UPDATES

കായികം

സൈക്കിളില്‍ കുതിച്ച് കേരളം; 30 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ സൈക്കിളിലേറി കേരളം കുതിക്കുന്നു. സൈക്ലിങ്ങില്‍ പോയിന്റ് റേസില്‍ മഹിത മോഹന്‍ സ്വര്‍ണം നേടിയതോടെ 30 സ്വര്‍ണവുമായി കേരളം ഹരിയാനയെ പിന്തള്ളി മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ പാര്‍വതി വെള്ളിയും ബിസ്മി വെങ്കലവും നേടി. ദേശീയ ഗെയിംസില്‍ മഹിത തന്റെ മൂന്നാം സ്വര്‍ണമാണ് ഇന്ന് സ്വന്തമാക്കിയത്. സൈക്ലിങ്ങ് വിഭാഗത്തില്‍ നിന്ന് ഇതോടെ കേരളത്തിന്റെ മെഡല്‍ നേട്ടം അഞ്ചായി.

വനിതകളുടെ 500 മീറ്റര്‍ കയാകിങ്ങില്‍ കേരളം ഇന്നു പൊന്നണിഞ്ഞിരുന്നു. ടീം ഇനത്തിലായിരുന്നു കേരളത്തിന്റെ മെഡല്‍ നേട്ടം. നാലാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ കേരളത്തെ സഹായിച്ചത് പ്രധാനമായും സൈക്ലിങ് താരങ്ങളുടെ മികവുതന്നെയാണ്. വനിതകളുടെ നാല് കിലോമീറ്റര്‍ ടീം പെര്‍സ്യൂട്ടില്‍ സ്വര്‍ണം നേടിയതോടെ കേരളം മഹാരാഷ്ട്രയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ലിഡിയമോള്‍ സണ്ണി, വി.ജി. പാര്വതതി, വി.രജനി, മഹിത മോഹന്‍ എന്നിവരാണ് കേരളത്തിനായി മെഡല്‍ നേടിയത്.

കേരളത്തിനിപ്പോള്‍ 30 സ്വര്‍ണവും 31 വെള്ളിയും 36 വെങ്കലവുമടക്കം 97 മെഡലുകള്‍ ആണുള്ളത്. മഹാരാഷ്ട്രയ്ക്ക് 27 സ്വര്‍ണമാണുള്ളത്. 68 സ്വര്‍ണം സ്വന്തമാക്കിയ സര്‍വീസസാണ് ദേശീയ ഗെയിംസില്‍ ഒന്നാംസ്ഥാനത്ത്.

അത്‌ലറ്റിക്‌സില്‍ ഇന്നു നടക്കുന്ന 14 ഫൈനലുകളിലും കേരളത്തിന് സ്വര്‍ണപ്രതീക്ഷയുണ്ട്. ഇതിലൂടെ ഹരിയാനയെ മറികടന്ന് മെഡല്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്താമെന്നാണ് കേരളത്തിന്റെ വിശ്വാസം. പുരുഷന്മാരുടെ ഹൈ ജംപില്‍ ശ്രീനിത് മോഹനും ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിയും കേരളത്തിന്റെ ഉറച്ച സ്വര്‍ണ പ്രതീക്ഷകളാണ്. 800 മീറ്റര്‍ ഹീറ്റ്‌സില്‍ ടിന്റു ലൂക്കാ ഇന്നിറങ്ങും. വനിതാ വിഭാഗം 10000 മീറ്ററില്‍ ഓ.പി.ജെയ്ഷയും പ്രീജാ ശ്രീധരനും ഇന്നിറങ്ങും. 10000 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയാണ് പ്രീജ. പ്രീജ ശ്രീധരന്റെ വിടവാങ്ങല്‍ മത്സരം കൂടിയാണ് ഇന്നു നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍