‍കുന്നത്.

പ്രശാന്ത് നാരായണ്‍ സംവിധാനം ചെയ്ത ഭാസന്റെ ‘സ്വപ്‌നവാസവദത്തം’ എന്ന കന്നഡ നാടകം 22 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. വിഖ്യാതമായ ഉദയന കഥയെ അവതരിപ്പിക്കുമ്പോള്‍ തന്നെ സ്വപ്‌നവും മനുഷ്യനും തമ്മിലുള്ള ബന്ധവും മനഃശാസ്ത്രപരമായ പഠനവും ഈ നാടകത്തിലൂടെ മുന്നോട്ടുവെയ്ക്കുന്നു. രാത്രി എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒവ്‌ല്യാകുലി ഖോഡ്ജാകുലി സംവിധാനം ചെയ്ത ‘ടു കില്‍ ഓര്‍ നോട്ട് ടു കില്‍’ എന്ന നാടകം കാവാലം വേദിയില്‍. ഷേക്‌സ്പിയറുടെ ഹാംലറ്റിനെയും യൂറിപ്പിഡീസിന്റെ മീഡിയയേയും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ നാടകം സമകാലീന സ്ത്രീയുടെ ദുരവസ്ഥ വെളിപ്പെടുത്തുന്നു.

ആന്‍റണ്‍ ചെക്കോവിന്റെ ‘ദ ബെസ്റ്റ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ശ്രീജിത് രമണന്‍ സംവിധാനം ചെയ്ത ‘ഏകാന്തം’ 23 ന് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും. യുക്തിക്കും അയുക്തിക്കും യാഥാര്‍ത്ഥ്യത്തിനു അയഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുമ്പോള്‍ രൂപപ്പെടുന്ന സമകാലിക ജീവിതങ്ങളാണ് നാടകത്തിന്റെ പ്രമേയം. രാത്രി എട്ടിന് കാവാലം വേദിയില്‍ ലോകേഷ് ജെയിന്‍ സംവിധാനം ചെയ്ത ഹിന്ദി നാടകം ‘ഭാരത് മാതാ കീ ജയ്’ അവതരിപ്പിക്കും. ഖ്വാജ അഹമ്മദ് അബാസിന്റെ ചെറുകഥയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഈ നാടകം അഞ്ചു സ്ത്രീകളുടെ ജീവിതം ഒരു സ്ത്രീയുടെ രംഗാവതരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

അധികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന പെണ്ണിടങ്ങളിലേക്ക് വിമോചനത്തിന്റെ സന്ദേശവുമായെത്തുന്നു ‘കാളി’ എന്ന മലയാള നാടകം. ചന്ദ്രദാസന്റെ സംവിധാനത്തില്‍ എറണാകുള ലോകധര്‍മി അവതരിപ്പിക്കുന്ന ഈ നാടകം 24 ന് വൈകുന്നേരം ആറിന് ടാഗോര്‍ തീയേറ്ററില്‍ അവതരിപ്പിക്കും. എട്ടിന് അരുണ്‍ലാല്‍ സംവിധാനം ചെയ്ത ‘ചില്ലറ സമരം’ കാവാലം അരങ്ങില്‍ അവതരിപ്പിക്കും. സാധാരണക്കാരുടെ സ്പന്ദനങ്ങളെ തിരിച്ചറിയുന്ന നാടകം ചെറുകിട കച്ചവടക്കാരുടെ ജീവിതത്തില്‍ അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്ന ഗുണകരമല്ലാത്ത പുരോഗതികളെ തുറന്നുകാട്ടുന്നു.

നാടകചരിത്രം – പ്രഭാഷണ പരമ്പര
ദേശീയ നാടകോത്സവ വേദിയില്‍ നാടകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ടാഗോര്‍ തീയേറ്റര്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രഭാഷണപരമ്പര. 17 ന് മലയാളനാടകം എഴുപതിനും തൊണ്ണൂറിനും ഇടയില്‍ എന്ന വിഷയത്തില്‍ ടി.എം. എബ്രഹാം, 18 ന് മലബാര്‍ നാടകവേദി എന്ന വിഷയത്തില്‍ എ.വി. അജയകുമാര്‍, 19 ന് ആദ്യകാല മലയാള നാടകവും തമിഴ് സംഗീത നാടകവും എന്ന വിഷയത്തില്‍ രാധാകൃഷ്ണന്‍, 20 ന് സാമൂഹിക നവോത്ഥാനവും നാടകവും എന്ന വിഷയത്തില്‍ ദിലീപന്‍ മാഷ്, 21 ന് സ്ത്രീനാടകവേദി എന്ന വിഷയത്തില്‍ സി.എസ്. ചന്ദ്രിക, 22 ന് സമകാലീന മലയാള നാടകരംഗം എന്ന വിഷയത്തില്‍ ഉമ്മര്‍ തറമ്മേല്‍, 23 ന് നാല്പതുകളിലെയും അറുപതുകളിലെയും മലയാള നാടകം എന്ന വിഷയത്തില്‍ പ്രൊഫ. അലിയാര്‍ എന്നിവര്‍ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം നല്‍കും.

നാടന്‍പാട്ടിന്റെ നാട്ടുതാളം
ദേശീയ നാടകോത്സവവേദിയുടെ സായാഹ്നങ്ങളെ സംഗീതസാന്ദ്രമാക്കാന്‍ വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന നാടന്‍ സഗീതപരിപാടികള്‍. മാര്‍ച്ച് 17, 18 തീയതികളില്‍ ശാസ്താംകോട്ട പാട്ടുപുര നാടന്‍പാട്ട് സംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 19, 20 തീയതികളില്‍ തിരുവല്ല തായില്ലം അവതരിപ്പിക്കുന്ന ചെക്കല്‍ ഫോക്ക് ഫ്യൂഷന്‍, 22, 23 തീയതികളില്‍ ചങ്ങനാശ്ശേരി റിസര്‍ച്ച് ആന്‍ഡ് ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന വാമൊഴിയാട്ടം എന്നിവ ടാഗോര്‍ തീയേറ്റര്‍ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അരങ്ങേറും.

നാടകവേദിയെ ധന്യമാക്കാന്‍ ദേവരാജഗീതം
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മധുരിത ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ദേവരാജന്‍ മാസ്റ്ററുടെ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘ദേവഗീതങ്ങള്‍’ ഒഎന്‍വി സ്മൃതിവേദിയെ ധന്യമാക്കും. ഈമാസം 21 നാണ് ദേവഗീതം വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്.

ഈണങ്ങള്‍കൊണ്ട് സിനിമയിലും നാടകവേദിയിലും മാസ്മരിക ലോകം സൃഷ്ടിച്ച ദേവരാജന്‍ മാസ്റ്ററുടെ നാടകഗാനങ്ങളാണ് അനുവാചകര്‍ക്ക് ഏറെയിഷ്ടം. അവയുടെ പുനരാവിഷ്‌കരണം തലസഥാന നഗരവാസികള്‍ക്ക് മധുരതരമായൊവരു അനുഭവമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍