UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതിക്കാരുടെ സ്വന്തം ദേശീയ ഗെയിംസ് – ഒരു കേരള എഡീഷന്‍ ദുരന്തം

Avatar

കേരളത്തിന്റെ അഭിമാനമുയർത്തേണ്ട 35-ാം ദേശീയ ഗെയിംസ് കേളികൊട്ടുയരും മുൻപുതന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. 615 കോടി നേരിട്ടും മുന്നൂറുകോടിയിലേറെ സ്പോൺസർഷിപ്പിലൂടെയുമായി ആയിരം കോടിയിലധികം ചിലവിടുന്ന മഹാമേളയിൽ എവിടെയും ഉയരുന്നത് അഴിമതിയാരോപണങ്ങൾ മാത്രം. സ്റ്റേഡിയങ്ങളുടെ നവീകരണവും നിർമ്മാണവും കളിക്കോപ്പുകളുടെ ഇറക്കുമതിയും മുതൽ വാടകയ്ക്ക് സാധനങ്ങളെടുക്കുന്നതിലും ആഗോളടെൻഡറിലും പരസ്യപ്രചാരണത്തിലും വരെ അഴിമതി മാത്രമാണുള്ളത്. ഏഴുജില്ലകളിലെ എട്ടുവേദികളിൽ ഒന്നുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ ദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ടതാവും കേരള എഡിഷൻ. 

ഉദ്ഘാടന പരിപാടികൾക്കായി 15.5 കോടി; പക്ഷേ വേദി റെഡിയല്ല
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 31 വേദികളും 34 മത്സരയിനങ്ങളുമുള്ള ഗെയിംസിൽ അത്‌ലറ്റുകളും ഒഫീഷ്യലുകളുമടക്കം 12000 പേർ പങ്കെടുക്കും. 6000 വോളണ്ടിയർമാരും അത്രത്തോളം മാദ്ധ്യമപ്രവർത്തകരും ഉണ്ടാകും. തുടക്കം മുതൽ കളിമറന്ന മട്ടിലാണ് സർക്കാരിന്റെ പോക്ക്. ഒരു ഉദാഹരണം നോക്കൂ. മുതുകാടിന്റെ മാജിക് ഷോ, ശാരീരിക വൈകല്യമുള്ളവർ വീൽ ചെയറിൽ ഇരുന്ന് അവതരിപ്പിക്കുന്ന എബിലി​റ്റി അൺലിമി​റ്റഡ്, നൃത്ത നാടകം, മിക്‌സ് ബാൻഡ്, സമുദ്ര നടനം, ഉംബായി, ഷഹബാസ് അമൻ, രമേഷ് നാരായൺ, ഗായത്രി, മഞ്ജരി എന്നിവരുടെ ഗസൽ  ഹിന്ദുസ്ഥാനി സദസ്സുകൾ, ഡോ. ഓമനക്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ക്വയർ തുടങ്ങിയവയെല്ലാം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ച് അഡ്വാൻസും നൽകി ഉറപ്പാക്കി. ഉദ്ഘാടന പരിപാടികൾക്കായി 15.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഉദ്ഘാടനവേദി നിർമ്മിക്കാൻ മാത്രം 161 കോടി രൂപയാണ് ചെലവ്. ഒരാഴ്‌ച തലസ്ഥാനം നിറയെ ഓണാഘോഷ പരിപാടി നടത്തുന്നതിന് വെറും 50 ലക്ഷം രൂപയേ ചിലവുള്ളൂ എന്നുകൂടി അറിയുമ്പോഴാണ് മൂന്നുമണിക്കൂർ കലാപരിപാടിക്ക് 15.50 കോടി കണ്ട് ഞെട്ടുന്നത്. 

പണിപൂര്‍ത്തിയാവാതെ വേദികള്‍
28 വർഷത്തിനു ശേഷം കേരളം വേദിയാകുന്ന മഹാമേളയ്ക്കായി ഒരിടത്തും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്കുപോലുമെത്തിയിട്ടില്ല. 2015 ജനുവരി 31ന് വൈകുന്നേരം പ്രധാനമന്ത്രി ഗെയിംസ് ഉദ്ഘാടനം ചെയ്യുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിന്റെ പകുതി പണിപോലും തീർന്നിട്ടില്ല. സ്റ്റേഡിയത്തിലേക്കുള്ള റോഡുപോലും ഇതുവരെ ശരിയാക്കാനായിട്ടില്ല. അരലക്ഷം പേർക്കിരിക്കാവുന്ന ഗ്യാലറിയിൽ 1000 കസേര പോലും പിടിപ്പിക്കാനായിട്ടില്ല. ഗ്യാലറി പണി പൂർണമായിട്ടില്ല. ഫ്ലഡ്‌ലൈറ്റുകളെല്ലാം സ്ഥാപിച്ചിട്ടില്ല. ഉഴുതുമറിച്ചിട്ട പാടം പോലെയാണ് ഉദ്ഘാടന-സമാപന വേദി. തൃശ്ശൂരിലെ കോർപ്പറേഷൻ സ്​റ്റേഡിയം,  തിരുവനന്തപുരം ഷൂട്ടിങ് റേഞ്ച്, കോഴിക്കോട് കോർപ്പറേഷൻ സ്​റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയം എന്നിവയൊന്നും പൂർത്തിയായിട്ടില്ല. 

കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയം, ടെന്നീസ് കോംപ്ലക്‌സ് (തിരുവനന്തപുരം), എൽ.എൻ.സി.പി.ഇ വെലോഡ്റോം (തിരുവനന്തപുരം), ട്രാപ്പ് ആൻഡ് സ്‌കീ​റ്റ് ഷൂട്ടിങ് റേഞ്ച് (തൃശ്ശൂർ), ഹോക്കി സ്​റ്റേഡിയം (കൊല്ലം) എന്നിവയുടെ പണി പകുതിപോലുമായിട്ടില്ല. പുതുതായെടുക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് സ്​റ്റേഡിയത്തിന്റെ നിർമ്മാണം 15 കോടി രൂപ ചെലവിൽ പൂർത്തിയായിട്ടുണ്ട്.  മലബാറിലെ പ്രഥമ സിന്ത​റ്റിക്ക് അത്‌ല​റ്റിക് ട്രാക്കും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. സ്‌ക്വാഷ് മത്സരങ്ങൾക്കായി ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിനു സമീപം 5.5 കോടി രൂപ ചെലവിൽ പുതുതായി നിർമ്മിച്ച സ്‌ക്വാഷ് കോർട്ടിന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണ്. കബഡി, ഖോഖോ മത്സരങ്ങൾക്ക് തയ്യാറാകുന്ന ആ​റ്റിങ്ങലിലെ ശ്രീപാദം സ്​റ്റേഡിയത്തിലും കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ മട്ടിലാണ്. ഗ്യാലറിയിലിരുന്നാൽ കളികാണാനാവാത്ത വിധത്തിലാണ് നിർമ്മാണം. കേരളത്തിലെ ഏ​റ്റവും വലിയ ഇൻഡോർ സ്​റ്റേഡിയമായ കണ്ണൂർ മുയ്യാട്ടെ സ്​റ്റേഡിയം 30 കോടി രൂപ ചെലവിട്ടാണ് ഒരുവിധത്തിൽ പൂർത്തിയാക്കിയത്.

ടേബിൾ ടെന്നീസ്, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾക്ക് വേദിയാകുന്ന എറണാകുളത്തെ രാജീവ് ഗാന്ധി ഇൻഡോർ സ്​റ്റേഡിയം (10.23 കോടി), ബോക്‌സിങ് നടക്കുന്ന തൃശ്ശൂരിലെ തൃപ്രയാർ ഇൻഡോർ സ്​റ്റേഡിയം (1.08 കോടി), വെയ്റ്റ് ലിഫ്ടിംഗ്, ജൂഡോ മത്സരങ്ങൾ നടക്കുന്ന തൃശ്ശൂരിലെ വി.കെ.എൻ. മേനോൻ ഇൻഡോർ സ്​റ്റേഡിയം (7.36 കോടി), വോളിബോൾ മത്സരങ്ങൾ നടക്കുന്ന കോഴിക്കോട്ടെ വി.കെ.കെ. മേനോൻ ഇൻഡോർ സ്​റ്റേഡിയം (6.53 കോടി), തായ്‌ക്വോൻഡോ, നെറ്റ്‌ബോൾ മത്സരങ്ങൾക്കൊരുങ്ങുന്ന വെള്ളായണിയിലെ കാർഷിക കോളേജ് ഇൻഡോർ സ്​റ്റേഡിയം (2.7 കോടി) എന്നിവയുടെ നവീകരണം അവസാനഘട്ടത്തിലാണ്. യോട്ടിങ് മത്സരങ്ങൾ നടക്കുന്ന എറണാകുളം മുനമ്പം തീരം, ബീച്ച് വോളിബോൾ മത്സരങ്ങൾ നടക്കുന്ന ശംഖുംമുഖം തീരം, റോയിങ്, കനോയിങ്, കയാക്കിങ് മത്സരങ്ങൾ നടക്കുന്ന വേമ്പനാടു കായൽ, ബീച്ച് ഹാൻഡ് ബോൾ നടക്കുന്ന കോഴിക്കോട് തീരം, ഫെൻസിംഗ് മത്സരങ്ങൾ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേർന്നുള്ള സിയാൽ കൺവെൻഷൻ സെന്റർ, അമ്പെയ്ത്ത് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കൊച്ചി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്​റ്റേഡിയം തുടങ്ങിയവിടങ്ങളിലും കാര്യങ്ങളെല്ലാം തഥൈവ. 

സംഘാടക സമിതികള്‍ നോക്കുകുത്തി; ഇവന്റ് മാനേജ്മെന്‍റ് കമ്പനികള്‍ സജീവം
സംഘാടക സമിതികളെയെല്ലാം നോക്കുകുത്തികളാക്കി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനും നാഷണൽ ഗെയിംസിന്റെ സെക്രട്ടറി ജനറലായ മുൻപൊലീസ് മേധാവി ജേക്കബ് പുന്നൂസും തനിച്ച് നടത്തുകയാണെന്നാണ് ആരോപണം. ഡിസംബറിന് ശേഷം എക്സിക്യൂട്ടീവ് സമിതി വിളിച്ചിട്ടില്ല. തയ്യാറെടുപ്പുകൾ എവിടെവരെയെത്തിയെന്ന് ഭരണസമിതിയിലെ ആർക്കും അറിയില്ല. ഇടയ്ക്ക് ചില അറിയിപ്പുകൾ മാത്രമാണ് ഔദ്യോഗിക ഭാരവാഹികൾ അനുഭവിക്കുന്ന ആകെപ്പാടെയുളള അധികാരം. ഈ അപമാനം എന്തിന് സഹിക്കണമെന്ന നിലപാടാണ് പലർക്കുമുളളത്.

സംഘാടക സമിതിയിൽ ഗണേഷും മുൻ മന്ത്രി വിജയകുമാറുമാണ് ജനകീയ പ്രതിനിധികളായുളളത്. ഇപ്പോൾ ഗണേഷ് രാജിവച്ചു. ബാക്കിയെല്ലാം ഉദ്യോഗസ്ഥരാണ്. ഇവർക്ക് പരാതിയുണ്ടെങ്കിലും അതിന് വിലയില്ല. സംസ്ഥാന തലത്തിൽ 22 കമ്മിറ്റികളാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇവരിൽ പലർക്കും ഇതുമായി ഒരു ബന്ധവുമില്ലെന്നതാണ് വസ്തുത. മന്ത്രിയും അദ്ദേഹവുമായി ബന്ധപ്പെട്ട ഏതാനും പേരും ചേർന്നാണ് തീരുമാനിക്കുന്നത്. പലതും ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളെയോ കരാറുകാരേയോ ഏൽപിച്ച് ഒതുക്കുകയാണെന്ന് ആക്ഷേപമുണ്ട്.

സുരക്ഷയ്ക്ക് പണമില്ല
ദേശീയ ഗെയിംസിന്റെ പ്രചരണത്തിനും ഉദ്ഘാടന-സമാപന മാമാങ്കങ്ങൾക്കുമായി കോടാനുകോടികൾ ചെലവഴിക്കുമ്പോഴും വേദികളിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ മാത്രം പണമില്ല. ഏഴ് ജില്ലകളിലായി 35 വേദികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ഇതുവരെ പണം അനുവദിച്ചിട്ടില്ല. 18 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാവോയിസ്​റ്റ് ഭീഷണികൂടിയായതോടെ ഗെയിംസ് നടത്തിപ്പ് ആശങ്കയിലാണ്. സുരക്ഷാവീഴ്‌ചയുണ്ടായാൽ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ് മുന്നറിയിപ്പോടെ പൊലീസ് നേതൃത്വം സർക്കാരിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള ഉപകരണങ്ങൾ, വേദികളിലേക്ക് കടക്കുന്നവരെ പരിശോധിച്ച് കടത്തിവിടാനുള്ള ആധുനിക ഉപകരണങ്ങൾ എന്നിവയാണ് സുരക്ഷയൊരുക്കാനായി വേണ്ടത്. അഞ്ചു മാസം മുമ്പ് 18 കോടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ വാങ്ങാനുള്ള റിപ്പോർട്ട് പോലീസ് ആസ്ഥാനത്തുനിന്ന് ധനവകുപ്പിന് സമർപ്പിച്ചിരുന്നു. ഇതിൽ നാല് കോടി രൂപ ഗെയിംസ് സംഘാടക സമിതിയും 14 കോടി സർക്കാരുമാണ് നൽകേണ്ടിയിരുന്നത്. ഇത്രയും കോടിരൂപ സുരക്ഷാ ഉപകരണങ്ങൾക്കായി ചെലവഴിക്കാനാവില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഇതോടെ ഒരു രൂപ പോലും സുരക്ഷയ്ക്കായി നീക്കി വച്ചില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതിയിൽ ചേർന്ന ഉന്നത തലയോഗത്തിൽ പൊലീസ് ഉദ്യാഗസ്ഥർ ഇത് ചൂണ്ടിക്കാട്ടിയരുന്നു. തുടർന്ന് സുരക്ഷാപാളിച്ചയുണ്ടായാൽ പൊലീസിന്റെ തലയിൽമാത്രം കെട്ടിവയ്ക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പറയുകയും ചെയ്തു. 

ഒഴുകുന്നത് കോടികൾ
ഉദ്ഘാടന പരിപാടിയ്ക്ക് മാത്രമായി 15 കോടിയിലേറെ രൂപയാണ് ചിലവഴിക്കുന്നത്. സമാപനത്തിനും കലാപരിപാടികൾക്കുമായും ഇത്രത്തോളം തുക തന്നെ ചിലവഴിക്കുന്നുണ്ട്. ഗെയിംസിന് മുന്നോടിയായി നടക്കുന്ന കൂട്ടയോട്ടത്തിനും പത്ത് കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. 611 കോടിയാണ് ദേശീയ ഗെയിംസിന്റെ മൊത്തം ചിലവ്. ഇതിൽ 110 കോടി മാത്രമാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത്. ബാക്കി 500 കോടിയോളം രൂപ കണ്ടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. സ്‌കൂൾ കുട്ടികളെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ടാണ് കൂട്ടയോട്ടം പ്രചരണ പരിപാടികൾ നടത്തുന്നത്. സർക്കാർ ഇതിന് വേണ്ടി ഇവന്‍റ് മാനേജ്‌മെന്റ് കമ്പനികൾക്ക്  കോടികൾ നൽകുമ്പോഴും ഓരോ സ്ഥലത്തേയും സംഘാടനത്തിന് പ്രാദേശികമായി തുക കണ്ടെത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. 

അപ്രതീക്ഷിത പൊട്ടിത്തെറികൾ 
അഴിമതിയും ധൂർത്തും വൻ ക്രമക്കേടും മൂകസാക്ഷിയായി കണ്ടുനിൽക്കാനാവില്ലെന്ന് പറഞ്ഞാണ് ഗണേശ് കുമാർ രാജിവച്ചത്. ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിന് പിന്നാലെയുണ്ടായ വൻ അഴിമതി ആരോപണങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് കേരളത്തിൽ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങൾ. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൊതുഖജനാവിൽ നിന്നും സർക്കാരിന്റെ ഉത്തരവാദിത്വത്തോടെ മറ്റിടങ്ങളിൽ നിന്നും സമാഹരിക്കുന്ന തുക ചെലവഴിക്കുന്നതിന് വ്യവസ്ഥകളുണ്ട്. ഇതെല്ലാം കാറ്റിൽപറത്തി ക്രമരഹിതമായി കാര്യങ്ങൾ നടത്തികൊണ്ടുപോകുന്നതിന്റെ പഴി പങ്കുവെയ്കാൻ താൽപര്യമില്ല. ഗെയിംസ് നടത്തിപ്പ് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് പ്രവർത്തിക്കുന്നത്. മുൻകായിക മന്ത്രിയെന്ന നിലയിൽ ഗെയിംസ് നടത്തിപ്പിലുളള ചുമതലയിൽ നിന്ന് ഒഴിയുകയാണ്-ഗണേശ് പറഞ്ഞു. 

മുഖ്യമന്ത്രി ചെയർമാനും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസിഡന്റുമായ ദേശീയ ഗെയിംസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 28 അംഗങ്ങളിലെ ഏക എം.എൽ എയാണ് ഗണേഷ്കുമാർ. മുൻ കായിക മന്ത്രി എം. വിജയകുമാർ, അഞ്ച് ഐ.എ.എസുകാരും ഓരോ ഐ. എഫ്. എസ്, ഐ.പി.എസ് ഉദ്യോസ്ഥരും ഒളിംപിക് അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ എന്നിവിടങ്ങളിൽ നിന്ന് ആറുപേർ വീതവും ബാക്കി പൊലീസ്, മിലിട്ടറി എന്നിവിടങ്ങളിൽ നിന്നുമാണ് മറ്റംഗങ്ങൾ. ഇതിനുപിന്നാലെ പാലോട് രവി, കെ.മുരളീധരൻ തുടങ്ങിയ ഭരണപക്ഷ എം.എൽ.എമാരും സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍