UPDATES

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് വിവാദപരമായ പോലീസ് ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിട്ടുള്ള സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികൃഷ്ണ ലോയയുടെ അപ്രതീക്ഷിത മരണത്തിലെ ദുരൂഹമായ ഏടുകള്‍ പുറത്തുവരുന്നു. അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് വിവാദപരമായ പോലീസ് ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി കഴിഞ്ഞിരുന്നു. 2014 ഡിസംബര്‍ ഒന്നിന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ജസ്റ്റിസ് ലോയ അന്തരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോയയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മരണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ 2016 നവംബറിനും ഈ വര്‍ഷം നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ നടത്തിയ സംഭാഷണങ്ങളാണ് മരണത്തെ കുറിച്ച് സംശയം ഉയര്‍ത്തുന്നത്. താന്‍ നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ താക്ലെ കാരവന്‍ മാസികയില്‍ എഴുതിയ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. തന്റെ അമ്മാവന്‍ മരണമടഞ്ഞ സാഹചര്യങ്ങളെ കുറിച്ച് കുടുംബത്തിന് ചില ആശങ്കകളുണ്ടെന്ന് 2016 നവംബറിലാണ് ലോയയുടെ മരുമകള്‍ നുപുര്‍ ബാലപ്രസാദ് ബിയാനിയാണ്, താക്ലെയോട് പറയുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദ്ദേഹം ലോയയുടെ സഹോദരിമാരായ അനിരുദ്ധ ബിയാനി, സരിത മന്താനെ, അദ്ദേഹത്തിന്റെ പിതാവ് ഹരികൃഷ്ണ, ജഡ്ജിയുടെ മരണശേഷം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാക്ഷ്യം വഹിച്ച് നാഗ്പൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോട് സംസാരിച്ചു.

ഈ സംഭാഷണങ്ങളൊക്കെ ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച് വളരെ അസുഖകരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴുണ്ടായ ചാഞ്ചല്യങ്ങള്‍, അദ്ദേഹത്തിന്റെ മരണശേഷം സ്വീകരിച്ച നടപടികള്‍, കുടുംബത്തിന്റെ കൈമാറിയപ്പോഴുള്ള ശവശരീരത്തിന്റെ അവസ്ഥ എല്ലാം സംശയങ്ങള്‍ ഉയര്‍ത്തുന്നു. ലോയയുടെ മരണം അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.

സഹജഡ്ജിയായിരുന്ന സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിനാണ് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ എത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ താല്‍പര്യമില്ലായിരുന്നെങ്കിലും മറ്റ് രണ്ട് ജഡ്ജിമാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം രാത്രി അദ്ദേഹം ഭാര്യ ഷര്‍മ്മിളയെ വിളിക്കുകയും പുത്രന്‍ അനുജിനെ കുറിച്ച് അന്വേഷിക്കുകയും തന്റെ തിരക്കുകള്‍ വിവരിക്കുകയും ചെയ്തിരുന്നു. അതായിരുന്നു കുടുംബത്തിന് അദ്ദേഹത്തില്‍ നിന്നും ലഭിച്ച അവസാനത്തെ ഫോണ്‍ കോള്‍. പിറ്റെ ദിവസം രാവിലെ അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയാണ് കുടുംബത്തിന് ലഭിക്കുന്നത്. തലേദിവസം രാത്രി ബ്രിജ് മരിച്ചതായും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശവശരീരം ലാത്തൂരിലെ കുടുംബവീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നുമായിരുന്നു ആ ഫോണ്‍ സന്ദേശമെന്ന് പിതാവ് ഹരികൃഷ്ണ ലോയ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബത്തെയും അറിയിച്ചത്.

രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ ഒരു ഓട്ടോറിക്ഷയില്‍ ഡണ്ഡെ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ദണ്ഡെ ആശുപത്രി ഒരു നിഗൂഢ സ്ഥലമാണെന്ന് ലോയയുടെ സഹോദരി സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടര്‍ കൂടിയായ ബിയാനി പറയുന്നു. അവിടുത്തെ ഇസിജി യന്ത്രം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്ന് പിന്നീടവര്‍ മനസിലാക്കി. ലോയയെ പിന്നീട് നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയായ മെഡിട്രീന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം അന്തരിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണസമയത്ത് ജസ്റ്റിസ് ലോയ കേട്ടുകൊണ്ടിരുന്ന ഒരേയൊരു കേസ് രാജ്യം ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന സൊഹ്‌റാബുദ്ദീന്റതായിരുന്നു. വിചാരണയുടെ സത്യസന്ധത നിലനിറുത്തുന്നതിന് കേസ് ഗുജറാത്തില്‍ നിന്നും മാറ്റണമെന്ന അപേക്ഷയില്‍ ബോധ്യം വന്ന സുപ്രീം കോടതി 2012ല്‍ കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജഡ്ജി തന്നെ കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് കേസില്‍ ആദ്യം വിചാരണ കേട്ട ജസ്റ്റിസ് ജെടി ഉത്പതിനെ 2014 മധ്യത്തോടെ സിബിഐ പ്രത്യേക കോടതിയില്‍ നിന്നും സ്ഥലം മാറ്റുകയും തല്‍സ്ഥാനത്ത് ലോയയെ നിയോഗിക്കുകയുമായിരുന്നു.

കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഇളവനുവദിക്കണമെന്ന് അപേക്ഷിച്ചതിന്റെ പേരില്‍ 2014 ജൂണ്‍ ആറിന് അമിത് ഷായ്ക്ക് താക്കീത് നല്‍കിയിരുന്നു. വിചാരണ നടന്ന അടുത്ത തീയതിയായ ജൂണ്‍ 20നും ഷാ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് ഉത്പത് കേസ് ജൂണ്‍ 26ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജൂണ്‍ 25ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ജസ്റ്റിസ് ലോയയെ നിയമിക്കുകയുമായിരുന്നു. 2014 ഒക്ടോബര്‍ 31ന് ഷാ നേരിട്ട് കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ജസ്റ്റിസ് ലോയ ഇളവ് നല്‍കി. എന്നാല്‍ ആ ദിവസം മുംബെയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഷാ കോടതിയില്‍ ഹാജരായില്ല എന്ന ചോദ്യം ഉന്നയിക്കുകയും കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ജസ്റ്റിസ് ലോയയുടെ മരണത്തിന് പതിവ് വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ക്കപ്പുറം ഒരു മാധ്യമ പ്രാധാന്യവും ലഭിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണം എന്ന് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസില്‍ പക്ഷെ, ‘മികച്ച ആരോഗ്യമുള്ള വ്യക്തിയായിരുന്നു ജസ്റ്റിസ് ലോയ എന്ന് ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി’ എന്നൊരു വാചകം കൂടിയുണ്ടായിരുന്നു. ശീതകാല സമ്മേളനം നടക്കുകയായിരുന്ന പാര്‍ലമെന്റിന് പുറത്ത്, ലോയയുടെ അപ്രതീക്ഷിത മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡിസംബര്‍ മൂന്നിന് പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ വിഷയം ചെറിയ ഒരു മാധ്യമ ശ്രദ്ധ നേടി. ലോയയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബദ്ദീന്‍ പിറ്റെ ദിവസം സിബിഐയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ പ്രതിഷേധമോ റുബാബുദ്ദീന്റെ കത്തോ ഒരു പ്രതികരണവും സൃഷ്ടിച്ചില്ല. ലോയയുടെ മരണം മാധ്യമങ്ങള്‍ മറന്നുപോവുകയും ചെയ്തു.

വിചാരണ നടക്കുമ്പോള്‍ ജസ്റ്റിസ് ലോയ അനുഭവിച്ച സമ്മര്‍ദങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ചും വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ തനിക്ക് ലഭിച്ചതെന്ന് താക്ലെ രേഖപ്പെടുത്തുന്നു. തന്റെ സഹോദരന്റെ മരണത്തിന് മുമ്പും അതിന് ശേഷവുമുള്ള ദിവസങ്ങളിലെ സംഭവങ്ങള്‍ രേഖപ്പെടുത്തിയ തന്റെ സ്വകാര്യ ഡയറി ലോയയുടെ സഹോദരി ബിയാനി താക്ലെയെ കാണിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയയുടെ ഭാര്യയുടെയും മകന്റെയും പ്രതികരണം തേടാന്‍ അദ്ദേഹം ശ്രമിച്ചെങ്കില്‍ തങ്ങളുടെ ജീവനില്‍ കൊതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ വിസമ്മതിക്കുകയായിരുന്നു.

ലാത്തൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്ഗാവ് ഗ്രാമത്തിലേക്ക് പോകാന്‍ തന്നോട് ആവശ്യപ്പെട്ട് 2014 ഡിസംബര്‍ ഒന്നിന് ബാര്‍ഡെ എന്ന് പേരുള്ള ഒരു ജഡ്ജി തന്നെ വിളിച്ചിരുന്നതായി ദൂലെയില്‍ താമസിക്കുന്ന ബിയാനി പറയുന്നു. ഇതേ ജഡ്ജി തന്നെയാണ് കുടുംബത്തിലെ മറ്റുള്ളവരെയും വിളിച്ച് മരണവിവരം അറിയിക്കുകയും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞുവെന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് വെളിപ്പെടുത്തുകയും ചെയ്തത്. സാധാരണഗതിയില്‍ ഗേറ്റ്ഗാവില്‍ താമസിക്കാറുള്ള ലോയയുടെ പിതാവ് ആ സമയത്ത് ലാത്തൂരുള്ള മകളുടെ വീട്ടിലായിരുന്നു. ലോയയുടെ മൃതശരീരം ഗേറ്റ്ഗാവില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ താന്‍ ചെയ്തുകൊള്ളാമെന്ന് ഈശ്വര്‍ ബാഹെതി എന്ന ഒരു ആര്‍എസ്എസുകാരന്‍ അദ്ദേഹത്തെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ബ്രിജ് ലോയയുടെ മരണവിവരം ആരാണ് ഈ ആര്‍എസ്എസുകാരനെ അറിയിച്ചതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഇതിലും കൗതുകകരമായ വിവരങ്ങളാണ് ലോയയുടെ മറ്റൊരു സഹോദരിയായ സരിത മന്താനെ നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് രാവിലെ അഞ്ച് മണിക്ക് ബാര്‍ദെ എന്ന ജഡ്ജി അവരെ വിളിച്ച് മരണവിവരം അറിയിക്കുകയും എത്രയും പെട്ടെന്ന് നാഗ്പൂരെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ലാത്തൂരിലെ ശാരദ ആശുപത്രിയിലുള്ള തന്റെ മരുമകനെയും കൂട്ടി നാഗ്പൂരേക്ക് പോകാനായി അവര്‍ പുറപ്പെട്ടതുമാണ്. എന്നാല്‍ ഈശ്വര്‍ ബാഹെതി, ശാരദ ആശുപത്രിയിലെത്തുകയും രാത്രി മുഴുവന്‍ താന്‍ നാഗ്പൂരിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ ഗേറ്റ്ഗാവിലേക്ക് തിരിച്ചതിനാല്‍ ഇനി നാഗ്പൂരിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അറിയിക്കുകയുമായിരുന്നു. തങ്ങള്‍ ശാരദ ആശുപത്രിയിലുണ്ടെന്ന് ആരാണ് ഈശ്വര്‍ ബാഹെതിയോട് പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം തേടി ഈശ്വര്‍ ബാഹെതിയ്ക്ക് താക്ലെ നിരവധി കത്തുകള്‍ എഴുതിയെങ്കിലും അതിനൊന്നും പ്രതികരണം ലഭിച്ചില്ല.

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

രാത്രി പതിനൊന്നരയോടെയാണ് ജസ്റ്റിസ് ലോയയുടെ മൃതദേഹം കുടുംബവീട്ടിലെത്തിച്ചത്. നാഗ്പൂരില്‍ നിന്നും മൃതദേഹത്തോടൊപ്പം ജസ്റ്റിസ് ലോയയുടെ സഹപ്രവര്‍ത്തകര്‍ ആരുമില്ലായിരുന്നു എന്നത് കുടുംബാംഗങ്ങളെ ഞെട്ടിച്ചു. നാഗ്പൂരിലേക്ക് പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച ജഡ്ജിമാരോ മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ച ബാര്‍ദെ എന്ന ജഡ്ജിയോ മൃതദേഹത്തെ അനുഗമിച്ചില്ല. ഒരു സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന് സുരക്ഷ ഉണ്ടാവേണ്ടതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന് മതിയായ അകമ്പടി ഉണ്ടാവേണ്ടതായിരുന്നുവെന്നും എന്നാല്‍ അതൊന്നും സംഭവിച്ചിട്ടില്ലെന്നും ബിയാനി തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ലോയയുടെ ഭാര്യ ഷര്‍മ്മിളയും മക്കളായ അപൂര്‍വയും അനുജും ഏതാനും ജഡ്ജിമാരോടൊപ്പമാണ് മുംബെയില്‍ നിന്നും ഗേറ്റ്ഗാവില്‍ എത്തിയത്. ആരോടും ഒന്നും സംസാരിക്കരുതെന്ന് അവരില്‍ ഒരാള്‍ അനൂജിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ലോയയുടെ മൃതദേഹത്തിന്റെ കോളറില്‍ ചോരപ്പാടുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ബെല്‍റ്റ് തലതിരിച്ചാണ് കെട്ടിയിരുന്നതെന്നതും പാന്റിന്റെ ക്ലിപ്പുകള്‍ പൊട്ടിപ്പോയിരുന്നു എന്നതും ബിയാനി ഓര്‍ക്കുന്നു. തലയുടെ പിന്‍ഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും ഷര്‍ട്ടില്‍ രക്തക്കറ പുരണ്ടിരുന്നുവെന്നും പിതാവ് ഹര്‍കിഷന്‍ ഓര്‍ക്കുന്നു. ഷര്‍ട്ടിന്റെ ഇടത്തെ ചുമല്‍ മുതല്‍ അരക്കെട്ടുവരെ രക്തക്കറയുണ്ടായിരുന്നു.

എന്നാല്‍ നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, ‘വസ്ത്രത്തിന്റെ അവസ്ഥ- ജലം, രക്തക്കറ അല്ലെങ്കില്‍ ചര്‍ദ്ദി അല്ലെങ്കില്‍ വിസര്‍ജ്ജവസ്തുക്കള്‍ മൂലം നനഞ്ഞിട്ടുണ്ടോ, എന്ന കോളത്തിന് നേരെ ‘ഉണങ്ങിയിരിക്കുന്നു’ എന്നാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. ഇത് സംശയകരമാണെന്ന് ഡോക്ടറായ ബിയാനി ചൂണ്ടിക്കാണിക്കുന്നു. കാരണം, പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ മൃതദേഹത്തില്‍ നിന്നും രക്തം വരില്ല. രണ്ടാമതൊരു പോസ്റ്റുമോര്‍ട്ടം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി അവിടെ കൂടിയിരുന്ന ലോയയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിരുത്സാഹപ്പെടുത്തുകയായിരുന്നു. കുടുംബം സമ്മര്‍ദത്തിലും ഭീതിയിലുമായിരുന്നെന്നും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ഹര്‍കിഷന്‍ പറയുന്നു. ലോയയുടെ മരണം സംശയാസ്പദമായ സാഹചര്യത്തില്‍ സംഭവിച്ചതായതിനാല്‍ ഒരു സാക്ഷിമൊഴി (പഞ്ചനാമ) തയ്യാറാക്കപ്പെടണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, നിയമപരമായ നടപടികള്‍ പ്രകാരം മരിച്ചയാളുടെ എല്ലാ വ്യക്തിപരമായ സാധനങ്ങളും ശേഖരിക്കുകയും മുദ്രവെക്കുകയും സാക്ഷിമൊഴിയില്‍ രേഖപ്പെടുത്തുകയും അത് കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യാന്‍ പോലീസിന് ബാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു സാക്ഷിമൊഴിയുടെ പകര്‍പ്പ് കുടുംബത്തിന് ലഭിച്ചിട്ടില്ല.

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

എന്തിന്, ജസ്റ്റിസ് ലോയയുടെ മൊബൈല്‍ ഫോണ്‍ പോലും മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം ബാഹെത്തിയാണ് കുടുംബത്തിന് മടക്കി നല്‍കിയത്. അല്ലാതെ പോലീസായിരുന്നില്ലെന്ന് ബിയാനി പറയുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ‘സര്‍, ഈ ആളുകളില്‍ നിന്നും സുരക്ഷിതമായി നില്‍ക്കൂ,’എന്നൊരു സന്ദേശം ജസ്റ്റിസ് ലോയയ്ക്ക് ലഭിച്ചിരുന്നു. അതുള്‍പ്പെടെ ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. ലോയ മരിച്ച രാത്രിയിലും പിറ്റെ ദിവസം പ്രഭാതത്തിലും നടന്ന സംഭവവികാസങ്ങളെ കുറിച്ച് നിരവധി സംശയങ്ങള്‍ ബിയാനി ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് ലോയയും സംഘവും താമസിച്ചിരുന്ന നാഗ്പൂരിലെ രവി ഭവന്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ഓട്ടോറിക്ഷ സ്റ്റാന്റ് എന്നിരിക്കെ അദ്ദേഹത്തെ എന്തിനാണ് ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നതാണ് ഒരു ചോദ്യം. പകല്‍ സമയത്ത് പോലും ഓട്ടോറിക്ഷ കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഈ സ്ഥലത്ത് രാത്രിയില്‍ അവര്‍ എങ്ങനെ ഓട്ടോറിക്ഷ സംഘടിപ്പിച്ചു എന്നതും സംശയകരമായി തുടരുന്നു. ലോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ എന്തുകൊണ്ട് കുടുംബത്തെ വിവരം അറിയിച്ചില്ല? അദ്ദേഹം മരിച്ചപ്പോള്‍ പോലും വിവരം അറിയിക്കാതിരുന്നതെന്ത്? പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി തേടുകയോ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പോസ്റ്റുമോര്‍ട്ടം ആവശ്യമുണ്ട് എന്ന് അറിയിക്കുകയോ ചെയ്യാതിരുന്നതെന്ത്? പോസ്റ്റ്‌മോര്‍ട്ടം നടത്തത്തകവിധം സംശയാസ്പദമായ എന്തായിരുന്നു അദ്ദേഹത്തിന്റെ മരണത്തില്‍ ഉണ്ടായിരുന്നത്? ദാണ്ഡെ ആശുപത്രിയില്‍ വച്ച് എന്ത് മരുന്നാണ് അദ്ദേഹത്തിന് നല്‍കിയത്? മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥിരമായി തങ്ങുന്ന രവി ഭവനില്‍, ലോയയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഒരു വാഹനം ലഭ്യമല്ലായിരുന്നോ? മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബര്‍ ഏഴിന് നാഗ്പൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. സ്വഭാവികമായും ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ധാരളം ഉദ്യോഗസ്ഥര്‍ നഗരത്തിലെത്താറുണ്ട്. രവി ഭവനില്‍ നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും ഉണ്ടായിരുന്ന വിഐപികള്‍ ആരൊക്കെയാണ്? ദാണ്ഡെ ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിന് നല്‍കിയ മരുന്നുകളുടെ വിവരങ്ങള്‍ എന്തുകൊണ്ടാണ് കുടുംബത്തിന് കൈമാറാത്തത്? സ്വാഭാവികമായും ഈ ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ തുടരുന്നു.

താന്‍ പുതിയ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് ജസ്റ്റിസ് പട്ടേല്‍ അറിഞ്ഞിരുന്നില്ലേ?

ഏകദേശം ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ലോയയെ നാഗ്പൂരിലേക്ക് അനുഗമിച്ച സഹജഡ്ജിമാര്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചത്. രാത്രി 12.30 ഓടെ ലോയയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും ഉടന്‍ തന്നെ ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹത്തെ ദാണ്ഡെ ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് അവരുടെ ഭാഷ്യം. പടികള്‍ സ്വയം നടന്നുകയറിയ ജസ്റ്റിസ് ലോയയ്ക്ക് അവിടെ വച്ച് ചില മരുന്നുകള്‍ നല്‍കി. പിന്നീട് മെഡിട്രിന ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ദാണ്ഡെ ആശുപത്രിയിലെ ചികിത്സയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും അവിടുത്തെ ജീവനക്കാര്‍ അത് കാരണം കൂടാതെ നിഷേധിക്കുകയായിരുന്നു. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് താക്ലെ ചൂണ്ടിക്കാണിക്കുന്നു. നാഗ്പൂരിലെ സര്‍ദാര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടറാണ് ഓരോ പേജിലും ഒപ്പിട്ടിരിക്കുന്നത്. കൂടാതെ മരിച്ച ആളുടെ അര്‍ദ്ധസഹോദരന്‍ എന്ന പേരില്‍ മറ്റൊരാളും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഈ രണ്ടാമനാണ് മൃതശരീരം ഏറ്റുവാങ്ങിയതെന്നാണ് കരുതുന്നത്. എന്നാല്‍ നാഗ്പൂരില്‍ തനിക്ക് സഹോദരോ പിതൃസഹോദരോ മറ്റ് ബന്ധുക്കളോ ഇല്ലെന്ന് ജസ്റ്റിസ് ലോയയുടെ പിതാവ് വ്യക്തമാക്കുന്നു. ഒപ്പിട്ട രണ്ടാമത്തെ വ്യക്തി ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.

മെഡിട്രിന ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയത് സീതബര്‍ഡി പോലീസ് സ്‌റ്റേഷനിലെ പങ്കജ് എന്ന കോണ്‍സ്റ്റബിളാണ്. 2014 ഡിസംബര്‍ ഒന്നിന് രാവിലെ 10.50നാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതെന്നും 10.55ന് ആരംഭിച്ച പോസ്റ്റുമോര്‍ട്ടം 11.55ന് അവസാനിച്ചുവെന്നുമാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ഡിസംബര്‍ ഒന്നിന് വെളുപ്പിന് നാല് മണിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 6.15ന് അന്തരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ച സമയവും സംശയാസ്പദമാണ്. കാരണം ഡിസംബര്‍ ഒന്നിന് രാവിലെ അഞ്ചുമണിക്ക് തന്നെ ജസ്റ്റിസ് ലോയ മരിച്ചുവെന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. മാത്രമല്ല, ലോയ അര്‍ദ്ധരാത്രിയോടെ തന്നെ മരിച്ചിരുന്നുവെന്നും തങ്ങള്‍ നേരിട്ടുതന്നെ രാത്രിയില്‍ മൃതദേഹം കണ്ടിരുന്നുവെന്നും നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെയും സിതബാര്‍ഡി പോലീസ് സ്‌റ്റേഷനിലെയും ചില ജീവനക്കാര്‍ താക്ലെയോട് വെളിപ്പെടുത്തുകയും ചെയ്തു. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. കുടുംബത്തിന് ലഭിച്ച ഫോണ്‍ കോളുകളും ജീവനക്കാരുടെ മൊഴിയും കണക്കിലെടുക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണസമയം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ‘പോസ്റ്റുമോര്‍ട്ടം നടത്തിയതുപോലെ മൃതദേഹം കീറിമുറിച്ച് തുന്നിക്കെട്ടാന്‍,’ ഉന്നതങ്ങളില്‍ നിന്നും ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായുള്ള സൂചനകളും താക്ലെയ്ക്ക് ലഭിച്ചു.

‘കൊറോണറി ആര്‍ട്ടെറി ഇന്‍സഫിഷ്യന്‍സി,’ എന്ന അവസ്ഥയാവാം മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നത്. എന്നാല്‍ സാധാരണഗതിയില്‍ പ്രായമായവര്‍, ഹൃദ്രോഗത്തിന്റെ കുടുംബ പശ്ചാത്തലം ഉള്ളവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍, രക്തസമ്മര്‍ദം കൂടിയവര്‍, പൊണ്ണത്തടിയുള്ളവര്‍, പ്രമേഹ രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ഈ അവസ്ഥ വരാറുള്ളതെന്ന് മുംബെയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഹാഷ്മുഖ് റാവത്ത് വിശദീകരിക്കുന്നു. തന്റെ സഹോദരന് ഇതൊന്നും ബാധകമല്ലെന്ന് ബിയാനിയും പറയുന്നു. മരിക്കുമ്പോള്‍ ജസ്റ്റിസ് ലോയയ്ക്ക് 48 വയസുമാത്രമായിരുന്നു പ്രായം. 85 കാരനായ പിതാവിനും 80 വയസുള്ള മാതാവിനും ഹൃദ്രോഗബാധ ഉണ്ടായിട്ടില്ല. മദ്യവിരോധിയായിരുന്ന തന്റെ സഹോദരന്‍ ദിവസവും രണ്ട് മണിക്കൂര്‍ ടേബിള്‍ ടെന്നീസ് കളിക്കാറുണ്ടായിരുന്നെന്നും പ്രമേഹമോ രക്തസമ്മര്‍ദമോ അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും ബിയാനി ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിരഞ്ജന്‍ താക്ലെ തന്റെ ലേഖനത്തില്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മഹാരാഷ്ട്രയിലും രാജ്യത്തും ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ഇതിലെ സത്യങ്ങള്‍ വെളിയില്‍ വരാനുള്ള സാധ്യത വിരളമായി തന്നെ തുടരുന്നു.

റാണ അയൂബിന്റെ ‘ഗുജറാത്ത് ഫയല്‍സി’നെ ആരാണ് ഭയക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍