UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പാര്‍ട്ടി താങ്കളുടെ കുടുംബസ്വത്താണോ? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അറിയേണ്ട 6 കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

പ്രിയപ്പെട്ട രാഹുല്‍ഗാന്ധി,

ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന ആ നാടകം എന്തായിരുന്നു? ഒരു രാഷ്ട്രീയ പോരാട്ടം പോലെ നാഷണല്‍ ഹെറാള്‍ഡ് കേസിനെ നേരിടുമെന്ന തരത്തില്‍ നിങ്ങളും നിങ്ങളുടെ അമ്മയും നടത്തിയ ആ ധീരമായ പ്രസ്താവനകള്‍ എന്തായിരുന്നു?

നമുക്ക് വസ്തുതകള്‍ ശരിയായി നോക്കാം. മുന്നും പിന്നും നോക്കാത്ത സുബ്രമണ്യം സ്വാമി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ടു ഒരു പ്രാദേശിക കോടതിയെ സമീപിച്ചു. കോടതി യങ് ഇന്ത്യയുടെ ഓഹരി ഉടമകളോട്-അതായത് താങ്കളും അമ്മയും പിന്നെ സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും- കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. നിങ്ങള്‍ അതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നിങ്ങളുടെ ആവശ്യം നിരസിച്ചു. മാത്രവുമല്ല, ഒരിത്തിരി കടന്ന നിരീക്ഷണങ്ങളുമായി നിങ്ങളോട് വിചാരണകോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പരാതിക്കാരന്‍ ഒരു ബി ജെ പിക്കാരനാണെന്നതിലുപരി ഇതില്‍ എന്തു രാഷ്ട്രീയമാണുള്ളത്? ജനാധിപത്യത്തില്‍ കോടതികള്‍ സ്വതന്ത്രമാണെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഒരു കോടതി വ്യവഹാരത്തെ പാര്‍ലമെന്റിലേക്കും രാഷ്ട്രീയത്തിലേക്കും വലിച്ചിഴക്കുന്നത്?

എന്തുകൊണ്ടാണ് നിങ്ങള്‍ പൂര്‍ണമായും നിയമപ്രശ്നമായ ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കുന്നത്? ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ മരിച്ചുപോയ അച്ഛമ്മയും ഇപ്പോഴത്തെ പ്രധാനമന്ത്രിയും അടക്കമുള്ള പഴയ രാഷ്ട്രീയക്കാരില്‍ നിന്നും ഒട്ടും വ്യത്യസ്തനായല്ല പെരുമാറുന്നത്. അതുകൊണ്ട്, മികവിന്റെയും കളങ്കമില്ലായ്മയുടെയും ഒരു പുതിയ തരം രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്ന ധാര്‍മിക ചപ്പടാച്ചികള്‍ ഇനി അവകാശപ്പെടേണ്ട. താങ്കളടക്കം കോണ്‍ഗ്രസിലെ പലരെയും ബാധിച്ചിട്ടുള്ള അധിക്ഷേപാര്‍ഹമായ ഒരുതരം അവകാശബോധമാണിത്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അല്പം അതിരുകടന്നതാണെന്ന് ഞങ്ങളും സമ്മതിക്കുന്നു.  ഉത്തരവ് ഇങ്ങനെയാണ് തുടങ്ങുന്നത്,“ഐതിഹാസികമായ ഒരു ദേശീയ രാഷ്ട്രീയകക്ഷിയുടെ സത്യസന്ധത ഈ പരാതികളില്‍ പരിശോധനയ്ക്ക് വിധേയമാകുന്നു. ഈ കേസ് സവിശേഷമായ ഒന്നാണ്.” അങ്ങനെ തുടര്‍ന്ന് അത് പറയുന്നു,“ഒരു ദേശീയ രാഷ്ട്രീയ കക്ഷി ഉള്‍പ്പെടുന്ന തട്ടിപ്പിന്റെ ചുവയുള്ള ഒന്നാണ് പരാതിക്കാര്‍ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങളുടെ ഗൌരവമെന്നാണ് ഈ കോടതിയുടെ സുചിന്തിതമായ അഭിപ്രായം. അതുകൊണ്ട് പരാതിക്കാര്‍ക്കെതിരായി ഉയര്‍ത്തിയിട്ടുള്ള കുറ്റകൃത്യത്തിന്റെ ലാഞ്ചനയുള്ള ഗുരുതരമായ ആരോപണങ്ങള്‍ വേണ്ട രീതിയില്‍ പരിശോധിക്കണം.”

ന്യായാധിപന്‍ ആവശ്യത്തില്‍ക്കൂടുതല്‍ ആവേശഭരിതനായിരിക്കാം. നിങ്ങളുടെ വീക്ഷണത്തില്‍ കുറ്റകൃത്യമില്ലായിരിക്കും. പക്ഷേ നിങ്ങളെന്തിനാണ് ഇതെല്ലാം പാര്‍ലമെന്റിലേക്ക് വലിച്ചിഴച്ച് സഭ സ്തംഭിപ്പിക്കുന്നത്? മൊത്ത ആഭ്യന്തരോത്പാദനത്തില്‍ 2% വര്‍ദ്ധനവ് വരുത്തുന്ന ചരക്ക് സേവന നികുതി ബില്‍ (GST) എന്തിനാണ് തടസപ്പെടുത്തുന്നത്? ഞങ്ങള്‍ക്കറിയാം, 2014-ലെ  അപമാനകരമായ പരാജയത്തിലുള്ള നിന്ദാഭാരത്തില്‍ പുളയുകയാണ് നിങ്ങള്‍. പക്ഷേ, അല്പം രാഷ്ട്രീയവളര്‍ച്ച നേടാന്‍ സമയമായി സുഹൃത്തെ, ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമാകൂ. ഞങ്ങള്‍ക്ക് നിങ്ങളുടെ തന്ത്രം മനസിലാകും, അത് നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ നടത്തിക്കാനുള്ള പിടി നഷ്ടപ്പെടുത്തുന്നിടം വരെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണു. നിങ്ങളതില്‍ ഏതാണ്ടൊക്കെ വിജയിച്ചിരിക്കുന്നു. 2019-വരെ അരാജകത്വമാണ് ഞങ്ങള്‍ കാണുന്നതും.

പക്ഷേ രാഹുല്‍, ഞങ്ങള്‍ക്ക് ലളിതമായൊരു ചോദ്യമുണ്ട്:

നാഷണല്‍ ഹെറാള്‍ഡിന്റെയും അനുബന്ധ വസ്തുവകകളുടെയും യഥാര്‍ത്ഥ ഉടമയായ  The Associated Journals Ltd-നെ ഏറെ വര്‍ഷങ്ങളായി സാമ്പത്തികമായി നിലനിര്‍ത്തിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അത് തുടങ്ങിയത് കോണ്‍ഗ്രസ് നേതാക്കളാണ്. അതിന്റെ ഓഹരിയുടമകളില്‍ ജവഹര്‍ലാല്‍ നെഹ്രുവും, ഫിറോസ് ഗാന്ധിയും, ജി ഡി ബിര്‍ളയുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

അത്തരത്തിലൊരു കമ്പനിയെ താങ്കളും താങ്കളുടെ അമ്മയും പിന്നെ ചില കുടുംബ സുഹൃത്തുക്കളും മാത്രം ഓഹരി ഉടമകളായുള്ള യങ് ഇന്ത്യന് എങ്ങനെയാണ് കൈമാറുന്നത്? നിങ്ങളും നിങ്ങളുടെ ഏതാനും സുഹൃത്തുക്കളുമാണ് കോണ്‍ഗ്രസ് പാര്‍ടിയെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചോ? നിങ്ങളുടെ കക്ഷിയില്‍, പാര്‍ടിയെന്നാല്‍  താങ്കളും താങ്കളുടെ കുടുംബവുമാണ് എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ യോഗ്യത അടിസ്ഥാനത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സംഘടനയെന്നാല്‍ ഒരിക്കലും കുറച്ച് വ്യക്തികളല്ല. അക്കാര്യത്തില്‍ താങ്കള്‍ വിശദീകരണം നല്കേണ്ടതുണ്ട്, കോടതിയിലോ പുറത്തോ.

അന്തിമമായി ജനാധിപത്യമെന്നാല്‍ അവനവനോടു സംവദിക്കുന്ന ഒരു സമൂഹമാണ്. അതിനു ഉത്തരങ്ങള്‍ ആവശ്യമാണ്. യങ് ഇന്ത്യന്‍ ഒരു ലാഭേച്ഛയില്ലാത്ത കമ്പനിയാണെന്ന വിശദീകരണം എല്ലാത്തിനും ഉത്തരമാകുന്നില്ല. കുറഞ്ഞപക്ഷം, കോണ്‍ഗ്രസ് പാര്‍ടിയെന്നാല്‍ നിങ്ങളുടെ കുടുംബം മാത്രമാണെന്നും നിങ്ങളുടെ കുടുംബത്തെ കോണ്‍ഗ്രസ് പാര്‍ടിയായും  തെറ്റിദ്ധരിച്ചു താങ്കള്‍ എന്നെങ്കിലും സമ്മതിക്കണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഈ മാസം 19ന് നേരിട്ടു ഹാജരാകണമെന്ന് ചൊവ്വാഴ്ച ഡല്‍ഹിയിലെ വിചാരണക്കോടതി ആവശ്യപ്പട്ടു. ഇന്നുഹാജരാകണമെന്നാണ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.

ഇവര്‍ക്കൊപ്പം സുമന്‍ ദുബെ, മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവരും കേസില്‍ പ്രതികളാണ്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് വിചാരണക്കോടതി വിധി. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ പത്രത്തിന്റെ രണ്ടായിരം കോടി വിലമതിക്കുന്ന വസ്തുവകകള്‍ വ്യാജരേഖകളുണ്ടാക്കി യംഗ് ഇന്ത്യ ലിമിറ്റഡിനു കൈമാറിയെന്നാണു കേസ്.

കേസിനെപ്പറ്റിയുള്ള വിവരങ്ങളുടെ രത്‌നച്ചുരുക്കം ഇതാണ്:

1. സ്വാതന്ത്ര്യസമരകാലത്ത്, 1938ല്‍, ജവാഹര്‍ ലാല്‍ നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്നു അത്. ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രചാരവും ധനസ്ഥിതിയും കുറഞ്ഞു. 2008ല്‍ അടച്ചുപൂട്ടുമ്പോള്‍ 90കോടിയായിരുന്നു ബാധ്യത. പിന്നീട് അസോസിയേറ്റഡ് ജേണല്‍ എന്ന ഈ കമ്പനി ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായി മാറി.

2. 2010ല്‍ അസോസിയേറ്റഡ് ജേണല്‍ കമ്പനിയെ പുതുതായി രൂപം കൊണ്ട യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തു. യംഗ് ഇന്ത്യയില്‍ സോണിയയ്ക്കും രാഹുലിനും 38ശതമാനം വീതം ഓഹരികളുണ്ടെന്നും ഇവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരാണെന്നുമാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. മറ്റു പ്രതികളുടെ പേരിലാണ് ബാക്കി ഓഹരികള്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പലിശരഹിതമായെടുത്ത 90 കോടി വായ്പ ഉപയോഗിച്ചാണ് യംഗ് ഇന്ത്യ അസോസിയേറ്റഡ് ജേണലിനെ ഏറ്റെടുത്തതെന്ന് സ്വാമി പറയുന്നു. ആദായനികുതി നിയമം അനുസരിച്ച് മൂന്നാമതൊരു കക്ഷിയുമായി സാമ്പത്തിക ഇടപാടു നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദമില്ല.

3. അസോസിയേറ്റഡ് ജേണലിന്റെ പേരില്‍ പണം വായ്പയെടുക്കുകയും പിന്നീട് കടബാധ്യത യംഗ് ഇന്ത്യയ്ക്കു കൈമാറുകയുമാണ് ചെയ്തത്. 90 കോടി വായ്പയെടുത്തെങ്കിലും യംഗ് ഇന്ത്യയുടെ ബാധ്യതയായി കാണിച്ചിരിക്കുന്നത് 50 ലക്ഷം മാത്രമാണ്. ബാക്കി 89.5 കോടി കോണ്‍ഗ്രസ് എഴുതിത്തള്ളിയെന്നു സാരം. ഇങ്ങനെ സോണിയയും രാഹുലും മറ്റുള്ളവരും പണം തിരിമറിയും വഞ്ചനയും നടത്തിയെന്നാണ് സ്വാമി ആരോപിക്കുന്നത്.

4. കുറ്റാരോപിതര്‍ അസോസിയേറ്റഡ് ജേണലിന്റെ ഡല്‍ഹിയിലും യുപിയിലും മറ്റുസ്ഥലങ്ങളിലുമുള്ള സ്വത്തുക്കള്‍ വ്യാജമായി കൈക്കലാക്കിയെന്ന ആരോപണവും സ്വാമി 2012ല്‍ ഉന്നയിച്ചു. ഡല്‍ഹി നഗരഹൃദയത്തിലുള്ള നാഷനല്‍ ഹെറാള്‍ഡ് ഓഫിസ് മന്ദിരത്തിന് വാടകയിനത്തില്‍ പ്രതിമാസം 60ലക്ഷം രൂപ വരുമാനമുണ്ട്. നഗരത്തിലും മറ്റുസ്ഥലങ്ങളിലുമായി രണ്ടായിരം കോടിയിലധികം വിലമതിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ആസ്തികളും അസോസിയേറ്റഡ് ജേണലിന്റെ പേരിലുണ്ട്. രണ്ടായിരം കോടി ആസ്തിയുള്ള അസോസിയേറ്റഡ് ജേണലിന് 90 കോടി മാത്രമേ ബാധ്യതയുള്ളൂ എന്നാണ് സ്വാമി പറയുന്നത്.

5. ലാഭത്തിനുവേണ്ടിയല്ല കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് യംഗ ഇന്ത്യ ലിമിറ്റഡ് രൂപവത്കരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് ഒരു സാമ്പത്തിക ഇടപാടായിരുന്നില്ലെന്നും വ്യാപാര (കമേഴ്‌സ്യല്‍) ഇടപാടായിരുന്നുവെന്നും സ്വാമിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടി പറയുന്നു.

6. 2014ല്‍ കേസില്‍ നേരിട്ടു ഹാജരാകണമെന്ന് സോണിയയോടും രാഹുലിനോടും വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. 2015 ഡിസംബര്‍ ഏഴിന് അവരുടെ അപ്പീല്‍ തള്ളിയ കോടതി ഗാരന്റിയില്ലാതെ നല്‍കിയ വായ്പയുടെ നിയമസാധുതയെപ്പറ്റിയും ചോദ്യങ്ങള്‍ ചോദിച്ചു. വിചാരണക്കോടതിക്കു മുന്‍പില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍