UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍

സുപ്രീം കോടതിയെയാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്

കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍. ആധാറിന് സമാനമായ ഒരു നമ്പരും കന്നുകാലിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും ഇതില്‍ ഉണ്ടാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

ബംഗ്ലാദേശിലേക്കുള്ള കന്നുകാലികളുടെ അനധികൃത കള്ളക്കടത്ത് തടയാനുള്ള നടപടികളുടെ ഭാഗമായി ആഭ്യന്തര വകുപ്പിലെ ഒരു ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരമൊരു ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമിതി റിപ്പോര്‍ട്ട് ഇന്നലെ ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചിന് മുന്‍പില്‍ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ഗവണ്‍മെന്‍റ് ഉടന്‍ പുറത്തിറക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

പേര്, പ്രായം, ജനുസ്സ്, ലിംഗം,  പാല്‍ സംബന്ധിച്ച വിവരങ്ങള്‍, ഉയരം, നിറം, കൊമ്പിന്റെയും വാലിന്റെയും പ്രത്യേകത, പ്രത്യേകതരം പുള്ളികള്‍ എന്നിവയായിരിക്കും ഈ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉണ്ടാവുക. ഇത് കൃത്രിമം കാണിക്കാന്‍ പറ്റാത്ത രീതിയിലായിരിക്കും തയ്യാറാക്കുക.

മാട്ടിറച്ചി കയറ്റുമതിക്കായി പശുക്കളെ നിയമവിരുദ്ധമായി കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി ഇന്നലെ.

നരേന്ദ്ര മോദി അധികാരത്തില്‍ കയറിയതിന് ശേഷം പശു സംരക്ഷക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം രാജ്യത്ത് സജീവമാവുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇതുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കാലികളുമായി പോകുന്ന വാഹനം തടഞ്ഞു അതിലുണ്ടായിരുന്ന മൂന്നു പേരെ ആക്രമിക്കുകയുണ്ടായി. അതേ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ പശു വിശുദ്ധ മൃഗമാണെന്ന് പറഞ്ഞാണ് ഈ നടപടികളെ ന്യായീകരിക്കുന്നത്.

എന്നാല്‍ പശുവിന്റെ പേര് പറഞ്ഞു സംഘപരിവാര്‍ മുസ്ലീങ്ങളെയും ദളിതരെയും ലക്ഷ്യം വെക്കുകയാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍