UPDATES

കായികം

ദേശീയ ഗെയിംസ്; 400 മീറ്ററില്‍ അനില്‍ഡയും ലോംഗ് ജമ്പില്‍ നീനയും കേരളത്തിനായി പൊന്നണിഞ്ഞു

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ ആധിപത്യം. കേരളത്തിന്റെ അനില്‍ഡ തോമസിന് സ്വര്‍ണം. 52.71 സെക്കന്‍ഡിലാണ് അനില്‍ഡ ഫിനിഷ് ചെയ്തത്. കേരളത്തിന്റെ തന്നെ അനു രാഘവന്‍  ഈയിനത്തില്‍ വെള്ളിയും അനു മറിയം ജോസ് വെങ്കലവും നേടി. ലോംഗ് ജമ്പില്‍ വി.നീന കേരളത്തിനായി സ്വര്‍ണം നേടി. കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പ്രജുഷയ്ക്കാണ് ഈയിനത്തില്‍ വെള്ളി.

ധരംബീര്‍ സിംഗും ദ്യുതി ചന്ദും വേഗമേറിയ താരങ്ങള്‍
മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ വേഗമേറിയതാരങ്ങളായി ഹരിയാനയുടെ ധരംബിര്‍ സിംഗും ഒഡീഷയുടെ ദ്യുതി ചന്ദും. ഇരുതാരങ്ങളും മീറ്റ് റെക്കോര്‍ഡോഡുകൂടിയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ നൂറു മീറ്ററില്‍ കേരളത്തിന്റെ വി .ശാന്തിനിക്കാണ് വെള്ളി. 11.76 സെക്കന്‍ഡുകള്‍ കൊണ്ടാണ് ദ്യുതി ചന്ദ് ലക്ഷ്യത്തിലെത്തിയത്.

പുരുഷന്മാരുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ധരംബീര്‍ ഗെയിംസിന്റെ വേഗരാജാവായത്. 10.46 സെക്കന്‍ഡിലാണ് ധരംബിര്‍ ഫിനിഷ് ചെയ്തത്. ഒഡീഷയുടെ അമിയ കുമാറിനാണ് വെള്ളി(10.64). മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെ വെങ്കലം( 10.65) നേടിയപ്പോള്‍ കേരളത്തിന്റെ ജിജിന്‍ വിജയന് അഞ്ചാമതായി മാത്രമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. 10.95 സെക്കന്‍ഡ് കൊണ്ടാണ് ജിജിന്‍ ഓടിയെത്തിയത്. 

പുരുഷന്മാരുടെ 400 മീറ്ററില്‍ തമിഴ്‌നാടിന്റെ ആരോക്യ രാജീവിനാണ് സ്വര്‍ണം. ഫെന്‍സിംഗില്‍ വനിതകളുടെ എപ്പി വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി. മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കേരളം വിജയികളായത്. കനോയിംഗില്‍ സിംഗിള്‍ ഇനത്തിലും ടീം ഇനത്തിലും കേരളം ഇന്ന് സ്വര്‍ണം നേടിയിരുന്നു.

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍