UPDATES

തിന്മയുടെ സാധാരണത്വം പറയുന്ന കൊലപാതകങ്ങള്‍

ജനാധിപത്യത്തില്‍ കൊല്ലപ്പെടുക എന്നത് നീതിനിഷേധമാണ്

1961-ല്‍ ദി ന്യൂ യോര്‍ക്കര്‍ പത്രം ഹന്ന ആരെണ്ട്റ്റ് എന്ന രാഷ്ട്രീയ സൈദ്ധാന്തികയോട് ജെറുസലേമില്‍ നടക്കുന്നൊരു വിചാരണയെക്കുറിച്ച് എഴുതാന്‍ പറയുകയുണ്ടായി. നാസി ഭരണകൂടത്തിലെ ലെഫ്റ്റനന്റ് കേണല്‍ അഡോള്‍ഫ് എയ്ക്ക്മാന്‍ എന്ന ഓഫീസറുടെ വിചാരണയായിരുന്നു ജെറുസലേമില്‍ അന്ന് നടന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയുടെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയില്‍ ഒളിവില്‍ താമസിച്ച അയാളെ മൊസാദ് പിടികൂടി ഇസ്രയേലില്‍ കൊണ്ടുവന്നു. എയ്ക്ക്മാന്റെ വിചാരണയിലുടനീളം പങ്കെടുത്ത ഹന്ന പില്‍ക്കാലത്ത് ഒരു പുസ്തകം എഴുതുകയുണ്ടായി Eichmann of Jerusalem: A Report on the Banality of Evil (1963). ആ പുസ്തകം ലോകത്തിനു നല്‍കിയ പ്രയോഗമാണ് ‘Banality of Evil’ അഥവ തിന്മയുടെ സാധാരണത്വം. ഹന്ന ഈ പ്രയോഗം ഉപയോഗിച്ചത് അഡോള്‍ഫിന്റെ കോടതിയിലെ പെരുമാറ്റത്തെ സൂചിപ്പിക്കാനാണ്. വിചാരണയില്‍ ഉടനീളം അയാള്‍ ഒരുതരത്തിലുമുള്ള കുറ്റബോധമോ തന്നെ വിചാരണ നടത്തുന്നവരോട് വെറുപ്പോ കാണിച്ചില്ല. അയാള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒന്നും അയാള്‍ കുറ്റവാളി അല്ലായെന്നും, താന്‍ തന്റെ കടമ നിര്‍വഹിക്കുകയായിരുന്നു എന്നുമാണു പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരുന്നത്.

Banaltiy of Evil എന്ന പ്രയോഗം പുസ്തകത്തിനോടൊപ്പം തന്നെ ലോകശ്രദ്ധ നേടി. തുടര്‍ന്ന് പലരും പലരീതിയില്‍ ഈ പ്രയോഗത്തെ വ്യാഖ്യാനിച്ചു. എന്നാല്‍ ഹന്നയുടെ വാക്കുകളില്‍ ഇതൊരുതരം ഏകാധിപത്യ വ്യവസ്ഥിതിയില്‍ അന്ധമായി വിശ്വസിച്ചതുകാരണം ഉണ്ടായി വന്ന അവസ്ഥയാണ്. അഡോള്‍ഫിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ മറ്റൊരാളുടെ അവസ്ഥയോ, വികാരങ്ങളോ കടന്നു വന്നില്ല. അയാളെ കേള്‍ക്കും തോറും അയാളുടെ പ്രപഞ്ചത്തില്‍ മറ്റൊരു വ്യക്തിക്കോ അയാളുടെ വികാരങ്ങള്‍ക്കോ സ്ഥാനമോ സഹതാപമോ ഉള്ളതായി തോന്നിയില്ല. ഒരു പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും ചുറ്റിനുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവര്‍ മനപൂര്‍വം തന്നെ മാറ്റി നിര്‍ത്തപ്പെടുന്നു. അതിനൊരു ഉദ്ദാഹരണമാണ് അഡോള്‍ഫ് എയ്ക്ക്മാന്‍. അയാള്‍ തികച്ചും സാധാരണക്കാരന്‍ ആയിരുന്നു. ഹോളോകാസ്റ്റ് നടപ്പാക്കിയതില്‍ ഒരാളായതിനാല്‍ കോടതി ആറു മനഃശാസ്ത്രജ്ഞന്‍മാരെ വിട്ടു അയാളെ പരിശോധിക്കുകയുണ്ടായി. എന്നാല്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളോ പെരുമാറ്റ പ്രശ്‌നങ്ങളോ അയാള്‍ക്കുള്ളതായി കണ്ടെത്താനായില്ല. സ്വയം ന്യായികരിക്കാന്‍, ഉപയോഗിച്ച് പഴകിയ വാദങ്ങള്‍ മാത്രം നിരത്തിയതുകാരണം അയാള്‍ അസാമാന്യമായ ബുദ്ധിയുള്ള വ്യക്തിയായും തെളിഞ്ഞില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ തിന്മയുടെ സാധാരണത്വത്തിനെ രണ്ട് രീതിയില്‍ കാണാം. മറ്റുള്ളവരോട് ഒരുതരം സഹതാപവും മനഃസാക്ഷിയും സ്വാഭാവികമായും തോന്നാത്തവര്‍, ഏകാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി അഭിവൃദ്ധിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍. അല്ലെങ്കില്‍ മനഃസാക്ഷിയും സഹതാപവും ഉണ്ടായിട്ടും അങ്ങേയറ്റം പ്രശ്‌നഭരിതമായ സാഹചര്യങ്ങളില്‍ തിന്മയ്ക്ക് അറിഞ്ഞുകൊണ്ടോ അറിയാതെയോ കീഴ്‌പെട്ടുപോകുന്നവര്‍. ഇതില്‍ അഡോള്‍ഫ് ഉള്‍പ്പെടുന്നത് ആദ്യത്തെ ഗണത്തിലാണ്. ഇത്തരം അഡോള്‍ഫ്മാര്‍ക്ക് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നവര്‍ രണ്ടാം ഗണത്തിലും പെടുന്നു.

"</p

ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക വിദ്വേഷത്തിന്റെ ആദ്യ ഇരയല്ല. അവര്‍ക്ക് മുന്നേ പലരും ഇത്തരം ഏകാധിപത്യ ശക്തിയുടെ വിദ്വേഷത്തിന്റെ ഇരയായിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് എതിര്‍പ്പുകളെ ഒരിക്കലും കൂട്ടത്തോടെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. തിരഞ്ഞുപിടിച്ചു ഒരുപരിധിവരെ മുന്നറിയിപ്പ് നല്‍കി ഇല്ലാതാക്കപ്പെടുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെടുത്തുന്നതിനു മുന്‍പ് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗൗരിക്കും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു എന്നു കേള്‍ക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തു വിരോധാഭിപ്രയങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്രയധികം എതിര്‍പ്പുണ്ടാകുന്നു. ജനാധിപത്യം എന്ന ഘടനയെത്തന്നെ ഇല്ലാതാക്കാന്‍ പാകത്തിന് ശക്തികള്‍ ഉയര്‍ന്നുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഇവയെല്ലാം.

കൊലപാതകികള്‍ സാധാരണ മനുഷ്യരാണ്. അഡോള്‍ഫിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പരിശീലിപ്പിച്ചു എടുത്തവര്‍. ഒരുപക്ഷെ ഒരു കോടതിക്ക് മുന്‍പാകെ ഹാജരക്കപ്പെട്ടാല്‍ അഡോള്‍ഫ് പറഞ്ഞതുപോലെ തങ്ങള്‍ ചെയ്ത പ്രവൃത്തികളില്‍ ഒരുതെറ്റും കണ്ടെത്താന്‍ സാധിക്കാത്തവര്‍. ഏകാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ അടിമകളാണ് അവര്‍. അത് ഏതുതരം പ്രത്യയശാസ്ത്രവുമായിക്കൊള്ളട്ടെ അവരെ ആ പ്രപഞ്ചത്തിലേക്ക് എത്തിക്കുക എന്നതുമാത്രമേ വിഷമായി നിലനില്‍ക്കുന്നുള്ളു. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശരിയാണോ എന്ന് ചിന്തിക്കാനുള്ള മാനസിക അവസ്ഥപോലും ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കാണില്ല. മറ്റൊരു യാഥാര്‍ത്ഥ്യമുണ്ടെന്ന സത്യം ഇവര്‍ക്ക് അന്യമായിരിക്കും. ഇവരെ നമുക്ക് തിന്മയുടെ സാധാരണത്വത്തില്‍ നമ്മള്‍ ആദ്യം പരിചയപ്പെട്ട ഗണത്തിലേക്ക് മാറ്റം. ഏകാധിപത്യത്തെ മാത്രം ആശ്രയിച്ച് അഭിവൃദ്ധിപ്പെടുന്നവരാണ് ഇവര്‍.

ഗൗരിയുടെ കൊലപാതകത്തിന് ശേഷം സോഷ്യല്‍ മീഡിയകളില്‍ പലതരം അഭിപ്രായങ്ങളുടെ പ്രവാഹമായിരുന്നു. ഹിന്ദുത്വത്തിന് എതിരെ സംസാരിച്ചതിന് അവരിതര്‍ഹിക്കുന്നു എന്ന് തുടങ്ങി, ഇനിയും കൊലപ്പെടുത്താന്‍ സാധ്യതയുള്ള വ്യക്തികളുടെ പട്ടികവരെ പ്രസിദ്ധീകരിച്ചവരുണ്ട്. കൂട്ടത്തില്‍ പലരും ഇതിനുമുന്‍പേ ഇതേ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കൊലപ്പെട്ട ധബോല്‍ക്കാര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെയും ഓര്‍ത്തുകൊണ്ട് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഇവയൊന്നും കൂടാതെ ജെഎന്‍യുവില്‍ നിന്നും കാണാതായ നജീബ്, ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല, ബീഫ് കൈവശം വെച്ചു എന്ന പേരില്‍ കൊല്ലപെട്ട അഖ്‌ലാഖ്, ജുനൈദ് അങ്ങനെ പട്ടിക നീളുകയാണ്. ബീഫ് കൈവശം വച്ചതിന്റെ പേരിലും മുസ്ലിം ആയതിന്റെ പേരിലും ദളിതനായതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഒരുപാടു പേരുണ്ട്. അത് ദിവസവും കേള്‍ക്കുന്നൊരു വാര്‍ത്തയായി മാറപ്പെട്ടുക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് എതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നീതി നടപ്പാകുന്നൊരു അവസ്ഥ വരെയത്തുന്നില്ല. അല്ലെങ്കില്‍ നീതി മനപൂര്‍വം നടപ്പാക്കപ്പെടുന്നില്ല.

സമൂഹ മാധ്യമങ്ങളില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഗൗരി ലങ്കേഷിനെ തീവ്ര ഇടതുപക്ഷ ചിന്തഗതിക്കാരി, നക്‌സല്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കാണിച്ചു ഒരുതരത്തില്‍ അവരുടെ കൊലപാതകത്തെ ന്യായികരിക്കുകയുണ്ടായി. ഇവയ്‌ക്കെല്ലാം എതിരെ നില്‍ക്കുന്നൊരു ജനത ശക്തമായ ഭാഷയില്‍ അവരുടെ കൊലപാതകത്തെ അപലപിക്കുകയുമുണ്ടായി. എന്നാല്‍ നീതി തേടാന്‍ നമ്മള്‍ അര്‍ഹരാണോ എന്നൊരു ചോദ്യമുണ്ട്. നമ്മുടെ കനത്ത നിശബ്ദതയില്‍ നീതി നഷ്ടമായവര്‍ ഒരുപാടുണ്ട്. നമ്മുടെ നിശബ്ദതതയെ ചൂഷണം ചെയ്തു നമുക്കിടയില്‍ നിന്ന് ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങളിലേക്ക് സാധാരണ മനുഷ്യരെ എത്തിക്കുന്നവരുണ്ട്. ഒരു പ്രത്യയശാസ്ത്രത്തില്‍ മാത്രം അടിയുറച്ചു വിശ്വസിച്ചു അതിനായി മാത്രം പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന് ഇത്തരക്കാരെ പഠിപ്പിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവര്‍.

"</p

ജനാധിപത്യത്തില്‍ കൊല്ലപ്പെടുക എന്നത് നീതിനിഷേധമാണ്. അത് ചിന്തയുടെ പേരിലോ, പ്രത്യയശാസ്ത്രത്തിന്റെ പേരിലോ, ജാതിയുടെയോ മതത്തിന്റെയോ, ലിംഗത്തിന്റെയോ, ലൈംഗികതയുടെ പേരിലോ ആയിക്കൊള്ളട്ടെ. എവിടെയെങ്കിലും നമ്മള്‍ നിശബ്ദരായെങ്കില്‍ ആ പ്രത്യയശാസ്ത്രത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും ഭാഗമാകുന്നു. ആ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് നമ്മളും കാരണമാകുന്നു. മനഃസാക്ഷിയും സഹതാപതുമുണ്ടയിട്ടും അങ്ങേയറ്റം പ്രശ്‌നഭരിതമായ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ തിന്മയുടെ പക്ഷത്തേക്ക് നീങ്ങുന്നു. അങ്ങനെ നമ്മള്‍ തിന്മയുടെ സാധാരണത്വത്തില്‍ പരിചയപ്പെട്ട രണ്ടാമത്തെ ഗണത്തിലേക്ക് മാറ്റപ്പെടുന്നു. കൂട്ടത്തില്‍ ഏറ്റവും ഭീകരമായ ഗണവും അതുതന്നെയാണ്.

ജനാധിപത്യം നിലനില്‍ക്കുന്നതും വളരുന്നതും അത് ചോദ്യം ചെയ്യപ്പെടുമ്പോഴാണ്. ചോദ്യം ചെയ്യുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിച്ചു അതില്‍ നിലനിന്നു പോരുന്ന ഓരോ പൗരന്റെയും കടമയാണ്. അത്തരം ഇടപെടലുകള്‍ നടക്കാത്തിടത്തോളം കാലം നീതിക്കായുള്ള കാത്തിരിപ്പുകള്‍ക്കിടയില്‍ എതിരഭിപ്രായങ്ങള്‍ നഷ്ടപ്പെട്ടുക്കൊണ്ടേയിരിക്കും. തന്മൂലം തിന്മ സാധാരണത്വം കൈവരിക്കുകയും ചെയ്യും. ജോണ്‍ സ്‌റ്റെയിന്‍ബാവ്ക്ക്‌ സൂചിപ്പിച്ചപോലെ തിന്മ ഒരിക്കലും ജയിക്കുന്നില്ല, പക്ഷെ അതൊരിക്കലും മരിക്കുന്നുമില്ല.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍