UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയെ ഗുജറാത്താക്കാന്‍ മോദിക്ക് എത്ര നാള്‍ വേണ്ടിവരും?

Avatar

ശരത് കുമാര്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയസമീപനങ്ങളെ കുറിച്ച് ഓരോ ദിവസവും വ്യക്തത കൈവന്നു കൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ താന്‍ എന്തു നടപ്പാക്കിയോ, എങ്ങനെ നടപ്പാക്കിയോ അതു തന്നെ ഇന്ത്യയിലാകെ നടപ്പാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അദ്ദേഹം എന്നു വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍. ഭരണയന്ത്രം സ്വന്തം കൈയില്‍ ഇരുന്നു തന്നെ കറങ്ങണം എന്നാണ് അദ്ദേഹത്തിന്റെ നയമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുള്ളതാണ്.

പുതിയ പാര്‍ലമെന്റിന്റെ ഒന്നാം സമ്മേളനം അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ അദ്ദേഹം നടത്തിയ നയപ്രഖ്യാപന സമാനമായ പ്രസംഗം തന്നെ ജനാധിപത്യത്തെ കുറിച്ചുള്ള മോദിയുടെ ധാരണകളുടെ നല്ല ഉദാഹരണമാണ്. 64 വര്‍ഷം പ്രായമുള്ള ഒരു ഭരണഘടനാ സ്ഥാപനം അഴിച്ചു പണിയുന്നതിനെ കുറിച്ച് പാര്‍ലമെന്റില്‍ യാതൊരു പരാമര്‍ശമോ ചര്‍ച്ചയോ ഇല്ല. സംഭവം സ്വയം തിരുത്താന്‍ തീരുമാനിച്ചു. തീരുമാനം സ്വന്തം പാര്‍ട്ടിയിലോ രാഷ്ട്രീയ മേലാളന്മാരായ ആര്‍എസ്എസിനോടൊ ചര്‍ച്ച ചെയ്തിരുന്നോ എന്ന് ഇതെഴുതുന്ന ആള്‍ക്ക് നിശ്ചയമില്ല. ഏതായാലും അങ്ങനെ വാര്‍ത്തകള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നേ പറയാനാവൂ.

ആസൂത്രണ കമ്മീഷന്‍ എന്ന പ്രസ്തുത വെള്ളാനയെ അഴിച്ചു പണിയേണ്ട കാലം കഴിഞ്ഞു എന്ന കാര്യത്തില്‍ വലിയ തര്‍ക്കത്തിന് ഇടയുണ്ട് എന്ന് തോന്നുന്നില്ല. എന്നാല്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് അഭിപ്രായം പറയാന്‍, വരുന്ന മാറ്റങ്ങളുടെ ഫലം ആജീവനാന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ക്ക് ഒരു അവകാശവുമില്ലേ? ഏതായാലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടി വരും എന്നൊരു ആശ്വാസം ഉണ്ട്. നിയമം പാസാവണമല്ലോ? പക്ഷെ പാര്‍ലമെന്‍റ് സമ്മേളനം നടക്കുകയും രാജ്യത്തിന്റെ പ്രസിഡന്റ് നയപ്രഖ്യാപനം നടത്തുകയും ചെയ്തതിന് ശേഷം പൊതുവേദിയില്‍ രാജ്യത്തെ ജനകോടികളെ ഏറ്റവും ബാധിക്കുന്ന, രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്ന ഒരു പ്രധാനമന്ത്രിയും, മൃഗീയ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിയും നയിക്കുന്ന ലോക്‌സഭ ചര്‍ച്ച എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരില്ല.

ആഗസ്റ്റ് പതിനഞ്ചിലെ പ്രധാനമന്ത്രിയുടെ ഏറെ പാടിപ്പുകഴ്ത്തപ്പെട്ട പ്രസംഗത്തില്‍ അത്രയൊന്നും ശ്രദ്ധ നേടാതെ പോയ മറ്റൊരു പ്രഖ്യാപനം ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ഊര്‍ജ്ജിതമായി ചൂഷണം ചെയ്യുമെന്നതായിരുന്നു ആ പ്രഖ്യാപനം. ഇതിന്റെ ആദ്യ ചുവടാണെന്ന് തോന്നുന്നു ഇന്നലെ വന്നിരിക്കുന്ന ചില മാധ്യമ വാര്‍ത്തകള്‍. ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും വനാവകാശ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് ആ വാര്‍ത്ത. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തു എന്നു തോന്നിയ ആകെ രണ്ട് സന്ദര്‍ഭങ്ങള്‍ മുന്‍പറഞ്ഞ രണ്ട് നിയമങ്ങളുടെ അവതരണമായിരുന്നു. പദ്ധതികള്‍ അംഗീകരിക്കുമ്പോള്‍ പാരിസ്ഥിതികാനുമതി നല്‍കാനുള്ള അധികാരം ദേശീയ ഹരിത ട്രൈബ്യൂണല്‍ എന്ന ഈ ഭരണഘടന സ്ഥാപനത്തില്‍ നിക്ഷിപ്തമാക്കി കൊണ്ട് 2010ഒക്ടോബര്‍ 18നാണ് ഇത് സ്ഥാപിച്ചത്. പ്രകൃതി വിഭവ ചൂഷണം തത്വദീക്ഷ ഇല്ലാത്ത വിധം വര്‍ദ്ധിക്കുകയും രാജ്യമെങ്ങും ഇതൊരു മാഫിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറുകയും ചെയ്ത സാഹചര്യത്തില്‍ ഹരിത ട്രൈബ്യൂണലിന്റെ സ്ഥാപനം പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇതുവരെ വിമര്‍ശനാതീതമായിരുന്നു എന്ന് മാത്രമല്ല, ചില ഇടപെടലുകള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും കേരളത്തിലെ പാറഖനനം പോലെയുള്ള മേഖലകളിലെ ചില ഇടപെടലുകളില്‍. കൊല്ലം ജില്ലയിലെ ചിതറ എന്ന ഒറ്റ പഞ്ചായത്തില്‍ മാത്രം 30ല്‍ പരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. പാലക്കാട് മുതല്‍ വയനാട് വരെയുള്ള മേഖലകളിലെ കഥ പറയാതിരിക്കുകയാണ് ഭേദം. എവിടെ പാറ കണ്ടാലും അപ്പോള്‍ പൊട്ടിയ്ക്കും എന്ന ദുര്‍വാശിയിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഇവിടുത്തെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ട്രൈബ്യൂണലിന്റെ ഇടപെടല്‍ വലിയ ആശ്വാസമായി പലരും കണ്ടു. ഇത്തരം ഇടപെടലുകള്‍ തന്നെയാണ് ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് പാരയാവുന്നതും.

രാജ്യം വികസിച്ച്, വികസിച്ച് ഒരു പരുവമായതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ആദിവാസികള്‍. അവര്‍ക്ക് ഒരല്‍പം ആശ്വാസത്തിന് വക ലഭിക്കുമെന്ന് വനാവകാശ നിയമം നടപ്പാക്കിയപ്പോള്‍ പലരും കരുതി. എന്നാല്‍ ഈ രണ്ട് നിയമങ്ങളും രാജ്യത്തിന്റെ വികസന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന വാദം പല ബല്ലാരി രാജാക്കന്മാരും സമാന്തരമായി ഉയര്‍ത്തുന്നുണ്ടായിരുന്നു. ലാഭവിഹിതത്തിന്റെ കൂട്ടിക്കിഴിയ്ക്കലുകളുടെ ബാക്കിപത്രം മാത്രമാണ് വികസനം എന്ന സങ്കല്‍പത്തിന്റെ വക്താക്കള്‍ക്ക് അങ്ങനെ ഒരു വാദം ഉയര്‍ത്താതെ നില്‍ക്കക്കള്ളിയും ഉണ്ടായിരുന്നില്ല. വനാവകാശ നിയമത്തെ സംബന്ധിച്ചിടത്തോളം ആദിവാസി-വനമേഖലകളില്‍ ‘വികസനപദ്ധതി’ കള്‍ നടപ്പിലാക്കുന്നതിന് ഗ്രാമസഭയുടെ അനുമതി വേണം എന്ന നിര്‍ദ്ദേശമാണ് പാരയായി ഭവിച്ചിരിക്കുന്നത്.

രണ്ട് ഭേദഗതികളുടെയും ലക്ഷ്യം ഒന്നു തന്നെ. രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷപ പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡിഷയിലെ ജഗദ്‌സിംഗ്പൂര്‍ ജില്ലയില്‍ സ്ഥാപിക്കപ്പെടുന്ന പോസ്‌കോ സ്റ്റീല്‍ പ്ലാന്റിന് തടസം നില്‍ക്കുന്നു എന്നതാണ് രണ്ട് നിയമങ്ങളും ചെയ്യുന്ന പാപം. ഇവിടെ പോസ്‌കോ സ്റ്റീലിന്റെ കഥ ഒന്ന് വിശദീകരിക്കേണ്ടതുണ്ട്. 2005-6 ലാണ് ഒഡിഷയില്‍ പോസ്‌കോയുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ എറ്റവും വലിയ ഒറ്റ വിദേശനിക്ഷേപ പദ്ധതി 2011ല്‍ തീര്‍ക്കാനായിരുന്നു ബഹുരാഷ്ട്ര സ്റ്റീല്‍ ഭീമന്മാരില്‍ അഞ്ചാം സ്ഥാനമുള്ള പോസ്‌കോ കൊറിയയുടെ ലക്ഷ്യം. 12 ബില്യണ്‍ കോടി മുതല്‍ മുടക്കുള്ള പദ്ധതിക്കായി 4000 ഏക്കര്‍ ഭൂമി (1,600 ഹെക്ടര്‍) ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. ഇതില്‍ 2772.05 ഏക്കര്‍ ഭൂമി ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതില്‍ 2193.52 ഏക്കര്‍ വനഭൂമിയും ബാക്കി കൃഷി ഭൂമിയുമാണ്.

ഭൂമിയേറ്റെടുക്കലിനെതിരെ ജഗദ്‌സിംഗ്പൂര്‍ ജില്ലയിലെ പത്ത് ഗ്രാമങ്ങളിലെ കര്‍ഷകര്‍ 2006 മുതല്‍ സമരത്തിലാണ്. പതിവുപോലെ കള്ളക്കേസുകളും മറ്റുമായി സര്‍ക്കാര്‍ സമരം ഒതുക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ നീക്കം പരാജയപ്പെടുകയും കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കലുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കേന്ദ്രം പരിസ്ഥിതി വനം മന്ത്രാലയം ഒരു കമ്മിറ്റിയെ നിയമിയ്ക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലില്‍ വനവകാശ നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 2010 ജൂലൈയില്‍ എന്‍ സി സക്‌സേന കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ മീന ഗുപ്തയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയ്ക്ക് രൂപം നല്‍കി. വളരെ പെട്ടെന്ന് തന്നെ മീന ഗുപ്ത കമ്മിറ്റി അന്നത്തെ സര്‍ക്കാര്‍ ആഗ്രഹിച്ച റിപ്പോര്‍ട്ടും നല്‍കി. അങ്ങനെ 2010 ഒക്ടോബറില്‍ തന്നെ ഭൂമി ഏറ്റെടുക്കലിനുള്ള നടപടികള്‍ പുനരാരംഭിയ്ക്കാനുള്ള പച്ചക്കൊടി സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ ഇവിടെയാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍ നടന്നത്. ഭൂമി ഏറ്റെടുക്കുന്നത് നിറുത്തി വയ്ക്കാന്‍ 2012 മാര്‍ച്ചില്‍ ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കി. മാത്രമല്ല, 2013 ഏപ്രിലില്‍, മേഖല നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും കമ്പനിയ്ക്ക് നല്‍കുന്ന ഭൂമിയ്ക്ക് തുച്ഛമായ വില ഈടാക്കിക്കൊണ്ടും പോസ്‌കോയ്ക്ക് നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കിയതിന് ഒഡിഷ സര്‍ക്കാരിനെ സിഎജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ചുവപ്പ് കോട്ടയിൽ നടത്തിയത് വിനോദപരിപാടിയാകരുത്
ഇപ്പോൾ രാജ്യം ചവർപ്പോടെ കുടിക്കുന്നത് മോദിയുടെ ശീതളപാനീയം
മോദിയുടെ സ്കൂപ്പ് സൃഷ്ടിപ്പുകാര്‍
ഭയപ്പെടുത്തുന്ന മോദി മൗനം
തനിനിറം കാണിച്ച് മോദി സര്‍ക്കാര്‍

ഇതാണ് ഇപ്പോള്‍ ഹരിത ട്രൈബ്യൂണലും വനവകാശ നിയമവും മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാവുന്നത്. സിഎജി വിമര്‍ശിച്ചാലും ഇല്ലെങ്കിലും കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് നടക്കും. അതിനാലാവണം സിഎജി അവിടെ ഇരിക്കട്ടെ തല്‍ക്കാലും കുറച്ച് ആദിവാസികള്‍ അന്യം നിന്നാലും പരിസ്ഥിതി തന്നെ ഇല്ലാതായാലും കുഴപ്പമില്ല വികസനം വന്നോട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതും. തടസം ഈ രണ്ട് നിയമങ്ങള്‍ ആയതിനാല്‍ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കും. ആദിവാസി-വനമേഖലകളിലെ ‘വികസനപ്രവര്‍ത്തനങ്ങള്‍ക്ക്’ അതാത് ഗ്രാമസഭകളുടെ അനുമതി വേണമെന്ന ചട്ടം എടുത്തുകളയും. അല്ലാതെ കടുത്ത നടപടികള്‍ ഒന്നും ഉണ്ടാവില്ല.

രാജ്യത്തെ കോര്‍പ്പറേറ്റുകളും എല്ലാ നഗരങ്ങളിലും പഞ്ചനക്ഷത്ര മാളുകളും ഷോപ്പിംഗ് സെന്ററുകളും കെന്‍റകി ചിക്കന്‍ കടകളും വീതി കൂടിയ റോഡുകളില്‍ ഒഴുകുന്ന വിദേശ നിര്‍മിത കാറുകളുമായാല്‍ വികസനമായി എന്ന് കരുതുന്ന ചരിത്ര, പൗരബോധത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ നില്‍ക്കുന്ന ഐടി പ്രൊഫഷണലുകളും മറ്റും ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചാണ് മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയത്. സ്വാഭാവികമായും അദ്ദേഹത്തിന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചേ മതിയാവു. ദയവായി കുറ്റം പറയരുത്. ആകപ്പാടെയുള്ള ഒരു വൈരുദ്ധ്യം, അവര്‍ ചെയ്യുന്നത് എന്താണെന്ന് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. എന്നാല്‍ ഇന്ത്യ എന്ന കാര്‍ഷിക രാജ്യത്തെ ഏക്കറു കണക്കിന് കൃഷി ഭൂമികളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മണിസൗധങ്ങളിലെ ശീതക്രമീകരണങ്ങള്‍ക്ക് കീഴില്‍ ഇരുന്ന് പണിയെടുക്കുന്ന ഈ പ്രൊഫഷണലുകള്‍ക്ക് അതറിയില്ല. അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നം എന്താണെന്ന് അവര്‍ക്ക് അറിയില്ല. അതാര്‍ക്ക് വേണ്ടിയാണെന്ന് അറിയേണ്ട ആവശ്യം അവര്‍ക്ക് തീരെയും ഇല്ല. കാര്യം എങ്ങനെയായാലും വികസിക്കണം. വികെഎന്‍ ഭാഷയില്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ ‘ചത്തും കൊന്നും ജീവിച്ചുകൊള്ളുക.’

പക്ഷെ അവര്‍ ചില സത്യങ്ങള്‍ മറന്നു പോകരുതെന്ന് ഓര്‍മ്മിക്കാന്‍ മാത്രമായി രണ്ട് ഉദ്ദരണികള്‍ ഇവിടെ നടത്തേണ്ടിയിരുന്നു. ഗുജറാത്തിലെ വികസനവുമായി ബന്ധപ്പെട്ടതാണത്. പുതുമ ഒന്നും ഇല്ല കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രസിദ്ധമായതാണ്. ഗുജറാത്തിലെ വികസനത്തിന്റെ ഫലം അനുഭവിക്കുന്നത് നഗരവാസികളായ മധ്യവര്‍ഗമാണെന്നും ഗ്രാമീണരും അധഃസ്ഥിതരും നിരന്തരമായി പ്രാന്തവല്‍ക്കരിക്കപ്പെടുകയാണെന്നും പ്രമുഖ സാമ്പത്തിക നിരീക്ഷകനായ ക്രിസ്റ്റോഫ് ജഫ്രെലോട്ട് മുന്നറിയിപ്പ് നല്‍കി. മാനവശേഷി വികസന സൂചിക പ്രകാരം രാജ്യത്തെ 21-ആം സ്ഥാനം (2013ലെ കണക്ക്) മാത്രമാണ് ഗുജറാത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അന്തസ്സായി ജയിച്ചു. മോദി ഭരണത്തില്‍ ഗുജറാത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യരക്ഷ നിലവാരം കുത്തനെ ഇടിഞ്ഞെന്നാണ്നോബെല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്നാണ് നിരീക്ഷിച്ചത്. മറ്റൊന്നും സംഭവിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കൂടുതല്‍ അന്തസ്സായി ജയിച്ചു.

പക്ഷെ ഇന്ത്യ അത്ര എളുപ്പം ഗുജറാത്തായി പരിണമിക്കില്ല എന്നതിന്റെ ചില സൂചനകള്‍ ഈ ദിവസങ്ങളില്‍ കണ്ടു. പശ്ചിമഘട്ട സംരക്ഷണത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിലുള്ള ആര്‍എസ്എസ് അതൃപ്തിയാണ് ഒരു സൂചന. പക്ഷെ അത് പെട്ടെന്ന് പൊലിഞ്ഞോ എന്ന് സംശയമാണ്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടേ എന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിച്ചു ചോദിച്ചതായാണ് വാര്‍ത്തകള്‍. അധ്യാപകദിനത്തില്‍ പ്രധാനമന്ത്രിയുടെ ഹിന്ദി പ്രസംഗം രാജ്യത്തെ മുഴുവന്‍ പിഞ്ചുകുഞ്ഞുങ്ങളെയും കേള്‍പ്പിച്ചേ അടങ്ങൂ എന്ന നീക്കം സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മൂലം പിന്‍വലിക്കേണ്ടി വന്നതാണ് മറ്റൊന്ന്. ഫെഡറലിസത്തിന് ഇങ്ങനെ ചില പാരകളുണ്ടെന്ന് നരേന്ദ്ര മോദി ഓര്‍ത്തിട്ടേ ഉണ്ടാവില്ല.

ഫലശ്രുതി: പുതിയ സര്‍ക്കാരിന്റെ നൂറു ദിവസത്തെ കുറിച്ചും നടത്തിയ പരിപാടികളെ കുറിച്ചും നടത്താനിരിക്കുന്നവയുടെ പുരോഗതിയെ കുറിച്ചും കനത്ത ചിന്തകളാണ് രാജ്യം മുഴുവന്‍ ചിതറി പറക്കുന്നത്. പക്ഷെ ഇതിനിടയില്‍ കൃഷി മന്ത്രി എന്നൊരു വാക്ക് ആരും പറഞ്ഞു കേട്ടില്ല. കേള്‍വിയുടെ കുറവാണോ അതോ ഈ സര്‍ക്കാരില്‍ അങ്ങനെ ഒരാള്‍ ഇല്ലാത്തതാണോ?  

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍