UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ദേശീയ പതാകയുടെ ജന്മദിനവും ആപ്പിളും

Avatar

1947 ജൂലായ് 22

ബ്രീട്ടീഷ് സാമ്രാജ്യം സ്വാതന്ത്ര്യം നല്‍കാന്‍ തിരഞ്ഞെടുത്ത ദിവസം 1947 ഓഗസ്റ്റ് 15നായിരുന്നെങ്കിലും അതിനും ദിവസങ്ങള്‍ മുമ്പേ നിയമ നിര്‍മ്മാണ സഭ പുതിയ രാഷ്ട്ര സ്ഥാപനത്തിന്റെ ചുമതലകള്‍ പൂര്‍ത്തിയാക്കി വന്നിരുന്നു. 1947 ജൂലായ് 22നാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പതാകയായ ത്രിവര്‍ണ്ണ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണക്കൊടി നാടിന്റെ ചിഹ്നമായി മാറ്റുന്നതിന്മേല്‍ ദീര്‍ഘമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നു.തുടര്‍ന്ന് ചില മാറ്റങ്ങളോടെയാണ് ദേശീയ പതാക അംഗീകരിക്കപ്പെട്ടത്. നിലവില്‍ കൊടിയുടെ മധ്യത്തില്‍ ഉണ്ടായിരുന്ന ചര്‍ക്കയ്ക്ക് പകരം അശോക ചക്രം ഉപയോഗിച്ചു. അങ്ങിനെ ജൂലായ് 22 നമ്മുടെ ദേശീയ പതാകയുടെ ജന്മദിനമായി കൊണ്ടാടാന്‍ തുടങ്ങി. ഇതിന് മുമ്പ് രാജ്യത്തിന്‍റെ വൈജാത്യത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ഓരോ നാട്ടുരാജ്യത്തിനും അവരവരുടേതായ ഔദ്യോഗിക പതാകകളായിരുന്നു. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്യ്ര സമര പോരാട്ടത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് പൊതുവായ ഒരു പതാക എന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് പതാകയോട് സാമ്യം തോന്നുന്ന തരത്തിലുള്ളൊരു പതാകയായിരുന്നു അവരുടെ ഉള്ളില്‍. എന്നാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ അതിനെതിരേ ഉയര്‍ന്നു. 1905ല്‍ സ്വദേശി പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വന്ദേമാതരം എന്നെഴുതിയ ഒരു പതാക സ്വീകരിക്കുകയും ചെയ്തു. ഇതേ സമയം ഡോ: ആനി ബസന്‍റും ബാല ഗംഗാധര തിലകനും യൂണിയന്‍ ജാക്ക് മുകള്‍ ഭാഗം വലത്തെയറ്റത്ത് വരുന്ന രീതിയില്‍ നിര്‍ദ്ദേശിച്ച പതാക വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

1920കളില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരുന്നത് മഹാത്മ ഗാന്ധി വിഭാവനം ചെയ്ത, നടുവില്‍ ചര്‍ക്കയും കുങ്കുമം, വെള്ള, പച്ച എന്നീ മൂന്ന് നിറങ്ങളുമുള്ള പതാകയായിരുന്നു.പില്‍ക്കാലത്ത് ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായുള്ള ഒരു കമ്മിറ്റി ഈ മൂന്നു നിറങ്ങളും ദേശീയപ താകയില്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം നല്‍കി. മുകളിലുള്ള കുങ്കുമ നിറം ത്യാഗത്തേയും, വെള്ള സത്യത്തേയും, പച്ച നിറം ധര്‍മ്മത്തെയും പ്രതിധീകരിച്ചാണ് നമ്മുടെ ദേശീയ പതാകയില്‍ തിളങ്ങുന്നത്.

1981 ജൂലായ് 22
ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക വിദ്യയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട ദിവസമായാണ് 1981 ജൂലായ് 22 ചരിത്രത്തില്‍ കുറിച്ചിട്ടിരിക്കുന്നത്.ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കൊപ്പം നമുക്ക് സ്ഥാനമുണ്ടെന്നും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ പേടകങ്ങളയക്കാനുള്ള ശാസ്ത്രനേട്ടത്തിനു ഇന്ത്യ സജ്ജമാകുന്നുവെന്നും വിളിച്ചറിയിച്ച ദിവസമായിരുന്നു,  ഇന്ത്യയുടെ ആദ്യത്തെ ജിയോ- സ്‌റ്റേഷനറി സാറ്റലൈറ്റ് ആയ ആപ്പിളിന്റെ (Ariane Passenger  Pay Load Experiment)  വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ 1981 ജൂലായ് 22.

ഐഎസ്ആര്‍ഒ നേതൃത്വം നല്‍കിയ സി-ബ്രാന്‍ഡ് ട്രാന്‍സ്‌പോന്‍ഡര്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം ജൂലായ് 19നാണ് അതിന്റെ വിക്ഷേപണ ദൗത്യം തുടങ്ങിയത്.ജൂലായ് 22ന് ആപ്പിള്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സാങ്കേതിത സഹായത്തോടെ ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആപ്പിളിന്റെ വിക്ഷേപണ വിജയം ഇന്ത്യന്‍ ശാസ്ത്രരംഗത്തിന് നാഴികകല്ലായി മാറി. ത്രീ ആക്‌സിസ് സ്റ്റെബിലൈസ്ഡ് സ്റ്റേഷനറി കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ വൈദഗ്ദ്ധ്യം ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ ആപ്പിളിന്‍റെ വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍