UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ അമ്മുവിനെ വികലമാക്കി, ലക്ഷങ്ങള്‍ തട്ടി-നാഷണല്‍ ഗെയിംസ് ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവ്

Avatar

അഴിമതിയുടെ മേളയെന്ന് ഇതിനകം തന്നെ പേരുദോഷം കേള്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട് കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസ്. മേള തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കോടികള്‍ ഒഴുക്കിയിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍പോലും അനിശ്ചിതത്വം തുടരുകയാണ്. ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മുവിന്റെ കാര്യത്തില്‍ പോലും അഴിമതി നടന്നിരിക്കുകയാണ്. അമ്മുവിന്റെ സൃഷ്ടാവിനോടുപോലും തുച്ചമായ തുക പ്രതിഫലം കൊടുത്തും ഗെയിംസില്‍ നിന്ന് പൂര്‍ണമായി അവഗണിച്ചുമാണ് അധികൃതര്‍ നന്ദി കാണിച്ചിരിക്കുന്നത്. നെയ്യാര്‍ ഡാം സ്വദേശിയും പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ രാകേഷ് പി നായരാണ് അഴിമതിയുടെ പുതിയ രക്തസാക്ഷി. ഒരു കലാകാരനെന്ന നിലയില്‍ തന്റെ സൃഷ്ടിയെ വികലമാക്കുകയും തനിക്ക് അര്‍ഹിച്ച പ്രതിഫലം തരാതെയും തീര്‍ത്തും അവഗണിക്കുകയും ചെയ്തവരോട് പോരാടാന്‍ തന്നെയാണ് രാകേഷിന്റെ ഉദ്ദേശ്യം. നരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ രാകേഷ് പി നായര്‍ അഴിമുഖത്തോട് പങ്കുവയ്ക്കുന്നു.

ദേശീയ ഗെയിംസിന്റെ പ്രചാരണ ചുമതല നല്‍കിയിട്ടുള്ള ചലച്ചിത്ര അക്കാദമി വഴിയാണ് ഞാന്‍ ഗെയിംസിന്റെ ഭാഗമാകുന്നത്. 2013 മേയില്‍ അന്ന് ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായിരുന്ന മനോജ് കുമാര്‍ എന്നെ സമീപിക്കുകയായിരുന്നു. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ വേഴാമ്പലിന്റെ മാസ്റ്റര്‍ പ്രിന്റ് തയ്യാറാക്കാനായിരുന്നു ചുമതല ഏല്‍പ്പിച്ചത്. വേറെ ആരൊക്കെയോ അതിനു മുമ്പ് മറ്റൊരു മാസ്റ്റര്‍ പ്രിന്റ് തയ്യാറാക്കിയിരുന്നെങ്കിലും അതാര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. മനോജ് സാറും അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലനും ചേര്‍ന്നാണ് എന്നെ ഗെയിംസിന്റെ സിഇഒ ആയ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുത്തുന്നതും. അങ്ങനെ ആ ചുമതല ഞാന്‍ ഏറ്റെടുത്തു.

മാസങ്ങള്‍കൊണ്ട് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ വേഴാമ്പലിനെ രൂപകല്‍പ്പന ചെയ്തു. അപ്പോള്‍ അതൊരു ആണ്‍ വേഴാമ്പലായിരുന്നു. പിന്നീടാണ് ഡല്‍ഹിയില്‍ നിര്‍ഭയ സംഭവം നടക്കുന്നത്. അതോടെ ആ പെണ്‍കുട്ടിക്കുള്ളൊരു ആദരം എന്ന നിലയ്ക്ക് ഗെയിംസ് ചിഹ്നം പെണ്‍വേഴാമ്പലാക്കി. വീണ്ടും ദിവസങ്ങള്‍ നീണ്ട പ്രയത്‌നം. ഒടുവില്‍ അവസാനരൂപം തയ്യാറാക്കി അക്കാദമിയില്‍ സമര്‍പ്പിച്ചു. അവരത് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് അയച്ചു കൊടുത്തു, അവരാണ് ഫൈനല്‍ തീരുമാനം എടുക്കേണ്ടത്.

ചെറിയ ചില നിര്‍ദശങ്ങള്‍ സഹിതം അവര്‍ എന്റെ സൃഷ്ടിയെ അംഗീകരിച്ചു. മാസ്റ്റര്‍ പ്രിന്റിനൊപ്പം ഓരോ ഗെയിംമിനുമുള്ള 45 ആക്ഷന്‍ പോസുകളും തയ്യാറാക്കിയിരുന്നു.

രാകേഷ് തയ്യാറാക്കിയ അമ്മുവിന്റെ മാസ്റ്റര്‍ പ്രിന്റ്‌

2014 ഫെബ്രുവരിയില്‍ ദേശീയ ഗെയിംസ് നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് തീയതി മാറ്റിവയ്ക്കുന്നത്. ആ വര്‍ഷം ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നത്തിന് അമ്മു എന്ന് നാമകരണം ചെയ്തു.

പക്ഷെ ചടങ്ങിന്റെ വിവരം പത്രത്തില്‍ നിന്ന് അറിയാനായിരുന്നു എനിക്ക് കിട്ടിയ ഭാഗ്യം!

പല പത്രങ്ങളിലും ഇതിന്റെ വാര്‍ത്തവന്നെങ്കിലും മാതൃഭൂമിയിലൊഴികെ ഒന്നിലും അമ്മുവിന്റെ സൃഷ്ടാവിന്‍റെ പേര് ഉണ്ടായിരുന്നില്ല. മാതൃഭൂമിയില്‍ വന്നതാകട്ടെ, നെയ്യാര്‍ ഡാം സ്വദേശി രതീഷ് എന്നും!

2014 അവസാനം പത്രങ്ങളില്‍ ഗെറ്റ് സെറ്റ് പ്ലേ ടാഗ്‌ലൈനുമായി ഗെയിംസിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ആ പരസ്യം കണ്ട് ഞാന്‍ ശരിക്കും ഞെട്ടി.

ഞാന്‍ തയ്യാറാക്കിയ അമ്മുവിന്റെ വികലമായ മറ്റൊരു രൂപം!

മറ്റാരോ ആ മാസ്റ്റര്‍ പ്രിന്റില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു, എന്റെ സൃഷ്ടിയെയും എന്നിലെ കലാകാരനെയും അപമാനിച്ചിരിക്കുന്നു. അതൊരു ക്രൂരതയാണ്. ഒരു കലാകാരനോടും അവന്റെ സൃഷ്ടിയോടും കാണിക്കുന്ന ക്രൂരത. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ഞാന്‍ തയ്യാറാക്കിയ അമ്മുവിന്റെ ഒറിജിനല്‍ രൂപമല്ല. അതവര്‍ നശിപ്പിച്ചിരിക്കുന്നു.

മനോജ് സാറിനും ജോക്കബ് പുന്നൂസും സാറിനും ഞാന്‍ ഇതുമായി ബന്ധപ്പെട്ട് മെയില്‍ അയച്ചു. മാറ്റങ്ങള്‍ വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ആ മാറ്റങ്ങള്‍ എന്നോടു കൂടി ആലോചിക്കാം, അതു വരുത്താന്‍ എന്നെ തന്നെ ചുമതലപ്പെടുത്താം. ഞാനാണല്ലോ അത് സൃഷ്ടിച്ചത്, ഞാന്‍ ജീവനോടെയുള്ളപ്പോള്‍ പിന്നെ നിങ്ങള്‍ എന്തിനെന്നെ ഒഴിവാക്കി…?

പുതിയൊരു കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം കൈക്കൊണ്ടതെന്നും, മാറ്റങ്ങള്‍ വന്ന കാര്യം താനും ശ്രദ്ധിച്ചെന്നുമാത്രം പറഞ്ഞ് പന്നൂസ് സാറിന്റെ മറുപടി വന്നു.

ഇതിനിടയില്‍ അക്കാദമിക്കു മുന്നില്‍ ജോലിയുടെ ഭാഗമായി എനിക്ക് കിട്ടേണ്ട തുകയുടെ കണക്ക് സമര്‍പ്പിച്ചിരുന്നു. മാസ്റ്റര്‍ പ്രിന്റിന് 30,000 ഉം മറ്റു പോസുകള്‍ക്ക് ഒന്നിന്, 5000 രൂപ വീതവും സഹിതം 2.45 ലക്ഷമാണ് ഞാന്‍ ചാര്‍ജ്ജ് തയ്യാറാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും തുക കുറയ്ക്കണമെന്നും പകരം ഗെയിംസുമായി ബന്ധപ്പെട്ടു വരുന്ന മറ്റു വര്‍ക്കുകള്‍ തരാമെന്നും വാഗ്ദാനമുണ്ടായി. ഞാനത് അംഗീകരിച്ചു. ഒടുവില്‍ എനിക്ക് കിട്ടിയത്, മാസ്റ്റര്‍ പ്രിന്റിന് വെറും പതിനായിരവും 45 ആക്ഷന്‍ പോസുകള്‍ക്ക് ഒന്നിന് ആയിരത്തി അഞ്ഞൂറു രൂപാവീതവുമായിരുന്നു. ആകെ കിട്ടിയത് 70,000 രൂപ!.

അമിതമായ ഒരു തുകയൊന്നുമായിരുന്നില്ല ഞാന്‍ ആദ്യം സമര്‍പ്പിച്ചത്. പിന്നീട് അവര്‍ പറഞ്ഞതിന്‍പ്രകാരം അതില്‍ നിന്ന് തന്നെ വിട്ടുവീഴ്ച്ച ചെയ്യാനും തയ്യാറായതാണ്.പക്ഷേ തുച്ഛമായൊരു തുക തന്ന് എന്നെ ഒഴിവാക്കുകയായിരുന്നില്ലേ അവര്‍ ചെയ്തത്. സര്‍ക്കാരില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ഇത്തരം തലയ്ക്കടികള്‍ സ്ഥിരമാണെന്ന് പറഞ്ഞ് ഈ സംഭവത്തെ ലഘൂകരിച്ചാണ് എന്റെ ചില സുഹൃത്തുക്കള്‍ പോലും സംസാരിച്ചത്. അതൊരു സത്യമാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ അറിയാം. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചിത്രം വരയ്ക്കുന്ന ജോലി ഏറ്റെടുക്കാറുള്ള എനിക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ നല്ലവണ്ണം അറിയാം. ഒരിക്കലും പിടിവാശി കാണിച്ചിട്ടുമില്ല. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മമാണ്. അതിന്റെ പുണ്യത്തിലായിരുന്നു ഞാന്‍ വിശ്വസിച്ചത്. വലിയ സാമ്പത്തികസ്ഥിയുണ്ടായിട്ടൊന്നുമില്ല, മറിച്ച് ബാധ്യതകളേറെയമുള്ള ഒരാളാണ് ഞാന്‍. എനിക്കും കുടുംബവും കുട്ടികളുമുണ്ട്. എന്നാലും പണത്തിനുവേണ്ടി പരാക്രമം കാണിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, എനിക്കത് അറിയില്ല.

പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഇറങ്ങിത്തിരിച്ചെന്നു ചോദിച്ചാല്‍;

വെറും എഴുപതിനായിരം രൂപം നല്‍കി ഞാന്‍ തയ്യാറാക്കിയ ഗെയിംസ് ചിഹ്നത്തിന്റെ പേരില്‍ ആരെല്ലാമോ ചേര്‍ന്ന് തട്ടിച്ചെടുത്തിരിക്കുന്നത് ലക്ഷങ്ങളാണ്.

മാറ്റങ്ങള്‍ വരുത്തി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന അമ്മു

എന്റെ സൃഷ്ടിയില്‍ വികലമായ മാറ്റം വരുത്തിക്കൊണ്ട് ഏതോ ഏജന്‍സി(?) യുടെ പേരിലാണ് ഈ കൊള്ള നടക്കുന്നത്. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തിന്റെ രൂപകല്‍പ്പനയ്ക്കായി എത്ര തുക ചെലവിട്ടു എന്നു ചോദിച്ചാല്‍ ബന്ധപ്പെട്ടവര്‍ മിണ്ടാതെ പോകുന്നതെന്തുകൊണ്ടാണ്? വകുപ്പ് മന്ത്രി ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

പ്രതിഫലത്തിന്റെ കാര്യത്തില്‍ എനിക്കിപ്പോഴും വലിയ സങ്കടമില്ല, എന്നാല്‍ മനസ്സ് തകരുന്നത് എന്നോട് കാണിച്ച അവഗണനയിലാണ്. കേരളം മുഴുവന്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ റണ്‍ കേരള റണ്‍, എത്രയോ പേരെ ക്ഷണിച്ചു അതിലേക്ക്. ഒരുവാക്ക് എന്നോട് പറയായിരുന്നില്ലേ. എന്നോടവര്‍ക്ക് എന്തോ ദേഷ്യംപോലെയാണ്. ഗെയിംസുമായി ബന്ധപ്പെട്ട് സിഗ്നേചര്‍ ഫിലിം ചെയ്യാനായി കണ്‍സെപ്റ്റും സ്റ്റോറി ബോര്‍ഡും ബഡ്ജറ്റ് സഹിതം ഞാന്‍ സമര്‍പ്പിച്ചിരുന്നു. ചലച്ചിത്ര അക്കാദമി സ്വീകരിച്ചെങ്കിലും ഗെയിംസ് കമ്മിറ്റി നിഷ്‌കരുണം തള്ളി.

ഗെയിംസ് കമ്മിറ്റി എന്നെ തീര്‍ത്തും അവഗണിക്കുകയാണ്. ഞാനാണ് ഗെയിംസ് ചിഹ്നം രൂപകല്‍പ്പന ചെയ്തതെന്നുപോലും അവര്‍ അംഗീകരിക്കുന്നില്ല. എന്റെ നാട്ടില്‍ നിന്ന് അല്‍പ്പം അകലെയുള്ള ഒരു സ്‌കൂളില്‍ ഗെയിംസിനോടനുബന്ധിച്ച് ഒരു ചടങ്ങ് നടന്നിരുന്നു. അമ്മു വേഴാമ്പലും സ്‌കൂളില്‍ എത്തിയിരുന്നു. ഞാനും അതില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ ഗെയിംസ് കമ്മിറ്റിയുടെ പ്രതിനിധിയായി എത്തിയ ഉദ്യോഗസ്ഥനെ പരിചയപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം എന്നോട് മിണ്ടാന്‍പോലും കൂട്ടാക്കിയില്ല. ഇതുപോലൊരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അമ്മുവിന്റെ സൃഷ്ടാവിനെ തനിക്ക് അറിയാമെന്നും പരിചയക്കാരനാണെന്നും അവിടെയുണ്ടായിരുന്നവരോട് പറഞ്ഞപ്പോള്‍ അവരാരും തന്നെ അമ്മു എന്റെ സൃഷ്ടിയാണെന്ന് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് തിരുവനന്തപുരത്തു നിന്നുള്ള ഒരു എം എല്‍ എ എന്നോടു പറഞ്ഞത്.

എന്നെ അവര്‍ അവഗണിക്കുന്നതിന്റെ പേരില്‍ സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. ഇതില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ക്ക് ഞാനൊരു ബാധ്യതയാണെന്നു തോന്നിക്കാണും. ഗെയിംസ് ചിഹ്നം രൂപകല്‍പ്പന ചെയ്തത് ഞാന്‍ അല്ലെന്നു അവര്‍ക്ക് വരുത്തി തീര്‍ക്കണം. പകരം അവര്‍ക്ക് താല്‍പര്യമുള്ള ഏതോ ഏജന്‍സിയുടെ പേരില്‍ ഇതിന്റെ ബഹുമതി നല്‍കണം. എങ്കിലെ അവര്‍ക്ക്പലതും  സ്വന്തമാക്കാന്‍ കഴിയൂ. ആരാണ് ഇതിന് പിന്നില്‍ എന്ന് അറിഞ്ഞേ മതിയാകൂ. എത്ര രൂപ ഇതിനായി ചെലവാക്കിയിട്ടുണ്ടെന്ന് അറിയണം. അതിനുവേണ്ടിയാണ് എന്റെ പോരാട്ടം. ജനങ്ങള്‍ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ആ പോരാട്ടം നടത്തുന്നത്. എനിക്ക് നീതി കിട്ടാന്‍ വേണ്ടിയല്ല, നാളെ മറ്റൊരു കലാകാരനും എന്റെ ഗതി വരരുത്. ഒരു കലാകാരനെയും അവന്റെ കലാസൃഷ്ടിയെയും വിറ്റ് പോക്കറ്റ് വീര്‍പ്പിക്കുന്ന അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍