UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നേകാല്‍ കോടിയുടെ വെടിക്കെട്ട്; ഇത് ദേശീയ ഗെയിംസോ, തൃശൂര്‍ പൂരമോ?

Avatar

പി കെ ശ്യാം

രാഷ്ട്രീയക്കാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും മത്സരിച്ച് കട്ടുമുടിക്കാനിറങ്ങിയതോടെ 34-ാം ദേശീയ ഗെയിംസ് നടത്തിയ റാഞ്ചിയുടെ ഗതിതന്നെ കേരളത്തിനുമുണ്ടാവുമെന്നുറപ്പായി. ജാർഖണ്ഡിൽ എഴുന്നൂറ് കോടിരൂപ ചിലവിട്ട് നടത്തിയ ദേശീയ ഗെയിംസിൽ അന്‍പതുകോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതിന് സംഘാടകസമിതി അദ്ധ്യക്ഷനും സ്‌പോർട്സ് ഡയറക്ടറുമെല്ലാം ജയിലിൽ ഉണ്ടതിന്നുകയാണ്. റഫറിമാർക്കായി വിസിൽ വാങ്ങിയതു മുതൽ കരാറുകാർക്ക് വഴിവിട്ട് വൻതുകകൾ നൽകിയതുവരെ അഴിമതിയുടെ കൂത്തരങ്ങായിരുന്നു റാഞ്ചി ഗെയിംസ്.

പ്രചാരണത്തിന് നടത്തിയ റൺകേരളാ റൺ മുതൽ ഉദ്ഘാടന-സമാപന പരിപാടികളിൽ വരെ അഴിമതികളിലും ആരോപണങ്ങളിലും മുങ്ങി നിൽക്കുകയാണ് കേരളത്തിലെ ദേശീയ ഗെയിംസും. 435 കോടി രൂപ കേന്ദ്രസർക്കാർ മുടക്കിയ ഗെയിംസിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സി.ബി.ഐ ആസ്ഥാനത്തെ അഴിമതിവിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്‌ടർ ആർ.പി അഗർവാളിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെ കടവന്ത്രയിലെ ആന്റി കറപ്‌ഷൻ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം, കരാറുകൾ, പണമിടപാടുകൾ, ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ചിലവുകൾ, ടെൻഡർ രേഖകൾ ഇവയെല്ലാം സി.ബി.ഐ പരിശോധിക്കും. ആദ്യഘട്ടമായി കൊച്ചി സി.ബി.ഐയിലെ ഉദ്യോഗസ്ഥർ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ഗെയിസിന് ഇതുവരെ ചിലവിട്ട കോടികളുടെ ഇനം തിരിച്ച കണക്കുകൾ സമർപ്പിക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ ആസ്ഥാനത്തും ചെന്നൈ യൂണിറ്റിലും കേരളാ ഗെയിംസിന്റെ അഴിമതികളെക്കുറിച്ച് രേഖകൾ സഹിതമുള്ള പരാതികളെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിന് നിർദ്ദേശമെത്തിയതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറയുന്നു. 660 കോടിരൂപ ചിലവുള്ള കായികമാമാങ്കത്തിന് 450 കോടിയും കേന്ദ്രസർക്കാരാണ് നൽകുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണമടക്കമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി 435 കോടിയാണ് ചിലവഴിച്ചത്. 31 വേദികളിൽ മത്സരങ്ങളുടെ നടത്തിപ്പിനും ഉദ്ഘാടന-സമാപന ചടങ്ങുകൾക്കുമായി 141 കോടിയാണ് കേന്ദ്രം നൽകുന്നത്. ഉപകരണങ്ങൾ വാങ്ങാനുള്ള ബഡ്‌ജറ്റ് 39 കോടിയാണ്. ഗെയിംസ് തുടങ്ങി ഒരാഴ്‌ചയായപ്പോൾ തന്നെ അഴിമതിക്കഥകൾ ഓരോന്നായി പുറത്തുവന്നുതുടങ്ങി. 141 കോടി മത്സരങ്ങളുടെ നടത്തിപ്പിനായി കേന്ദ്രം നൽകിയിട്ടും ഒരു ഗ്ലാസ് പച്ചവെള്ളം രണ്ടുരൂപയീടാക്കിയാണ് ഇവിടെ വിൽപ്പന. സമാനമായ അവസ്ഥയായിരുന്നു റാഞ്ചിയിൽ നടന്ന 34-ാം ദേശീയ ഗെയിംസിലും അരങ്ങേറിയത്.

ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥ ലോബിയുടെ അഴിമതി ഒന്നൊന്നായി പുറത്തുവരികയായിരുന്നു. കേരളത്തിലേതിന് സമാനമായി റാഞ്ചിയിലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് വഴിവിട്ട് കോടികൾ നൽകിയതായിരുന്നു ഏറ്റവുംവലിയ ക്രമക്കേട്. 2011ൽ നടന്ന ഗെയിംസിന് സ്റ്റേഡിയങ്ങളുടെ നിർമ്മാണം തുടങ്ങുംമുൻപേ ഉദ്ഘാടന,സമാപന ചടങ്ങുകൾക്കായി കമ്പനിക്ക് രണ്ടുകോടിയിലേറെ നൽകി. 2009ൽ ഗെയിംസ് നടത്താനായില്ലെങ്കിൽ രണ്ടുകോടിയും കമ്പനിക്ക് സ്വന്തമാക്കാമെന്ന വിചിത്രമായ ഉപാധിയോടെയാണ് 2008ൽ ഇവന്റ്‌ മാനേജ്മെന്റ് കമ്പനിക്ക് തുക കൈമാറിയത്. ഉദ്യോഗസ്ഥ ലോബി ഇച്ഛിച്ചതുതന്നെ സംഭവിച്ചു. രണ്ടാമത് 1.83കോടിക്ക് കരാർ നൽകിയപ്പോൾ കുറഞ്ഞതുക ക്വോട്ടുചെയ്തവരെ ഒഴിവാക്കുകയും ചെയ്തു. ഹൗസ്കീപ്പിംഗ് കരാറിനും ഇതുതന്നെയായിരുന്നു ഗതി. ജാർഖണ്ഡിന് ഗെയിംസ് പ്രഖ്യാപിച്ചപ്പോൾതന്നെ ഉദ്യോഗസ്ഥലോബി അഴിമതി തുടങ്ങിയിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഗെയിംസിനുശേഷം അഴിമതി കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെ ഗവർണറായിരുന്ന കെ.ശങ്കരനാരായണനാണ് സ്‌പോർട്സ് ഡയറക്ടറെ പുറത്താക്കി നടപടിക്ക് തുടക്കമിട്ടത്. ഗെയിംസ് അദ്ധ്യക്ഷൻ എസ്.എം.ഹാഷ്‌മി, സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സ്‌പോർട്സ് ഡയറക്‌ടർ പി.സി.മിശ്ര എന്നിവർ ഇപ്പോഴും ജയിലിലാണ്. രണ്ടുപേരും 28.38 കോടിരൂപ വീതം വെട്ടിച്ചെടുത്തതായാണ് വിജിലൻസ് കഴിഞ്ഞയാഴ്‌ച നൽകിയ കുറ്റപത്രത്തിലുള്ളത്. 450 പേജുകളുള്ള കുറ്റപത്രത്തിൽ ഗെയിംസ് സംഘാടകസമിതി നടത്തിയ അഴിമതികൾ എണ്ണമിട്ട് നിരത്തുന്നു.

നിസാരവിലയ്ക്ക് കിട്ടുന്ന റഫറിമാർക്കുള്ള വിസിലൊന്നിന് 450 രൂപ നിരക്കിൽ 6000 എണ്ണമാണ് വാങ്ങിക്കൂട്ടിയത്. ഡസന് 550 രൂപ മാത്രം വിലയുണ്ടായിരുന്ന ടേബിൾ ടെന്നിസ് ബാൾ 890 രൂപയ്ക്ക് 700 ഡസന്‍ വാങ്ങി. ഉപയോഗിച്ചതാകട്ടെ വെറും 30 ഡസൻ മാത്രവും. 11.08 ലക്ഷം രൂപ മാത്രം ചെലവിടേണ്ടിടത്ത് ഉദ്യോഗസ്ഥ ലോബി കണക്കെഴുതിയത് 211.27 ലക്ഷം. വിപണിയിലേക്കാൾ ഉയർന്നവിലയ്ക്ക് 200 ജാവലിൻ വാങ്ങിയതിന് ചിലവ് 50 ലക്ഷം. ധൻബാദിൽ സ്ക്വാഷ്‌ കോർട്ടുണ്ടാക്കിയതിൽ കോടികൾ അടിച്ചുമാറ്റി. സ്റ്റേഡിയങ്ങളിൽ മാസ്റ്റ്‌ലൈറ്റുകൾ സ്ഥാപിച്ചതിലും വൻഅഴിമതിയുണ്ടായി. ഫുട്ബാളിനും ഹോക്കിക്കുമുള്ള ഗോൾപോസ്റ്റ് വാങ്ങിയതിൽപോലും വൻതട്ടിപ്പാണ് വിജിലൻസ് കണ്ടെത്തിയത്. ക്രമവിരുദ്ധമായി കരാറുകൾ നൽകിയതിൽ മാത്രം 29 കോടിയുടെ തട്ടിപ്പു നടന്നതായി വിജിലൻസും അക്കൗണ്ടന്റ് ജനറലും സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പോർട്സ് ഉപകരണങ്ങൾ അനാവശ്യമായി ഇറക്കുമതി ചെയ്യുകയും തദ്ദേശീയമായി വാങ്ങിക്കൂട്ടുകയും ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഗ്യാരന്റിപോലും വാങ്ങാതെയാണ് ശതകോടികളുടെ കരാറുകൾ സ്വകാര്യ കമ്പനികൾക്ക് നൽകിയത്. വമ്പൻ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധനനിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന, കുറ്റംചെയ്യാനുള്ള പ്രേരണ, വിശ്വാസവഞ്ചന, വ്യാജരേഖയുണ്ടാക്കൽ, വഞ്ചന കുറ്റങ്ങൾ പ്രകാരവുമാണ് വിജിലൻസ് കേസെടുത്തത്. ഏഴു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിവ. കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എഫ്.എസുകാരനെയടക്കം അറസ്റ്റ് ചെയ്തത്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കിയതിനും ഉദ്യോഗസ്ഥർക്കെതിരേ കേസുണ്ട്. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ ആർ.ആനന്ദ്, ട്രഷറർ മധുകാന്ത് പഥക് എന്നിവരും നിരവധി സർക്കാർ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.

കേരളത്തിന്റെ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മോഹൻലാലിന്റെ ലാലിസവും ദി വാർ ക്രൈ പരിപാടിയും വിവാദമായതോടെയാണ് അഴിമതി വലിയ ചര്‍ച്ചാ വിഷയമായത്. ലാലിസത്തിനു മാത്രം 1.63 കോടിയോളമാണ് ചിലവഴിച്ചത്. ഗെയിംസ് ഉദ്ഘാടനത്തിന്റെ ആർട്ട് ഡയറക്ടറായിരുന്ന  ടികെ രാജീവ് കുമാറിന്റെ പുതിയ മോഹൻലാൽ ചിത്രം ‘കുഞ്ഞാലി മരയ്ക്കാറി’ന്റെ പ്രമോഷനായാണ് വാർക്രൈ എന്ന പരിപാടി നടത്തിയത്.  കു‌ഞ്ഞാലിമരയ്‌ക്കാറുടെ പ്രചരണം മാത്രമായി ഒതുങ്ങിയ ദി വാർ ക്രൈ പരിപാടിക്ക് 20 ലക്ഷം രൂപ ചിലവഴിച്ചു. ഇതിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വേദിയിൽ രണ്ട് നൃത്തം അവതരിപ്പിക്കുകയും മാത്രമാണ് ചെയ്തത്. എൽ.ഇ.‌ഡി, ലൈറ്റിംഗ് സംവിധാനങ്ങൾക്ക് അഞ്ച് കോടിയിലേറെ രൂപയാണ് ചിലവാക്കിയത്. അലങ്കാരത്തിന് 35 ലക്ഷം, ശബ്ദ സംവിധാനത്തിന് 87 ലക്ഷം, കരിമരുന്ന് പ്രയോഗത്തിന് 1.25 കോടി. 2300 മേളക്കാരും അതിലേറെ കലാകാരന്മാരും അണി നിരന്ന പകിട്ടാർന്ന ‘ഭാവരസം’ എന്ന പരിപാടിക്ക് 1.69 കോടി രൂപ ചിലവാക്കി. മട്ടന്നൂർ ശങ്കരൻ കുട്ടിയും നൂറു പേരും ചേർന്നവതരിപ്പിച്ച ചെണ്ടമേളത്തിന് അഞ്ചര ലക്ഷം രൂപ പ്രതിഫലം നൽകി. കരുണാ മൂർത്തിയുടെ തവിൽ മേളത്തിന് 2.10 ലക്ഷം രൂപയും സംഗീത സംവിധായകൻ ശരത്തിന് എട്ട് ലക്ഷം രൂപയും പ്രതിഫലം നൽകി. മട്ടന്നൂരിന്റെ സംഘത്തിലെ കലാകാരന്‍മാരുടെ ഭക്ഷണം, താമസം, ഗതാഗതം തുടങ്ങി എല്ലാം ഉള്‍പ്പെടെ അഞ്ചരലക്ഷം നൽകിയ സ്ഥാനത്താണ് ലാലിസത്തിന്റെ അണിയറക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും താമസത്തിനും ഗതാഗതത്തിനുമായി 20 ലക്ഷം രൂപ എഴുതിത്തള്ളിയത്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ സാംസ്‌കാരിക പരിപാടികൾക്ക് മാത്രം 15 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

എന്തായാലും സി ബി ഐ അന്വേഷണം ആരംഭിച്ചതോടെ പുതിയ നിരവധി അഴിമതി കഥകള്‍ പുറത്തു വരുമെന്നുറപ്പായി. അപ്രത്യക്ഷമായ ലാപ്ടോപ്പുകളുടെയും ഐ പാഡുകളുടെയും അപസര്‍പ്പകകഥ മാത്രമല്ല, വാളണ്ടിയര്‍മാര്‍ക്ക് വാങ്ങിയ ടീ ഷേര്‍ട്ടിലും തൊപ്പിയിലുമൊക്കെ അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍