UPDATES

സിനിമ

കട്ടപ്പ ബാഹുബലിയെ കൊല്ലാഞ്ഞതെന്തേ നരേന്ദ്ര ഭായ്!

Avatar

പ്രമോദ് പുഴങ്കര

ബാഹുബലിമയമാണ് രാജ്യം. രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് ബാഹുബലി, ദേശദ്രോഹികളായ കാലകേയന്‍മാരെ  കൊല്ലാന്‍ ദേശസ്നേഹികളായ ബാഹുബലിമാര്‍, എന്തിന് താരതമ്യേന ബാബു നമ്പൂതിരി ശൈലിയില്‍ സൌമ്യരായ വില്ലന്‍മാരായിരുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വരെ ഇപ്പോള്‍ ബാഹുബലി ശൈലിയിലുള്ള അപ്പ റാവുമാരാണ്. അപ്പോള്‍പ്പിന്നെ ബാഹുബലിക്ക് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നല്കിയതില്‍ തെറ്റില്ല. പതിഞ്ഞ തരികിടകളുടെ കാലം കഴിഞ്ഞു.

 

എന്നാല്‍ ഇതൊന്നുമല്ല, അപ്പുറത്തെവിടെയോ ഇരുന്ന് എല്ലാമറിയുന്ന അദൃശ്യരൂപന്‍ 56 ഇഞ്ച് ബാഹുബലി പ്രജകള്‍ക്കായി കരുതിവെച്ച സന്ദേശം. അതിതാണ്, സിനിമാക്കാരുടെ ഉറ്റ തോഴനാണ് താനെന്ന പോലെ സിനിമയുടെ കളിത്തൊട്ടിലാണ് ഗുജറാത്ത്. ഏറ്റവും മികച്ച സിനിമ സൌഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഗുജറാത്തിന്. ആനന്ദലബ്ദിക്കിനിയെന്തുവേണം! കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 56 ഇഞ്ച് ബാഹുബലി, ദേശാഭിമാനികളുടെ നരേന്ദ്ര ഭായ്, കാലകേയന്‍മാരുടെ എന്തിന് കട്ടപ്പമാരുടെ വരെ കുലാന്തകന്‍ ഗുജറാത് വികസന മാതൃക പറഞ്ഞത് സ്വന്തം നെഞ്ചളവില്‍ മാത്രമല്ല എന്നിപ്പോള്‍ സംശയാലുക്കള്‍ക്കൊക്കെ മനസിലായിക്കാണും.

 

കൊല്ലത്തില്‍ കഷ്ടി 35 സിനിമയാണ് ഈ സിനിമ സൌഹൃദ സംസ്ഥാനത്തില്‍ പിടിക്കുന്നത്. എണ്ണം കുറഞ്ഞാലെന്താ വണ്ണത്തിലല്ലേ കാര്യം എന്നാണെങ്കില്‍ ഹിന്ദി സിനിമാക്കാര്‍ ചായകുടിക്കാന്‍ പോകുന്ന സമയത്ത് ഒന്നൊളിച്ചുനോക്കിപ്പോരലാണ് പതിവ്. ഗുജറാത്തില്‍ ഭരിക്കുന്ന കാലത്ത് മോദിബലി- വികസനത്തിന്റെ ബലിദാനി- ഈ മേഖലയില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഹിന്ദി സിനിമാക്കാരിലായിരുന്നു മൂപ്പര്‍ക്കും കമ്പം. ഉത്തര്‍പ്രദേശിലെ ഗുസ്തിക്കാരനുമായി അല്പം തെറ്റിത്തിരിഞ്ഞുനില്‍ക്കുന്ന സമയത്ത് ഒരിത്തിരി നേരമ്പോക്കിനി ഗുജറാത്തിലാകാം എന്നുപറഞ്ഞു അമിതാഭ് ബച്ചനെ ഗുജറാത്തിന്റെ വികസന മാതൃകയുടെ പരസ്യക്കാരനാക്കി മോദി. ‘Upcoming Terror’ മോദിക്കൊപ്പം ആണുങ്ങളില്‍ ആണായ അമിതാഭ് ബച്ചന്‍ എന്നായി സംഘപരിവാരത്തിലെ പാട്ടുകാര്‍. അപ്പോഴും ഗുജറാത്തി സിനിമക്കാരെ മോദി തിരിഞ്ഞുനോക്കിയില്ല. മര്യാദക്കൊരു ഉച്ചപ്പടം പോലുമില്ലാതെ മാര്‍വാഡികള്‍ അന്യദേശങ്ങളില്‍ നിക്ഷേപം നടത്തിക്കൊണ്ടിരുന്നു. ‘ഗുജറാത്തി അസ്മിത’ വെള്ളിത്തിരയില്‍ അത്ര ഉയര്‍ന്നില്ല.

 

എന്തായാലും മോദി ഇന്ദ്രപ്രസ്ഥത്തില്‍ പോയപ്പോഴാണ് ഒരു പരാതി പറയാന്‍ ഗുജറാത്തി സിനിമാക്കാര്‍ തലപൊക്കിയത്. എന്തെങ്കിലും തന്നാല്‍ മതി, ഇന്നത് എന്നൊന്നുമില്ല. അങ്ങനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ 5 മുതല്‍ 50 ലക്ഷം വരെ തരം പോലെ ധനസഹായം നല്കും എന്നു പ്രഖ്യാപിച്ചു. മതി, അതുമതി. എന്റെ ഉണ്ണി, അവളുടെ ചെക്കന്‍ എന്ന ന്യായത്തില്‍ അങ്ങനെ ഗുജറാത്തിനെ മികച്ച സിനിമ സൌഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു ദേശീയ ജൂറി.

 

ജനാധിപത്യ നിഷേധത്തിന്റെയും വംശീയ വെറിയുടെയും വംശഹത്യയുടെയും പരീക്ഷണശാലയാക്കി സംഘപരിവാറും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് രൂപപ്പെടുത്തിയ ഗുജറാത്തിന്റെ മുഖം ഒട്ടും സിനിമ സൌഹൃദമല്ല എന്നാണ് വാസ്തവം. അത് സിനിമയോടുള്ള രൂപപരമായ എതിര്‍പ്പല്ല, മറിച്ച് സിനിമകളുടെ ഉള്ളടക്കത്തെ സംബന്ധിച്ചാണ്. സംഘപരിവാറിന്റെ ക്ഷുദ്രമായ, സങ്കുചിത വ്യാഖ്യാനങ്ങള്‍ക്ക് വഴിപ്പെടാത്ത ചലചിത്ര പ്രവര്‍ത്തകരോടുള്ള എതിര്‍പ്പാണ്. അത് സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധതയുടെ സ്ഥിരം സ്വഭാവവുമാണ്.

 

 

2002-ലെ ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി നിര്‍മ്മിച്ച രാഹുല്‍ ധൊലാക്കിയയുടെ ‘പര്‍സാനിയ’ എന്ന ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഗുജറാത്തിലെ തിയ്യറ്റര്‍ ഉടമകള്‍ വിസമ്മതിച്ചു. മോദിയായിരുന്നു ഭരണത്തില്‍ (2007). ഹിന്ദു തീവ്രവാദി സംഘടനകള്‍ ആക്രമണ ഭീഷണി മുഴക്കി. സര്‍ക്കാര്‍ അതിനു കൂട്ടുനിന്നു. മോദിക്ക് കാരണമുണ്ടായിരുന്നു. ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ വംശഹത്യയ്ക്കെതിരായ കലാപരമായ പ്രതിഷേധങ്ങള്‍, സത്യത്തിന്റെ തീപ്പന്തങ്ങള്‍ അയാളുടെ വ്യാജമായ പ്രതിച്ഛായാ നിര്‍മ്മിതിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഹീനനായ ഹിന്ദുത്വ ഭീകരനെയും സ്വേച്ഛാധിപതിയെയും വെളിച്ചത്തുകൊണ്ടുവരുമെന്ന് അയാള്‍ ന്യായമായും ഭയന്നു. ഗുജറാത്ത് കലാപത്തില്‍ അക്രമികള്‍ ചുട്ടുകൊന്ന മുന്‍ എം പി ഇഹ്സാന്‍ ജാഫ്രിയുടെ വീട്ടില്‍ ഒളിച്ചിരുന്ന രണ്ടുപേരുടെ, രൂപ-ദാര മോദി ദമ്പതികളുടെ മകനായ അസര്‍ മോദിയെ ആ കലാപത്തില്‍ കാണാതായതാണ്. ഇന്നുവരെ അയാളെ കണ്ടുകിട്ടിയിട്ടില്ല. ആ വിങ്ങലിന്റെയും കാത്തിരിപ്പിന്റെയും അന്വേഷണത്തിന്റെയും ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ‘പര്‍സാനിയ’. സിനിമ കാണിക്കണമെങ്കില്‍ ജാഫ്രിയെ ചുട്ടുകൊന്ന കേസിലടക്കം വംശഹത്യയുടെ നടത്തിപ്പുകാരുടെ നേതാവായ ബാബു ബജ്രംഗിയില്‍ നിന്നും അനുമതി വാങ്ങണമെന്ന് നിര്‍ദേശം വന്നു. ധൊലാക്കിയ വഴങ്ങിയില്ല. ഹിന്ദുത്വ തീവ്രവാദികള്‍ അതാദ്യമായിരുന്നില്ല ഇത്തരം ശ്രമങ്ങള്‍  നടത്തിയിരുന്നത്. മുംബൈയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മുതലാളിമാരുടെയും ഗുണ്ടാസേന എന്നു വിളിക്കാവുന്ന ശിവസേനയുടെ തലവനായിരുന്ന ബാല്‍ താക്കറെ ആയിരുന്നു ഇപ്പണി നടത്തിയിരുന്നത്.

 

ഗുജറാത്തില്‍ ഹിന്ദുത്വ തീവ്രവാദത്തില്‍ മാത്രമായോ സിനിമയുടെ ഉള്ളടക്കത്തില്‍ മാത്രമായോ മോദിയുടെ അദൃശ്യമായ ശാസനകള്‍ ഒതുങ്ങിനിന്നില്ല. അമീര്‍ഖാന്‍റെ ‘ഫനാ’ സിനിമക്കെതിരെ ഉയര്‍ന്ന പ്രതിഷേധം വിചിത്രമായിരുന്നു. അമീര്‍ഖാന്‍ നര്‍മദ സമരത്തില്‍ മേധ പട്കറെ പിന്തുണയ്ക്കുന്നു എന്നായിരുന്നു മോദിയുടെ അനുയായികള്‍ ഉയര്‍ത്തിയ എതിര്‍പ്പിന് കാരണം. വികസനബലിദാനി അടങ്ങിയിരിക്കുമോ. ഗുജറാത്തില്‍ നിരോധനമൊന്നുമില്ല. വെള്ളത്താടിക്ക് ഇഷ്ടമല്ല എന്നു മറ്റെ താടിക്കാരന്‍ ബന്ധപ്പെട്ടവരെ അറിയിയ്ക്കും. അതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാകും.

 

കഴിഞ്ഞില്ല ഗുജറാത്തിന്റെ സിനിമാ സൌഹൃദം. അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്തുണ്ടെന്ന് പറഞ്ഞതിന് ഷാരൂഖ് ഖാന്റെ സിനിമകള്‍ക്ക് നേരെയും ഗുജറാത്തില്‍ ഹിന്ദു സംഘടനകള്‍ ആക്രമണഭീഷണിയുയര്‍ത്തി. സൌഹൃദം കൂടിയപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടത്താന്‍ പറ്റാതെ പോരേണ്ടിവന്നു ഷാരൂഖ് ഖാന്.

 

മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുന്ന ബന്‍സാലിക്കും കിട്ടിയിട്ടുണ്ട് ഹിന്ദു തീവ്രവാദികള്‍ വക സ്നേഹം. അയാളുടെ ബാജിറാവു മസ്താനി എന്ന സിനിമയില്‍ ഹിന്ദു ഭരണാധികാരികളായ പേഷ്വാ വംശത്തെ അധിക്ഷേപിച്ചു എന്നു പറഞ്ഞാണ് അക്രമം ഉണ്ടായത്. അയാളുടെ രാം ലീല എന്ന സിനിമയ്ക്ക് നേരെ അഹമ്മദാബാദില്‍ രജപുത്രന്മാര്‍ പ്രതിഷേധിച്ചു. ഇത്രയുമായാല്‍ തന്നെ ഒരു പുരസ്കാരത്തിനുള്ള വകുപ്പുണ്ടല്ലോ!

 

ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. നാസീ ജര്‍മ്മനിയുടെയും അതിന്റെ മഹാനായ നേതാവിന്റെയും മഹത്വം വിളിച്ചോതുന്ന, അച്ചടക്കത്തിന്റെയും അനുസരണയുടെയും ആയിരക്കണക്കിന് ബൂട്ടുകളും ദേശീയതയുടെ വമ്പന്‍ കൊടികളും രാജപഥങ്ങളില്‍ അച്ചടക്കത്തോടെ അഭിവാദ്യം ചെയ്യുന്ന അണികളുമായി ലെനി റീഫന്‍സ്റ്റാലിന്റെ ((Leni Riefenstahl, Triumph des Willens 1934) Triumph of the Will മാതൃകയില്‍ ബാലനരേന്ദ്രയുടെ മുതലപിടിത്തം മുതലുള്ള അത്ഭുതകഥകളുമായി വരാനിരിക്കുന്നതേയുള്ളൂ യഥാര്‍ത്ഥ സിനിമ. 

 

 

ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ഗീബല്‍സ് ഒരു ദിവസം അന്നത്തെ പ്രശസ്ത സംവിധായകന്‍ ഫ്രിറ്റ്‌സ് ലാങ്ങിനെ കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. എന്നിട്ട് സാമ്യവും ശാന്തവുമായി പറഞ്ഞു, ‘തന്റെ The Testament of Dr. Mabuse എന്ന സിനിമ നിരോധിച്ചിരിക്കുന്നു. പക്ഷേ തനിക്ക് പണിയറിയാം. ഒരു കാര്യം ചെയ്യൂ, ജര്‍മ്മന്‍ ചലച്ചിത്ര സ്റ്റുഡിയോയുടെ തലവനാകൂ’. ലാങ് അപ്പോളൊന്നും പറഞ്ഞില്ല. മറിച്ച്, അന്ന് വൈകീട്ട് പാരീസിലേക്ക് പെട്ടിയും കിടക്കയുമായി സ്ഥലംവിട്ടു. ജര്‍മ്മനിയിലെ ഹിറ്റ്‌ലര്‍ വാഴ്ച്ചയുടെ അച്ചടക്കമുള്ള ചിത്രങ്ങള്‍ക്ക് പകരം വീണ്ടും ജീവിതത്തിന്റെ പലവിധത്തിലുമുള്ള സിനിമകളെടുത്ത് കലാകാരനായിതന്നെ ജീവിച്ചു മരിച്ചു.

 

വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളും വംശഹത്യയും അധികാരത്തിലേക്കുള്ള പ്രചരണവഴികളാക്കിയ ഫാസിറ്റ് ഭീകരതയുടെ പ്രതിരൂപങ്ങള്‍ നാടുഭരിക്കുമ്പോള്‍, ഇത്തരം കഠിനമായ തെരഞ്ഞെടുപ്പുകളുടെ കാലത്ത് നിങ്ങളെടുക്കാതെ പോയ സിനിമകളുടെ പേരിലാകും നിങ്ങളുടെ രാഷ്ട്രീയം ഒരുപക്ഷേ നിര്‍ണയിക്കപ്പെടുക.

 

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍. ന്യൂഡല്‍ഹിയില്‍ താമസം)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍