UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യമുനയെ കൊന്നിട്ടുള്ള ആനന്ദോത്സവം വേണ്ട; ഹരിത ട്രിബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കറോട്

Avatar

ടീം അഴിമുഖം

ദേശീയ തലസ്ഥാനത്ത് യമുനാ നദിക്കരയില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ നടത്തുന്ന ലോക സാംസ്‌കാരികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

ലോകമെമ്പാടും നിന്നെത്തുന്ന രവിശങ്കറിന്റെ അനുയായികള്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ 35 വര്‍ഷത്തെ സേവനവും ആത്മീയതയും മാനുഷിക മൂല്യങ്ങളും ആഘോഷിക്കാനായി ഈ മാസം 11 മുതല്‍ 13 വരെയാണ് ഇവിടെ ഒത്തുചേരുന്നത്. യമുനാതീരത്തെ ആയിരത്തിലധികം ഏക്കറില്‍ നാല്‍പത് അടിയിലധികം ഉയരമുള്ള സ്റ്റേജ്, സന്ദര്‍ശകര്‍ക്കായി ഇളക്കിമാറ്റാവുന്ന കാബിനുകളും കുടിലുകളും, താല്‍ക്കാലിക പാര്‍ക്കിംഗ് സ്ഥലം എന്നിവയെല്ലാം ഉണ്ടാകും.

പക്ഷേ ഒരു ചെറിയ പ്രശ്‌നം.

ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച സമിതിയുടെ നിരീക്ഷണപ്രകാരം ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യമുനയുടെ പരിസ്ഥിതിയെ അപകടത്തിലാക്കുകയാണ്. അതിനാല്‍ ഫൗണ്ടേഷനുമേല്‍ 120 കോടിയുടെ പിഴ ചുമത്താനാണ് ട്രിബ്യൂണല്‍ തീരുമാനം.

ലോകസാംസ്‌കാരികോത്സവം യമുനയുടെ എക്കല്‍ പ്രദേശങ്ങള്‍ക്ക് ഗുരുതരമായ നാശം വരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നോയിഡയ്ക്കടുത്ത് നടക്കുന്ന പരിപാടിയുടെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

‘പരിപാടിക്കു മുന്‍പ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനില്‍ നിന്ന് ഈ തുക ഈടാക്കുകയും ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കുകയും വേണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. യമുനാതടത്തില്‍ പരിസ്ഥിതി നാശം വരുത്തിയ പ്രദേശങ്ങള്‍ സാംസ്‌കാരികോത്സവം അവസാനിക്കുന്ന മാര്‍ച്ച് 13 മുതലുള്ള ഒരു വര്‍ഷത്തിനകം പഴയപടിയാക്കണം,’ പാനല്‍ നിര്‍ദേശിച്ചു.

പരിസ്ഥിതിപ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ പരാതിയിന്മേലാണ് ട്രിബ്യൂണല്‍ അന്വേഷണം നടത്തിയത്.

ചെറിയ കുളങ്ങളും മറ്റും നികത്തിയതായും വന്‍ മരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്വാഭാവിക പച്ചപ്പുകളും നശിപ്പിച്ചതായും സമിതി കണ്ടെത്തി. ഇതുമൂലം പ്രദേശത്ത് പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളും ഇല്ലാതായി.

ഇന്ത്യയെക്കൂടാതെ 155 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ പരിപാടിക്കെത്തുമെന്നാണു കരുതുന്നത്. 35,000 സംഗീതജ്ഞര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഡിഡിഎയുടെ എല്ലാ നിയമങ്ങളും പാലിച്ചെന്നും പരിസ്ഥിതിക്കുണ്ടായ നാശത്തിന് സംഘടനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നുമാണ് ആര്‍ട്ട് ഓഫ് ലിവിംഗിലെ ഗൗതം വിജ് ഇതേപ്പറ്റി പ്രതികരിച്ചത്. 2010ല്‍ മേരി ദില്ലി, മേരി യമുന പദ്ധതി പ്രകാരം ശ്രീ ശ്രീ രവിശങ്കര്‍ നദിയില്‍നിന്ന് പ്ലാസ്റ്റിക്കും മാലിന്യങ്ങളും നീക്കിയെന്നും 55 ലക്ഷം വൃക്ഷത്തൈകള്‍ നട്ടെന്നും വിജ് പറയുന്നു.

ഇതു സംബന്ധിച്ച് ഫൗണ്ടേഷന്റെ പ്രസ്താവന ഇങ്ങനെയാണ്: ‘ആര്‍ട്ട് ഓഫ് ലിവിംഗിന് പരിസ്ഥിതിയെപ്പറ്റി വലിയ കരുതലുണ്ട്. രാജ്യത്തെ ഒരു നിയമവും ഞങ്ങള്‍ ഇതുവരെ ലംഘിച്ചിട്ടില്ല. ഇനി ലംഘിക്കുകയുമില്ല. ലോകസാംസ്‌കാരികോത്സവം നടത്താന്‍ ഞങ്ങള്‍ക്ക് അനുമതി തന്ന അധികൃതരുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും മാനദണ്ഡങ്ങളും ഞങ്ങള്‍ പാലിച്ചിട്ടുണ്ട്. ഇനിയും പാലിക്കും. ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ലോക സാംസ്‌കാരികോത്സവത്തിനായി ഒരു കോണ്‍ക്രീറ്റ് നിര്‍മാണവും നടത്തിയിട്ടില്ല. പരിസ്ഥിതി സൗഹൃദസാമഗ്രികളായ തടി, മണ്ണ്, തുണി, പലകത്തട്ട് എന്നിവ ഉപയോഗിച്ചാണ് മൂന്നുദിവസത്തെ പരിപാടിക്കുള്ള താല്‍ക്കാലിക സ്റ്റേജ് നിര്‍മിച്ചിരിക്കുന്നത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍