UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

അല്പത്തത്തിന്റെ ആഘോഷക്കാഴ്ചകളും കേരള കല്‍മാഡിമാരും

കേരളീയരുടെ പ്രതികരണശേഷി കടലെടുത്തുപോയെന്ന് നിലവിളിച്ച് നടുവിന് കൈകൊടുത്തിരിക്കുന്നവരേ, ദയവുചെയ്ത് തിരുവനന്തപുരം കാര്യവട്ടത്ത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണുക. ലോകോത്തരമെന്ന് വിശേഷിപ്പിച്ച സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും കായികപ്രേമികള്‍ കൂവിപ്പൊരിച്ചു! അതെ, കൂവലും ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്ന് കേരളം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു!

ഇതിനുമുമ്പ് ഇത്തരമൊരു അനുഭവത്തിന് സാക്ഷ്യം വഹിക്കാനായത് ഇരുപതുകൊല്ലം മുമ്പാണ്. ചാരക്കേസില്‍ ആരോപണവിധേയനായ കെ.കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നിറക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പരസ്യമായി കളിക്കളത്തിലിറങ്ങി പ്രതിപക്ഷത്തേക്കാള്‍ ആവേശത്തോടെ കളിക്കുന്ന കാലം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇപ്പോള്‍ ചെയ്യുന്നതുപോലെ രഹസ്യമായിട്ടൊന്നുമല്ലായിരുന്നു അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി പോരാടിയത്. ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിറവിയെടുത്തശേഷം ആദ്യമായൊരു സ്റ്റേജ്‌ഷോ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നു. അതില്‍ മുഖ്യാതിഥിയായെത്തിയത് മുഖ്യമന്ത്രി കരുണാകരന്‍. പ്രസംഗിക്കാനെഴുന്നേറ്റ കരുണാകരന്‍ അതുവരെ നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായ കൂവലിനു മുന്നില്‍ ഒരു നിമിഷം പകച്ചുപോയി. കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ കരുണാകരന്‍ അതോടെയാണ് മുഖ്യമന്ത്രിക്കസേരയില്‍ അധികം ആയുസ്സില്ലെന്ന് മനസ്സിലാക്കിയത്. കെ.കരുണാകരന്‍ അനുഭവിച്ചതെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെയും വിധി കരുതിവച്ചിരിക്കുകയാണോ? 

അതിനുസമാനമായിരുന്നു, ദേശീയഗെയിംസ് ഉദ്ഘാടനവേളയില്‍ ഉമ്മന്‍ചാണ്ടിയുടെയും  തിരുവഞ്ചൂരിന്റെയും അനുഭവം. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ ഇരുവരുടെയും പ്രസംഗസമയം മുഴുവന്‍ കൂവിവിളിക്കുകയായിരുന്നു. ഒരുവേള, മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാനാവാത്ത അവസ്ഥ വന്നുവെന്നുപോലും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഉദ്ഘാടകനായ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പ്രസംഗിച്ചപ്പോള്‍ ഇത്രയും അച്ചടക്കമുള്ള ജനത വേറെയില്ലായിരുന്നു! ഈ ജനക്കൂട്ടം വന്നത് തങ്ങളുടെ തിരുമൊഴികള്‍ക്ക് കാതോര്‍ക്കാനാണെന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും തെറ്റിദ്ധരിച്ചതുകൊണ്ടാവണം, ജനം ആഗ്രഹിച്ച സച്ചിന്‍ ടെന്‍ഡുക്കല്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ നാക്കെടുക്കാന്‍ അനുവദിക്കാത്തത്. ഇങ്ങോട്ട് സച്ചിന്റെ ആവശ്യപ്രകാരം ബി എം ഡബ്‌ളിയു കാര്‍ അനുവദിച്ച സര്‍ക്കാര്‍ തിരിച്ച് വാടക ഇന്നോവയില്‍ തള്ളിക്കേറ്റി വിടുകയായിരുന്നു.അത്ര മെച്ചമായിരുന്നു സംഘാടനം! ‘പാലം കടന്നാല്‍ കൂരായണ’യുടെ അര്‍ത്ഥം ഇപ്പോള്‍ സച്ചിനും മനസ്സിലായിക്കാണും!

കൂവിയവര്‍ മാര്‍ക്‌സിസ്റ്റുകാരെന്നോ ഡി.വൈ.എഫ്.ഐക്കാരെന്നോ എങ്ങനെ പറയാന്‍ കഴിയും ? പാസ് മുഴുവന്‍ കോണ്‍ഗ്രസുകാരുടേയും സില്‍ബന്തികളുടെയും കൈയിലായിരുന്നല്ലോ. 500 പാസ് കൊടുക്കാത്തതിനാല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കളക്ടറേറ്റില്‍വച്ച് അദ്ദേഹത്തിന്റെ കീഴ്ജീവനക്കാരനായ ( അദ്ദേഹം പലപ്പോഴും അവകാശപ്പെടുന്നത് കളക്ടര്‍ ഇദ്ദേഹത്തിന്റെ കീഴ്ജീവനക്കാരനാണെന്നത്രേ!) എന്‍.ജി.എ അസോസിയേഷന്‍ നേതാവിന്റെ കൈയേറ്റത്തില്‍നിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടാനായത്.കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനായ കളക്ടര്‍ ബിജുപ്രഭാകരന്റെ കൈയില്‍ ആകെയുള്ളത് 200 പാസ്. എന്നിട്ടും അരിശം തീരാതെ മണ്ടിനടന്ന നേതാവ് കളക്ടറില്‍നിന്ന് ‘നിവൃത്തിയില്ലാതെ’ സസ്‌പെന്‍ഷന്‍ വാങ്ങിയാണ് സ്ഥലംവിട്ടത്. അങ്ങനെ ‘ത്യാഗഭരിത’മായി വിരട്ടിയും പിടിച്ചുപറിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ സമ്പാദിച്ച് നല്‍കിയ പാസില്‍ കയറിയവരാണ് ഉമ്മന്‍ചാണ്ടിയേയും തിരുവഞ്ചൂരിനേയും കൂവിയത്.

സച്ചിനേയും മോഹന്‍ലാലിനേയും കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച സ്റ്റേഡിയത്തിലെ മൂത്രപ്പുരകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ‘ഒരുക്കങ്ങളേ’ പൂര്‍ത്തിയായുള്ളൂ, മൂത്രപ്പുര ഒന്നുമായില്ല എന്നുചരുക്കം.കുറഞ്ഞത് പത്ത് മണിക്കൂറോളം ഇരിക്കേണ്ടിവരുമായിരുന്ന അവസ്ഥ മോഹന്‍ലാലിന്റെ കലാപരിപാടിയിലൂടെ ഒഴിവായിക്കിട്ടിയതിന്റെ തമാശകള്‍ സോഷ്യല്‍മീഡിയയിലാകെ തരംഗം തീര്‍ത്തിരിക്കുകയല്ലേ…

മേള കേരളത്തിലേക്ക് കൊണ്ടുവരാന്‍ പാടുപെടുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത കഴിഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ വി.എസ്. അച്യുതാനന്ദനെ നേരാംവണ്ണം വിളിക്കാതെ അപമാനിച്ച തിരുവഞ്ചൂരിനോട് സഹതപിക്കാം. അദ്ദേഹത്തെ ഫോണില്‍ വിളിച്ചെന്നാണ് ‘കേരള കല്‍മാഡി’ എന്ന കിരീടം ആഘോഷപൂര്‍വ്വം ശിരസ്സിലണിയുന്ന തിരുവഞ്ചൂരിന്റെ വാദം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന പിരപ്പന്‍കോട്ടുകാരനായ ബി.ബാലചന്ദ്രന് ഒരു ക്ഷണക്കത്തയക്കാന്‍ ഇപ്പോഴത്തെ പ്രസിഡന്റ് മറന്നുപോയതില്‍ കുറ്റപ്പെടുത്താനാവില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍,മകളുടെ ഭര്‍ത്താവ് എന്നിങ്ങനെയുള്ള ‘കായികപ്രതിഭ’കള്‍ക്ക് ഓരോരോ ചുമതലകള്‍ നല്‍കുന്നതിന്റെ തിരക്കായിരുന്നിരിക്കണം!

ഇതൊന്നും സഹിക്കാന്‍ വയ്യെന്നുപറഞ്ഞ് ഏറ്റവും ഒടുവില്‍ രാജിപ്രഖ്യാപിച്ചത് കെ.മുരളീധരന്‍ എം.എല്‍.എയാണ്. ഗെയിംസ് കഴിഞ്ഞ് മുരളീധരന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുകൊടുത്തതോടെ അദ്ദേഹം രാജിപിന്‍വലിച്ചു. ഗെയിംസ് കഴിഞ്ഞ് പരിഹരിക്കാമെന്നു പറയുമ്പോള്‍ ‘കല്‍മാഡിപ്പണ’ത്തിന്റെ പങ്കുവയ്പാണോ ഉദ്ദേശിക്കുന്നത്? മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ഉറ്റ അനുയായിയും അതേഗ്രൂപ്പുകാരനുമായ പാലോട് രവി എം.എല്‍.എ മുതല്‍ മുന്‍ കായികമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍വരെ ഭരണമുന്നണിയിലുള്ളവര്‍ എന്തുകൊണ്ടാണ് രാജിവച്ചുപോവുന്നത്? പ്രതിപക്ഷത്തിന്റെ രാജിക്കുപിന്നില്‍ രാഷ്ട്രീയം എന്ന് ഇതുവരെ ആരും പറഞ്ഞില്ലെങ്കിലും സൗകര്യാര്‍ത്ഥം അങ്ങനെ വേണമെങ്കില്‍ വ്യഖ്യാനിക്കാം.പാലോട് രവിയെപ്പോലുള്ളവര്‍ക്കുപോലും ഈ കേരള കല്‍മാഡിമാരുടെ അല്‍പ്പത്തവും അഹങ്കാരവും സഹിക്കാനാവുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം?

കേരളം ഇതിനുമുമ്പ് ദേശീയ ഗെയിംസിന് വേദിയായത് 1987 ലായിരുന്നു. അന്ന് തിരുവനന്തപുരത്തായിരുന്നു ഗെയിംസ് സംഘടിപ്പിക്കപ്പെട്ടത്. ഇ.കെ.നായനാരായിരുന്നു അന്നത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പടംവച്ച് ഒരു വേദിയും നിറച്ചിരുന്നില്ല. പകരം ദേശീയ അന്തര്‍ദേശീയ കായികപ്രതിഭകളുടെ ചിത്രങ്ങളാണ് അവിടങ്ങളില്‍ സ്ഥാപിച്ചത്. ഇന്നോ? കേരളത്തിലേക്ക് വീണ്ടും ഗെയിംസ് കൊണ്ടുവന്നത് കഴിഞ്ഞ എല്‍.ഡി.എഫ്  സര്‍ക്കാര്‍. തിരുവനന്തപുരത്ത് മാത്രം ചുരുങ്ങിപ്പോവാതെ സംസ്ഥാനത്തൊട്ടാകെ ഗെയിംസ് വേദികള്‍ ഒരുക്കാനും അതിന്റെ ആവേശം നാടെങ്ങും പകര്‍ന്ന് പുതിയൊരു കായിക സംസ്‌കാരത്തിന് തിരികൊളുത്താനും തീരുമാനമെടുത്തതും ആ സര്‍ക്കാര്‍. ആ സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ്  മൂന്നുവര്‍ഷം കിട്ടിയിട്ടും ഒരു നിര്‍മ്മാണ പ്രവര്‍ത്തനംപോലും നേരേ ചൊവ്വേ നടത്താതെ ഉദ്ഘാടനമാമാങ്കങ്ങള്‍മാത്രം നടത്തി ആളാവുന്നവര്‍ ഇതിന്റെ ഒരു ഉദ്ഘാടനചടങ്ങില്‍പോലും വി.എസ്സിനെ ക്ഷണിച്ചതുമില്ല. പകരം ഇവിടങ്ങളിലൊക്കെ മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും വര്‍ണചിത്രങ്ങള്‍ നിറച്ചു. കായികതാരങ്ങളെയും ഒഴിവാക്കി. ഈ ‘ആത്മരതി’ക്കുള്ള ശിക്ഷയാണ് കേരളം കഴിഞ്ഞദിവസം കൂവിത്തീര്‍ത്തത്. പൊതുഖജനാവ് ഗെയിംസിന്റെ പേരില്‍ കട്ടുമുടിച്ചുവെന്നും മന്ത്രി തിരുവഞ്ചൂരിന് ഇതില്‍നിന്ന് ഒഴിയാനാവില്ലെന്നും ഇവര്‍ക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് വക്താവും മുന്‍ കായികമന്ത്രിയുമായ പന്തളം സുധാകരനാണ്. ‘മദ്യപ്രശ്‌ന’ത്തില്‍ കൂട്ടിലടക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുശേഷവും കോണ്‍ഗ്രസ് നേതാക്കളില്‍ ജനഹിതം അറിയാവുന്നവര്‍ ഇപ്പോഴും ശേഷിക്കുന്നുവെന്നത് സന്തോഷകരമാണ്!

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍