UPDATES

ദേശീയ ഗെയിംസ്: ആര്‍ക്കോ വേണ്ടിയൊരു മീഡിയ സെന്ററും പുലിവാലു പിടിച്ച മാധ്യമപ്രവര്‍ത്തകരും

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് സംഘാടനത്തിലെ പിഴവുകളുടെയും അഴിമതിയുടെയും കഥകള്‍ നിമിഷം പ്രതിയെന്നോണം വെളിയില്‍ വന്നുകൊണ്ടിരിക്കെ മീഡിയ സെന്റര്‍ സംഘാടനം പുതിയ വിവാദങ്ങളില്‍ സ്ഥാനം പിടിച്ചു. ഒരു മാധ്യമങ്ങള്‍ക്കും കൃത്യമായ വാര്‍ത്തകള്‍ കിട്ടാത്ത വിധത്തില്‍ ആകെ കുത്തഴിഞ്ഞ അവസ്ഥയിലാണ് മീഡിയാ സെന്ററിന്റെ പ്രവര്‍ത്തനം എന്ന ആരോപണം വ്യാപകമാണ്. 

മീഡിയ സെന്ററിന്റെ ഏകോപനം ചില സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ആദ്യം ശ്രമം നടന്നിരുന്നെങ്കിലും പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വേണ്ട മുഴുവന്‍ സൗകര്യങ്ങളും ഒരുക്കി കൊടുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ പേരില്‍ ഇതിന്റെ ചുമതല ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ ചില മുതിര്‍ന്ന കായിക ലേഖകര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുകള്‍നില മീഡിയാ സെന്ററിനായി ഒരുക്കിയെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സൗകര്യങ്ങളും അവിടെ എത്തിയിട്ടില്ല. മീഡിയ സെന്ററിന്റെ പ്രവര്‍ത്തനത്തിന് മാത്രമായി വാങ്ങിയ 500 ഓളം ലാപ്‌ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും സംബന്ധിച്ച് ഇപ്പോഴും ആര്‍ക്കും വലിയ പിടിയില്ല. ഈ സൗകര്യങ്ങളൊന്നും തന്നെ മീഡിയ സെന്ററില്‍ എത്തിയിട്ടുമില്ല. 

മാത്രമല്ല, വാര്‍ത്തകള്‍ മീഡിയ സെന്ററില്‍ എത്തിക്കാനോ അത് മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്ക് കൈമാറാനോ ഉള്ള യാതൊരു നടപടികളും സര്‍ക്കാരിന്റെയോ സംഘാടകരുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് ദേശീയതലത്തില്‍ തന്നെയുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പരാതി പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല. 

ഇന്റര്‍നെറ്റ് സൗകര്യത്തെ കുറിച്ച് പരാതി പറഞ്ഞ ടൈംസ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് എഡിറ്റര്‍ ധനജ്ഞയ് റോയിയോട് കെട്ടിടത്തിന്റെ മുകളിലേക്ക് പോകാനാണ് സംഘാടകര്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് ഇരിക്കാനെങ്കിലും സ്ഥലം ലഭിക്കുമ്പോള്‍ മറ്റ് കേന്ദ്രങ്ങളില്‍ നിന്നുകൊണ്ട് ജോലി ചെയ്യേണ്ട അവസ്ഥയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ വകുപ്പായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ പൂര്‍ണമായും മീഡിയ സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ പരിശീലനത്തോടെ പിആര്‍ഡി സംവിധാനങ്ങളെ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. വന്‍ അഴിമതിയുടെ സാധ്യതകള്‍ തുറക്കുന്നതിനാണ് പിആര്‍ഡിയും ആകാശവാണിയും പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ അകറ്റി നിറുത്തിയതെന്നാണ് ആരോപണം. ഏതായാലും മതിയായ വാര്‍ത്ത പ്രചാരണങ്ങളുടെ അഭാവം മൂലം കായികമേളയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള കലാപരിപാടികള്‍ പോലും കാണാന്‍ കാഴ്ചക്കാര്‍ എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍