UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യരക്ഷയ്ക്കുള്ള അവകാശം ഇനിയും വൈകരുത്

ദേശീയ ആരോഗ്യ നയം: ആരോഗ്യരക്ഷമേഖലയില്‍ സ്വകാര്യ മേഖലയെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണ് ആശങ്കയുണ്ടാക്കുന്നത്

ഒരു ദേശീയ ആരോഗ്യനയം പ്രാഥമികമായി ഒരു ലക്ഷ്യപ്രസ്താവനയാണ്.  ദേശീയ ആരോഗ്യ നയം- 2017 പ്രാഥമികമായി ചെയ്തത് ഇതാണ്. എങ്കിലും, ഇതില്‍പോലും, അത് മുന്നോട്ടുവെക്കുന്ന നടത്തിപ്പ് ചട്ടക്കൂടിലും അത് പലതരത്തിലും തൃപ്തികരമല്ല. ആരോഗ്യരക്ഷ നല്‍കുന്നതില്‍ സ്വകാര്യമേഖലയ്ക്ക് കല്‍പ്പിച്ചുനല്‍കിയിരിക്കുന്ന അമിതമായ പങ്കാണ് ആശങ്ക ഉയര്‍ത്തുന്ന ഒരു ഘടകം.

പ്രാഥമിക ആരോഗ്യരക്ഷയെക്കുറിച്ചുള്ള അല്‍മ-അറ്റ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ 1983-ല്‍ അതിന്റെ ആദ്യത്തെ ദേശീയ ആരോഗ്യ നയം (NHP) അംഗീകരിച്ചു. 2002-ല്‍ രണ്ടാം NHP അംഗീകരിച്ചു. 2005-ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം പ്രഖ്യാപിച്ചതിന് ശേഷം മരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം, രോഗപ്രതിരോധ ശേഷി എന്നിവയില്‍ ഗുണപരമായ പുരോഗതി ഉണ്ടായെങ്കിലും ഇവയില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല. പ്രതീക്ഷിച്ചപ്പോലെ NHP 2017 ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള കാലപരിധി കൂടുതല്‍ മുന്നോട്ട് നീട്ടിയിരിക്കുന്നു.

ആരോഗ്യരക്ഷയ്ക്കുള്ള ഇന്ത്യയുടെ ജി ഡി പി വിഹിതം ലോകത്തിലെത്തന്നെ ഏറ്റവും കുറഞ്ഞതാണ്; 1.3% (2017). അത്, ഈ ലക്ഷ്യങ്ങള്‍ അടുത്തൊന്നും നേടും എന്നതിന് ആത്മവിശ്വാസം പകരുന്നതല്ല. കഴിഞ്ഞ NHPക്ക് 15 വര്‍ഷത്തിനുശേഷം വന്ന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച NHP 2017, ഈ വിഹിതം 2025-ഓടെ 2.5% ആക്കി ഉയര്‍ത്താന്‍ ലക്ഷ്യം വെക്കുന്നു. 2020-ഓടെ സംസ്ഥാനങ്ങള്‍ അവയുടെ ബജറ്റിന്റെ 8% നീക്കിവെക്കും. ആരോഗ്യ ബജറ്റിന്റെ മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ബാക്കി രണ്ടാംതട്ടിലെയും മൂന്നാം തട്ടിലെയും കേന്ദ്രങ്ങള്‍ക്കും നീക്കിവെയ്ക്കാനും നയം ആവശ്യപ്പെടുന്നു. പ്രാഥമിക തലത്തില്‍ സമഗ്ര ആരോഗ്യരക്ഷയാണ് NHP പറയുന്നതെങ്കില്‍ രണ്ടും, മൂന്നും തലങ്ങളില്‍ സര്‍ക്കാര്‍ ധനസഹായമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സുകളേയും സ്വകാര്യ മേഖലയില്‍ നിന്നും ആരോഗ്യസേവനം നേരിട്ടു വാങ്ങുന്നതിനെക്കുറിച്ചുമാണ് NHP പറയുന്നത്. പ്രാഥമിക തലത്തിലെ സമഗ്ര ആരോഗ്യരക്ഷ സ്വാഗതാര്‍ഹമാണെങ്കിലും ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 2.5% എന്ന താഴ്ന്ന നിലയിലാണെങ്കില്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് നീക്കിവെക്കുന്നതിനേക്കാള്‍ കുറവാണത്.

ആരോഗ്യനയത്തിലെ ഒരു നല്ല നിര്‍ദേശം എല്ലാ സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യ കൈകാര്യ വിഭാഗം സൃഷ്ടിക്കും എന്നുള്ളതാണ്. ഈ വിഭാഗങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ-സാമൂഹ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, നഴ്സിംഗ്, ആശുപത്രി നടത്തിപ്പ്, തുടങ്ങിയവ- ഇപ്പോള്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ മാത്രമുള്ള ആരോഗ്യമേഖലയിലേക്ക് കൊണ്ടുവരും. മറ്റൊരു മികച്ച നിര്‍ദേശം ജില്ലാ, ഉപജില്ലാ ആശുപത്രികളെ ശക്തിപ്പെടുത്താനും ചില ജില്ലാ ആശുപത്രികളെ പഠന കേന്ദ്രങ്ങളാക്കാനുമുള്ളതാണ്. പ്രാഥമിക ആരോഗ്യരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, NHP മറ്റ് അര്‍ദ്ധവൈദ്യസേവനങ്ങള്‍ നല്‍കുന്നവര്‍ക്കൊപ്പം ഇടത്തട്ടില്‍ വൈദ്യസേവനങ്ങള്‍ നല്‍കുന്നവരാക്കി AYUSH വൈദ്യപരിശോധകരേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആരോഗ്യരക്ഷയില്‍ പ്രതിരോധ, പ്രോത്സാഹന കേന്ദ്രങ്ങളാക്കാനും പറയുന്നു. കുടുംബ ശാസ്ത്രത്തിലും പൊതുചികിത്സയിലുമുള്ള എം ഡി പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഡോക്ടര്‍മാര്‍ക്ക് സാമൂഹ്യസേവനം നിര്‍ബന്ധമാക്കാനും ആരോഗ്യനയത്തില്‍ വ്യവസ്ഥയുണ്ട്. ഈ നയ നിര്‍ദേശങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കിയാല്‍ സമഗ്രമായ പ്രാഥമിക ആരോഗ്യരക്ഷ നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്നില്‍പ്പോകും; പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍.

ആരോഗ്യരക്ഷമേഖലയില്‍ സ്വകാര്യ മേഖലയെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണ് ആശങ്കയുണ്ടാക്കുന്നത്. പൊതുജനാരോഗ്യ വിഭാഗത്തെ സ്വകാര്യമേഖലയ്ക്ക് നല്കാനും ആരോഗ്യരക്ഷ, ഇന്‍ഷൂറന്‍സ് എന്നിവയുടെ ‘തന്ത്രപരമായ വാങ്ങലിനും’ ഉള്ള നിര്‍ദേശങ്ങളാണിവ. പൊതു നികുതിയായിരിക്കും ആരോഗ്യരക്ഷക്ക് പണം നല്‍കുന്നതിനുള്ള പ്രധാന വരുമാനമാര്‍ഗം എന്നു പറയുന്നുണ്ടെങ്കിലും പൊതുമേഖലയില്‍ നിന്നും ആരോഗ്യരക്ഷ സേവനങ്ങള്‍ വാങ്ങുന്നതിനാണ് അത് മുന്‍ഗണന നല്‍കുന്നത്. പിന്നീട് നോണ്‍ പ്രോഫിറ്റ് സംഘടനകളെയും അതിനുശേഷം സ്വകാര്യ മേഖലയും. പൊതുപണം ചെലവഴിക്കാതിരിക്കാനുള്ള ഒരു അടവല്ലെങ്കില്‍ അവസാനത്തേത് സ്വീകാര്യമാണ്. കാരണം അതില്ലാതെ പൊതുജനാരോഗ്യ സംവിധാനത്തിന് നിലനില്‍ക്കാനാകില്ല.

നിര്‍ഭാഗ്യവശാല്‍ NHP 2017 ആരോഗ്യരക്ഷയ്ക്കുള്ള അവകാശം വിദ്യാഭ്യാസാവകാശമോ ഭക്ഷണത്തിനുള്ള അവകാശമോ പോലെ ഒന്നാക്കി അവതരിപ്പിക്കും എന്ന ഒരുറപ്പും നല്‍കുന്നില്ല. 2015-ലെ കരടില്‍ പറഞ്ഞ ദേശീയ ആരോഗ്യ അവകാശ നയത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഇത്തവണ നീക്കിയിരിക്കുന്നു. പകരം ഭാവിയില്‍ അടിസ്ഥാന ആരോഗ്യരക്ഷയ്ക്കുള്ള അവകാശമാക്കുന്നതിനു സഹായകമായ ഒരന്തരീക്ഷം സൃഷ്ടിക്കാനായി ധനസഹായം സാധ്യമാക്കുന്ന പുരോഗമനപരമായ ഘട്ടംഘട്ടമായ ഉറപ്പിനെ അടിസ്ഥാനമാക്കിയ ഒന്നിനുവേണ്ടി വാദിക്കുന്നതിലേക്ക് തങ്ങളുടെ പങ്ക് അത് ചുരുക്കുന്നു. ആരോഗ്യരക്ഷയ്ക്കുള്ള അവകാശം ഉറപ്പാക്കാന്‍ അടിസ്ഥാന ആരോഗ്യരക്ഷ ആവശ്യങ്ങള്‍ പ്രാരംഭഘട്ടത്തിലേക്ക് എത്തിക്കണമെന്നും  അത് വാദിക്കുന്നു. എന്നാലീ യുക്തി ആരോഗ്യരക്ഷ ഒരു മൌലികാവകാശമാക്കുന്നതിന് പകരമല്ല. ആരോഗ്യരക്ഷ ഒരവകാശമായിത്തന്നെ കാണാത്തിടത്തോളം അതിനു അടിസ്ഥാന ആരോഗ്യ സൌകര്യങ്ങള്‍ പ്രാരംഭതലത്തിലേക്ക് ഉയര്‍ത്താനുള്ള പ്രചോദനമോ രാഷ്ട്രീയ ഇച്ഛാശക്തിയോ ഉണ്ടാകില്ല.

പൊതുജനാരോഗ്യ ചെലവുകള്‍, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പ്രാപ്യത, ആരോഗ്യ സൂചികകള്‍ എന്നിവയുടെയൊക്കെ കാര്യത്തില്‍ ഇന്ത്യ ഇപ്പൊഴും തായ്ലാണ്ട്, ശ്രീലങ്ക, മറ്റ് BRICS രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക) എന്നിവയ്ക്കെല്ലാം പിറകിലാണ്. അവരെല്ലാം തങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇന്ത്യയെ മറികടന്നു. അതുപോലെ ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യരക്ഷ സൌകര്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പൊഴും മുടന്തിനീങ്ങുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരു അടിയന്തര സ്വഭാവം NHP 2017 കാണിക്കുന്നില്ല. ആരോഗ്യം ഒരു ലംഘിക്കപ്പെടാനാകാത്ത അവകാശമാണ് എന്ന ശക്തമായ വാദത്തെ അവഗണിക്കുന്ന ആരോഗ്യനയം, ഇന്ത്യ ഇനിയും മറ്റ് രാജ്യങ്ങള്‍ക്ക് പിറകിലാകും എന്നുറപ്പുവരുത്തുന്നു.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍