UPDATES

തോറ്റത് ജനങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന തട്ടിപ്പ് ഡിജിറ്റല്‍ ഇന്ത്യയിലും തുടരും

‘തെരഞ്ഞെടുപ്പ് സംഭാവനയില്‍ സുതാര്യത’ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പക്ഷേ കൃത്യമായി നേരെ തിരിച്ചാണ് നടന്നത്

ഒരു പരിധിയും ഒരു പരിശോധനയുമില്ലാതെ ഏത് സംഘടനയ്ക്കാണ് വിദേശ സംഭാവന സ്വീകരിക്കാന്‍ കഴിയുക? ഏത് സംഘടനയ്ക്കാണ് കമ്പനികളില്‍ നിന്നും കണക്കില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കുക?

ഉത്തരം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും നിങ്ങള്‍ക്ക് വായന തുടരാം. കാരണം ഒരു ഇന്ത്യന്‍ പൌരനെന്ന നിലയില്‍ നിങ്ങളിത് അറിഞ്ഞിരിക്കേണ്ടതുണ്ട് – ഉത്തരം: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

രാഷ്ട്രീയ കക്ഷികള്‍ക്കുള്ള സംഭാവനയുടെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഇതാദ്യം കേള്‍ക്കുന്നവര്‍ക്കായി പറയാം, രാഷ്ട്രീയ കക്ഷികള്‍ക്ക് നേരിട്ടുള്ള കാശായി നല്‍കാവുന്ന സംഭാവന 20,000-ത്തില്‍ നിന്നും 2,000-മായി കുറച്ചു. കോര്‍പ്പറേഷനുകളും പണം നേരിട്ടു നല്‍കുന്നത് നിര്‍ത്തി, ചെക് അല്ലെങ്കില്‍ ഡിജിറ്റല്‍ പണമിടപാടു വഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

കോര്‍പ്പറേഷനുകള്‍ക്ക് പട്ടികയിലുള്ള ബാങ്കുകളില്‍ നിന്നും ഒരു നിശ്ചിതകാലത്തേക്ക് സാധുതയുള്ള ‘തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍’ വാങ്ങി അത് രാഷ്ട്രീയകക്ഷികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറ്റം ചെയ്യാമെന്ന ആശയവും ധനബില്‍ അവതരിപ്പിക്കുന്നു.

ഈ പണം ബാങ്കിംഗ് സംവിധാനം വഴി പോകുമെങ്കിലും കോര്‍പ്പറേഷനുകള്‍ക്ക് തങ്ങള്‍ വാങ്ങുന്നത് എത്രയെന്ന് വെളിപ്പെടുത്തുകയോ, രാഷ്ട്രീയകക്ഷികള്‍ക്ക് തങ്ങളുടെ നിക്ഷേപം പറയുകയോ വേണ്ട.

അവസാന നിമിഷത്തില്‍ സര്‍ക്കാര്‍ രണ്ടു ഭേദഗതികള്‍ കൂടി ധന ബില്ലിന്റെ ഒപ്പം വെച്ചു. ആദ്യത്തേത് കോര്‍പ്പറേറ്റ് സംഭാവനയുടെ പരിധി എടുത്തുകളയുന്നു. ആദ്യം ഇത് കോര്‍പ്പറേഷന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി മൊത്തം ലാഭത്തിന്റെ 7.5 ശതമാനം ആയിരുന്നു. രണ്ടാമത്തെ ഭേദഗതി കമ്പനികള്‍ തങ്ങളുടെ രാഷ്ട്രീയ സംഭാവനകള്‍ അവരുടെ ലാഭ നഷ്ട പ്രസ്താവനക്കൊപ്പം വെക്കണമെന്ന നിബന്ധന ഇല്ലാതാക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ സംഭാവനയും സര്‍ക്കാരിന്റെ ‘പരിഷ്കരണ’ നടപടികളും തമ്മില്‍ നാടകീയമായ പൊരുത്തക്കേടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ.

മോദി സര്‍ക്കാര്‍ അതിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കുശേഷം രാഷ്ട്രീയത്തിലെ പണത്തിന് തടയിടാന്‍ നടപടികള്‍ എടുത്തു എന്നതാണ് ഗുണപരമായ വശം. ഈ ശ്രമങ്ങള്‍ ഗണനീയമാണെങ്കിലും സര്‍ക്കാര്‍, നേരിട്ട് പണമായുള്ള സംഭാവന പാടേ ഇല്ലാതാക്കി രാഷ്ട്രീയ കക്ഷികളെ ‘ഡിജിറ്റല്‍ ഇന്ത്യ’യിലേക്ക് കൊണ്ടുവരണമായിരുന്നു.

ഇതുകൂടാതെ, പണമായുള്ള സംഭാവന പരിധി 2,000 രൂപയായി ചുരുക്കിയെങ്കിലും വെളിപ്പെടുത്തല്‍ പരിധി 20,000 രൂപയായി തന്നെ നിലനില്‍ക്കുന്നു. ഇത് എളുപ്പം മറികടക്കുമെന്നും തങ്ങളുടെ കണക്കപ്പിള്ളമാര്‍ക്ക്  കൂടുതല്‍ പണിയാകും എന്നുമാണ് ദേശീയ രാഷ്ട്രീയക്കാര്‍ക്കിടയിലെ തമാശ.

ഇവിടെ തോറ്റത് പൊതുജനങ്ങളാണ്. ‘തെരഞ്ഞെടുപ്പ് സംഭാവനയില്‍ സുതാര്യത’ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പക്ഷേ കൃത്യമായി നേരെ തിരിച്ചാണ് നടന്നത്. കോര്‍പ്പറേഷനുകള്‍ക്ക് ഇനിയിപ്പോള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് എത്ര പണം വേണമെങ്കിലും നല്കാം, രാഷ്ട്രീയ കക്ഷികള്‍ക്ക് എത്ര വേണമെങ്കിലും സ്വീകരിക്കാം- ഇതെല്ലാം ഒരു പൈസയുടെ കണക്കുപോലും വെളിപ്പെടുത്താതെ. ഈ പണം ഡിജിറ്റല്‍ വരവുവഴികളിലൂടെ ആയിരിക്കും; പക്ഷേ പൌര സമൂഹത്തിനൊ, മാധ്യമങ്ങള്‍ക്കോ, പൊതുജനത്തിനൊ ഇതറിയാന്‍ ഒരു വഴിയുമുണ്ടാകില്ല.

നടന്നതിലെ ചതി എന്താണെന്നുവെച്ചാല്‍, ഇതില്‍ സര്‍ക്കാരിന് വിജയം അവകാശപ്പെടാന്‍ സാധിക്കും എന്നതാണ്. വിശദാംശങ്ങള്‍ വായിക്കാത്തവര്‍ക്ക് മുന്നില്‍ തങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു ദൌര്‍ബ്ബല്യം പരിഹരിച്ചു എന്നവര്‍ അവകാശപ്പെടും. എന്നാല്‍ ബില്‍ അവതരിപ്പിച്ചതിന് ശേഷവും പരസ്യമായി വെളിപ്പെടുത്തല്‍ ഒരു വിദൂര സ്വപ്നമായി നില്ക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ നിക്ഷേപ കണക്കുകള്‍ അതാര്യതയുടെ പുതിയ തലത്തിലേക്കെത്തും.

രാഷ്ട്രീയ കക്ഷികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുന്നു എന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ വിധിയെക്കുറിച്ച് പൂര്‍ണ നിശബ്ദതയാണ് പുലര്‍ത്തുന്നത്.
അതേസമയം സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ വെള്ളപ്പാച്ചിലിന് വഴിതുറന്നിടുന്നു. ധന ബില്ലിന്റെ മറവിലൂടെ അങ്ങനെ ചെയ്ത സര്‍ക്കാര്‍, രാജ്യസഭയുടെ അനുമതി ലഭിക്കണമെന്ന കടമ്പയെ തന്ത്രപരമായി മറികടന്നു. അവസാന നിമിഷം അവതരിപ്പിച്ച ഭേദഗതികള്‍ ചര്‍ച്ചകളില്ലാതെ ഒളിച്ചുകടത്തി.

നിര്‍ഭാഗ്യവശാല്‍ ഇത് പഴയ വലിയ ഘടനയുടെ ഒരു ഭാഗം മാത്രമാണ്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്താശയോടെ വിദേശ സംഭാവന നിയന്ത്രണ നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാന്‍ ധന ബില്ലിനെ ഉപയോഗിച്ചു. വിദേശ സംഭാവനകള്‍ സ്വീകരിച്ചതില്‍ ബിജെപിയും കോണ്‍ഗ്രസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി വിധിയെ മറികടക്കാനായിരുന്നു ഇത്. കോടതി വിധി രണ്ടു കക്ഷികള്‍ക്കും ഇഷ്ടപ്പെട്ടില്ല. അപ്പോളവര്‍ നിയമത്തെ മറികടക്കാന്‍ അനായാസം നിയമം മാറ്റി.

കഴിഞ്ഞ വര്‍ഷത്തെ തട്ടിപ്പിനെക്കുറിച്ച് മോദി സര്‍ക്കാര്‍ മൌനം പാലിക്കുന്നു. അതേ സമയം ഇത്തവണത്തെ മാറ്റങ്ങള്‍ ഇന്ത്യയെ യുഎസ് പോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഭാവന സമ്പ്രദായത്തിലേക്ക് നയിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍, അപലപിക്കേണ്ടതിനെക്കാളേറെ ആഘോഷിക്കാനുള്ളതാണ് അവിടങ്ങളിലെ സമ്പ്രദായം എന്ന് ആരു പറയും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍