UPDATES

കായികം

സൈക്ലിങ്ങില്‍ മഹിതയ്ക്ക് സ്വര്‍ണ്ണം; ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ നേട്ടം 20 ആയി

Avatar

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് വനിതാ വിഭാഗം സൈക്ലിങ്ങില്‍ 10 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസില്‍ മഹിത മോഹന് സ്വര്‍ണം. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 20 ആയി. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കേരളത്തിന് തന്നെയാണ്. വി.രജനിയും എസ്.ബിസ്മിയുമാണ് യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്.

അതേസമയം ബാഡ്മിന്റണിലെ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ വെള്ളിയില്‍ അവസാനിച്ചു. വനിതാ വിഭാഗം ഡബിള്‍സിലും സിംഗിള്‍സിലും തെലുങ്കാനയോടാണ് കേരളം ഫൈനലില്‍ പരാജയപ്പെട്ടത്. ആദ്യ സിംഗിള്‍സില്‍ പി.സി. തുളസി ഋതുപര്‍ണദാസിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍: 14-21, 18-21. ഡബിള്‍സില്‍ അപര്‍ണ ബാലന്‍- ആരതി സുനില്‍ സഖ്യം ഋത്വിക ശിവാസി- ഗഡെശിഖി റെഡ്ഡി സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 18-21, 21-18, 13-21. 

ഇതിനിടയില്‍ വോളിബോള്‍ മത്സരത്തില്‍ ഉത്തരാഖണ്ഡ് ടീം രാജസ്ഥാനെതിരായി കളിക്കാനിറങ്ങാഞ്ഞത് ചില നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് രാജസ്ഥാനെ വിജയിയായി പ്രഖ്യാപിച്ചു. ഒ.എന്‍.ജി.സി. താരങ്ങളാണ് ഉത്തരാഖണ്ഡിനുവേണ്ടി മത്സരിക്കുന്നത്. ഒ.എന്‍.ജി.സി. ടീമിനെ അടുത്തമാസം പത്തനംതിട്ടയില്‍ നടക്കുന്ന ദേശീയ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍്ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ദേശീയഗെയിംസ് ബഹിഷ്‌ക്കരിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് ടീം ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്.

ചെന്നൈയില്‍ നടന്ന ദേശീയ വോളിബോളിലും ഒ.എന്‍.ജി.സി. താരങ്ങളെ അവഗണിച്ചതായി കളിക്കാര്‍ ആരോപിച്ചു. ഉത്തരാഖണ്ഡ് വോളിബോള്‍ അസോസിയേഷനും ഒ.എന്‍.ജി.സി. ടീമും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ബഹിഷ്‌കരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഗെയിംസ് ബഹിഷ്‌ക്കരിച്ച ഉത്തരാഖണ്ഡ് ടീമിനെ സസ്‌പെന്‍ഡ്് ചെയ്തതായി വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാമവതാര്‍ സിങ്ങ് ഝാക്കര്‍ അറിയിച്ചു. ക്ലബ്ബ് വോളിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടു ടീമുകളെയാണ് ഉള്‍പ്പെടുത്തുന്നത്. സീസണില്‍ ഒ.എന്‍.ജി.സി.യുടേത് മോശം പ്രകടനമായിരുന്നുവെന്നും ഝാക്കര്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍