UPDATES

ഗോരഖ്പൂര്‍: മോദിയുടെ മൗനവും യോഗിയുടെ ന്യായവും; സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു

ഇതിനിടയിലാണ് പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടറും കുട്ടികളുടെ വാര്‍ഡിന്റെ തലവനുമായിരുന്ന ഡോ. കഫീല്‍ അഹമ്മദ് ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന പരോക്ഷ കുറ്റപ്പെടുത്തലുമായി ആശുപത്രി മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രാജീവ് മിശ്ര. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ ഡോ. മിശ്ര രാജിവച്ചിരുന്നു.

ഓക്‌സിജന്‍ വിതരണ കമ്പനിയുടെ കുടിശിക തീര്‍ക്കുന്നതുള്‍പ്പടെയുള്ള പണത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ മാസത്തില്‍ മാത്രം താന്‍ നാലുതവണയോളം സര്‍ക്കാരിലേക്ക് കത്തയച്ചിരുന്നതായാണ് ഡോ. മിശ്ര വെളിപ്പെടുത്തുന്നത്.

ആശുപത്രിക്കായി സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി നല്‍കണം എന്നാവശ്യപ്പെട്ട് ജൂലൈ മാസത്തില്‍ തന്നെ മൂന്നു നാലു തവണ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിന് കത്തയച്ചിരുന്നു. പക്ഷേ ഫണ്ട് റിലീസ് ചെയ്തത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള കത്ത് മെഡിക്കല്‍ കോളേജില്‍ കിട്ടുന്നത് ഏഴാം തീയതിയും. ട്രഷറിയിലേക്ക് കത്ത് അയച്ച് പിറ്റേദിവസം തന്നെ ടോക്കണ്‍ കൈപ്പറ്റിയെങ്കിലും ഒമ്പതാം തീയതി മുഖ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തി. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ വന്നതോടെ കാര്യങ്ങള്‍ വീണ്ടും വൈകി; സ്‌ക്രോള്‍.ഇന്നിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. മിശ്ര പറയുന്നു.

"</p

ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലമല്ല കുട്ടികള്‍ മരിക്കാനിടയായതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതുള്‍പ്പെടെയുള്ള ന്യായീകരണങ്ങളും ഡോ. മിശ്രയുടെ വാക്കുകളില്‍ തകരുന്നുണ്ട്. വിതരണക്കാര്‍ ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവച്ചതോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായതായും ഡോ. മിശ്ര പറയുന്നു.

ഡോക്ടര്‍ മിശ്രയുടെ വാക്കുകള്‍; ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്ന പുഷ്പ സെയ്ല്‍സില്‍ നിന്നും പത്താം തീയതി വിളിച്ച് ദ്രവീകൃത ഓക്‌സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയില്‍ എത്തില്ലെന്നു പറഞ്ഞു. വിതരണം നിര്‍ത്തുമെന്നായിരുന്നു മുന്നറിയിപ്പ്. പത്ത് ലക്ഷത്തില്‍ അധികം കുടിശ്ശിക പാടില്ലെന്ന് ഓക്‌സിജന്‍ കമ്പനിയുമായി കരാര്‍ ഉള്ളതായിരുന്നു. പത്താം തീയതി ബാങ്ക് വഴി പുഷ്പ സെയില്‍സിന്റെ അക്കൌണ്ടിലേക്ക് പത്തുലക്ഷം രൂപ നിക്ഷേപിച്ചു. ആശുപത്രിയധികൃതരുടെയും വിതരണക്കാരുടെയും അക്കൌണ്ടുകള്‍ ഒരേ ബാങ്കില്‍ അല്ലാത്തതിനാല്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ വീണ്ടും ഒരു ദിവസം താമസിച്ചു.

പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത് ഓക്‌സിജന്‍ ഇല്ലാത്തതുമൂലമല്ല കുട്ടികള്‍ മരിച്ചതെന്ന വാദത്തിലാണ്. മസ്തിഷ്‌കജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നവര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ ബാധിച്ചാണ് 70 കുട്ടികള്‍ മരിച്ചതെന്നാണ് പീഡിയാട്രിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ അവകാശവാദം. മുഖ്യമന്ത്രിയും ഈ വാദമാണ് ഉയര്‍ത്തുന്നത്.

ഇതിനിടയിലാണ് പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടറും കുട്ടികളുടെ വാര്‍ഡിന്റെ തലവനുമായിരുന്ന ഡോ. കഫീല്‍ അഹമ്മദ് ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഓക്‌സിജന്‍ വിതരണം മുടങ്ങിയതോടെ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഡോ. ഖാന്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ കൊണ്ടു വന്നു അനേകം കുട്ടികളുടെ ജീവന്‍ രക്ഷിച്ചെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലായിരുന്നു അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. എന്നാല്‍ ഡോ. ഖാനെതിരേ സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഡോ. ഖാന്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നയാളാണെന്നും ഇയാളുടെ നഴ്‌സിംഗ് ഹോമിലേക്ക് മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ സിലണ്ടറുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാണ് ദുരന്തത്തിനു കാരണമെന്നതുള്‍പ്പടെ, ബലാത്സംഗ ആരോപണം വരെ ഡോ. ഖാനെതിരേ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു വിഭാഗം ഉയര്‍ത്തുകയാണ്. എന്നാല്‍ ഡോ. ഖാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നതായി കൂടുതല്‍ വ്യക്തമായതായും വാര്‍ത്തകള്‍ വന്നു. ഇതു സര്‍ക്കാരിന് തിരിച്ചടിയായതായി കണ്ടാണ് ഡോ . ഖാനെതിരേ നടപടിയെടുത്തതെന്നാണ് വലിയൊരു വിഭാഗം വിശ്വസിക്കുന്നത്.

"</p

അതതേസമയം രാജ്യത്തെ നടുക്കിയ ഒരു ദുരന്തം നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താത്തതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ പോലും തന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്ന പ്രാധാനമന്ത്രി 70 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പ്രധാനമന്ത്രി കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ ചെയ്യാന്‍ കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്. അതുപോലെ ദുരന്തം നടന്ന് മൂന്നാം ദിവസമാണ് സ്വന്തം മണ്ഡലമായിട്ടു പോലും യോഗി ആദിത്യനാഥ് മെഡിക്കല്‍ കോളജില്‍ എത്തിയതെന്നതും രൂക്ഷവിമര്‍ശനത്തിന് കാരണമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍