UPDATES

കായികം

ദേശീയ ഗെയിംസ്: യോഗ്യതനേടി ടീമിലെത്തിയ കായികതാരത്തിന് അധികൃതരുടെ കുടിയിറക്ക് ഭീഷണി

കൃഷ്ണകുമാര്‍ കെ കെ

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന് യോഗ്യത നേടി ടീമിലെത്തി പരിശീലനം നടത്തി വരുന്ന മത്സരാർത്ഥിക്ക് അധികൃതരുടെ പുറത്താക്കൽ ഭീഷണി. തായ്ക്വൺഡോ 62-67 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന രേഷ്മയാണ് അധികൃതരുടെ പുറത്താക്കൽ ഭീഷണി നേരിടുന്ന കായിക താരം. ഇതുമൂലം മാനസികമായി കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് രേഷ്മ. ഇത് തൻറെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഈ പെൺകുട്ടി.

സെലക്ഷൻ ട്രയൽസമയത്ത് രേഷ്മയോട് തോറ്റ് പുറത്തായ കുട്ടിയുടെ പരാതിയെതുടർന്നാണ് അധികൃതരുടെ പീഡനം. 2013ൽ മെക്സിക്കോയിൽ വെച്ച് നടന്ന ലോക സീനിയർ തായ്ക്വൺഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള രേഷ്മ കേരളത്തിൽ നിന്നുള്ള മറ്റൊരു ഇൻറർനാഷ്ണൽ താരത്തെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ രേഷ്മയുടെ ശരീരഭാരത്തിൽ സംശയം പ്രകടിപ്പിച്ച് തോറ്റ കുട്ടി സ്പോർട്സ് കൌൺസിലിന് പരാതി നൽകി. തുടർന്ന് കൌൺസിലിൻറെ നേതൃത്വത്തിൽ തന്‍റെ വെയ്റ്റ് പരിശോധിച്ച് യോഗ്യയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതാണെന്ന് രേഷ്മ പറയുന്നു.

പക്ഷെ അവിടം കൊണ്ടും പ്രശ്നം തീർന്നില്ല. പിന്നീട് വേറൊരുദിവസം അധികൃതർ കോവളത്തെ കോച്ചിംഗ് ക്യാമ്പിലെത്തുകയും രേഷ്മ മത്സരിക്കുന്നതിനെതുടർന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം കോച്ചുമാർക്കും രേഷ്മയ്ക്കുമാണെന്ന് രേഖാമൂലം എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു.

അതോടുകൂടി എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് കരുതി പരിശീലനത്തിൽ മുഴുകിയിരിക്കുന്ന ഈ സമയത്ത് വീണ്ടും രേഷ്മയുടെ വെയ്റ്റ് പരിശോധിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഒപ്പം റീ സെലക്ഷൻ നടത്തണമെന്ന ആവശ്യവും ഉയർത്തുന്നു. ഇതോടെ മാനസികമായി ആകെ തകർന്ന ഈ കായികതാരം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

പാലക്കാട് ജില്ലയിലെ കരിപ്പോട് ചിറ്റടി വീട്ടിൽ വേണുവിൻറേയും രത്നകുമാരിയുടേയും മകളായ രേഷ്മ 2009 മുതലാണ് തായ്ക്വൺഡോയിൽ പരിശീലനം തുടങ്ങുന്നത്. 2010, 2011 വർഷങ്ങളിൽ നാഷണൽ സ്കൂള്‍ മത്സരത്തിൽ സിൽവർ മെഡലുകളും 2011ൽ തന്നെ ജൂനിയർ നാഷണൽ ലെവലിൽ ഗോള്‍ഡ് മെഡലും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 2012, 13 വർഷങ്ങളിൽ സീനിയർ വിഭാഗത്തിൽ സിൽവർ, ബ്രോൺസ് മെഡലുകളും നേടിയിട്ടുള്ള രേഷ്മ 2013ൽ മെക്സിക്കോയിൽ വെച്ച് നടന്ന ലോക സീനിയർ തായ്ക്വൺഡോ ചാന്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.

ഇത്രയധികം നേട്ടങ്ങള് കൈവരിച്ചിട്ടുള്ള ഒരു കായിക താരത്തോടാണ് അധികൃതരുടെ ചിറ്റമ്മ നയം. യോഗ്യത നേടി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന താരത്തിനെക്കൊണ്ട് വീണ്ടും വെയിംഗും, റീ സെലക്ഷനും നടത്താനുള്ള കായികാധികാരികളുടെ തീരുമാനം അനധികൃതമായി പലരേയും തിരുകിക്കയറ്റാനുള്ള ചില സമ്മർദ്ദങ്ങളുടെ ഫലമാണെന്നാണ് സൂചന.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍