UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഒരുവര്‍ഷം: പൊതുജനാരോഗ്യത്തില്‍ നിന്നും സ്വകാര്യലാഭത്തിലേക്കുള്ള കരട് ദൂരം

Avatar

രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല തളരുകയാണോ? നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെ? സ്വകാര്യ മേഖലയിലേക്ക് മാത്രമായി നമ്മുടെ ആരോഗ്യ സേവനങ്ങള്‍ ചുരുക്കപ്പെടുന്നോ? നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റ് മേഖലകളില്‍ എന്ന പോലെ ആരോഗ്യ മേഖലയിലും കൊണ്ട് വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മോദി സര്‍ക്കാരിന്റെ പുതിയ ദേശീയാരോഗ്യ നയം -2015 -ന്റെ കരട് പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഇവിടെ. 

ഇമ്രാന കദീര്‍, ആരതി പി.എം
(വിവര്‍ത്തനം: ആര്‍ദ്ര എന്‍.ജി)

ആഴമുള്ള ദര്‍ശനവും വിശാലമായ അടിസ്ഥാനതത്വങ്ങളും ഇല്ലാതെ ഭരണപരവും നടത്തിപ്പ് സംബന്ധിയുമായ കുറെ നിര്‍ദേശങ്ങള്‍ കുത്തിനിറച്ച 2015ലെ ദേശീയ ആരോഗ്യ നയത്തിന്റെ കരടുരൂപം സൂക്ഷ്മപഠനം അര്‍ഹിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യത്തെ ആരോഗ്യ നയമെന്ന നിലയില്‍ അവരുടെ രാഷ്ട്രീയനയങ്ങളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ചുള്ള പഠനം സമഗ്രവും വിമര്‍ശനാത്മകവും ആകാതെ വയ്യ. 2014-15 ലെ ബഡ്ജറ്റിനു ശേഷം ആരോഗ്യമേഖലയിലും സാമൂഹ്യക്ഷേമ മേഖലയില്‍ പൊതുവിലും ഉണ്ടായിട്ടുള്ള പൊതുമേഖലയുടെ നിര്‍ണായകമായ പിന്‍വാങ്ങലും സ്വകാര്യവത്കരണവും വലിയൊരു ജനവിഭാഗത്തില്‍ നിന്നും ചികിത്സ ഉപാധികളും സൗകര്യങ്ങളും അകറ്റിയിരുന്നു. ഈ ബഡ്ജറ്റിലെ രാഷ്ട്രീയം തന്നെയാണ് ദേശീയ ആരോഗ്യ നയം (കരട്) 2015 മുന്‍പോട്ടു വയ്ക്കുന്നതും. സാര്‍വത്രിക ആരോഗ്യ സേവനത്തെ (യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍) ഈ ഭരണകൂടം ഗൗരവതരമായെടുക്കുന്നുണ്ടെങ്കില്‍ താഴെ ചര്‍ച്ച ചെയ്യപ്പെടുന്ന ചില വസ്തുതകള്‍ കൂടി കണക്കിലെടുത്തുകൊണ്ട് ഈ കരട് രേഖ പുന:പരിശോധിക്കേണ്ടി വരും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം ആയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സന്ദര്‍ഭവും കാഴ്ചപ്പാടും
രാജ്യം കൈവരിക്കുന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക വളര്‍ച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സമ്പദ് രംഗത്തെ നേട്ടങ്ങള്‍ ദരിദ്രരിലേക്കെത്തുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണ്. വലിയൊരു വിഭാഗം ജനങ്ങളെ വികസനത്തിന് പുറത്തുനിര്‍ത്തുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുന്ന തരത്തില്‍ ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങള്‍, പാര്‍പ്പിടം, ശുചിത്വം, വൈദ്യുതി മുതലായ അടിസ്ഥാന സാമൂഹ്യക്ഷേമ സേവനങ്ങള്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുള്ള കടമയും അതിനുണ്ട്. ചികിത്സ സൗകര്യങ്ങള്‍ക്കൊപ്പം മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളുടെയും മികച്ച സംയോജിത ലഭ്യതയിലൂടെ മാത്രമേ ആരോഗ്യം സംരക്ഷിക്കാനാവൂ എന്നതിനാല്‍ ആരോഗ്യമേഖലയില്‍ ഇവയ്ക്ക് നിര്‍ണായകസ്ഥാനമുണ്ട്. പൊതുരംഗത്തുള്ള ആരോഗ്യ സേവന മേഖലയെയും ആരോഗ്യത്തിന്റെ മേല്‍സൂചിപ്പിച്ച സാമൂഹ്യനിര്‍ണയ ഘടകങ്ങളെയും അവഗണിച്ചാല്‍ ഉണ്ടാകുന്ന പ്രത്യഘതങ്ങള്‍ക്ക് ചരിത്രപരമായ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്.

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന മേഖലയ്ക്ക് സ്വകാര്യവത്കരണത്തെ തുടര്‍ന്നുണ്ടായ ഗതി മാത്രം പരിശോധിച്ചാല്‍ മതി, ആരോഗ്യ മേഖലയെ കമ്പോളത്തിന്റെ കയറ്റിറക്കങ്ങളില്‍ ഏല്‍പ്പിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തത്തെ ചരിത്രപരമായി പഠിക്കാന്‍. മറിച്ച്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കിടയിലും തങ്ങളുടെ ആരോഗ്യമേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി സംരക്ഷിക്കുകയോ, കുറഞ്ഞത് ഏറെ വൈകും മുന്‍പ് തന്നെ അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു വേണ്ട നടപടികള്‍ എടുക്കുകയോ ചെയ്തു. 1970-80 ദശാബ്ദങ്ങളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ പോലും ഇന്ത്യയുടെ മനുഷ്യവികസന മേഖലയിലെ നേട്ടങ്ങള്‍ ഇന്നത്തേക്കാള്‍ മികച്ചതായിരുന്നു. ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ഉടലെടുത്ത പൊതു ജീവിതസൗകര്യങ്ങള്‍ പകര്‍ന്ന ഊര്‍ജത്തിലൂടെ ഉത്പാദന മേഖലകള്‍ വികസിപ്പിക്കുന്നതിന് പകരമായി നാം സാമ്പത്തിക ഘടനാക്രമീകരണത്തിലേക്ക് വഴിതിരിഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ രണ്ടര പതിറ്റാണ്ടുകാലത്തെ തൊഴിലില്ലായ്മാ വളര്‍ച്ചയും സേവനങ്ങളുടെ സ്വകാര്യവത്കരണവും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും ഉത്പാദന പ്രക്രിയകളില്‍ നിന്നും ജനങ്ങളെ അകറ്റിനിര്‍ത്തി.

 

 

ആരോഗ്യ സൂചകങ്ങളുടെ വളര്‍ച്ചയും ഇതോടെ മന്ദഗതിയിലായി. ചുരുക്കത്തില്‍, ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആരോഗ്യ നയം, പന്ത്രണ്ടാം പദ്ധതിയും, അതിന്റെ വിദഗ്ധ സമിതികളും ഉന്നതതല വിദഗ്ധസംഘത്തിന്റെ നിര്‍ദേശങ്ങളും എല്ലാം പൂര്‍ണമായും പുന:പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ ഉയര്‍ന്നു വരുന്ന ഏറ്റവും നല്ല ആശയങ്ങളോടുകൂടിയേ രൂപീകൃതമാകാന്‍ പാടുള്ളൂ. സാംക്രമികരോഗ ശാസ്ത്രപഠനത്തിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും അനുസരിച്ചുള്ള മുന്‍ഗണനകളും മുന്‍കാലങ്ങളില്‍ പറ്റിയ തെറ്റുകളെക്കുറിച്ചുള്ള വ്യക്തമായ വിചിന്തനവും ഈ നയത്തിന്റെ അടിത്തറയായിരിക്കണം. ക്ഷയം, മലമ്പനി, അതിസാരം, കുഷ്ഠം എന്നീ മാരകരോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമേണ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിലും തന്ത്രപ്രധാനമായ പങ്കുവഹിക്കേണ്ടിയിരുന്ന നമ്മുടെ സംഘടിത പൊതുചികിത്സാ സംവിധാനത്തിന്റെ രോഗപ്രതിരോധ, ആരോഗ്യവര്‍ദ്ധന സങ്കേതങ്ങളെ, ബോധപൂര്‍വം ദുര്‍ബലപ്പെടുത്തിക്കൊണ്ട് വന്നതാണെന്ന വസ്തുത നമുക്ക് മുന്നിലുണ്ട്.

ഈ കരടുരേഖ അത്തരം സംഗതികളൊന്നും പരിഗണിക്കുന്നില്ല. കോര്‍പ്പേറേറ്റ് മേഖലയുടെയും വന്‍കിട ബിസിനസിന്റെയും താല്പര്യങ്ങളിലൂന്നിയ, കമ്പോളപ്രേരിതമായ, ഇപ്പോള്‍ നിലനില്‍ക്കുന്ന നയങ്ങള്‍ പിന്തുടരാനുള്ള വ്യഗ്രതയ്ക്കപ്പുറം ഭൂരിപക്ഷം ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളൊന്നും തന്നെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. അത്യന്തം ചികിത്സാകേന്ദ്രിതമായ സമീപനമാണിതിനുള്ളത്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും അവസ്ഥകള്‍ വിശദമായി പരിശോധിക്കാനും ക്ഷേമപദ്ധതികളുടെ സംയോജനത്തെക്കുറിച്ചു ചിന്തിക്കാനും, പൊതുമേഖലയുടെ ദൗര്‍ബല്യങ്ങളും ആഭ്യന്തര പരിഷ്‌കാരങ്ങള്‍ നടത്താനാവാതെ പൊതുമേഖല നേരിട്ട പരാജയങ്ങളും കണക്കിലെടുത്ത് അതിനെ ശാക്തീകരിക്കേണ്ടതിനുള്ള സാമ്പത്തിക നീക്കങ്ങള്‍ അടക്കമുള്ള ഒരു ദര്‍ശനം മുന്നോട്ട് വെയ്ക്കാനും ഉള്ള ശ്രമങ്ങളുടെ അഭാവം ഈ നയത്തിന്റെ ശക്തമായ വിമര്‍ശനത്തിന് പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ ഉറച്ച അടിത്തറയുള്ള പദ്ധതികളില്ലെങ്കില്‍, ‘ദുരന്തവ്യയ’ത്തെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ ആരോഗ്യ സബ്‌സിഡികള്‍ സര്‍ക്കാരില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് എത്തിക്കുന്നതിനേ ഉപകരിക്കൂ. പൊതു ആരോഗ്യ സംവിധാനത്തെ പൂര്‍ണമായും തകര്‍ത്ത് സ്വകാര്യമേഖലയുമായി ചികിത്സാരംഗത്ത് മത്സരിക്കാനാവാത്ത വിധം ആക്കിത്തീര്‍ത്ത മുന്‍ നയങ്ങളില്‍ നിന്നും നാം ഇതെങ്കിലും പഠിക്കേണ്ടതുണ്ട്.

അടിസ്ഥാന സേവനങ്ങളുടെയും, ദേശീയ പരിപാടികളുടെയും, ആരോഗ്യ വിവരസംവിധാനങ്ങളുടെയും, ആരോഗ്യരംഗത്തെ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും എല്ലാം ഉത്തരവാദിത്തം ഇപ്പൊഴും പൊതുമേഖലയാണ് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തിപ്പോരുന്നത്. ഈ രേഖ, പൊതുമേഖലയുടെ സാമ്പത്തികമൂല്യം തിരിച്ചറിയുന്നുണ്ടെങ്കിലും അടുത്ത പത്തുവര്‍ഷത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനെ പുതുക്കിപ്പണിയേണ്ടതുണ്ടെന്ന വസ്തുത കണക്കിലെടുക്കുന്നില്ല. പൊതുമേഖല തന്നത്താന്‍ പുനര്‍നിര്‍മിച്ച് സാര്‍വത്രികമായി സൗജന്യമോ തീരെ ചെലവുകുറഞ്ഞതോ ആയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയാല്‍ മാത്രമേ സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ അതിനാവൂ. നിയന്ത്രണനിയമങ്ങളോ സ്ഥാപനങ്ങളോ മാത്രം കൊണ്ടത് സാധ്യമാവില്ലെന്ന്, 2010ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കാണിച്ചു തരുന്നു. 

മെഡിക്കല്‍ വ്യവസായത്തോടും അനുബന്ധ ടൂറിസത്തോടും ഉള്ള സമീപനവും പുനരാലോചിക്കപ്പെടേണ്ടതാണ്. സമ്പദ്ഘടനയ്ക്ക് പൊതുവില്‍ ഈ വ്യവസായങ്ങള്‍ സംഭാവനകള്‍ നല്‍കിയേക്കാമെങ്കിലും ആരാണിതിന്റെ ഗുണഭോക്താക്കള്‍ എന്നുകൂടി നാം ചിന്തിക്കേണ്ടതാണ്. ഇന്ത്യയിലെയും വിദേശത്തെയും വളരുന്ന മധ്യവര്‍ഗവും ഉന്നതവര്‍ഗവും കുറഞ്ഞചെലവില്‍ മികച്ച സാങ്കേതികവിദ്യയുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് മെഡിക്കല്‍ വ്യവസായത്തെ ഉപയോഗിക്കുന്നത്. ഭൂരിപക്ഷം ജനങ്ങള്‍ക്കും അപ്രാപ്യമാണിവ. കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ദരിദ്രര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്ന കിടക്കകള്‍ പോലും പിന്നീട് പണമുള്ളവര്‍ തന്നെ വാങ്ങുന്ന നിലയാണുള്ളത്. ആരോഗ്യപരമായ ഏതൊരു നയവും സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമികാരോഗ്യ സേവനം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതാവണം. മറിച്ച്, ‘ദുരന്തവ്യയം’ (cattsarophic expenditure) എന്നോമനപ്പേരിട്ടു വിളിക്കുന്ന അടിയന്തിര ചിലവുകളെ മാത്രം കണക്കിലെടുക്കുന്നതാവരുത് ഒരു പദ്ധതിയും. ഈ പ്രശനം പരിഹരിക്കുന്നതില്‍ ഇന്‍ഷുറന്‍സ് സംബന്ധ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു1. അത്തരത്തില്‍ ലഘുവായി പരിഹരിക്കാവുന്ന ഒന്നല്ല ഇന്ത്യയിലെ ആരോഗ്യസേവന രംഗത്തെ പ്രതിസന്ധി.

മാറുന്ന ലോകത്തില്‍ മുന്‍ഗണനകളും മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഈ രേഖ പറയുന്നു. സഫലീകരിക്കപ്പെടാത്ത പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, മികച്ചൊരു ആരോഗ്യസേവന വ്യവസായം ഉരുത്തിരിയുന്നു, അടിയന്തിര അപകടച്ചെലവുകള്‍ കൂടുന്നു, ഭരണകൂടത്തിന്റെ ധനകാര്യക്ഷമത വര്‍ദ്ധിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള അര്‍ദ്ധസത്യങ്ങള്‍ കൊണ്ട്, ഇതേ മെഡിക്കല്‍ വ്യവസായമാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും കിട്ടാത്ത സാധാരണക്കാരുടെ പ്രതീക്ഷകള്‍ സഫലമാവാന്‍ അനുവദിക്കാത്തത് എന്ന വാസ്തവം മൂടിവെയ്ക്കാനാവില്ല. വരുമാനം കൂട്ടാനുള്ള ഓട്ടത്തിനിടയില്‍ ഈ ‘വികസന’ത്തിന്റെ അപകടകരവും വികലവുമായ മുഖം ഒളിച്ചുവെയ്ക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ധനകാര്യ ക്ഷമതയും രാജ്യത്തിന്റെ സമ്പദ്ഘടനയും മെച്ചപ്പെടുന്ന കൂട്ടത്തില്‍ പൊതുമേഖലയുടെ മികവും വ്യാപ്തിയുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന വായന ‘മാറുന്നകാലം’ എന്ന ഒഴുക്കന്‍ രീതിയില്‍ തള്ളിക്കളയാനാവില്ല. ‘നമ്മളും അങ്ങെത്തിക്കഴിഞ്ഞു’ എന്ന മട്ടില്‍ ആരോഗ്യരംഗത്തെ വികസനത്തെ സമീപിക്കുന്ന ഈ രേഖ, ഈ വ്യാവസായിക സമീപനങ്ങള്‍ തന്നെയാണ് രോഗനിയന്ത്രണത്തിലും തക്കസമയത്ത് പരിമിത മികവുകള്‍ നേടുന്നതിലും പരാജയപ്പെട്ടത് എന്നത് മറക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, ജീവനോപാധികളും അടിസ്ഥാന വേതനവും ക്ഷേമപരിപാടികളും ഭക്ഷ്യസുരക്ഷയും നെടുംതൂണുകളായുള്ള വികസനപ്രക്രിയയുടെ അവിഭാജ്യഘടകമായി ആരോഗ്യരംഗത്തെ കാണേണ്ടതുണ്ട്. പോഷകാഹാരം, കുടിവെള്ളം, പാര്‍പ്പിടം, പാരിസ്ഥിതിക സന്തുലനം, ശുചിത്വവത്കരണം എന്നീ അടിസ്ഥാന ആവശ്യങ്ങളുമായി ആരോഗ്യത്തിനുള്ള ബന്ധം അടിവരയിടുന്നതരത്തില്‍ മറ്റ് സാമൂഹ്യ മേഖലകളും ആരോഗ്യമേഖലയും തമ്മില്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ഭക്ഷ്യ ദൗര്‍ലഭ്യവും പട്ടിണിയും മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും എളുപ്പം രോഗബാധിതനാക്കുകയും ചെയുന്നു. ആരോഗ്യസംബന്ധിയായ വിവരങള്‍ സ്വയം കണ്ടെത്താനും അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുമുള്ള കഴിവ് സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാക്കി കൊടുക്കാനുതകുന്ന ആരോഗ്യവിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാണ്. കൂടാതെ, മേല്‍പ്പറഞ്ഞ സാമൂഹ്യസുരക്ഷാ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം ആരോഗ്യരംഗത്തെയും അനുകൂലമായി സ്വാധീനിക്കും. മെഡിക്കല്‍ വ്യവസായത്തെമാത്രം പരിപോഷിപ്പിച്ചാല്‍ പോരാ. മറിച്ച്, ആരോഗ്യപരിപാലനത്തില്‍ ഇവയോരോന്നിന്റെയും അടിസ്ഥാന പങ്കെന്തെന്നും എത്രയെന്നും കണക്കാക്കുകയും വേണം. ഇവയൊരോന്നിനെയും അതാത് വകുപ്പുകള്‍ക്ക് മാത്രമായി വിട്ടുകൊടുത്താല്‍ ഈ സമീപനം ഫലം കാണില്ല. ആസൂത്രണ കമ്മിഷന്‍ കാലകാലങ്ങളായി പല കമ്മിറ്റികള്‍ ഈ വിഷയത്തിന്മേല്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ അവയുടെ പ്രവര്‍ത്തനവും ഫലപ്രാപ്തിയും ആശാവഹമായിരുന്നില്ല. അതിനാല്‍ത്തനെ, കൂടുതല്‍ സ്ഥാപനങ്ങളും കമ്മിറ്റികളും ഉണ്ടാക്കുന്നതിനുപകരം, സാംക്രമികരോഗ പഠനത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യമേഖലയ്ക്ക് ഈ സാമൂഹ്യവികസന സൂചകങ്ങള്‍ ഓരോന്നിന്റെയും അടിസ്ഥാന ആവശ്യകത എന്തെന്ന് മനസ്സിലാക്കി മുന്നോട്ടുപോകാനുള്ള പൊതുമേഖലയുടെ ഉത്തരവാദിത്തവും ഈ സംയോജിത പ്രവര്‍ത്തനത്തിന്റെ വിശദമായ രീതികളും വിശദീകരിക്കുന്ന ഒരു പുതിയ നയമാണ് നമുക്കാവശ്യം. 

പൊതു ആരോഗ്യമേഖലയുടെ പുനര്‍നിര്‍മാണം
ദേശീയ ആരോഗ്യപദ്ധതിയുടെ ഈ കരട്, സമഗ്ര ‘പ്രാഥമികാരോഗ്യ സേവന’ത്തെ ഒരൊഴുക്കാന്‍ മട്ടില്‍ വ്യക്തമായ നിര്‍വചനം ഇല്ലാതെയാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ 1978ലെ ആല്‍മ ആറ്റ പ്രഖ്യാപനം ഇതംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. സമഗ്ര പ്രാഥമികാരോഗ്യത്തെ വെറും പ്രാഥമികതല സേവനത്തിലേക്ക് ചുരുക്കുന്ന, ആരോഗ്യമേഖലയെ തന്നെ കീറിമുറിക്കുന്ന തരം റിഡക്ഷനിസ്റ്റ് സമീപനത്തിലേക്ക് ഇത് വഴിവെക്കുമോ എന്ന സംശയം ഉടലെടുക്കുന്നു. പൊതുമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും അതിന്റെ കൈവഴികളും ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ലക്ഷ്യം എന്നത് ഏതാണ്ടൊരു ക്ഷമാപണം പോലെ പറഞ്ഞുതീര്‍ത്ത് ഈ കരട്, പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും പരിമിത ഇന്‍ഷുറന്‍സുകളെക്കുറിച്ചും വാചാലമാവുന്നു. 

നികുതി കൂട്ടിയോ, ദേശീയ ഇന്‍ഷുറന്‍സ് ബന്ധിത സാമ്പത്തിക വ്യവസ്ഥിതി വഴിയോ പൊതുമേഖല പുതുക്കിപ്പണിയുക എന്നതുതന്നെയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ആദ്യ സുപ്രധാന പടി. രോഗചികിത്സാപ്രക്രിയകളും പ്രതിരോധപ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു സന്തുലനം ഉണ്ടാക്കുന്നതിനു മുന്‍ഗണന കൊടുത്തുകൊണ്ട് പൊതുമേഖലയെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇതാവശ്യമാണ്. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ കാര്യക്ഷമവും വിലകുറഞ്ഞതുമായ സേവനം കാഴ്ചവയ്ക്കാന്‍ ഇതിനായാല്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കുന്ന ശക്തിയാവനും ഇതിന് കഴിയും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികമൂല്യം മനസ്സിലാക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി അവയെ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യത്തെ ഇതു കണക്കിലെടുക്കുന്നില്ല. സാംക്രമികരോഗ പഠനത്തിന്റെയും വ്യവസ്ഥാവിശകലനത്തിന്റെയും ഗവേഷണാടിസ്ഥാനത്തിലായിരിക്കണം പരിപാടികളുടെ മുന്‍ഗണനാക്രമവും ഏകോപനവും പ്രാവര്‍ത്തികമാക്കലും നടക്കേണ്ടത്. ആരോഗ്യസേവനങ്ങളെ വെവ്വേറെയായി സമീപിക്കുന്ന നിലവിലുള്ള നയം ഒഴിവാക്കാന്‍ ഇത്തരമൊരു വിവിധവിഷയങ്ങളുടെ സംയോജനം കൂടിയേതീരു.

പ്രാഥമിക ആരോഗ്യ സേവന ശൃംഖലകളിലൂടെ നല്‍കപ്പെടുന്ന സേവനങ്ങളുടെ പരിധി വര്‍ദ്ധിപ്പിക്കണമെന്ന പരാമര്‍ശം ഉണ്ടെങ്കിലും അത് സാങ്കേതികതലത്തില്‍ ഒതുങ്ങുന്നു. ലംബമായ പരിപാടികള്‍ സംയോജിപ്പിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും വ്യക്തമായ പ്രവര്‍ത്തനരീതികളോ സമയക്രമങ്ങളോ ചേര്‍ത്തിട്ടില്ല. ആളുകളുടെയും, അവരുടെ ക്ഷമതയുടെയും, ആസൂത്രണ പ്രക്രിയകളുടെയും ഒരഴിച്ചുപണിതന്നെ ഇത്തരം സംയോജനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരും. പ്രാഥമിക ദ്വിതീയ ശ്രേണികളിലെ സേവനങ്ങളുമായി പൊതുമേഖലയിലെ തൃതീയശ്രേണിയെ ബന്ധിപ്പിക്കാന്‍ ജില്ലാതലസംവിധാനങ്ങള്‍ വിന്യസിക്കേണ്ടിവരും. ഇതില്‍ ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിക്ക് വലിയ പങ്ക് വഹിക്കാനാവും. 

പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ബാധകമായ ഔദ്യോഗിക നിയന്ത്രണങ്ങള്‍ ആവശ്യമാണ്. മെഡിക്കല്‍ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, നടത്തിപ്പുസംബന്ധിച്ച ഉദ്യേശങ്ങള്‍ എന്നിവയിലേക്കുമാത്രമായി നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചുരുക്കാതെ, മുഴുവന്‍ രോഗനിയന്ത്രണ, പ്രതിരോധ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നിലവാരം കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. പണം ചിലവഴിക്കാനില്ലെന്ന കാരണം രോഗികള്‍ക്കും അവര്‍ക്ക് ലഭ്യമാകേണ്ട ചികിത്സയ്ക്കും ഇടയില്‍ തടസ്സമായി വരരുത്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനപ്പുറം അവശ്യമരുന്നുകളെല്ലാം സൗജന്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുകയും സേവനങ്ങള്‍ കൃത്യമായി രോഗികള്‍ക്ക് കിട്ടുന്നുവെന്നുറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം.

വാണിജ്യവത്കരണവും, അഴിമതിയും, ആഭ്യന്തര മത്സരങ്ങളും മൂലം പൊതു ആശുപത്രികള്‍ക്ക് അവയുടെ സേവനസംസ്‌കാരം നഷ്ടപ്പെടുകയും അവ പ്രവര്‍ത്തനക്ഷമമല്ലാതാവുകയും ചെയ്യുന്നു. ഇവയിലെ സ്വകാര്യ നിക്ഷേപവും, ഇവയുടെ പരിസരങ്ങളിലെ സ്വകാര്യസംരംഭംങ്ങളും നിര്‍ത്തലാക്കേണ്ടതാണ്. 

ഈ സംവിധാനത്തിന് പൂര്‍ണമായും വേണ്ട മനുഷ്യവിഭവ (Human resources) ആവശ്യകത പുതിയതായി കണക്കാക്കുകയും അവരുടെ പരിശീലനം മെച്ചപ്പെടുത്തേണ്ടതുമാണ്. നമ്മുടെ സമൂഹത്തിനാവശ്യമുള്ളത്ര മാനേജ്‌മെന്റ്, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യമുള്ള ചികിത്സകരെ സൃഷ്ടിക്കണമെങ്കില്‍, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ച ഉടനടി പരിഹരിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതു ആരോഗ്യ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള രീതിയില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനൊപ്പം തന്നെ, സ്വകാര്യമെഡിക്കല്‍ കോളേജുകളുടെ വ്യാപനവും തടയേണ്ടതുണ്ട്. എം.ബി.ബി.എസ്സിന് 30 മുതല്‍ 50 ലക്ഷം വരെയും സവിശേഷ വിഷയങ്ങളിലെ ബിരുദാനന്തര പഠനത്തിന് 80 ലക്ഷം മുതല്‍ ഒരു കോടി വരെയും വരിപ്പണം കൊടുത്തു പഠിക്കുന്നവര്‍ ഒന്നുകില്‍ രാജ്യം വിട്ടു പുറത്തേക്ക് പോവുകയോ അല്ലെങ്കില്‍ ഈ പണം മുതലാക്കാനായി ലാഭംകൊയ്യുന്ന മെഡിക്കല്‍ വ്യവസായത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങുകയോ ചെയ്യുന്നു. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ യാതൊരുവിധത്തിലും പൊതു ആരോഗ്യ സൗകര്യങ്ങളെ സഹായിക്കുന്നില്ല. 

സാമൂഹ്യസാംക്രമികരോഗശാസ്ത്ര മേഖലയിലെ ഗവേഷണം കൂടുതലായി ഏറ്റെടുക്കാന്‍ ഗവേഷണ സ്ഥാപനങ്ങളും സംഘങ്ങളും തയ്യാറാവേണ്ടതുണ്ട്. സാങ്കേതികവിദ്യ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ സഹായകമാകുന്ന ഒന്നായി മാത്രം സാമൂഹ്യപഠനങ്ങളെ കാണാതെ, നടത്തിപ്പില്‍ വരുന്ന പാളിച്ചകളെ വിലയിരുത്താനും അത്തരം പരാജയങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കാനും സഹായിക്കുന്ന അവയുടെ സുപ്രധാനമായ പങ്ക് ശാസ്ത്രജ്ഞരും ചികിത്സകരും മനസ്സിലാക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങളുടെ ഗവേഷണ വിഷയങ്ങളുടെ പട്ടികയിലേക്ക് പ്രായോഗിക ഗവേഷണവും (ഓപ്പറേഷനല്‍) വ്യവസ്ഥാവിശകലനവും (സിസ്റ്റംസ് അനാലിസിസ്) കൂടി ചേര്‍ക്കേണ്ടത് ആരോഗ്യ സേവന സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. 

അവശ്യ ക്ലിനിക്കല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ജനസംഖ്യാനിയന്ത്രണത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രാഥമിക ആരോഗ്യരംഗത്തേക്ക് പൊതുസ്വകാര്യ പങ്കാളിത്തം കടന്നുവരുന്ന അപകടകരമായ പ്രവണതയ്ക്ക് കാരണമായിട്ടുണ്ട്. പ്രാഥമികാരോഗ്യ മേഖലയില്‍ പരിപൂര്‍ണമായ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിയില്ലെങ്കില്‍, അടുത്തിടെ ബിലാസ്പൂരില്‍ കുടുംബാസൂത്രണ ശസ്ത്രക്രിയയ്ക്കായി പോയവരില്‍ വലിയൊരുവിഭാഗം പേര്‍ ദാരുണമായി കൊല്ലപ്പെട്ടതുപോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും2. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ജനസഖ്യ നിയന്ത്രണ കാര്യത്തില്‍ ഉള്ള സമ്മര്‍ദവും അതിനോടുള്ള സമീപനവും, രണ്ടും തിരുത്തപ്പെടേണ്ടതാണ്.

ഭരണപരമായ പരിഷ്‌കരണത്തിനായുള്ളതാണ് രണ്ടു പ്രധാന നിര്‍ദേശങ്ങള്‍. ഒന്നാമതായി, ജില്ല, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതലത്തിലേക്ക് പ്രമോഷന്‍ വഴി തെരഞ്ഞെടുക്കാനുതകുന്ന ഒരു കേഡര്‍ സംവിധാനം ഉണ്ടാക്കണം. പൊതുസംവിധാനങ്ങള്‍ നോക്കിനടത്താന്‍ പ്രാപ്തരായവരെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്ക് തെരഞ്ഞെടുക്കാന്‍ ഇതുവഴിസാധിക്കും. രണ്ടാമതായി, ആരോഗ്യം സംസ്ഥാനവിഷയമായതിനാല്‍, അതിനുവേണ്ട വിഭവങ്ങള്‍ സ്വയം സമാഹരിക്കാനുള്ള അധികാരവും പ്രാപ്തിയും സംസ്ഥാനങ്ങള്‍ക്കുണ്ടാവണം. സംസ്ഥാനങ്ങളുടെ സ്വയംഭരണം ഉറപ്പുവരുത്തുന്നതിനൊപ്പം, സമൂഹത്തിന്റെ രാഷ്ട്രീയവത്കരണം ദ്രുതഗതിയിലാക്കാനും അത് സഹായിക്കും. അതതു സംസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാംക്രമികരോഗ ചരിത്രപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്കാവശ്യമുള്ള തരം വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയും. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസരിച്ചുള്ള സേവനമേഖല കെട്ടിപ്പടുക്കാനുള്ള അധികാരം നല്‍കുന്നതില്‍ കേന്ദ്ര ആരോഗ്യ കൗണ്‍സിലിനും വലിയ പങ്ക് വഹിക്കാനാവും.

സ്വകാര്യമേഖലയുടെ പങ്ക്
രാജ്യത്തിലെ ഏറ്റവും മികച്ച പല ചികിത്സകരേയും സമ്മാനിച്ചിട്ടുള്ള സ്വകാര്യമേഖല ഇന്ത്യക്ക് പുതിയൊരനുഭവമല്ല. ക്ലിനിക്കല്‍ പ്രാക്ടീസില്‍ മാത്രം ഒതുങ്ങുന്നതാണെന്ന അതിന്റെ സ്വഭാവം തന്നെയാണ് അതിന്റെ ഏറ്റവും വലിയ പരിമിതിയും. പ്രതിസന്ധി ഘട്ടങ്ങളിലെ രോഗനിയന്ത്രണം, പ്രതിരോധം എന്നിങ്ങനെ പരസ്പര സഹായവും സഹകരണവും സേവനങ്ങളുടെ ഏകോപനവും സംക്രമികരോഗ പഠനത്തിന്റെ സാധ്യതകളും എല്ലാം സംയോജിപ്പിക്കേണ്ടിടങ്ങളില്‍ സ്വകാര്യമേഖലയുടെ ഒറ്റപ്പെട്ടും അകന്നും കിടക്കുന്ന സ്ഥാപനങ്ങള്‍കൊണ്ട് പ്രയോജനമുണ്ടാവാറില്ല. സ്വകാര്യമേഖലയ്ക്കകത്തെ വിവിധ സംരംഭങ്ങളെക്കുറിച്ച് രേഖ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവയോടുള്ള സമീപനം പക്ഷപാതപരമാണ്. വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്യുമ്പോള്‍ ചെറുകിട സേവനദാതാക്കളെ തഴയുന്നു. ഇത്തരം അസന്തുലിതാവസ്ഥ ആശാവഹമല്ല. ശ്രീലങ്കയിലേതു പോലെ പ്രാഥമിക ആരോഗ്യ സേവനം ചെറിയ സ്വകാര്യ സംരഭങ്ങളുമായി കൂട്ടിയിണക്കിയാല്‍ പ്രാഥമികമേഖല ശക്തിപ്പെടുത്തന്നതിനോടൊപ്പം, തൃതീയതലത്തിലെ സ്വകാര്യപങ്കാളിത്തം നിയന്ത്രിക്കുവാനും ആകും. 

എല്ലാ കോര്‍പ്പറേറ്റ് ആശുപത്രികളും വളര്‍ന്നത് സര്‍ക്കാര്‍ സഹായം സ്വീകരിച്ചുകൊണ്ടുതന്നെയാണ്. ഇനിയും ഇളവുകള്‍ക്കായി മുറവിളികൂട്ടുന്ന അവയെ നാം പരിഗണിച്ചുകൂടാ. പൊതുമേഖലയെക്കാള്‍ കാര്യക്ഷമവും, ഫലപ്രദവുമാണ് അവരെങ്കില്‍ സര്‍ക്കാര്‍ സഹായം ഇല്ലാതെ തന്നെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയണമല്ലോ. കമ്പോളത്തിന്റെ വക്താക്കള്‍ തങ്ങളുടെ കുത്തകയെന്ന് നിരന്തരം അവകാശപ്പെടുന്ന കാര്യക്ഷമത, ഫലപ്രാപ്തി, മികവ്, മത്സരബുദ്ധി എന്നീ മൂല്യങ്ങള്‍ തന്നെയാണ് കനത്ത ഭരണകൂട ഇളവുകള്‍ കൈപ്പറ്റുമ്പോള്‍ മെഡിക്കല്‍ വ്യവസായികള്‍ അട്ടിമറിക്കുന്നത്. പൊതുമേഖലയില്‍ പരിശീലനം നേടിയ വിദഗ്ധജോലിക്കാര്‍, വന്‍ ഇറക്കുമതി ഇളവുകള്‍, വിസയ്ക്കും മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമായുള്ള സാധുതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അനുമതി എന്നിവയിലൂടെയാണീ ഇളവുകളുടെ തുടക്കം. 1990-കള്‍ മുതല്‍ സൗജന്യ ഭൂമിയും പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിലുള്ള സഹായങ്ങളും ആര്‍എസ്ബിവൈ- ഉം, ഈ മേഖലയെ കൂടുതല്‍ ഇളവുകള്‍ ചോദിക്കാന്‍ തക്ക വിധത്തില്‍ വളര്‍ത്തിയെടുത്തു. ഈ ഇളവുകളിന്മേല്‍ കൂടുതല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുമ്പോഴും പ്രാഥമികാരോഗ്യമടക്കമുള്ള രാജ്യത്തെ അടിസ്ഥാന മേഖലകളിലേക്ക് ഇവരുടെ ശ്രദ്ധ പതിഞ്ഞതേയില്ല. സ്വകാര്യമേഖല നല്‍കുന്ന ദ്വിതീയ, തൃതീയ തലങ്ങളിലെ സേവനങ്ങള്‍ ചെലവേറിയതാണെന്ന് മാത്രമല്ല കൂടുതല്‍ ചെലവേറിയ തൃതീയ ശ്രേണിയിലാണ് അവരുടെ താത്പര്യം മുഴുവന്‍. ചൈന പോലെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ 70-80% വരെയുള്ള ആരോഗ്യസേവനം പൊതുമേഖലയിലേക്കാക്കി കൊണ്ടുവരുന്ന ഈ കാലത്ത് നാം നേരെ എതിര്‍ദിശയിലേക്കാണു സഞ്ചരിക്കുന്നത്. പൊതുമേഖലയ്ക്കുമേല്‍ സ്വകാര്യമേഖലയെ പ്രതിഷ്ഠിക്കുന്ന നമ്മുടെ ധനകാര്യനയങ്ങള്‍ തിരുത്തി സേവനനികുതി അടക്കമുള്ള നികുതിനിരക്കുകള്‍ ഉയര്‍ത്തി ഈ അനുപാതം പൊതുമേഖലയ്ക്കനുകൂലമാക്കി മാറ്റേണ്ടിയിരിക്കുന്നു.

ഏകോപിതമായി പ്രവര്‍ത്തിക്കേണ്ട ആരോഗ്യമേഖലയെ നെടുകെയും കുറുകെയും മുറിച്ച് കഷണങ്ങളാക്കി കമ്പോളത്തിന് ചേരുംവിധം ചെറിയ അളവുകളില്‍ വില്‍ക്കുന്നതിനെ മറയില്ലാതെ പിന്താങ്ങുന്ന ഈ കരടുനയം, ‘70% ചിലവുകള്‍’ സ്വകാര്യ മേഖലയുടെതായിരിക്കുമെന്ന് പറയുമ്പോള്‍ അതില്‍ കൂടിയാല്‍ വെറും ആറു ശതമാനം മാത്രമേ സംരംഭകര്‍ നിക്ഷേപിക്കൂ എന്നും ബാക്കി മുഴുവന്‍ നാം ബോധപൂര്‍വം നശിപ്പിച്ച പൊതുമേഖലയുടെ ദയനീയാവസ്ഥയില്‍ നിസ്സഹായരായി അടിയന്തിരചികിത്സക്ക് സ്വകാര്യ ആശുപത്രികളിലെത്തുന്ന സാധാരണക്കാരായിരിക്കും ചെലവാക്കുക എന്നും വരികള്‍ക്കിടയില്‍ നിന്നും വായിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലയെ വളര്‍ത്താന്‍ ശ്രമിക്കാതെ മെഡിക്കല്‍ മാര്‍ക്കറ്റുകളിലേക്ക് ജനങ്ങളെ തള്ളിവിട്ടതുകൊണ്ട് ആരോഗ്യം ഉറപ്പുവരുത്താനാവില്ലെന്ന് കൂടി നാം നയരൂപകരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. സംഘടിത രാഷ്ട്രീയ ചെറുത്തുനില്‍പ്പുകള്‍ ദേശീയ ആരോഗ്യ നയത്തിനെതിരെ ശക്തമായി ഉയര്‍ന്നു വരുന്നില്ല എന്നത് ആശങ്കാജനകമാണ്‌.

(ഇമ്രാന ഖദീര്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ചതിനു ശേഷം കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. ആരതി പി.എം ബെര്‍ലിന്‍ സോഷ്യല്‍ സയന്‍സ് സെന്ററില്‍ പോസ്റ്റ്‌ ഡോക്ടറല്‍ ഫെല്ലോ ആണ് )
 

[1] See: Reddy, S., Selvaraj, S., Rao, K. D., Chokshi, M., Kumar, P., Arora, V., …&Ganguly, I. (2011). A critical assessment of the existing health insurance models in India. a report submitted to the Planning Commission of India, January, New Delhi. ; Selvaraj, S., & Karan, A. K. (2012). Why publicly-financed health insurance schemes are ineffective in providing financial risk protection. Economic & Political Weekly47(11), 61-68.

[2]Das, A., & Contractor, S. (2014). “India’s latest sterlisation camp massacre”.BMJ349, g7282.; Jha, M. K., Majmudar, B. C., &Gorea, A. (2015). “Responsibility for Deaths of Mothers in Sterilization Camps”International Journal of Ethics, Trauma & Victimology1(1), 44-47
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍