UPDATES

സിനിമ

പ്രിയന്‍ തെളിയിച്ചു, താനൊരു നല്ല ചങ്ങാതിയാണെന്ന്

അക്ഷയ് കുമാറും മോഹന്‍ലാലും മികച്ച നടന്മാരാകുമ്പോള്‍ തള്ളപ്പെട്ടവര്‍ ആരൊക്കെ എന്ന് ഒരിക്കല്‍ കൂടി ഓര്‍ക്കാം

എസ് എല്‍ പുരത്തിനെ കാട്ടുകുതിര സിനിമയാക്കാന്‍ പലരും സമീപിച്ചിരുന്നു. കൊച്ചുവാവയായി മമ്മൂട്ടിയും തിലകനുമൊക്കെ മുന്നില്‍ വന്നപ്പോഴും എസ് എല്‍ പുരത്തിന്റെ മനസിലൊരു മോഹം കിടപ്പുണ്ടായിരുന്നു. മമ്മൂട്ടിയും തിലകനും എന്റെ കൊച്ചുവാവയെ അസ്സലായി അവതരിപ്പിക്കും, ഒരു സംശയവുമില്ല, പക്ഷെ എന്റെയാഗ്രഹം കൊച്ചുവാവയായി മോഹന്‍ലാലിനെ കാണണം എന്നാണ്. കാരണം, എനിക്ക് മറ്റൊരു കൊച്ചുവാവയെ ലാലിലൂടെ കാണാം; എസ് എല്‍ പുരം സദാനന്ദന്‍ പറഞ്ഞു.

ഒരു നല്ല നടനെ കുറിക്കാന്‍, അതല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന നടനെ കുറിക്കാന്‍ എസ് എല്‍ പുരത്തിന്റെ വാക്കുകള്‍ സഹായിക്കുമെന്നു കരുതുന്നു. എഴുത്താകരനോ സംവിധായകനോ മനസില്‍ കാണുന്നതിനേക്കാള്‍ മികവോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നടനു കഴിയുമ്പോള്‍ ആണ് അയാള്‍ നല്ല നടനാകുന്നത്. ഒരു നല്ല നടനാണ് എപ്പോഴും അംഗീകരിക്കപ്പെടുന്നതും; പുരസ്‌കാരങ്ങള്‍ കൊണ്ടാണെങ്കിലും.

64 ആം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലേക്ക് അവസാന റൗണ്ടില്‍ കടന്നെത്തിയ മികച്ച നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നില്ല. പക്ഷേ ഇത്തവണ മികച്ച നടനാകും എന്ന കരുതിയവരില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നില്ല. ഹിന്ദിയില്‍ നിന്നു മനോജ് ബാജ്‌പേയി, അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ധിഖി, തമിഴില്‍ നിന്നും ഗുരു സോമസുന്ദരം, മലയാളത്തില്‍ നിന്നു വിനായകന്‍- ഈ അഞ്ചുപേരില്‍ ഒരാള്‍ മികച്ച നടനാകും എന്നായിരുന്നു കരുതിയത്. ആ അഞ്ചില്‍ നാലുപേരും(ബച്ചനൊഴിച്ച്) ദേശീയ അവാര്‍ഡ് കിട്ടാന്‍ സര്‍വാത്മന യോഗ്യന്‍. അലിഗഡും, രമണ്‍ രാഘവും കമ്മട്ടിപ്പാടവും ജോക്കറും കണ്ടവര്‍ക്ക് അതു മനസിലാകും. പക്ഷേ അവരഞ്ചുപോരും ഒരുപോലെ ഒഴിവാക്കപ്പെട്ടു. പകരം നേടിയത് അക്ഷയ് കുമാര്‍.

ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ എന്നായിരുന്നു ഒരുകാലത്ത് അക്ഷയ് കുമാര്‍ അറിയപ്പെട്ടിരുന്നത്. തമാശയും വഴങ്ങും സെന്‍റിമെന്‍റ്സും ചെയ്യുമെന്നൊക്കെ പിന്നീട് തെളിയിച്ചപ്പോഴാണ് അക്ഷയും ആഗ്രഹിച്ചതുപോലെ ആക്ഷന്‍ ഹീറോ ഭാരം ഒഴിവായി കിട്ടിയത്. അക്ഷയിന്റെ ഇമേജ് മാറ്റത്തിനു പ്രധാന ചുക്കാന്‍ പിടിച്ചത് പ്രിയദര്‍ശനായിരുന്നു. സിനിമാക്കാര്‍ക്കിടയിലെ ഏറ്റവും മികച്ച എക്‌സ്‌പോര്‍ട്ടര്‍ ആന്‍ഡ് ഇംപോര്‍ട്ടറാണ് പ്രിയന്‍. ഇംഗ്ലീഷ് സിനിമകള്‍ മലയാളത്തിലേക്ക് ഇംപോര്‍ട്ട് ചെയ്യുക, മലയാള ചിത്രങ്ങള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും എക്‌സ്‌പോര്‍ട്ട് ചെയ്യുക അതിലൊക്കെ വാണിജ്യ വിജയം കൊയ്യുക; പ്രിയന് അസമാന്യ കഴിവുണ്ടതില്‍. ഈ ബിസിനസില്‍ ബോളിവുഡിലെ പര്‍ട്ണര്‍ ആയതോടെയാണു അക്ഷയ് കുമാറിന്റെ ജാതകവും മാറിയത്. ഇതാ ഇപ്പോള്‍ ദേശീയ അവാര്‍ഡ് നേട്ടത്തില്‍ വരെയെത്തി.

ഓര്‍ക്കണം, കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി അക്ഷയ് ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയിലുണ്ട്. ഇതുവരെ മികച്ച നടനുള്ള ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് പോലും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. പക്ഷേ അക്ഷയിന്റെ ഏഴു ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ബോളിവുഡിലെ ഖാന്‍ നായകന്മാരെക്കാള്‍ ഗ്യാരണ്ടി അക്ഷയ് കുമാറിനുണ്ട്. എന്നിട്ടും പറയാന്‍ ഒരു അവാര്‍ഡ് ഇല്ലായിരുന്നു. അജയ് ദേവ്ഗണിനു രണ്ടും സെയ്ഫ് അലിഖാന് ഒന്നും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നോര്‍ക്കണം. എന്തായായും ആ കുറവ് ഇന്നു തീര്‍ന്നു. ഇപ്പോള്‍ ഖിലാഡിയും കുറ്റമില്ലാത്ത ബോളിവുഡ് നടനായി.

പക്ഷേ അക്ഷയ് ഒരു നല്ല നടനാണോ? ആണെങ്കില്‍ തന്നെ രമണ്‍ രാഘവില്‍ സിദ്ദീഖി ചെയ്തതിനേക്കാള്‍, ജോക്കറില്‍ സോമസുന്ദരം ചെയ്തതിനേക്കാള്‍, അലിഗഡില്‍ മനോജ് ചെയ്തതിനേക്കാള്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തതിനേക്കാള്‍ മികച്ചത് എന്തെങ്കിലും റുസ്തത്തില്‍ അക്ഷയ് ചെയ്‌തോ? ദേശീയ അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിയില്ല. പക്ഷേ ഒരാളെ നല്ല നടനായി തെരഞ്ഞെടുക്കുമ്പോള്‍ അയാള്‍ മറ്റുള്ളവരെക്കാളൊക്കെ നന്നായി നടിച്ചിരിക്കണമെന്നത് ഒരു മിനിമം യോഗ്യതയായിരിക്കണം. ഇതിനര്‍ത്ഥം അക്ഷയ് മോശം നടനാണെന്നല്ല, പക്ഷേ മേല്‍പ്പറഞ്ഞ നടന്മാരുടെ പ്രകടനം വച്ചു നോക്കിയാല്‍ അക്ഷയ് ഒരിഞ്ചുപോലും മുന്നിലായിരുന്നില്ല. പിന്നെ, അമേരിക്കന്‍ പ്രസിഡന്റിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടുന്ന ലോകത്ത് അക്ഷയ് കുമാറിന്റെ നാഷണല്‍ അവാര്‍ഡ് ഒരു ചര്‍ച്ചാ വിഷയമേ അല്ല.

അക്ഷയ് കുമാറിനെ മാറ്റി നിര്‍ത്തിയാല്‍ ഇനി പറയേണ്ടത് മോഹന്‍ലാലിനെ കുറിച്ചാണ്. എസ് എല്‍ പുരം പറഞ്ഞ അതേ മോഹന്‍ലാലിനെ കുറിച്ച്. രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അതില്‍ കൂടുതല്‍ തവണ ആ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്നുവെന്ന് ഏതൊരാളും സമ്മതിക്കും. പക്ഷേ അതേ മോഹന്‍ലാലിന് ഇത്തവണ ജൂറിയുടെ സ്‌പെഷല്‍ അവാര്‍ഡ് പ്രിയദര്‍ശന്‍ കൊടുത്തത് അക്ഷയ് കുമാറിനു അവാര്‍ഡ് കൊടുത്തതിനേക്കാള്‍ വലിയ തമാശയായി. പ്രിയന്‍ അതിനു പറയുന്ന ന്യായമണ് ബഹുരസം. രണ്ടു ഭാഷകളിലെ അഭിനയത്തിനാണു പുരസ്‌കാരം കൊടുത്തത്. മിസ്റ്റര്‍ പ്രിയന്‍ ഒരു നല്ല നടന് ഭാഷയെന്ന തടസം ഇല്ല. രജത് കപൂര്‍ എന്ന നടന്‍ മലയാളത്തില്‍ വന്നു മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹന്‍ലാലിനു മാത്രം സാധ്യമായ കാര്യമല്ലിത്.ലാല്‍ രണ്ടു ഭാഷയിലല്ല, നാലു ഭാഷയില്‍ അഭിനയിച്ചാലും മോഹന്‍ലാല്‍ ആയി തന്നെ അഭിനയിക്കും. പക്ഷേ ജനത ഗാരേജ് എന്ന ജൂനിയര്‍ എന്‍ടിആര്‍ സിനിമയില്‍ മോഹന്‍ലാല്‍ ചെയ്തത് തെലുങ്കിലും തമിഴിലുമൊക്കെ നിസരമായി ചെയ്തു തള്ളുന്ന ഒരു പ്രകാശ് രാജ് വേഷം മാത്രമാണെന്നെ ഞങ്ങള്‍ പറയൂ. അതേസമയം നിങ്ങള്‍ ജോക്കറിലെ ഗുരുസോമസുന്ദരത്തിന്റെ പ്രകടനം നോക്കൂ, അലിഗഡിലെ മനോജ് ബാജ്‌പേയിയുടെ അഭിനയം നോക്കൂ, നവാസുദ്ദീന്‍ സിദ്ധിഖീയുടെ രമണ്‍ എന്ന കഥാപാത്രമെങ്കിലും കണ്ടാലും മതിയായിരുന്നു. ഒരുപക്ഷേ ഈ സിനിമകള്‍ മോഹന്‍ലാല്‍ കണ്ടാല്‍ ഇപ്പോള്‍ ലഭിച്ച ജൂറി അവാര്‍ഡ് അദ്ദേഹം നിരസിക്കും, ലജ്ജ കൊണ്ട്.

പക്ഷേ ഞെട്ടിച്ചകാര്യം ഇതൊന്നുമല്ല, മികച്ച നടനാകാന്‍ അവസാന റൗണ്ടിലേക്ക് മൂന്നുപേരെ വന്നുള്ളൂ എന്നതാണ്. അക്ഷയ് കുമാറും മോഹന്‍ലാലും കഴിഞ്ഞാല്‍ പട്ടികയിലെങ്കിലും ഇടംപിടിക്കാന്‍ കഴിഞ്ഞ ആ ഭാഗ്യവാന്‍ ആരാണ്? സിദ്ദീഖിയോ, ബാജ്‌പേയിയോ? അതോ ഗുരു സോമസുന്ദരമോ? വിനായകനാണോ? ആരായിരുന്നു നല്ല നടനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോയ ആ അഭിനേതാവ്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍