UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാര്‍ക്ക് വേണ്ടിയുള്ള ദേശീയ ഗെയിംസാണ്? മുന്‍ കായികമന്ത്രി എം വിജയകുമാര്‍

Avatar

എം.വിജയകുമാര്‍ 

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയ ഗെയിംസ് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടിസ്ഥാന സൗകര്യങ്ങളടക്കം ഒന്നും പൂര്‍ത്തിയാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 35 ഇനങ്ങള്‍ നടക്കേണ്ട വേദികളില്‍ ചിലത് മാത്രമേ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളൂ. പൂര്‍ത്തിയായവയില്‍ തന്നെ പലതും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഈ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാവണം.

2008 നവംബര്‍ 7 ന് കേരളവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മില്‍ ദേശീയ ഗെയിംസ് സംബന്ധിച്ച് കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ മൂന്നുകാര്യങ്ങള്‍ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഒന്ന്, ഇതുവരെയുള്ള ഗെയിംസുകളില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ടതായി നടത്തണം. രണ്ട്, 35 ാം ദേശീയ ഗെയിംസോടെ എല്ലാ ഇന്റര്‍നാഷണല്‍ ഫെസിലിറ്റീസും കേരളത്തില്‍ കൊണ്ടുവരണം. മൂന്ന്, കേരളം പങ്കെടുക്കുന്നുണ്ടെങ്കിലും വളരെ പിറകിലാണ് സംസ്ഥാനത്തിന്റെ സ്ഥാനം. അതിനാല്‍ കേരളത്തിനെ ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരണം. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ നേടാനായില്ല എന്നുമാത്രമല്ല, ഇതില്‍ നിന്ന് വ്യതിചലിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഓരോ വര്‍ഷവും പുതുക്കി ബഡ്ജറ്റുകള്‍ ഉണ്ടാക്കിയെന്നല്ലാതെ ചെയ്യേണ്ടവയൊന്നും ശരിയായ രീതിയില്‍ ചെയ്യാന്‍ ഈ ഗെയിംസ് കമ്മറ്റിക്കായിട്ടില്ല. ക്രമക്കേട് ബഡ്ജറ്റില്‍ തന്നെ കാണാവുന്നതാണ്. സംസ്ഥാനത്തെ മുന്നിലേക്കെത്തിക്കണമെങ്കില്‍ കേരളത്തിലെ കായികതാരങ്ങളുടെ വിജയവും ഒരു പ്രധാനഘടകമാണ്. എന്നാല്‍ 600 കോടി രൂപ ബഡ്ജറ്റ് തയ്യാറാക്കിയതില്‍ കേവലം 10 കോടി രൂപമാത്രമാണ് കേരള താരങ്ങളുടെ പരിശീലനത്തിനായി മാറ്റിവച്ചിട്ടുള്ളത്. അതേസമയം കള്‍ച്ചറല്‍ പ്രോഗ്രാമിന് 28.5 കോടി, ഓപ്പണ്‍-ക്ലോസ് സെറിമണിക്ക് 20 കോടി, റണ്‍ കേരളയ്ക്ക് 10 കോടി എന്നിങ്ങനെ 58.5 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്.

ഇതൊരു സ്‌പോര്‍ട്‌സ് ഇവന്റാണ്. അല്ലാതെ കള്‍ച്ചറല്‍ പ്രോഗാമല്ല നടക്കുന്നത്. സ്‌പോര്‍ട്‌സിന് പ്രധാന്യം നല്‍കേണ്ടിടത്ത് സാംസ്കാരിക പരിപാടിക്ക് പ്രധാന്യം നല്‍കുന്നത് ശരിയല്ല.

ഒരു പൈസ ചെലവില്ലാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പഞ്ചായത്ത്, ജില്ലാ തലം, സ്‌കൂളുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം നടത്താവുന്നിടത്താണ് 10 കോടി ചെലവാക്കി കൂട്ടയോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പിരപ്പന്‍കോട് സ്വിമ്മിംഗ് പൂള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും സ്വിമ്മിംഗ് നടത്താന്‍ കഴിയില്ല. പൂളില്‍ വെള്ളം നില്‍ക്കില്ല എന്നതാണ് പ്രശ്‌നം. ഡൈവിംഗ് പൂളില്‍ വെള്ളം ചോര്‍ച്ച. ഇതൊക്കെ നേരെയാക്കി എടുക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. വെള്ളം മുഴുവന്‍ വറ്റിച്ചെങ്കില്‍ മാത്രമെ അറ്റകുറ്റപ്പണികള്‍ സാധിക്കൂ.

കരാര്‍ പ്രകാരം മൂന്നു മാസങ്ങള്‍ക്ക് മുമ്പ് സ്ഥലവും എക്യുപ്‌മെന്റ്‌സും ഇന്ത്യന്‍ ഒളിംമ്പിക്സ് അസോസിയേഷന് കൈമാറ്റം ചെയ്യേണ്ടതാണ്. എന്നാല്‍ ഒന്നോ രണ്ടോ സ്ഥലങ്ങളൊഴികെ ബാക്കിയൊന്നിലും പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഇനി ദിവസങ്ങള്‍ മാത്രമെ ഗെയിംസ് തുടങ്ങാനായുള്ളൂ. പ്രധാനമന്ത്രിയും പ്രസിഡന്റും വരുന്ന തൃശൂര്‍ സ്റ്റേഡിയ്തിന്റെ നിര്‍മാണം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.

ഗെയിംസില്‍ രാഷ്ട്രീയം കലര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അങ്ങനെയല്ലായിരുന്നെങ്കില്‍ സാങ്കേതിക സമിതിയുടെ സഹ അദ്ധ്യക്ഷനായ പത്രോസ് മത്തായി എന്തിന് രാജിവച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യഥാര്‍ത്ഥത്തില്‍ ഈ ഗെയിംസിന്റെ തലപ്പത്ത് വരേണ്ടയാളാണ് പത്രോസ് മത്തായി.

2008 മുതല്‍ 2010 വരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ കാഴ്ച്ചപ്പാടോടെ ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. 2010 ല്‍ സര്‍ക്കാര്‍ മാറുന്നതോടെയാണ് പ്രതിസന്ധി വരുന്നത്. ആ സമയത്ത് 12-12-12 ന് ഗെയിംസ് നടത്താനായിരുന്നു തീരുമാനമെങ്കിലും അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാര്യങ്ങള്‍ ഈ നിലയില്‍ വരെ എത്തിച്ചു.

കായികമന്ത്രിയുടെ രാജിയെത്തുടര്‍ന്ന് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാതായി. അതോടെ ഇതൊരു നാഥനില്ലാക്കളരിയായി. പല സ്ഥാപിത താല്പര്യക്കാരും ഈ കമ്മറ്റിയില്‍ വന്നു. ചെയ്യേണ്ട കാര്യങ്ങള്‍ പ്രോപ്പറായി ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സമയത്ത് ടെണ്ടര്‍ നല്‍കല്‍, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയെല്ലാം മുടങ്ങി. ഏറ്റവും ഒടുവിലാണ് ജേക്കബ് പുന്നൂസ് ഇതിന്റെ തലപ്പത്തെത്തുന്നത്. അദ്ദേഹവും ഇപ്പോള്‍ ഒഴിയാന്‍പോകുന്നതായാണ് അറിയാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ഇതിന്റെ പാപഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ വരും.

അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്രമായ ഒരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. മാത്രമല്ല, പണികള്‍ പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് ഗെയിംസ് മാറ്റിവയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. 15-ആം തീയതി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണം. 2015 ല്‍ തന്നെ ഗെയിംസ് നടത്താവുന്നതാണ്. ഇടതുപക്ഷം ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെ സ്വീകരിക്കും.

(തയ്യാറാക്കിയത് കൃഷ്ണകുമാര്‍ കെ കെ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍